news-details
അഭിമുഖം

മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്‍റെ ഭൂപടങ്ങള്‍!

പോര്‍ച്ചുഗീസ് നാവികസഞ്ചാരി ഫെര്‍ഡിനാന്‍റ് മഗല്ലന്‍ ഭൂമിയെച്ചുറ്റി സഞ്ചരിച്ചതിന്‍റെ 500-ാം വാര്‍ഷികത്തില്‍ ബൈസൈക്കിളില്‍ ഉലകം ചുറ്റാനിറങ്ങിയ എര്‍ണാകുളം സ്വദേശി അരുണ്‍ തഥാഗതുമായി അസ്സീസിക്കായി നടത്തിയ മുഖാമുഖം.

 

2019 സെപ്റ്റംബര്‍ 20-ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് കുട്ടികളുടെ ക്ലൈമറ്റ് സ്ട്രൈക്ക് നടക്കുന്നു. പെട്ടന്നവിടെ മാവിന്‍ചുവട്ടില്‍ കണ്ണുടക്കിയത് രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന ഒരു സൈക്കിളാണ്. ബൈസൈക്കിളില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ലോകം കാണാനിറങ്ങിയ സുഹൃത്ത് അരുണ്‍ തഥാഗതിന്‍റെ സൈക്കിള്‍. ശ്ശെടാ, തലേദിവസം ഫ്ളാഗ് ഓഫ് നടത്തി പറഞ്ഞു വിട്ടവന്‍ പിന്നേയും ഇതിലേ കറങ്ങി നടക്കുന്നുവോ എന്ന സംശയത്തില്‍ അരുണിനെ തിരഞ്ഞു പിടിച്ചു. കുട്ടികളുടെ സംരക്ഷണ ബുദ്ധിയില്‍ ഉറപ്പില്ലാത്തതുകൊണ്ടാകാം വിരസമായി നീളുന്ന മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രസംഗങ്ങളെ അവഗണിച്ച് മാവിന്‍ചുവട്ടിലെ തണലില്‍ കുറച്ചുനേരം അസ്സീസിക്കായി അരുണ്‍ തന്‍റെ മനസ്സു തുറന്നു.

ഒരു യാത്ര അതും കെട്ടുപാടുകളെല്ലാം വിട്ടെറിഞ്ഞ് വിവിധ രാജ്യങ്ങളിലൂടെ സൈക്കിളില്‍... നല്ല വട്ടുണ്ടല്ലേ?

തീര്‍ച്ചയായും 'മെറ്റനോയിയ' എന്ന എന്‍റെ മൂന്നുനില ഓല വീടുമുതല്‍ ഞാന്‍ എന്ന തന്നെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. വാര്‍പ്പുമാതൃകകളും മുന്‍കാല പരിചയങ്ങളുമില്ലാതെ ഈ പ്രകൃതിക്കൊപ്പം ലളിതമായി ജീവിക്കാനാരംഭിച്ചപ്പോള്‍ കൈവന്ന സുഖം എത്ര കോടികള്‍ തന്നാലും എനിക്കു ലഭിക്കില്ല. അലഞ്ഞു തിരിയുക എന്ന സ്വപ്നം എല്ലാ മനുഷ്യരിലും ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. അലഞ്ഞു തിരിയലിന്‍റെ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കില്‍ ജീവിതം കൂടുതല്‍ 'ലൈറ്റാ'ക്കണം. അനാവശ്യ ഭാണ്ഡങ്ങള്‍ ഒഴിവാക്കണം. ആദ്യം ഞാന്‍ ഹിമാലയത്തില്‍ പോയത് എടുത്താല്‍ പൊങ്ങാത്തത്ര സാധനങ്ങളുമായാണ്. പിന്നീട് പതുക്കെ പതുക്കെ എല്ലാം ഉപേക്ഷിച്ചു. നമ്മുടെ മലയാളികളുടെ മനസ്സ് പ്രത്യേകിച്ച് ഒരു 30 നും 70 നും ഇടയിലുള്ളവര്‍ എല്ലാം ഒരു ജോലി, വലിയൊരു കോണ്‍ക്രീറ്റു സൗധം, കാറ് എന്ന ചില ചെറിയ ലക്ഷ്യങ്ങളില്‍ കിടന്നു കുരുങ്ങുകയാണ്. അതിനെ അതിജീവിക്കാനാണ് യാത്ര. എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സിലേക്ക് പ്രത്യേകിച്ച് സമയപരിധിയോ കാലമോ നിശ്ചയിക്കാതെ പോകാനാകുക. അതാണെന്‍റെ സ്വപ്നം.

യാത്രാചിലവുകള്‍... മുന്നൊരുക്കങ്ങള്‍?

ലോകം മുഴുവന്‍ വേഗത്തിലോടുമ്പോഴും ബൈസൈക്കിളിന്‍റെ വേഗതയ്ക്ക് പരിമിധികളുണ്ട്. വേഗത കുറയുന്നത്രയും നാം ആസ്വാദനത്തിന്‍റെ മേഖലകള്‍ വളരെ മനോഹരമായി സ്വന്തമാക്കും. ഇപ്പോള്‍ ഞാന്‍ എന്‍റെ ജോലിയില്‍ നിന്ന് ലീവും ബാങ്ക് ലോണും എടുത്തിട്ടുണ്ട്. എന്നാല്‍ ഇതു തീരുമ്പോഴേക്കും യാത്ര തീര്‍ന്നില്ലെങ്കില്‍ ആരെങ്കിലും വരും എന്ന ഉറപ്പുമുണ്ട്. അഹത്തിന്‍റെ പടംപൊഴിച്ച് ദാനത്തിന്‍റെ കാരുണ്യത്തിലേക്കുള്ള പ്രവേശനമാണ് യാത്ര. പല യാത്രാ ഗ്രൂപ്പിലും ഞാന്‍ മുന്നൊരുക്കങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ നേടി. എല്ലാവരും പറഞ്ഞതൊരു കാര്യമാണ് യാത്ര ചെയ്യാന്‍ തീരുമാനിക്കുക പിന്നീടെല്ലാം സംഭവിക്കും. ഓരോ ദിനവും പുതിയത് നമ്മെ പഠിപ്പിക്കും.

പുതിയ തലമുറ അരുണിന്‍റെ യാത്രയില്‍ ആവേശം കൊള്ളുന്നുണ്ടല്ലേ...?

സത്യമായും. ഈ കുട്ടികള്‍ക്ക് നമ്മുടെ തലമുറയിലേപ്പോലെ സമ്പാദിച്ചു കൂട്ടണമെന്നോ സ്വാര്‍ത്ഥരാവണമെന്നോ വലിയ താല്‍പര്യം ഇല്ല. എന്നെ കാണാനെത്തിയ കുട്ടികളുടെ ഈ ചെറുകൂട്ടങ്ങള്‍ തന്നെ  ഇതിനു തെളിവ്. ഒപ്പം ഏതുതൊഴിലും മാന്യമാണെന്നുള്ള ധാരണ പതിയെ നമ്മുടെ ഇടയിലേക്ക് കയറിവരുന്നുണ്ട്. നല്ലതാണത്. സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ഒഴിവുസമയങ്ങളില്‍ ചെയ്യുന്നവരുണ്ട്. ഇങ്ങനെ മാറിവരുന്ന തൊഴില്‍ സംസ്കാരം യാത്രയുടെ പുതിയ സാധ്യതകളെ തുറക്കുന്നുണ്ട്. ഏതൊരു യുവസുഹൃത്തിനോടും കൗമാരക്കാരോടും ചോദിച്ചോളൂ, പുതുതലമുറയ്ക്ക് പുതിയ ദേശങ്ങളിലേക്ക് പോകാനുള്ള ആവേശം നന്നായി ഉണ്ടെന്നു മനസ്സിലാക്കാം.

ഭക്ഷണ ക്രമം...?

സീസണില്‍ കിട്ടുന്ന പഴങ്ങളാണ് മുഖ്യ ആഹാരം. ഏറ്റവും നല്ല ആഹാരമാണ് ചക്ക. ഏറ്റവും ചിലവു കുറഞ്ഞതും. ഇങ്ങനെ നോക്കിയാല്‍ ഭക്ഷണം വളരെ ആരോഗ്യപരവും കലര്‍പ്പില്ലാത്തതതുമാവും. ഒപ്പം ഇത് ഭക്ഷ്യസംസ്കാരത്തില്‍ വരുത്തേണ്ട ഒരു മാറ്റം കൂടിയാണ്.

സൈക്കിളിലെ ചിത്രങ്ങള്‍...?

ഞാന്‍ ഒറ്റയ്ക്കാണ് യാത്രപോകുന്നത്. അതിനാല്‍ തന്നെ സൈക്കിളിലെ പരിസ്ഥിതി സംരക്ഷണ ചിത്രങ്ങള്‍ എന്‍റെ യാത്രയുടെ ഉദ്ദേശ്യ ലക്ഷ്യത്തെപ്പറ്റി സംവദിക്കും. ഒപ്പം ഒറ്റയാനായി പോകുന്നതിനാല്‍ വ്യക്തിപരമായ സംഭാഷണങ്ങള്‍ക്കും ആശയസംവാദത്തിനും കൂടുതല്‍ ഇടം ലഭിക്കും. അതെന്‍റെ ആശയങ്ങളെ പകരാന്‍ മറ്റൊരുപാധി കൂടിയാണ്. ഒറ്റയ്ക്ക് പോകാന്‍ അല്‍പം ധൈര്യം കൂടിയേ തീരു. ആള്‍ക്കൂട്ടത്തില്‍ ആ പ്രശ്നം ഉദിക്കുന്നില്ലല്ലോ?

യാത്ര കഴിഞ്ഞിട്ട്... സ്വപ്നങ്ങള്‍

യാത്ര കഴിഞ്ഞിട്ടല്ലേ.. യാത്രപോകുക എന്നതാണ് എനിക്ക് പ്രധാനം. ഒരു കാര്യം ഉറപ്പാണ് തിരികെയെത്തിയിട്ട് എനിക്ക് ഒരു രണ്ടു ദിനം അടുപ്പിച്ച് ഓഫീസില്‍ പണിയെടുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. നന്മനിറഞ്ഞ ഒരു മാനവ സമൂഹമാണ് ഞാന്‍ സ്വപ്നം കാണുന്നത്. അര്‍ഹിക്കുന്നതിലും അധികം ലഭിക്കുന്ന ഈ ഇടത്തില്‍ ഉള്ളില്‍ കൃതജ്ഞത മാത്രം. ആനന്ദം മാത്രം. പലതും ഇതിനായി പിന്നിലുപേക്ഷിക്കേണ്ടി വന്നു.

'ഇനി വരുന്ന തലമുറയ്ക്കിവിടെ ജീവിതം സാധ്യമോ...' കുട്ടികള്‍ ഗാനങ്ങളുമായി തെരുവിലേക്കിറങ്ങുന്നു. ഞങ്ങളും അവര്‍ക്കൊപ്പം നടന്നു തുടങ്ങി. ഇടയ്ക്കെപ്പോഴോ വഴിമാറി പോയി. വൈകിട്ട് മെസഞ്ചറില്‍ ഒരു ചെറു കുറിപ്പയച്ചു. ചോദിക്കാന്‍ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണെങ്കിലും യാത്ര കഴിഞ്ഞ് ഇതുപോലെ ആകസ്മികമായി കണ്ടുമുട്ടിയാല്‍ ചോദിക്കാം എന്നു പറഞ്ഞവസാനിപ്പിച്ച്, ശുഭയാത്ര നേര്‍ന്നു.

You can share this post!

അധ്യാപനത്തിന്‍റെ കല വഴിമാറുമ്പോള്‍

ബാബു ചൊള്ളാനി
അടുത്ത രചന

നന്മയുടെ പെരുക്കങ്ങള്‍

അരുണ്‍ തഥാഗത്
Related Posts