ആമുഖം
വാഷിങ്ടണിലെ പ്രെസ്ബിറ്റേറിയന്‍ സഭയിലെ പ്രധാനികളെല്ലാം ഒരുമിച്ചുകൂടി പാഷണ്ഡത പഠിപ്പിച്ചു എന്ന കുറ്റമാരോപിക്കപ്പെട്ട ഒരാളെ 1893 മെയ് മാസത്തിലെ ഒരു ദിവസം ക്രോസ് വിസ്താരം നടത്തുകയാണ്. അക്കാലത്ത് 'ബാരല്‍ രാജാവ്' എന്നു വിളിക്കപ്പെട്ട അമേരിക്കയിലെ പ്രസിദ്ധനായ ബിസിനസ്സുകാരന്‍ അലാന്‍സണ്‍ ബ്രിഗ്സിന്‍റെ മകന്‍ ചാള്‍സ് അഗസ്റ്റസ് ബ്രിഗ്സ് ആയിരുന്നു കുറ്റാരോപിതന്‍. അപ്പന്‍റെ വന്‍സമ്പത്തു വേണ്ടെന്നുവച്ച് ബൈബിള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി ജീവിതം മാറ്റിവച്ച ആളായിരുന്നു ചാള്‍സ് ബ്രിഗ്സ്. രചിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിനുശേഷവും അച്ചടിക്കപ്പെടുകയും ഇന്നും ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നതുമായ ഹീബ്രു-ഇംഗ്ലീഷ് ഡിക്ഷനറി BDBയുടെ മൂന്നു ഗ്രന്ഥകര്‍ത്താക്കളില്‍ ഒരാളായിരുന്നു ഈ ബ്രിഗ്സ്. (മറ്റു രണ്ടു പേര്‍ ഫ്രാന്‍സിസ് ബ്രൗണും എസ്. ആര്‍. ഡ്രൈവറും. മൂവരുടെയും അവസാനപേരുകളിലെ ആദ്യാക്ഷരം ചേര്‍ത്താണ് BDB എന്നു വിളിക്കപ്പെട്ടത്.) ഹീബ്രു വ്യാകരണത്തിലും യഹൂദചരിത്രത്തിലും അവഗാഹമുണ്ടായിരുന്ന ബ്രിഗ്സിന്‍റെ വിചാരണയ്ക്കു കാരണമെന്തായിരുന്നു?
ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടര്‍ന്ന് 1891 ജനുവരി 20 നു നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍വച്ച് ബ്രിഗ്സ് പറഞ്ഞ ഏതാനും കാര്യങ്ങള്‍ ഇവയാണ്: ബൈബിളിലെ ഓരോ വാക്കും ദൈവത്തില്‍നിന്നു വന്നു എന്നു കരുതാനാകില്ല; പ്രത്യക്ഷത്തില്‍തന്നെ തെറ്റായ പല കാര്യങ്ങളും ബൈബിളിലുണ്ട്; മോശ, ദാവീദ്, സോളമന്‍, എസ്ര തുടങ്ങിയ ആരുംതന്നെ ബൈബിളിലെ പുസ്തകങ്ങളൊന്നും രചിച്ചിട്ടില്ല എന്നതു ബൈബിള്‍ പണ്ഡിതര്‍ക്കിടയില്‍ പൊതുസമ്മതിയുള്ള വസ്തുതയാണ്; ഓരോ പുസ്തകവും പല തവണ എഡിറ്റു ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ട് ആരാണ് മൂലഗ്രന്ഥകര്‍ത്താവ് എന്നതിനെക്കുറിച്ച് നമുക്ക് ഒരു ധാരണയും കിട്ടാന്‍ പോകുന്നില്ല; പ്രകൃതിയുടെ നിയമങ്ങളെ തെറ്റിച്ചുകൊണ്ടല്ല ബൈബിളിലെ അത്ഭുതങ്ങള്‍ നടന്നത് എന്നതുകൊണ്ടുതന്നെ നാം സാധാരണ മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ അവ അത്ഭുതങ്ങള്‍ ആയിരുന്നില്ല; ബൈബിളിലെ അനേകം പ്രവചനങ്ങള്‍ പിന്നീടു തെറ്റാണെന്നു തെളിയിക്കപ്പെട്ടവയാണ്; മിശിഹായെക്കുറിച്ചുള്ള പല പ്രവചനങ്ങളും ഒരിക്കലും യാഥാര്‍ത്ഥ്യമാകാതെ പോയവയാണ്... ഇങ്ങനെ പോകുന്നു പ്രസ്തുത പ്രസംഗത്തില്‍ ബ്രിഗ്സ് പറഞ്ഞവ. ബൈബിളിന്‍റെ ഈ മഹാപണ്ഡിതനെ ഇത്തരമൊരു നിലപാടിലേക്കെത്തിച്ചത് എന്താണ്? അതറിയണമെങ്കില്‍ ബൈബിളിന്‍റെ ഉത്ഭവത്തെക്കുറിച്ചും ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ ഏകദേശ ചരിത്രത്തെക്കുറിച്ചും നമുക്ക് കുറച്ചൊരു ധാരണ വേണ്ടതുണ്ട്.
ബൈബിള്‍ എന്ന ലൈബ്രറി
"ടാഗോറിന്‍റെ ഗീതാഞ്ജലിയില്‍ പറയുന്നതുപോലെ" എന്ന അതേ അര്‍ത്ഥത്തിലാണു നാം പൊതുവേ "ബൈബിളില്‍ കാണുന്നതുപോലെ" എന്നുപയോഗിച്ചുവരുന്നത്. "ബൈബിള്‍ ഒരൊറ്റ പുസ്തകമാണ്" എന്നൊരു ധാരണ നാം പൊതുവേ പുലര്‍ത്തിവരുന്നതുകൊണ്ടാണ് മുന്‍പറഞ്ഞ വിധത്തില്‍ നാം സംസാരിക്കുന്നത്. ബൈബിളിനെ ചരിത്രപരമായി നോക്കിയാല്‍ ഈ ധാരണ തെറ്റാണെന്നു നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. 'ബൈബിള്‍' എന്ന പദം വരുന്നത് 'ബിബ്ലിയ' എന്ന ഗ്രീക്കു പദത്തില്‍നിന്നാണ്. 'പുസ്തകങ്ങള്‍' എന്നാണര്‍ത്ഥം. അപ്പോള്‍ ആദ്യകാലത്തു ബൈബിള്‍ പരിഗണിക്കപ്പെട്ടിരുന്നത് പല പുസ്തകങ്ങളുടെ ഒരു സമുച്ചയമായിട്ടാണ്. ബി. സി. പത്താംനൂറ്റാണ്ടുമുതല്‍ എ. ഡി. ഒന്നാം നൂറ്റാണ്ടുവരെ എഴുതപ്പെട്ട പുസ്തകങ്ങള്‍ ഈ സമുച്ചയത്തിലുണ്ട്. ഒരു ചെറിയ ഗ്രാമീണ ലൈബ്രറിയിലുള്ള മിക്ക പുസ്തകങ്ങളും കഴിഞ്ഞ ഒന്നോ രണ്ടോ നൂറ്റാണ്ടില്‍നിന്നുള്ളതായിരിക്കും. ബൈബിളിലെ പുസ്തകങ്ങള്‍ക്കിടയില്‍ പത്തു നൂറ്റാണ്ടുകളുടെ അകലം ആണുള്ളത്. ഓരോ പുസ്തകവും എഴുതപ്പെട്ടത് പല കാലത്തു ജീവിച്ച വ്യക്തികളാലാണ്. അതുകൊണ്ടുതന്നെ ബൈബിളിനെ ഉപമിക്കേണ്ടത് ഒരു ലൈബ്രറിയോടാണ്. "തിരുവനന്തപുരത്തെ പബ്ളിക് ലൈബ്രറി പറയുന്നതുപോല" എന്ന പ്രയോഗത്തിലെ അബദ്ധ ജഡിലത "ബൈബിള്‍ പറയുന്നതുപോലെ" എന്ന പ്രയോഗത്തിലുമുണ്ട്. ലൈബ്രറിയിലെ ഓരോ പുസ്തകവും മറ്റുള്ളവയില്‍നിന്നു വിഭിന്നമായിരിക്കുന്നതുപോലെ തന്നെ, ബൈബിളിലെ ഓരോ പുസ്തകത്തിനും തനതായ ഭാഷാശൈലിയും ഊന്നലുകളും ദൈവശാസ്ത്രവും ലോകവീക്ഷണവും ഉണ്ടായിരിക്കും. ബൈബിളിലെ രണ്ടു പുസ്തകങ്ങള്‍ തമ്മില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് അപ്പോള്‍ വളരെ സ്വാഭാവികമായ കാര്യമാണ്. ബൈബിളിനെ ഏകതാനമായി പരിഗണിക്കുന്ന രീതി തെറ്റാണെന്ന് ഇവയില്‍നിന്നൊക്കെ വ്യക്തമാണല്ലോ.
മറ്റൊരു കാര്യം, ലൈബ്രറിയില്‍ നോവല്‍, കഥ, ചരിത്രം, ലേഖനം, കവിത തുടങ്ങി പല വിഭാഗങ്ങളില്‍പ്പെട്ട ഗ്രന്ഥങ്ങളുണ്ടാകും. ഓരോ വിഭാഗത്തിലും പെട്ട പുസ്തകം ഓരോ രീതിയിലാണല്ലോ നാം മനസ്സിലാക്കുന്നത്. കഥ വായിച്ചു മനസ്സിലാക്കുന്ന രീതിയിലല്ല നാം ഒരു ലേഖനം വായിച്ചു മനസ്സിലാക്കുന്നത്. ചരിത്രവിവരണവും കവിതയും വെവ്വേറെ രീതികളിലാണു നാം വായിക്കുന്നതും ഗ്രഹിക്കുന്നതും. ചരിത്രം, നിയമം, കഥകള്‍, കവിതകള്‍, പ്രാര്‍ത്ഥനകള്‍, ഐതിഹ്യങ്ങള്‍, ജ്ഞാനസൂക്തങ്ങള്‍, കത്തുകള്‍ തുടങ്ങിയവയുടെയെല്ലാം ഒരു ശേഖരമാണു ബൈബിള്‍. ഓരോന്നിനെയും സമീപിക്കേണ്ടതു തനതായ രീതിയിലാണ്. സങ്കീര്‍ത്തനം 2:3, പ്രഭാഷകന്‍ 6:4, ജോഷ്വ 10:12, യോന 3:7 എന്നൊക്കെ നാം പറയുമ്പോള്‍ എല്ലാം ഒരേപോലെയാണ് മനസ്സിലാക്കപ്പെടുന്നത് എന്നു തോന്നുന്നു. ആദ്യത്തേതു പ്രാര്‍ത്ഥനയാണ്; രണ്ടാമത്തേത് ജ്ഞാനസൂക്തമാണ്; മൂന്നാമത്തേതു ചരിത്രമാണ്; നാലാമത്തേത് കഥയാണ്. ബൈബിളിനെ ഏകതാനമായി കാണുന്ന രീതി ശരിയല്ലെന്ന് അങ്ങനെ വീണ്ടും വ്യക്തമാകുന്നു.
ബൈബിളിന്‍റെ നിര്‍മ്മിതി
ബി. സി. പത്താം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതുപോലും ബൈബിളിലുണ്ട് എന്നു പറഞ്ഞിരുന്നുവല്ലോ. അക്കാലത്തു എഴുതാനുപയോഗിച്ചിരുന്നത് മൃഗങ്ങളുടെ തുകലും പപ്പൈറസ് ചെടിയില്‍ നിന്നുണ്ടാക്കിയ കടലാസിന്‍റെ ആദ്യരൂപവും ഒക്കെയായിരുന്നു. വേഗം നശിച്ചുപോകുന്നവയായിരുന്നു അവയൊക്കെ. എന്നിട്ടും പത്തു നൂറ്റാണ്ടുകളോളം അത്തരം രേഖകള്‍ സംരക്ഷിക്കപ്പെട്ടുവെങ്കില്‍ അവ അത്ര കണ്ട് ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്നിരിക്കണം; അല്ലെങ്കില്‍ അവയുടെ അനേകം കോപ്പികള്‍ തലമുറ തലമുറയായി പകര്‍ത്തിയെഴുതപ്പെട്ടിരിക്കണം. അതിനര്‍ത്ഥം ആ രേഖകള്‍ സൂക്ഷിച്ച ജനതയുടെ ജീവിതത്തില്‍ പ്രസ്തുത രേഖയിലെ കാര്യങ്ങള്‍ അത്രമേല്‍ സ്വാധീനം ചെലുത്തിയിരുന്നു എന്നാണല്ലോ. ഈ രേഖകള്‍ സൂക്ഷിക്കാനും പകര്‍ത്തിയെഴുതാനും ഒക്കെ മുന്‍കൈ എടുത്തവര്‍ ആരായിരിക്കാം?
രാജാക്കന്മാര്‍ തങ്ങള്‍ ഭരിക്കുന്ന ജനതയ്ക്കിടയില്‍ ഏകതാബോധം സൃഷ്ടിക്കുന്നതിനും രാജ്യത്തിന് അഖണ്ഡത കൈവരുത്തുന്നതിനും വേണ്ടി തങ്ങളുടെ പാരമ്പര്യത്തിലും ചരിത്രത്തിലും ഉള്ള പല കാര്യങ്ങളും ഉപയോഗിച്ച് രചന നടത്തിയിട്ടുണ്ടാകാം. ന്യായാധിപന്മാര്‍ തങ്ങളുടെ സമൂഹത്തില്‍ പാലിക്കപ്പെട്ടിരുന്ന പല നിയമങ്ങളും കേസുകളില്‍ തീര്‍പ്പു കല്പിക്കുന്നതിനുവേണ്ടി രേഖപ്പെടുത്തിയിട്ടുണ്ടാകാം. ബലിയര്‍പ്പണങ്ങള്‍ക്കും വിവിധ ഉത്സവങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്ന അനുഷ്ഠാനവിധികളും തത്സംബന്ധിയായ നിയമങ്ങളും പുരോഹിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകാം. സമൂഹത്തിന്‍റെ പൊതുഓര്‍മയുടെ ഭാഗമായി നില്ക്കാറുള്ള പഴയകാല നായകരെക്കുറിച്ചുള്ള വീരഗാഥകള്‍ വരുംതലമുറകള്‍ക്കുവേണ്ടി രേഖപ്പെടുത്തിയിട്ടുണ്ടാകാം. വീടുകളിലും കൂട്ടായ്മകളിലും ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനകളും ഇവ്വിധത്തില്‍ എഴുതപ്പെട്ടിട്ടുണ്ടാകാം. ചുരുക്കത്തില്‍, ഇവയെല്ലാം പലയാളുകള്‍ ചേര്‍ന്ന് പല കാരണങ്ങളുടെ പേരില്‍ എഴുതിവയ്ക്കുകയും പിന്നീട് പലതവണ പകര്‍ത്തി എഴുതപ്പെടുകയും ചെയ്തവയാണ്.
അങ്ങനെ ചിതറിക്കിടന്ന പല പാരമ്പര്യങ്ങളും അവയെക്കുറിച്ചുള്ള രേഖകളും ഒരുമിച്ചു കൊണ്ടുവരാന്‍ നിമിത്തമായത് യഹൂദരുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു സംഭവമാണ് - ബി. സി. 587ലെ ബാബിലോണ്‍ വിപ്രവാസം. ബാബിലോണ്‍ സാമ്രാജ്യം യൂദയാ കീഴടക്കുകയും തദ്ദേശവാസികള്‍ക്ക് തനിമ നല്കിയിരുന്ന എല്ലാം -ജറുസലെം ദേവാലയം, ദാവീദിന്‍റെ സിംഹാസനം, വാഗ്ദത്ത ഭൂമി- അവര്‍ തച്ചുടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കഴിവും പ്രാപ്തിയുമുള്ള എല്ലാ യഹൂദന്മാരെയും അടിമവേലയ്ക്കായി ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു. ബി. സി. 537ല്‍ സൈറസ് രാജാവിന്‍റെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യം ബാബിലോണിനെ തോല്‍പ്പിച്ചതോടെയാണ് വിപ്രവാസത്തിലായിരുന്ന ജനതയ്ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാനായത്. അടിമുടി തകര്‍ക്കപ്പെട്ട തങ്ങളുടെ നാടും സമൂഹവും ആദ്യം മുതല്‍ യഹൂദര്‍ക്കു പുനര്‍നിര്‍മിക്കേണ്ടിവന്നു. ഈ പുനര്‍നിര്‍മാണം ആരുടെ നേതൃത്വത്തില്‍ നിര്‍വ്വഹിക്കപ്പെടണം എന്നതിനെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അന്നുണ്ടായിരുന്നു. ബാബിലോണിനാല്‍ തകര്‍ക്കപ്പെടുന്നതിനുമുമ്പ് യൂദയാ ഭരിച്ചിരുന്ന രാജാവിന്‍റെ കുടുംബത്തിലുള്ളവരുടെ നേതൃത്വത്തില്‍ വേണമെന്ന് ഒരു വിഭാഗവും, അതല്ല ജറുസലെം ദേവാലയത്തിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന പുരോഹിതരുടെ നേതൃത്വത്തില്‍ വേണമെന്നു വേറൊരു വിഭാഗവും വാദിച്ചു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിത്തന്നെ തുടരണമെന്നും, അതല്ല പൂര്‍ണസ്വാതന്ത്ര്യം കിട്ടാനുള്ള ഏതവസരവും ഉപയോഗപ്പെടുത്തണമെന്നും അഭിപ്രായങ്ങളുണ്ടായി. ഓരോ വിഭാഗവും തങ്ങളുടെ വാദത്തിനു ബലം കിട്ടാനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അംഗീകാരം കിട്ടുന്നതിനും വേണ്ടി മുന്‍പേ നാം പരിഗണിച്ച പാരമ്പര്യങ്ങളും രേഖകളുടെ കൈയെഴുത്തുപ്രതികളും മുന്‍കാല ചരിത്രവും എല്ലാം ഉപയോഗിച്ച് തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളും നിര്‍മ്മിച്ചെടുത്തു. ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, ഇക്കൂട്ടര്‍ ആരുംതന്നെ പാരമ്പര്യമോ, ചരിത്രമോ, വിവിധ കൈയെഴുത്തുപ്രതികളോ ഉപയോഗിച്ചത് ചരിത്രപരമായ അന്വേഷണത്തിന്‍റെ ഭാഗമായിട്ടല്ല, പിന്നെയോ വിപ്രവാസാനന്തര യഹൂദസമൂഹം എങ്ങനെ കെട്ടിപ്പടുക്കണം, അതിന്‍റെ നേതൃത്വം ആര്‍ക്കായിരിക്കണം തുടങ്ങിയ താല്‍പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാണ്. ബൈബിളിലെ വിവിധ പുസ്തകങ്ങള്‍ രൂപം കൊണ്ടത് പണ്ടുപണ്ട് എന്തു സംഭവിച്ചു എന്നു പറയാനുള്ള താല്‍പര്യം നിമിത്തമല്ല, പിന്നെയോ വിപ്രവാസത്തിനുശേഷമുള്ള യഹൂദജനതയുടെ വര്‍ത്തമാനവും ഭാവിയും ഏതു വിധത്തിലായിരിക്കണം എന്ന താല്‍പര്യം നിമിത്തമാണ്. അപ്പോള്‍ ബൈബിളിലെ ഒരു പുസ്തകവും ചരിത്രമല്ല പറയുന്നത്, പിന്നെയോ ചരിത്രത്തിന്‍റെ വ്യാഖ്യാനമാണ്. (അവസാനം പറഞ്ഞത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന കാര്യമാണെന്നു ഓര്‍മപ്പെടുത്തട്ടെ.)
സുവ്യക്തമായ ഒരുദാഹരണംകൊണ്ട് ഇപ്പറഞ്ഞതിനെ വിശദമാക്കാം. ജറുസലേം ഉള്‍പ്പെടുന്ന യൂദാദേശത്തിന്‍റെ മാത്രം രാജാവായിട്ടാണ് ദാവീദ് ആദ്യം അവരോധിക്കപ്പെടുന്നത്. ഏഴരകൊല്ലം അങ്ങനെ തുടര്‍ന്നിട്ട,് കൊടിയ യുദ്ധത്തിനുശേഷമാണ് വടക്കുഭാഗമായ ഇസ്രായേല്‍ ദാവീദിനെ രാജാവായി അംഗീകരിക്കുന്നത് (2സാമുവല്‍ 2: 8-11; 3:1; 5: 1-5). ദാവീദിന്‍റെ കുടുംബത്തില്‍ അന്തഃച്ഛിദ്രം ഉണ്ടായിരുന്നുവെന്നും ബലാത്സംഗവും അരുംകൊലകളും അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ തന്നെ അരങ്ങേറിയെന്നും സാമുവല്‍-രാജാക്കന്മാര്‍ പുസ്തകത്തിലുണ്ട്. (ദാവീദിന്‍റെ കുടുംബത്തില്‍പ്പെട്ട താമാറിനെ ദാവീദിന്‍റെ മകനായ അമ്നോന്‍ ബലാത്സംഗം ചെയ്യുന്നു. ദാവീദിന്‍റെ മറ്റൊരു മകന്‍ അബ്സലോം -താമാറിന്‍റെ സഹോദരന്‍- അമ്നോനെ വധിക്കുന്നു. പിന്നീട് അബ്സലോം ദാവീദിനെതിരെ വിപ്ലവം സംഘടിപ്പിക്കുന്നു. തുടര്‍ന്ന് അബ്സലോം വധിക്കപ്പെടുന്നു. 2 സാമുവല്‍ 13; 15; 18). സോളമന്‍ രാജാവായതിനുശേഷവും സ്വന്തം കുടുംബത്തിലും രാജ്യത്തിലുമുള്ള എതിരാളികളെ കൊല്ലേണ്ടി വരുന്നുണ്ട്(1രാജാക്കന്മാര്‍ 2). ഇതേ ദാവീദിന്‍റെയും സോളമന്‍റെയും ചരിത്രം ദിനവൃത്താന്തം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തുലോം വ്യത്യസ്തമായിട്ടാണ്. ദാവീദു തെക്കുഭാഗമായ യൂദായുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ട ഉടന്‍തന്നെ വടക്കുഭാഗമായ ഇസ്രായേലും അദ്ദേഹത്തെ രാജാവായി അംഗീകരിക്കുന്നു(1 ദിനവൃത്താന്തം 10: 14; 11: 1-4). തുടര്‍ന്ന് സോളമന്‍ ഒരു പ്രശ്നവും കൂടാതെ രാജാവാകുന്നു. എല്ലാവരും അതംഗീകരിക്കുന്നു ( ദിന. 29: 22-25). ദാവീദിന്‍റെ കുടുംബത്തില്‍ എന്തെങ്കിലും അന്തഃച്ഛിദ്രം നിലനിന്നിരുന്നതായി ദിനവൃത്താന്തം മാത്രം വായിച്ചാല്‍ ഒരു സൂചനയും നമുക്കു ലഭിക്കില്ല. ഇതില്‍നിന്നു നമുക്കു മനസ്സിലാകുന്നത് ചരിത്രമല്ല, ചരിത്രത്തിന്‍റെ വ്യാഖ്യാനമാണു ബൈബിളില്‍ കാണുന്നത് എന്ന വസ്തുതയാണ്.
തങ്ങളുടെ ചരിത്രത്തെ മാത്രമല്ല, തങ്ങളുടെ പാരമ്പര്യത്തില്‍നിന്നു കിട്ടിയ എല്ലാറ്റിനെയും വിപ്രവാസാനന്തര സമൂഹം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. മെയ്മാസത്തിലെ 'വേദധ്യാന'ത്തില്‍ അബ്രാഹം ഇസഹാക്കിനെ ബലിയര്‍പ്പിക്കുന്നതിലെ ധാര്‍മികപ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നല്ലോ. അബ്രാഹത്തെ പരീക്ഷിക്കാനാണെങ്കില്‍ക്കൂടി ദൈവത്തിന് നരബലി ആവശ്യപ്പെടാന്‍ ആകുന്നതെങ്ങനെ? എല്ലാമറിയുന്ന ദൈവത്തിന് അബ്രാഹമിന്‍റെ വിശ്വസ്തത എത്രത്തോളമെന്ന് അറിയാമായിരുന്നില്ലേ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനുള്ള ശ്രമങ്ങള്‍ ബി. സി. രണ്ടാം നൂറ്റാണ്ടില്‍തന്നെ നടന്നു എന്നതിന്‍റെ തെളിവ് അക്കാലത്തു രചിക്കപ്പെട്ട 'ജൂബിലിയുടെ പുസ്തകം' എന്ന യഹൂദഗ്രന്ഥത്തിലുണ്ട്. അബ്രാഹത്തിന്‍റെ ബലിയെക്കുറിച്ചു നാം വായിക്കുന്നത് ഉല്‍പത്തി 22-ാം അധ്യായത്തിലാണല്ലോ. അതു തുടങ്ങുന്നത് (22:1) ഇങ്ങനെയാണ്: "വയ്ഹി അഹര്‍ ഹദ്ദവാറീം ഹഏല്ലെഹ്." 'ദവാറീം' എന്ന ഹെബ്രായവാക്കിന് 'വാക്കുകള്‍' എന്നും 'കാര്യങ്ങള്‍' എന്നും രണ്ടര്‍ത്ഥമുണ്ട്. അപ്പോള്‍ ഉല്‍പത്തി 22:1ന്‍റെ കൃത്യമായ പരിഭാഷ ഇങ്ങനെയായിരിക്കും: "ഈ വാക്കുകള്‍ക്കു ശേഷം[അല്ലെങ്കില്‍, ഇക്കാര്യങ്ങള്‍ക്കു ശേഷം] ദൈവം അബ്രാഹത്തെ പരീക്ഷിച്ചു". ഇവിടെ ഏതോ യഹൂദ വ്യാഖ്യാതാവിന്‍റെ ഭാവന ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഏതു വാക്കുകള്‍ക്കു ശേഷമാണ് ദൈവം പരീക്ഷണത്തിനു തുനിഞ്ഞത്? ജോബിന്‍റെ പുസ്തകത്തില്‍ ജോബിനെ ദൈവം പരീക്ഷിക്കുന്നത് സാത്താന്‍റെ പ്രേരണ പ്രകാരമാണല്ലോ. ഈ പുസ്തകം പരിചയമുള്ള നമ്മുടെ വ്യാഖ്യാതാവ് നമ്മുടെ ചോദ്യത്തിന് ഉത്തരം നല്കുന്നു: "ദൈവവും തിന്മയുടെ രാജകുമാരനായ മസ്തേമയും തമ്മില്‍ നടന്ന സംഭാഷണത്തിലെ വാക്കുകള്‍ക്കുശേഷം ദൈവം അബ്രാഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു." ഈ ഉത്തരമാണ് 'ജൂബിലിയുടെ പുസ്തക'ത്തില്‍ നാം വായിക്കുന്നത്! ഉല്‍പത്തി 22:1ലെ "ഈ വാക്കുകള്‍ക്കു ശേഷം" എന്ന പ്രയോഗത്തിന് അങ്ങനെ ഒരു വ്യാഖ്യാനം നല്കപ്പെട്ടു.
ആരായിരിക്കാം ഇത്തരം വ്യാഖ്യാനങ്ങള്‍ വിരചിച്ചത്? ഇതിനു കൃത്യമായ ഉത്തരങ്ങള്‍ അധികമൊന്നും ലഭ്യമല്ല. ചുരുക്കം ചിലതില്‍ ഒരെണ്ണം ബി. സി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിറാക്കിന്‍റെ പുത്രന്‍ (ബെന്‍-സീറ)ആണ് (പ്രഭാഷകന്‍ 39:1-4; 50:27). മഹാന്മാരെ സേവിക്കുന്നവനും ഭരണാധിപന്മാരുടെ മുമ്പില്‍ പ്രവേശനമുള്ളവനും വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുന്നവനുമായിരുന്നു അദ്ദേഹം. ഇതില്‍നിന്ന് വ്യക്തമാകുന്നത് സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിരുന്നവരും രാജകൊട്ടാരങ്ങളില്‍ ഇടം ലഭിച്ചിരുന്നവരും ജ്ഞാനികളെന്നു ഖ്യാതി നേടിയവരുമൊക്കയാകാം ബൈബിളിലെ പുസ്തകങ്ങള്‍ക്ക് അവസാനരൂപം നല്കിയത് എന്നാണല്ലോ.
ഇത്തരം വ്യാഖ്യാനങ്ങള്‍ സമൂഹത്തിന്‍റെ അംഗീകാരം നേടിയിരുന്നോ? നേടിയിരുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് ദാവീദ്-സോളമന്‍ ചരിത്രത്തെ അടിമുടി പുതുക്കിയെഴുതിയ ദിനവൃത്താന്തത്തിന് ബൈബിളില്‍ ഇടം കിട്ടിയത്. ജൂബിലിയുടെ പുസ്തകത്തിന് ബൈബിളില്‍ ഇടം കിട്ടിയില്ലെങ്കില്‍കൂടി യഹൂദരുടെ ഇടയില്‍ വലിയ പ്രചാരം ലഭിച്ച പുസ്തകമാണത്. ബൈബിളിലെ പുസ്തകങ്ങള്‍ ഏവയെന്നു പൊതുവേ അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള കാലത്ത് അവയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ജ്ഞാനികളായ മനുഷ്യര്‍ നടത്തിക്കൊണ്ടേയിരുന്നു. ആ വ്യാഖ്യാനങ്ങളെല്ലാം ചേര്‍ത്ത് 'മിദ്രാഷ്' എന്ന ഗ്രന്ഥമായി രൂപപ്പെട്ടു. യഹൂദരുടെ ഇടയില്‍ ആധികാരികതയും പ്രാമാണികതയും വലിയ അളവില്‍ അവകാശപ്പെടുന്ന ഗ്രന്ഥമാണിത്. ബൈബിളിലെ ദുര്‍ഗ്രാഹ്യമോ വിശദീകരിക്കാന്‍ ബുദ്ധിമുട്ടേറിയതോ ആയ ഭാഗങ്ങളുടെ വ്യാഖ്യാനം മിദ്രാഷിന്‍റെ സഹായത്തോടെയാകണം എന്നു നിഷ്കര്‍ഷിക്കപ്പെട്ടു.
ബൈബിള്‍: ചില അടിസ്ഥാന ധാരണകള്‍
കാലക്രമത്തില്‍ ഉരുത്തിരുഞ്ഞുവന്നതും ബൈബിളിനെ സംബന്ധിച്ച് അടിസ്ഥാനപ്രമാണമായി നാം പൊതുവേ കൊണ്ടുനടക്കുന്നതുമായ ചില കാര്യങ്ങള്‍ ഇതുവരെ കണ്ട ചരിത്രാവലോകനത്തില്‍നിന്നു നമുക്കു വ്യക്തമാകുന്നു. ഒന്ന്, ബൈബിളില്‍ ഒരു തെററുമില്ല എന്ന വിശ്വാസമാണ്. അബ്രാഹത്തില്‍ നിന്ന് ദൈവം നരബലി ആവശ്യപ്പെട്ടുവെന്ന ധാരണയെ ശരിയായ വ്യാഖ്യാനം വഴി തിരുത്താവുന്നതേയുള്ളൂ. രണ്ട്, ബൈബിളിലെ വാക്കുകള്‍ക്കെല്ലാം വാച്യാര്‍ത്ഥത്തിനപ്പുറത്ത് ഒരു ആത്മീയ(നിഗൂഢ) അര്‍ത്ഥമുണ്ട്. "ഈ വാക്കുകള്‍ക്കു ശേഷം ദൈവം അബ്രാഹത്തെ പരീക്ഷിച്ചു" എന്ന വാക്യം ഒരു സാധാരണ വായനക്കാരനു മനസ്സിലാക്കാനാകാത്തതും അതുകൊണ്ടുതന്നെ ശരിയായ വ്യാഖ്യാനം കൊണ്ടുമാത്രം മനസ്സിലാകുന്നതുമാണ്. മൂന്ന്, ബൈബിളിലെ വാക്യങ്ങളെല്ലാം കാലാതിശായിയാണ്. നാഹും പ്രവാചകന്‍ അതിക്രൂരനായ ഒരു സിംഹത്തെക്കുറിച്ച് പറയുന്നത് (2:10-12) അദ്ദേഹത്തിന്‍റെ കാലത്തെ ഏതോ ശത്രുവിനെ സൂചിപ്പിക്കാനല്ല, നാഹുമിനു അറുനൂറുവര്‍ഷങ്ങള്‍ക്കുശേഷം വന്ന സിറിയയിലെ അധികാരി ദിമെത്രിയൂസ് മൂന്നാമനെക്കുറിച്ചു സൂചിപ്പിക്കാനാണെന്ന ഒരു വ്യാഖ്യാനം ചാവുകടല്‍ത്തീരത്തെ ഖുംറാന്‍ ഗുഹകളിലെ രേഖകളില്‍ കാണുന്നുണ്ട്(4Q169). ഇതേ രീതിയില്‍ ബൈബിളിലെ കല്പനകളും നിയമങ്ങളും കാലാതിശായിയായി വ്യാഖ്യാനിക്കപ്പെട്ടു. നാല്, ബൈബിളിലെ ഗ്രന്ഥങ്ങളെല്ലാം ദൈവനിവേശിതമായതുകൊണ്ട് അവയ്ക്കിടയില്‍ വൈരുദ്ധ്യങ്ങളില്ല. വൈരുദ്ധ്യമുണ്ടെന്നുള്ള ഉപരിപ്ലവമായ ധാരണ ശരിയായ വ്യാഖ്യാനംകൊണ്ട് പരിഹരിക്കാനാകുന്നതാണ്.
ദൈവവചനത്തെക്കുറിച്ചുള്ള ഈ നാലു ധാരണകളെയും ചാള്‍സ് അഗസ്റ്റസ് ബ്രിഗ്സ് ചോദ്യം ചെയ്തു എന്നതായിരുന്നു അദ്ദേഹം വിചാരണ നേരിടാനുണ്ടായ കാരണം.
ബൈബിളിന്‍റെ നിഗൂഢവത്കരണം
അങ്ങനെ ബൈബിള്‍ പ്രത്യേക പരിശീലനം സിദ്ധിച്ചവര്‍ക്കുമാത്രം വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഒരു ഗ്രന്ഥമായിത്തീര്‍ന്നു. കൃത്യമായ വ്യാഖ്യാനരീതികള്‍ സാവധാനം നിലവില്‍വന്നു. അവയിലൊരെണ്ണം അന്യാപദേശ (അലഗോറിക്കല്‍) വ്യാഖ്യാന രീതിയാണ്. ആദ്യകാല ക്രിസ്ത്യന്‍ വ്യാഖ്യാന രീതികളെ നിര്‍ണ്ണായകമായി സ്വാധീനിച്ചതാണ് ഈ വ്യാഖ്യാന രീതി. അലക്സാണ്ഡ്രിയായിലെ ഫിലോയാണ് ബൈബിളിനെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നത്. ഗ്രീക്കു തത്ത്വചിന്തയുടെ വലിയ സ്വാധീനമുണ്ടായിരുന്ന ഈജിപ്തിലെ അലക്സാണ്ഡ്രിയായില്‍ ജീവിച്ച ഫിലോ ഗ്രീക്കുവ്യാഖ്യാനരീതിയായ അന്യാപദേശവ്യാഖ്യാനത്തെ അതേപടി പഴയനിയമ വ്യാഖ്യാനത്തിന് ഉപയോഗിക്കുകയായിരുന്നു. ഒരുദാഹരണം, അബ്രാഹം സ്വന്തം ദേശം ഉപേക്ഷിച്ചു നടത്തുന്ന യാത്രയെ ദൈവത്തിനുവേണ്ടിയുള്ള മനുഷ്യാത്മാവിന്‍റെ അന്വേഷണമായിട്ടാണ് ഫിലോ വ്യാഖ്യാനിച്ചത്. ഇതിന്‍റെ ചുവടുപിടിച്ച് ഒറിജനെപ്പോലുള്ള വിഖ്യാത ക്രിസ്ത്യന്‍ വ്യാഖ്യാതക്കള്‍ പുതിയ നിയമത്തിനും വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ചു.
സിറിയയിലെ അന്ത്യോക്യയില്‍ ബൈബിളിനെ വ്യാഖ്യാനിച്ചതു മറ്റൊരു രീതിയിലാണ്. പഴയനിയമമെല്ലാം പുതിയ നിയമത്തിന്‍റെ മുന്നോടിയായും അതിലെ കഥാപാത്രങ്ങളെല്ലാം യേശുവിന്‍റെ വാര്‍പ്പു മാതൃക(type))കളായും പരിഗണിക്കപ്പെട്ടു. (അതുകൊണ്ട് ഈ വ്യാഖ്യാനരീതിയെ typological എന്നു വിളിക്കുന്നു). അബ്രാഹത്തിന്‍റെ ബലിയെ യേശുവിന്‍റെ ബലിയര്‍പ്പണത്തിന്‍റെ മാതൃകയായി കാണുന്നതും അബ്രാഹം പരിചരിച്ച മൂന്ന് അതിഥികളെ (ഉല്‍പത്തി 18:2) ത്രിത്വത്തിന്‍റെ ആദിരൂപമായി കാണുന്നതും ഒക്കെ ഇത്തരം വ്യാഖ്യാനരീതിക്ക് ഉദാഹരണങ്ങളാണ്.
ചുരുക്കത്തില്‍ അലെഗോറിക്കല്‍ വ്യാഖ്യാനരീതിയും ടിപ്പോളജിക്കല്‍ വ്യാഖ്യാനരീതിയും ഒരേ ധാരണയാണു ബൈബിളിനെക്കുറിച്ച് പുലര്‍ത്തിയത്: ബൈബിളിലെ ഓരോ വാക്കിനും ഒരു വാച്യാര്‍ത്ഥവും ഒരു ആന്തരികാര്‍ത്ഥവും ഉണ്ട്.
ഈ ആന്തരികാര്‍ത്ഥം ഗ്രഹിക്കാന്‍ ആര്‍ക്കാണു സാധിക്കുക? പ്രത്യേക പരിശീലനം നേടിയ പുരോഹിതര്‍ക്കും സന്ന്യാസികള്‍ക്കും മാത്രം സാധ്യമായ കാര്യമായി ബൈബിള്‍ വ്യാഖ്യാനം പരിണമിച്ചു. സഭാപിതാക്കന്മാരുടെ വ്യാഖ്യാനം അടിസ്ഥാനപ്രമാണമായിത്തീര്‍ന്നു. പുതിയൊരു നിരീക്ഷണം മുന്നോട്ടുവയ്ക്കാന്‍ പോലും ഏതെങ്കിലും സഭാപിതാവിന്‍റെ വ്യാഖ്യാനത്തിന്‍റെ ചുവടുപിടിച്ചു മാത്രമേ സാധിക്കൂ എന്ന സ്ഥിതിവിശേഷം സംജാതമായി.
മാറ്റത്തിന്‍റെ കാറ്റ്
എന്നാല്‍ പതിനാലാം നൂറ്റാണ്ടോടുകൂടി കാര്യങ്ങള്‍ വന്‍തോതില്‍ മാറ്റത്തിനു വിധേയമാകാന്‍ തുടങ്ങി. പതിനാലാം നൂറ്റാണ്ടുവരെ പ്രചാരത്തിലിരുന്ന ബൈബിളിന്‍റെ ലത്തീന്‍ പരിഭാഷ നാലാം നൂറ്റാണ്ടിലെ ജെറോമിന്‍റെ പരിഭാഷയായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ ഹെബ്രായ ഭാഷയില്‍ പ്രാവീണ്യം നേടിയവര്‍ രംഗത്തുവന്ന് ജെറോമിന്‍റെ പരിഭാഷയിലെ ന്യൂനതകളും തെറ്റുകളും പുറത്തുകൊണ്ടുവന്നു. ആദ്യ പ്രൊട്ടസ്റ്റന്‍ന്‍റ് എന്നു പൊതുവേ വിളിക്കപ്പെടുന്ന ജോണ്‍ വൈക്ലിഫ് (1328-'89) ഇംഗ്ലീഷിലേക്ക് ബൈബിള്‍ പരിഭാഷപ്പെടുത്തി. അതോടുകൂടി എല്ലാ ബൈബിള്‍ വായനകളും പഴയകാല വ്യാഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം എന്ന ശാഠ്യം വെല്ലുവിളിക്കപ്പെട്ടു. ബൈബിള്‍ ജനകീയമാകുന്നതു തടയാന്‍ ഒരധികാരകേന്ദ്രത്തിനും കഴിയാത്ത സാഹചര്യം പതിനഞ്ചാം നൂറ്റാണ്ടോടുകൂടി ആവിര്‍ഭവിച്ചു.
(ശേഷം അടുത്ത ലക്കത്തില്‍)