news-details
കവിത

ഒരു ചോരപ്പൂവായ് വിടര്‍ന്നിടുമേ...

(വടക്കന്‍പാട്ടിന്‍റെ രീതി)

ചോര തിളയ്ക്കുന്ന പ്രായത്തില്
സത്യം പറഞ്ഞതിനാലല്ലോ നീ
കഴുമരച്ചില്ലയിലന്നൊരുനാള്‍
ഒരു ചോരപ്പൂവായ് വിടര്‍ന്നതന്ന്.
നേരു പറയുന്ന തച്ചനല്ലേ
ഒക്കെയും തകടിം മറിച്ചോനല്ലെ
തരുവില്‍ പണിയും നിന്‍ ആയുധത്തിന്‍ 
മൂര്‍ച്ച നിന്‍ വാക്കുമതിനില്ലല്ലോ
ചങ്കിലെരിയുമാ നേരിന്‍ കനല്‍
പ്രാര്‍ത്ഥന കൊണ്ടു കത്തിച്ചവന്‍ നീ 
പച്ചമനുഷ്യനായ് ജീവിച്ചവന്‍
മര്‍ത്യന്‍റെ മുറിവതില്‍ ചുംബിച്ചവന്‍
കണ്ണിലെരിയുന്ന സ്നേഹാഗ്നിയാല്‍ 
കൂരിരുട്ടൊക്കെ നീ കീറിമാറ്റി
ചൂഷിതര്‍, കീഴാളര്‍, പീഡിതര്‍ക്കായ്
അത്താഴമുണ്ടാക്കി കാത്തിരുന്നു
മാംസവും രക്തവും പകുത്തുനല്കി
കരുണതന്‍ മുഖമുള്ള ഇടയനായി
ഇടറിയൊരാടിന്‍റെ കണ്‍കളിലെ 
കണ്ണീരതൊക്കെ നീ തുടച്ചുമാറ്റി
കരുണയതൊക്കെയും വറ്റിപ്പോയ
കച്ചവടത്തിന്‍റെ കണ്ണുമായി
ആടിന്‍റെ മേനിയില്‍ കണ്ണുവയ്ക്കും 
ആട്ടിന്‍തോലിട്ടൊരാ ഇടയര്‍ക്കുനേര്‍
ചൂണ്ടാണി വിരലതൊരസ്ത്രമാക്കി
നേരു പറഞ്ഞിടുന്നോരൊക്കെയും 
കഴുമരച്ചില്ലയിലിനിയൊരുനാള്‍ 
ഒരു ചോരപ്പൂവായ് വിടര്‍ന്നിടുമേ...

You can share this post!

പ്രണവം

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts