"ഈ സ്തോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളും എല്ലാം ഉപേക്ഷിക്കുക. വാതിലുകളടഞ്ഞ ഈ ദൈവാലയത്തിന്‍റെ ഇരുളടഞ്ഞ ശൂന്യതയില്‍ നീ ആരെയാണ് ആരാധിക്കുന്നത്? കണ്ണ് തുറക്കുക. നിന്‍റെ ദൈവം മുന്നിലില്ലെന്ന് അറിയുക.
കന്നിമണ്ണ് കിളച്ചുമറിക്കുന്നവന്‍റെയും കരുംപാറ പൊട്ടിച്ച് പാത തീര്‍ക്കുന്നവന്‍റെയും സമീപത്താണ വന്‍. വെയിലിലും മഴയിലും അവരോടൊപ്പമാണ് അവന്‍. അവന്‍റെ മേലങ്കി പൊടി അണിഞ്ഞിരിക്കുന്നു. നിങ്ങളുടെ വിശിഷ്ടവസ്ത്രങ്ങള്‍ ഊരിമാറ്റി അവനെപ്പോലെ ആ പൂഴിമണ്ണിലേക്കിറങ്ങി ചെല്ലുക" (ഗീതഞ്ജലി 11).
ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതല്ല ദൈവാരാധന. പാവപ്പെട്ടവരുള്‍പ്പെടെയുള്ള പീഡിതസമൂഹങ്ങളുടെ അനുദിന ജീവിതപ്രശ്നങ്ങളിലാണ് ഈശ്വരസാന്നിധ്യം. അതിനാല്‍ സമൂഹജീവിതവുമായി ബന്ധമുള്ളതാവണം ഈശ്വരാരാധന എന്ന സത്യം പഠിപ്പിക്കുകയാണ് ടാഗോര്‍ മേലുദ്ധരിച്ച ഗീതാഞ്ജലി വചനത്തില്‍. ബാഹ്യമോടികള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരു ആരാധനാരീതി ക്രൈസ്തവ സഭകളില്‍ ഇന്നു വര്‍ദ്ധിച്ചുവരുന്നു. പ്രകടനപരത ഇന്നിന്‍റെ മുഖമുദ്രയാണ്. ഇത് ആരാധനയുടെ വികലരൂപമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ചരിത്രത്തില്‍ ജീവിച്ചു മരിച്ച യേശുവിനെക്കാള്‍, ഉത്ഥാനം ചെയ്ത് പിതാവിന്‍റെ വലതുഭാഗത്ത് ഇരിക്കുന്ന മഹത്ത്വപൂര്‍ണ്ണനായ ക്രിസ്തു നമ്മുടെ ആരാധനവിഷയമായി എന്നതാണ് ഇതിനു കാരണം. ഈ മഹത്ത്വപൂര്‍ണ്ണനായ ക്രിസ്തു മധ്യകാലഘട്ടത്തിന്‍റെ സൃഷ്ടിയാണ്.
യേശുവിന്‍റെ ആഗമനോദ്ദേശം ഒരു പുതിയ സമൂഹം -ദൈവരാജ്യം- രൂപപ്പെടുത്തുകയായിരുന്നു. "നിങ്ങള്‍ മാനസാന്തരപ്പെടുവിന്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു"(മത്താ 4: 17). ദൈവത്തിന്‍റെ സ്വന്തം ജനമാണ് തങ്ങള്‍ എന്ന് അഭിമാനം കൊണ്ടവരാണ് യഹൂദജനത. പുറപ്പാട് അനുഭവത്തിലൂടെ "ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവും" ആയിത്തീര്‍ന്നു. അവര്‍ ദൈവത്തിന്‍റെ വിശുദ്ധിയില്‍ പങ്കുചേര്‍ന്ന് വളര്‍ന്നു (നിയമാവര്‍ത്തനം 7: 6-9). അവരുടെ വിശുദ്ധിയെന്നത് യഹോവയ്ക്കുള്ള സമ്പൂര്‍ണ്ണ വിധേയത്വവും മനുഷ്യരോടുള്ള ആത്മാര്‍ത്ഥമായ സ്നേഹവും അതുണര്‍ത്തുന്ന നീതിയും ഒക്കെയാണെന്ന് പ്രവാചക പഠനങ്ങളിലൂടെ അവര്‍ മനസ്സിലാക്കിയിരുന്നു (ഏശ. 58: 6-12, ആമോസ് 5: 24). ദൈവത്തിന്‍റെ മക്കള്‍ എന്ന നിലയില്‍ അവര്‍ കൊണ്ടും കൊടുത്തും ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അതിനു പറ്റിയ സാമൂഹ്യഘടകങ്ങള്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നു. ജൂബിലി വര്‍ഷാചരണം ഇത്തരത്തിലൊന്നാണ്. അതിലൂടെ സാമൂഹികനീതി ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ ചരിത്രത്തിന്‍റെ ഒഴുക്കില്‍ ഇടുങ്ങിയ സാമുദായികബോധത്തിലേക്ക് യഹൂദസമൂഹം കൂപ്പുകുത്തി. അങ്ങനെ കടുത്ത ജാതിചിന്തയുള്ള - അതിന്‍റെ ഫലമായി കടുത്ത വിവേചനമുള്ള ഒരു സമൂഹത്തിലേക്കാണ് ചരിത്രപുരുഷനായി യേശു കടന്നുവന്നത്.
വിദേശികളുടെ ആക്രമണവും അടിമത്തവുമൊക്കെ അവരുടെ സാമുദായിക ശുദ്ധിക്ക് ഇളക്കമുണ്ടാക്കി. ബാബിലോണ്‍ അടിമത്വത്തിനുശേഷം തിരിച്ചു വന്ന യഹൂദരുടെ വ്യഗ്രത നഷ്ടപ്പെട്ടുപോയ അവരുടെ സാമുദായിക ശക്തിയും വംശശുദ്ധിയും വീണ്ടെടുക്കുക എന്നതായിരുന്നു. അതിന് നേതൃത്വം കൊടുത്തത് സമുദായ സംശുദ്ധി അഭംഗുരം കാത്തുസൂക്ഷിച്ചുപോന്ന ചിലരായിരുന്നു (എസ്രാ. 9: 1-10, നെഹ. 9: 2 etc.). സമഗ്രമായ ഒരു നവീകരണം ആരാധനക്രമത്തിലും സാമുദായിക ക്രമത്തിലും ആവശ്യമായിരുന്നു. ഇത് സാമൂഹ്യ, സാമ്പത്തിക, മത കാരണങ്ങളാല്‍ യഹൂദസമൂഹത്തെ പല തട്ടുകളിലാക്കി: ശുദ്ധയഹൂദര്‍, സങ്കരവര്‍ഗ്ഗക്കാര്‍, ജാതിഭ്രഷ്ടര്‍. ശുദ്ധയഹൂദര്‍ മാത്രമാണ് മേലാളന്മാര്‍. സമുദായത്തില്‍ പൗരോഹിത്യം, സഭാഭരണം, നീതിന്യായം, അധ്യാപനം തുടങ്ങിയവ അവര്‍ക്ക് നീക്കിവച്ചിരുന്നു. അവരാണ് സാന്‍ഹെദ്രീന്‍ അംഗങ്ങള്‍, സമുദായ പ്രധാനികള്‍, ജനപ്രമാണിമാര്‍, റബ്ബിമാര്‍, ഫരിസേയര്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍. ഇവര്‍ താണ ജാതിക്കാരുമായി ഇടപെടാറില്ല. ഒരു മേശക്കു ചുറ്റും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക എന്നതിനര്‍ത്ഥം കൂടെ ഇരിക്കുന്നവരെ തങ്ങള്‍ക്കു തുല്യരായി, സഹോദരരായി അംഗീകരിക്കുക എന്നതാണല്ലോ. വിരുന്ന് യഹൂദര്‍ക്ക് ഒരു സാമൂഹ്യാചാരം മാത്രമല്ല, മതപരമായ ഒരു ചടങ്ങുകൂടിയായിരുന്നു. സ്വര്‍ഗ്ഗീയ വിരുന്നിന്‍റെ മുന്നാസ്വാദനം കൂടിയാണ്. തന്‍റെ നിലവാരത്തില്‍ ഉള്ളവരെ മാത്രമെ ക്ഷണിക്കൂ. ക്ഷണക്കത്തോടൊപ്പം ക്ഷണിതാക്കളുടെ ലിസ്റ്റ് കൊടുത്തുവിടുന്ന പതിവുണ്ടായിരുന്നു.
സമൂഹത്തിലെ വലിയ ശതമാനം അധഃസ്ഥിത വിഭാഗത്തില്‍പെട്ടവരാണ്. ദൈവജനത്തിന്‍റെ പരിശുദ്ധി അഭംഗുരം പാലിക്കാത്തവര്‍. യഹൂദരല്ലാത്തവരുമായി വിവാഹബന്ധത്തില്‍ കഴിഞ്ഞവര്‍; അതില്‍ പിറന്നവര്‍; ഹീനമായ തൊഴില്‍ ചെയ്യുന്നവര്‍; ഭാരം ചുമക്കുന്ന കഴുത, ഒട്ടകം എന്നിവയെ മേയ്ക്കുന്നവര്‍; ചരക്കു കടത്തുന്ന വള്ളം, കപ്പല്‍ എന്നിവയിലെ തൊഴിലാളികള്‍, ലോഹങ്ങള്‍ ഉരുക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍, തുണി അലക്കുകാര്‍, അഴുക്കുനിറഞ്ഞ പരിതഃസ്ഥിതിയില്‍ ജോലിചെയ്യുന്നവര്‍, കശാപ്പുകാര്‍, നെയ്ത്തുകാര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍പ്പെടും. അതുപോലെ മനുഷ്യശരീരവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍, വൈദ്യന്മാര്‍, മുടി വെട്ടുന്നവര്‍, തിരുമ്മുകാര്‍ തുടങ്ങിയവരും. അധഃസ്ഥിതരായ വേറൊരു കൂട്ടര്‍ ചുങ്കക്കാരാണ്. പാവപ്പെട്ടവരെ ഞെക്കിപ്പിഴിഞ്ഞ് സാമ്രാജ്യശക്തികള്‍ക്കു വേണ്ടി പണം പിരിച്ചിരുന്ന അവര്‍ വഞ്ചകരും കുലദ്രോഹികളുമായി കണക്കാക്കപ്പെട്ടിരുന്നു. കുഷ്ഠം, അപസ്മാരം, ഭ്രാന്ത് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരാണ് അന്ധര്‍, ബധിരര്‍, ഊമര്‍, തളര്‍വാതം തുടങ്ങി അംഗവൈകല്യമുള്ളവര്‍.
അധഃസ്ഥിതരോടുള്ള യേശുവിന്‍റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. യേശു അവരോടൊത്ത് ജീവിക്കുന്നു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. അവരുടെ മോചനമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഭക്ഷണം ചുങ്കക്കാരോടും പാപികളോടുമൊപ്പം (ലൂക്കാ 5: 30, 15: 2). സമറിയാക്കാരിയില്‍ നിന്ന് ദാഹജലം ചോദിച്ചു വാങ്ങുന്നു (യോഹ. 4: 7). കുലദ്രോഹിയും ജനവഞ്ചകനുമായ സക്കേവൂസിന്‍റെ വീട്ടില്‍ രാ പാര്‍ക്കുന്നു; ഭക്ഷണം കഴിക്കുന്നു (ലൂക്കാ 19: 7). മാന്യന്മാര്‍ തൊടാന്‍ അറച്ചിരുന്ന സ്ത്രീ അവന്‍റെ പാദം കഴുകുന്നു (ലൂക്കാ 7: 38). വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവള്‍ക്ക് പാപമോചനം നല്കുന്നു (യോഹ. 8: 11). കുഷ്ഠരോഗിയെ തൊട്ടു സുഖപ്പെടുത്തുന്നു (ലൂക്ക 5: 13). ബെത്സയ്ദയില്‍ തളര്‍ന്നുകിടന്നവനെ പിടിച്ചെഴുന്നേല്‍പ്പിച്ച് സുഖപ്പെടുത്തുന്നു (യോഹ. 5: 8). സമരിയാക്കാരോട് പ്രത്യേക താല്‍പര്യം കാണിക്കുന്നു. നല്ല സമറിയാക്കാരന്‍റെ ഉപമയില്‍ അസ്പര്‍ശ്യനെ മാതൃകാപുരുഷനാക്കുന്നു (ലൂക്ക 10: 33). സുഖപ്പെടുത്തപ്പെട്ട പത്തുകുഷ്ഠരോഗികളില്‍ സമറിയക്കാരന്‍ മാത്രം നന്ദി പ്രകടിപ്പിച്ചതില്‍ അവനെ ശ്ലാഘിക്കുന്നു (ലൂക്കാ 17: 16). സമറയാ സ്ത്രീയുടെ വിശ്വാസത്തെ യേശു പുകഴ്ത്തുന്നു (യോഹ. 4: 4-40). ശതാധിപന്‍റെ വിശ്വാസത്തില്‍ ആശ്ചര്യപ്പെടുന്നു (മത്താ. 8: 10). കാനാന്‍കാരിയെ പുകഴ്ത്തുന്നു (മത്താ. 15: 21-28).
ഇങ്ങനെ പാപികളോടും പാവപ്പെട്ടവരോടും പക്ഷം ചേര്‍ന്ന യേശു ആഢ്യരുടെ മുഖത്തു നോക്കി പറഞ്ഞു: ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നല്‍കപ്പെടും (മത്താ. 21: 43). ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക (മത്താ. 21: 31).
വ്യക്തിബദ്ധമായ പാപത്തിലുപരി, സ്ഥാപനാത്മക പാപഘടനകളെ യേശു വിമര്‍ശിച്ചു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളെ കല്ലേറില്‍ കൊല്ലപ്പെടുന്നതില്‍ നിന്ന് രക്ഷിക്കുന്നു. സാധുസ്ത്രീകളെ തെരുവാധാരമാക്കുന്ന ആഢ്യസംസ്കാരത്തിന്‍റെ കാപട്യം യേശു തുറന്നുകാട്ടുന്നു.
അധഃസ്ഥിതരോടുള്ള പക്ഷംചേരല്‍ ഏറ്റവും പ്രകടമായി കാണുന്നത് യേശുവിന്‍റെ ഊട്ടുമേശ സൗഹൃദത്തിലാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ താഴെക്കിടയിലുള്ളവരോടൊപ്പം മേശക്കിരിക്കാന്‍ തയ്യാറല്ലാത്ത ആഢ്യരുടെ സമൂഹത്തിലാണല്ലോ യേശു ജീവിച്ചിരുന്നത.് സമുദായത്തിന്‍റെ പുറംപോക്കുകളില്‍ കിടക്കുന്ന അധഃസ്ഥിതരെ വിളിച്ചു വരുത്തി അവിടന്നു ഭക്ഷണം പങ്കുവയ്ക്കുന്നു. അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു (ലൂക്കാ 14: 7-14, മത്താ. 22: 9-10). അസ്പര്‍ശ്യക്കെതിരേയും സവര്‍ണ്ണമേധാവിത്ത വ്യവസ്ഥിതിക്കെതിരെയും യേശു ആരംഭിച്ച ഒരു വിമോചനപ്രസ്ഥാനമാണ് ഈ ഭക്ഷണരീതി. ആധുനിക കാലഘട്ടത്തില്‍ സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവര്‍ മിശ്രഭോജനം സംഘടിപ്പിച്ചിട്ടുള്ളത് നാം ഓര്‍ക്കുമല്ലോ. ചുങ്കക്കാരോടും പാപികളോടുമൊത്ത് ഭക്ഷണം കഴിക്കുന്നത് ഒരു കുറ്റമായി യേശുവില്‍ ഫരിസേയര്‍ ആരോപിക്കുന്നുണ്ട് (മത്താ. 9: 9-13, മര്‍ക്കോ. 2: 23, ലൂക്ക 5: 27; 15: 2). യേശു സക്കേവൂസിന്‍റെ വീട്ടിലും (ലൂക്ക 19: 1-10) സൈമന്‍റെ പൂമേടയിലും വരുന്നു (ലൂക്ക 7: 36-42). ഇതെല്ലാം കണ്ട് യേശുവിനെ ഫരിസേയരും നിയമജ്ഞരും പരിഹസിക്കുന്നുണ്ട്. നിശിതമായ മറുപടി യേശു അവര്‍ക്കു നല്‍കുന്നു. "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും നിരവധി പേര്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിരിക്കും. രാജ്യത്തിന്‍റെ മക്കളാകട്ടെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും" (മത്താ. 8: 11-12). ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ യഹൂദനേതൃത്വത്തെ ശുണ്ഠി പിടിപ്പിച്ചു എന്നതില്‍ സംശയമില്ല.
ഭക്ഷണമേശയില്‍ വിടര്‍ന്ന യേശുവിന്‍റെ സൗഹൃദത്തില്‍ അനേകം അധഃസ്ഥിതര്‍ക്ക് പുതിയ ആത്മവീര്യം കിട്ടി. മുമ്പന്മാര്‍ എന്ന് അവകാശപ്പെട്ടവര്‍ പുറംതള്ളപ്പെടുകയും ചെയ്തു. യേശുവിന്‍റെ പ്രചോദനത്തില്‍ അധഃസ്ഥിത വര്‍ഗ്ഗങ്ങളിലുണ്ടായ ഉയിര്‍ത്തെഴുന്നേല്‍പ്പ് അധികാരകസേരകളില്‍ ഇരുന്നവര്‍ക്ക് ഒരു ഭീഷണിയായിത്തീര്‍ന്നു (യോഹ. 11: 47-50). യേശുവിന്‍റെ ഊട്ടുമേശ പ്രസ്ഥാനം വളര്‍ന്നാല്‍ എല്ലാ മനുഷ്യരെയും തുല്യരായി കാണേണ്ടിവരുമെന്നും അതോടെ തങ്ങളുടെ അധികാര കോട്ടകള്‍ തകരുമെന്നും അവര്‍ക്ക് മനസ്സിലായി. അവരുടെ ഉന്നത നീതിപീഠം യോഗം ചേര്‍ന്ന് വിധി കല്പിച്ചു. ജനത ഒന്നടങ്കം തകരുന്നതിലും ഭേദം ഒരാള്‍ മരിക്കുന്നതാണ് (യോഹ. 11: 51). അങ്ങനെ യേശുവിനെ അന്ത്യ അത്താഴമേശയിലെത്തിച്ചു. തന്‍റെ സ്നേഹവും സൗഹൃദവും കാണിക്കാനും എല്ലാ മനുഷ്യരും തുല്യരാണെന്ന് പ്രകടിപ്പിക്കാനും യേശു പങ്കുചേര്‍ന്ന നിരവധി വിരുന്നുകളുടെ അവസാനത്തേതാണ് അന്ത്യഅത്താഴം. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് യേശു തന്‍റെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും വിളിച്ചു കൂട്ടി ഒരു മേശയ്ക്കു ചുറ്റും ഇരുത്തി. തന്‍റെ വിടവാങ്ങല്‍ സദ്യ ആയിരുന്നു. യേശു അവരോട് ഹൃദയസ്പര്‍ശിയായി സംസാരിച്ചിട്ട് അപ്പം മുറിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു: "എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍"(ലൂക്കാ 22: 19). എന്താണ് ഈ ശാസനത്തിന്‍റെ അന്തരാര്‍ത്ഥം. ദൈവഭരണത്തില്‍ എല്ലാവരും തുല്യരാണ് എന്ന ദര്‍ശനം ഉള്‍ക്കൊണ്ട് തന്‍റെ ശിഷ്യര്‍ ലോകമുള്ള കാലത്തോളം ജീവിക്കണമെന്നതാണ് ഇതിന്‍റെ ധ്വനി. ഈ മനോഭാവത്തില്‍ ഒരു മേശക്കു ചുറ്റും സമ്മേളിക്കുമ്പോഴെല്ലാം ഞാനും നിങ്ങളോടൊപ്പം ജീവിക്കുന്നു. അപ്പം നുറുങ്ങുന്നതുപോലെ നുറുങ്ങി, നിങ്ങള്‍ക്കുവേണ്ടി ജീവാര്‍പ്പണം നടത്തി, നിങ്ങള്‍ക്കു ഈശ്വരസാന്നിധ്യം അനുഭവവേദ്യമാക്കിത്തന്നത് ഞാനാണ്. അതുകൊണ്ട് നിങ്ങളും പരസ്പരം അപ്പമായി തീരണം. "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതര്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല" (യോഹ. 15 : 12 - 13). യേശുവിന്‍റെ ഈ ജീവിത ദര്‍ശനം ആദിമ ക്രൈസ്തവരെ ഒരു പുതിയ സാമൂഹ്യജീവിതത്തിലേക്ക് നയിച്ചു (നടപടി.2: 44 - 45; 4: 32 - 34). യേശുവിന്‍റെ ഓര്‍മ്മയില്‍ ഒരു മേശയ്ക്കു ചുറ്റും സമ്മേളിച്ച് അപ്പം പങ്കിടുമ്പോള്‍ ഗുരുവെന്നോ ശിഷ്യനെന്നോ, യജമാനനെന്നോ അടിമയെന്നോ, സവര്‍ണ്ണനെന്നോ അവര്‍ണ്ണനെന്നോ, ഉള്ളവനെന്നോ, ഇല്ലാത്തവനെന്നോ എന്ന വിഭാഗീയചിന്തക്ക് സ്ഥാനമില്ല. "യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങള്‍ എല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്" (ഗലാ. 3: 28).
എല്ലാവിധ സാമൂഹ്യ വിവേചനത്തിനുമുപരി മനുഷ്യനെ മനുഷ്യനായി അംഗീകരിക്കുവാന്‍, സഹോദരനെ സഹോദരനായി കണ്ട് സ്നേഹിക്കുവാന്‍ പ്രചോദനം നല്‍കുന്ന വേദിയാകണം യേശുവിന്‍റെ ഭക്ഷണമേശ. അന്ത്യത്താഴത്തിന്‍റെ തുടര്‍ച്ചയായ വിശുദ്ധ കുര്‍ബാന എന്നത് എല്ലാ ദിവസവും മുടങ്ങാതെ നടത്തുന്ന അനുഷ്ഠാനബന്ധിയായ ഭക്താഭ്യാസമല്ല. പരസ്പരം സ്നേഹിക്കുന്ന, തന്നെയും തനിക്കുള്ളതും പങ്കുവച്ചു ജീവിക്കുന്നവരുടെ ജീവിതാനുഭവത്തിന്‍റെ ആഘോഷമാണത്. ഈ രീതിയിലുള്ള സമൂഹജീവിതം ഉരുവാകുമ്പോഴാണ് വിശുദ്ധ കുര്‍ബാന അര്‍ത്ഥവത്താവുക. വിശുദ്ധ കുര്‍ബാന സമൂഹജീവിതത്തിലേക്കും സമൂഹജീവിതം വിശുദ്ധ കുര്‍ബാനയിലേക്കും നയിക്കുന്ന പരസ്പര പൂരകങ്ങളാവണം. അപ്പോഴേ അത് ജീവിതഗന്ധിയാകൂ; വ്യക്തിജീവിതത്തെ വിശുദ്ധീകരിക്കുകയും ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ക്രിസ്തുവിലേക്ക് വളര്‍ത്തുകയും ചെയ്യുകയുള്ളൂ. ഒരു നവസമൂഹസൃഷ്ടിക്ക് നിദാനമാകും. അപ്പോള്‍ യേശു സ്വപ്നം കണ്ട ദൈവരാജ്യം യാഥാര്‍ത്ഥ്യമാകും.