news-details
കടുകു മണിയും പുളിമാവും

ലിറ്റില്‍ 'വിക്കി

ടാന്‍സാനിയായിലെ കിച്ചങ്കാനിയില്‍ നിന്നും സോമി എന്ന മലയാളി പെണ്‍കുട്ടി പാലക്കാട്ടെ പാടൂര്‍ സ്വദേശി അഭിജിത്തിനെ തേടി എത്തി. കിച്ചങ്കിനിയിലെ കുട്ടികള്‍ക്കു വായിക്കാന്‍ പുസ്തകങ്ങള്‍ തേടിയുള്ള തന്‍റെ ഫേയ്സ് ബുക്ക് പോസ്റ്റിനു മറുപടിയായി എത്തിയ ഒരു കുന്നോളം പുസ്തകങ്ങള്‍ക്കു നന്ദി പറയാനാണ് സോമി എത്തിയത്. ഇത് അഭിയും ഞാനും എന്ന ഈ ലക്കത്തിലെ നമ്മുടെ കഥയുടെ ഭാഗം ഒന്ന്.

അര്‍ച്ചന എന്ന കൊച്ചു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നാലു ചുവരിന്‍റെ സുരക്ഷിതത്വത്തില്‍ അമ്മയോടൊപ്പം സ്വസ്ഥമായി ഉറങ്ങുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ അവളുടെ വൃക്കരോഗം പൂര്‍ണമായി സുഖമായിരിക്കുന്നു. അര്‍ച്ചനയുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും തുടര്‍ചികിത്സക്കുള്ള പണം കൃത്യമായി ലഭിക്കുന്നുണ്ട്. ഒപ്പം ഏറെ സന്തോഷത്തോടെ തന്‍റെ കൂട്ടുകാരോടൊപ്പം ഓടിച്ചാടി കളിക്കുന്നു. ഇതു നമ്മുടെ കഥയിലെ ഭാഗം രണ്ട്.

വിക്കിപ്പീഡിയാപ്രവര്‍ത്തകരുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഡല്‍ഹിയില്‍  എത്തിയ വ്യക്തിയുടെ, മലയാളത്തില്‍ ഉള്ള ലേഖനങ്ങള്‍ 50,000 എന്ന മാജിക് നമ്പര്‍ കഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ ചുറ്റും കൂടിയവര്‍ക്കെല്ലാം അതിശയം. അതും ആ ലേഖനങ്ങളെല്ലാം തെളിവൊത്തൊരു സാഹിത്യകാരന്‍റെ ചാരുതയോടെ എഴുതി ഫലിപ്പിച്ചിരിക്കുന്നു. ഇത് കഥയുടെ മൂന്നാം ഭാഗം.

വേനല്‍ ആളിക്കത്തിയപ്പോള്‍ ഒരിറ്റു ദാഹജലത്തിനായി നമ്മളെല്ലാം നെട്ടോട്ടമോടി. ഇതുവരെ കാണാത്ത സൂര്യന്‍റെ രൗദ്രഭാവം നമ്മളെ മാത്രമല്ല. മറ്റു ജീവജാലങ്ങളെയും സാരമായി ബാധിച്ചു. വെള്ളം കിട്ടാതെ കിളികളും വന്യജീവികളും ചത്തൊടുങ്ങി. ഇതിനിടയില്‍ മുറ്റത്തും തൊടിയിലുമെല്ലാം ഒരുക്കിയ വെള്ളം നിറച്ച പാത്രങ്ങളില്‍ വിവിധ തരം കിളികളും മൃഗങ്ങളും പാമ്പുകളുമെല്ലാം വെള്ളം കുടിച്ചും ചിറകുകള്‍ നനച്ചുമെല്ലാം  ആടിത്തീര്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ 'കാട്ടുതീ' പോലെ പരന്നപ്പോള്‍ അത് ഒരുപാട് പേര്‍ക്ക് മുറ്റത്തൊരു തണ്ണീര്‍പന്തല്‍ ഒരുക്കാന്‍ പ്രലോഭനമായി. ഇത് കഥയുടെ നാലാം ഭാഗം.

അഭിയും ഞാനും. ഈ കഥയുടെ താളുകള്‍ ഇനിയും നീണ്ടുപോകും. കാരണം അഭിജിത്ത് കെ. എ. എന്ന +2 കാരന്‍ പയ്യന്‍റെ വീരസാഹസകഥകള്‍, അറുപതു താണ്ടിയവരുടെ അനുഭവകഥകളേക്കാള്‍ കൂടുതല്‍ ആണ്.

കിച്ചങ്കാനിയിലെ കുട്ടികള്‍ക്കു വായിക്കാന്‍ പുസ്തകങ്ങള്‍ ശേഖരിക്കാനും അര്‍ച്ചന എന്ന പെണ്‍കുട്ടിയുടെ വീടിന്‍റെ ജപ്തി തടയാനും അവളുടെ ചികിത്സാ ചെലവിനു പണം കണ്ടെത്താനും കിളികള്‍ക്കു തണ്ണീര്‍ പന്തല്‍ ഒരുക്കാനുമെല്ലാം അഭിജിത്ത് എന്ന പതിനാറുകാരന്‍ കൂട്ടുപിടിച്ചത് ഫേസ് ബുക്കിനെയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളെയുമാണ്. Hashtag കളും forwarded messageകളും selfiകളും കൊണ്ട് നമ്മുടെ ഒക്കെ Wall  നിറയുമ്പോള്‍  ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കൊണ്ടും എഴുത്തുകൊണ്ടും ഒരുപാട് പേരെ പ്രചോദിപ്പിക്കുകയാണ് അഭിജിത്ത്.

മലരിനും ഐഷുവിനും (അഭി വളര്‍ത്തുന്ന ആടുകള്‍) കുഞ്ഞിക്കും (കോഴി) ഉമ്മുക്കുലുസുവിനും (നായ) ഒപ്പം തൊടിയില്‍ വിളഞ്ഞു നില്ക്കുന്ന ജൈവപച്ചക്കറികളുടെ വിശേഷങ്ങള്‍ കൂടിയാകുമ്പോള്‍ തന്‍റെ പ്രായത്തിലുള്ള ഒരുപാടുപേരെ കൃഷിയുടെ ബാലപാഠങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ അഭിജിത്തിനു സാധിക്കുന്നു.

ഇന്ന് അഭിയുടെ ചിത്രങ്ങള്‍ കാണാനും കവിതകളും കഥകളും ലേഖനങ്ങളും ഷോര്‍ട്ട് ഫിലിമുമൊക്കെ ആസ്വദിക്കാനും ഒരുപാടു പ്രമുഖര്‍ കാത്തിരിക്കുന്നുണ്ട്. സംവിധായകന്‍ ആഷിഖ് അമ്പുവും മജീഷ്യന്‍ ഗോപിനാഥ് മുതുകാടും എല്ലാം ഇവരില്‍ ചിലര്‍ മാത്രം.

ഈ ചെറുപ്രായത്തില്‍ അഭിജിത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും വരകള്‍ക്കും എഴുത്തുകള്‍ക്കുമെല്ലാം ലഭിച്ച അവാര്‍ഡുകളും അംഗീകാരങ്ങളും  അനവധിയാണ്. ഒരുപാട് പ്രശസ്ത വ്യക്തികളോടൊപ്പം വേദി പങ്കിടാനുള്ള അവസരങ്ങളും ഈ കൊച്ചുമിടുക്കനു ലഭിച്ചു.

യുറങ്ങുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍, പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന വീടുകള്‍ക്കു രൂപം കൊടുക്കുന്ന ഒരു ആര്‍ക്കിടെക്ട് ആകാനാണ് അഭിയുടെ ആഗ്രഹം. ആ ആഗ്രഹത്തിലേക്കുള്ള ചുവടുവയ്പുകള്‍ അര്‍ച്ചനയിലൂടെയും മറ്റും തുടങ്ങിക്കഴിഞ്ഞു.

പാലക്കാട്ടെ പാടൂര്‍ എന്ന ഗ്രാമത്തില്‍ സാധാരണ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു വളര്‍ന്ന ഒരു പതിനാറുകാരനു ഇത്രയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെങ്കില്‍ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും അനവധി അവസരങ്ങളുമുള്ള നമുക്കൊക്കെ എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷേ നമ്മളൊക്കെ ഇല്ലാത്തതിന്‍റെ കണക്കുകള്‍ എടുത്ത് വിശാലമായിരുന്ന നമ്മുടെ ലോകത്തെ, ഞാന്‍ മാത്രമൊതുങ്ങുന്ന ഒരു കുഞ്ഞിടമായി ചുരുക്കികളഞ്ഞു.

അഭിയും ഞാനും എന്ന കഥയിലേക്ക് ഇനിയും ഒരുപാടു താളുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും. അതിനായി നമുക്ക് കാത്തിരിക്കാം. 

You can share this post!

രണ്ട് ജീവിതങ്ങള്‍

അങ്കിത ജോഷി
അടുത്ത രചന

ഇലൈജ!

ചിത്തിര കുസുമന്‍
Related Posts