കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം പ്രചാരം ലഭിച്ച ഈ കവിത പുതിയ അധ്യായനവര്‍ഷത്തില്‍ പഠനത്തിന്‍റെ തിരക്കുകളിലേക്കും മാത്രം
ഊളിയിട്ടിറങ്ങാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു.

 

 

നേരമില്ലുണ്ണിക്കു നേരമില്ല
നേരമ്പോക്കോതുവാന്‍ നേരമില്ല
മുറ്റത്തെ മാവിന്‍റെ തോളിലൊന്നേറുവാന്‍
മാറിലൊന്നാടുവാന്‍ നേരമില്ല
തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാന്‍
തുമ്പപ്പൂവൊന്നു പറിച്ചീടുവാന്‍
നാലു കാല്‍ കെട്ടിയോരോലപ്പുര കെട്ടി
കഞ്ഞി വെച്ചീടുവാന്‍ നേരമില്ല
നെല്ലീ മരത്തീലേക്കാഞ്ഞൊന്നെറിയുവാന്‍
കല്ലെടുത്താലമ്മ കണ്ണുരുട്ടും
ഊഞ്ഞാലു കെട്ടാന്‍ തുടങ്ങിയാലമ്മയെന്‍
തുടയീലടിക്കുവാനോടിയെത്തും
ഒരു തുള്ളി പുതുമഴയെങ്ങാനും കൊള്ളുകില്‍
ഒരു പാടു ചീത്ത പറയുമച്ഛന്‍
അപ്പൂപ്പന്‍ താടിയോടൊപ്പം നടക്കുകില്‍
അപ്പൂപ്പന്‍ പോലും വഴക്കിടുന്നു
മണ്ണപ്പം ചുട്ടു കളിക്കുവാന്‍ പാടില്ല
മണ്ണിരയെയൊന്നു തൊട്ടു കൂടാ
കുയില്‍ പാടും നേരം മധു മൊഴി ചൊല്ലുവാന്‍
അണ്ണാനോടൊത്തു ചിലച്ചീടുവാന്‍
ആമ്പലിന്‍ പുഞ്ചിരീ കണ്ടു രസിക്കുവാന്‍
മീനുകളോടൊന്നു മിണ്ടീടുവാന്‍
പാടത്തു പോയൊന്നു പട്ടം പറപ്പിക്കാന്‍
പാട്ടൊന്നും പാടുവാന്‍ പാടില്ലത്രെ
ചുണ്ടുകള്‍ നന്നായ് മുറിക്കിച്ചുകപ്പിച്ച
ചെത്തിതന്‍ ചാരത്തു ചെന്നുകൂടാ
കാലികള്‍ മേയുന്ന കുന്നിന്‍ ചെരൂവിലെ
ക്കെത്തി നോക്കീടുവാന്‍ പാടില്ലത്രെ
ആറ്റിലിറങ്ങുവാന്‍ കുളിരൊന്നറിയുവാന്‍
ഓളങ്ങളില്‍ ചെന്നു തുടി കൊട്ടുവാന്‍
പുഴയുടേ തീരത്തു പൂഴി മണലില്‍
പൂത്താങ്കിരിക്കളി പാടില്ലത്രെ
മഴയുടെ കുളിരിനെ വാരിപ്പുണരുവാന്‍
മണ്ണിനേ മാറോടു ചേര്‍ത്തീടുവാന്‍
വെയ്ലിലൂടൊന്നു വിയര്‍ത്തു നടക്കുവാന്‍
നീല നിലാവിലലിഞ്ഞീടുവാന്‍
പേരാ മരത്തില്‍ വലിഞ്ഞൂ കയറുവാന്‍
പെരുവഴീയൊന്നിലും ചെന്നുകൂടാ
കൂട്ടുകാരൊത്തൊന്നു കൂട്ടുകൂടി
പൊട്ടിച്ചിരിക്കുവാന്‍ നേരമില്ല
കണ്ണുരുട്ടിക്കാട്ടുമമ്മയുണ്ടുണ്ണിക്കു
മീശ വിറപ്പിക്കുമച്ഛനുണ്ട്
ഒച്ചവെച്ചീടുന്ന ചേച്ചിയുണ്ടുണ്ണിക്ക്
ചൂരല്‍ പഴം തരും ടീച്ചറുണ്ട്.
ഉണ്ണിക്കു നക്ഷത്രമെണ്ണുവാന്‍ നേരമി
ലുണ്ണിക്കിനാവിനും നേരമില്ലാ
ഉണ്ണീടെ കൈയ്യിലേ പാവയോടോത്തൊന്നു
കൊഞ്ചിപ്പറയുവാന്‍ നേരമില്ലാ
ഉണ്ണി സ്വയമൊരു പാവയായ് മാറീ
ട്ടാടണം പാടണം തുള്ളണം പോല്‍
നേരമില്ലുണ്ണിക്കു നേരമില്ലാ
നേരെയിരിക്കുവാന്‍ നേരമില്ലാ
നേരമില്ലുണ്ണിക്കു നേരമില്ലാ
നേരെയിരിക്കുവാന്‍ നേരമില്ലാ
നേരെയിരിക്കുവാന്‍ നേരമില്ലാ...

You can share this post!

ഒരു ചോരപ്പൂവായ് വിടര്‍ന്നിടുമേ...

ലിയോ ഫ്രാന്‍സിസ്
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts