മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഇന്‍ഡ്യയില്‍ ആരംഭിച്ചിട്ട് 75 വര്‍ഷവും അമേരിക്കയിലെ വാഷിങ്ങ്ടണില്‍ സ്ഥാപിച്ചിട്ട് 94 വര്‍ഷവും പൂര്‍ത്തീകരിച്ചത് അനുസ്മരിക്കുന്ന അവസരമാണിത്. വൈദ്യരംഗവും ആതുരശുശ്രൂഷയും ദൗത്യമായി സ്വീകരിച്ചു നടപ്പാക്കിയ ഈ സമൂഹം കത്തോലിക്കാ സഭയില്‍ ഒരു നവീന കാല്‍വയ്പായിരുന്നു.
വനിതാ ഡോക്ടര്‍മാരുടെ അഭാവംമൂലം റാവല്‍പിണ്ടിയില്‍ (ഇന്നത്തെ പാക്കിസ്ഥാന്‍) ഏറെ സ്ത്രീകളും കുഞ്ഞുങ്ങളും മരണപ്പെടുന്ന ദുരവസ്ഥ നേരില്‍ കണ്ടു മനസ്സലിഞ്ഞ ഡോക്ടര്‍ അന്നഡെങ്കല്‍,ഈ ദൗത്യം കാര്യക്ഷമമായി നിറവേറ്റണമെങ്കില്‍ വൈദഗ്ധ്യം നേടിയ സമര്‍പ്പിതര്‍ സംഘമായി പ്രവര്‍ത്തിക്കണമെന്ന്, പ്രാര്‍ഥനയിലൂടെയും പരിചിന്തനത്തിലുടെയും തിരിച്ചറിഞ്ഞു. തുടര്‍ന്ന് തനിക്കു ലഭിച്ച ദൈവവിളിയും ആതുരസേവനസിദ്ധിയും മനസ്സിലാക്കിയ ഡോക്ടര്‍ അന്ന മറ്റ് മൂന്നുപേരുമൊത്ത് 1925 സെപ്റ്റംബര്‍ 30-ാം തീയതി അന്തര്‍ദ്ദേശീയ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് സഭ സ്ഥാപിച്ചു. വൈദ്യശുശ്രൂഷാ വൈദഗ്ധ്യവും സംപൂര്‍ണ്ണ സമര്‍പ്പണവും കോര്‍ത്തിണക്കിയ ആദ്യ സമൂഹമായിരുന്നു ഇത്. ഇവര്‍ വിവിധ രാജ്യങ്ങളില്‍ ആതുരസേവനത്തിലേര്‍പ്പെട്ടു. കാനന്‍ നിയമം തിരുത്തിക്കുറിച്ച് വൈദ്യരംഗം എല്ലാ സന്യസ്തര്‍ക്കും നിര്‍ബാധം തുറന്നുകൊടുക്കുന്നതിന് ഇവരുടെ പ്രവര്‍ത്തനം ഒരു പ്രധാന നിമിത്തമായി.
മെഡിക്കല്‍ മിഷന്‍ സഭയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അിറഞ്ഞ ഫാദര്‍ സെബാസ്റ്റ്യന്‍ പിണക്കാട്ടിന്‍റെ പ്രചാരണങ്ങളിലൂടെ മുന്നോട്ടുവന്ന സിസ്റ്റര്‍ മാഗ്ദലന്‍ നേര്യംപറമ്പില്‍, സിസ്റ്റര്‍ വെറോനിക്ക വടക്കുമ്മുറി, സിസ്റ്റര്‍ സലോമി ചിറക്കടവില്‍, സിസ്റ്റര്‍ മേരി ജോ കുത്തിവളച്ചേല്‍ എന്നിവര്‍ചേര്‍ന്ന് അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവിന്‍റെ അനുഗ്രഹാശിസ്സുകളോടേ, മെഡിക്കല്‍മിഷന്‍ സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, ക്യൂന്‍ ഓഫ് ദ മിഷന്‍സ് അഥവാ മേരിഗിരി സിസ്റ്റേഴ്സ് എന്ന സന്യാസ സഭ സീറോമലബാര്‍ സഭയുടെ ചങ്ങനാശ്ശേരി രൂപതയില്‍, 1944 സെപ്റ്റംബര്‍ 8-ാം തീയതി ആരംഭിച്ചു. ദൈവദാസനായ മാര്‍ മാത്യു കാവുകാട്ടിന്‍റെ ആനുഗ്രഹാശിസ്സുകളോടെ 1953-ല്‍ ഇവര്‍ പൂര്‍ണ്ണമായും അന്തര്‍ദേശീയ മെഡിക്കല്‍ മിഷന്‍ സന്യാസസഭയുടെ ഭാഗമായി.
പുതുമ നിറഞ്ഞ സാഹസികത ഉള്‍ക്കൊണ്ടുകൊണ്ട് ദൗത്യം പ്രവര്‍ത്തിപഥത്തിലാക്കുന്നതിനായി, 1948 മാര്‍ച്ച് 19-ാം തീയതി സീറോമലബാര്‍ സഭയിലെ ആദ്യ മിഷന്‍ ആശുപത്രിയായ ഭരണങ്ങാനം മേരിഗിരി ആശുപത്രി സ്ഥാപിച്ചു. ആശുപത്രിയിലൂടെയുള്ള ശുശ്രൂഷയോടൊപ്പം ഗ്രാമങ്ങളിലും വീടുകളിലും എത്തി സിസ്റ്റേഴ്സ് രോഗികളെ പരിചരിച്ചു. വൈദ്യശാസ്ത്ര പാടവം സുവിശേഷ വെളിച്ചത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യോന്മുഖമായ ശുശ്രൂഷയില്‍ മുന്നേറിയ ഈ സമൂഹം എവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.നാട്ടുകാരുടെ അകമഴിഞ്ഞ സഹായവും സംഭാവനകളും ഇടവകയും രൂപതയും സന്യാസഭവനങ്ങളും നല്കിയ പിന്തുണയും പ്രോല്‍സാഹനവും കൊണ്ട് ഇവര്‍ക്ക് ആത്മധൈര്യവും കരുത്തും വര്‍ദ്ധിച്ചു. ഏതാണ്ട് ഒരുദശകം കൊണ്ട് ഇന്‍ഡ്യയുടെ പല സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലുമായി അമ്പതോളം സുസജ്ജമായ, ചെറുതും വലുതുമായ ആശുപത്രികളും വിവിധ പരിശീലനങ്ങളും ഇവര്‍ നടത്തി വന്നിരുന്നു. കേരളത്തിനു പുറത്ത് സുറിയാനി കത്തോലിക്കര്‍ക്ക് മിഷന്‍ പ്രവര്‍ത്തനം അനുവദിച്ചിട്ടില്ലാതിരുന്ന 1962-ല്‍ പ്രത്യേക അനുമതിയോടെ മദ്ധ്യഏഷ്യന്‍ രാജ്യമായ ജോര്‍ഡാനിലേയ്ക്ക് തങ്ങളുടെ സേവന മേഖല സിസ്റ്റേഴ്സ് വ്യാപിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ദരിദ്രരോട് പക്ഷം ചേരുന്നതിനുള്ള ആഹ്വാനം നല്‍കിയതിനെ തുടര്‍ന്ന് 1970-കളുടെ ആരംഭം മുതല്‍, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും പിന്തള്ളപെട്ട ജനങ്ങളിലേയ്ക്ക് ആരോഗ്യം എത്തിക്കുവാനും സാമൂഹ്യനീതി കെവരിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിനുമായി, പുതിയ സരണിയിലൂടെ സേവന മേഖല ആവിഷ്ക്കരിച്ചു. ക്രമേണ യാതൊരു പ്രതിഫലവും കൂടാതെ തങ്ങള്‍ക്കുണ്ടായിരുന്ന മിക്ക ആശുപത്രികളും പ്രാദേശിക നേതൃത്വത്തിനു കൈമാറി.
ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് സജീവമാണ്.ٹകാലാനുസൃത പ്രസക്തമായ സേവനങ്ങളെ പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയുടെ എക്കോസോക്ക്-സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്‍റെ, സ്പെഷ്യല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി 2000-ാംٹമാണ്ടില്‍ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിനു ലഭിച്ചു. കഴിഞ്ഞ 20 വര്‍ഷങ്ങളോളമായി മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിനെ ഐക്യരാഷ്ട്രസഭയില്‍ പ്രതിനിധീകരിച്ചുകൊണ്ടരിക്കുന്നത് ഇന്‍ഡ്യയില്‍നിന്നുള്ള സിസ്റ്റേഴ്സാണ്.
ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 17 രാജ്യങ്ങളിലും ഇന്‍ഡ്യയിലെ 12 സംസ്ഥാനങ്ങളിലും മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് സേവനനിരതരാണ്. ആശുപത്രിയിലൂടെയുള്ള സേവനത്തോടൊപ്പം, ഗ്രാമങ്ങളിലും ചേരിപ്രദേശങ്ങളിലും ചെറുസമൂഹങ്ങളായി ജീവിച്ച് സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും ആനുകാലിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും കൈത്താങ്ങായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍, എയ്ഡ്സ് ബാധിതര്‍ തുടങ്ങിയവരുടെ സൗഖ്യത്തിനും പാലിയേറ്റീവ് ശുശ്രൂഷയിലും, ചൂഷണത്തിനു വിധേയരായവര്‍ക്കു നിയമസഹായം നല്‍കുന്നതിലും, സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്. സര്‍ക്കാര്‍, രൂപതകള്‍, സന്യസ്തര്‍, സമാന ചിന്താഗതിയുള്ള സന്നദ്ധസംഘടനകള്‍ തുടങ്ങിയവരോടൊപ്പം സമഗ്ര ആരോഗ്യപരിപാടികള്‍ക്കു നേതൃത്വവും നല്‍കുന്നു.
മേരിഗിരി ആശുപത്രി, അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളോടുംകൂടി സാധാരണക്കാര്‍ക്ക് പ്രാപ്യമായരീതിയില്‍, അലോപ്പതിയോടൊപ്പം ആയുര്‍വേദം, മരുന്നില്ലാത്ത വിവിധ ചികില്‍സാരീതികള്‍, പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലി പ്രചരിപ്പിക്കല്‍, നഴ്സിംഗ് സ്കൂള്‍, മറ്റു വിവിധ പരിശീലങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തുടരുന്നു. സിസ്റ്റേഴ്സ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി എല്ലാജീവനക്കാരും ഒരുമയോടെ പ്രവര്‍ത്തനനിരതരാണ.് എത് രോഗികളുടെയും അവരുടെയും കുടുംബങ്ങളുടെയും ശാരീരിക-ആത്മീയ-മാനസിക സൗഖ്യത്തിന് ഏറെ ആക്കം കൂട്ടുന്നു.
പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാവിധികള്‍ ലഭ്യമാക്കുന്നതിനായി ഹോളിസ്റ്റിക്ക് ചികിത്സാരീതികള്‍ നടപ്പാക്കിയും, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൗണ്‍സലിംഗ് തെറപ്പി നല്കിയും ആരോഗ്യമുള്ള ഒരു ജനതയെ വീര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ എല്ലായിടത്തും പ്രത്യേകിച്ച് ഇത്തിത്താനത്തും കളമശ്ശേരിയിലും തുടരുന്നു. ശാരീരിക-ആത്മീയ-മാനസിക-സാമൂഹിക വളര്‍ച്ചയും സുസ്ഥിര വികസനവുമാണ് എല്ലാ ശുശ്രൂഷകളുടെയും നിദാനം.
ഇക്കാലമത്രയും ലഭിച്ച കൃപയുടെ അനുഭവങ്ങള്‍ എണ്ണമറ്റതാണ്. ഈ അവസരത്തില്‍ പവിത്രമായ ജീവിതത്തിനുടമകളായി കടന്നുപോയ സഭാസ്ഥാപക മദര്‍ അന്ന ഡങ്കലിനെയും ഇന്‍ഡ്യയിലെ സ്ഥാപകരെയും, സഭയുടെ തുടക്കത്തിനു താങ്ങുംതണലുമായിരുന്ന അഭിവന്ദ്യ കാളാശ്ശേരി പിതാവിനെയും, പ്രചോദനമേകിയ ഫാദര്‍ സെബാസ്റ്റ്യന്‍ പിണക്കാട്ടിനെയും, സഭാമേലദ്ധ്യക്ഷന്മാരെയും, ആദ്ധാത്മിക ഗുരുക്കന്മാരെയും, സന്യസ്തരെയും, ഞങ്ങളുടെ കുടുംബങ്ങളെയും, സഹപ്രവര്‍ത്തകരെയും, ഉപകാരികളെയും,അഭ്യൂദയകാംക്ഷികളെയും, സുഹൃത്തുക്കളെയും ഏറെ സ്നേഹത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്നു. ഞങ്ങളെ കൈപിടിച്ചുനടത്തിയ സര്‍വ്വേശ്വരനും ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളായ ഏവര്‍ക്കും കൃതജ്ഞതയുടെ നറുമലരുകള്‍.