നിലവിട്ട മനസ്സ്
മനസ്സ് മനുഷ്യന് എന്നും പ്രഹേളികയാണ്. സ്വന്തം മനസ്സിനെ മനസ്സിലാക്കാന്‍ കഴിയാത്ത നിസ്സഹായനാണ് മനുഷ്യന്‍. മനശ്ശാസ്ത്രപഠനങ്ങള്‍ അപൂര്‍ണവും അടിക്കടി തിരുത്തലുകള്‍ക്ക് വിധേയവുമാകുന്നത് അതുകൊണ്ടാണ്. മനസ്സ് മനുഷ്യനെ നിര്‍വ്വചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനാല്‍ മാനവഭാഗധേയം (human destiny) മനസ്സില്‍ അധിഷ്ഠിതമാണെന്നു പറയാം. മനസ്സിന്‍റെ ഭാവം അഥവാ മനോനില(mood) മനുഷ്യന്‍റെ ദൈനംദിന ജീവിതത്തെയാകെ നിയന്ത്രിക്കുന്ന നിര്‍ണായഘടകമത്രെ. അതിനാല്‍ മനസ്സിന്‍റെ അതിരുവിട്ട ചാഞ്ചല്യങ്ങള്‍(mood disorder) ജീവിതത്തെ അനിശ്ചിതവും ചഞ്ചലവും ഭീതിയോളമെത്തുന്ന ഉത്കണ്ഠാകുലവുമാക്കുന്നു.
വിഷാദം, ഉത്കണ്ഠ, അമിതകര്‍മ്മോത്സുകത
(depression, anxiety, hyperactivity)
വിഷാദം കാവ്യാത്മകവും കാല്പനികവുമാണ് പലര്‍ക്കും. പക്ഷേ വിഷാദരോഗം അല്പവും കാല്പനികമല്ല. മനോനില തെറ്റിച്ച് ആത്മഹത്യയില്‍ വരെ എത്തിക്കുംവിധം ഭീതിയിലേക്ക് നയിക്കുന്ന ഉത്കണ്ഠ അങ്ങേയറ്റത്തെ ആത്മനിന്ദ, കടുത്ത കുറ്റബോധം, എന്നിവ ഏറ്റക്കുറച്ചിലോടെ അടക്കിവാഴുന്ന നാരകീയാനുഭവമത്രേ വിഷാദരോഗം.
മുന്‍കാലങ്ങളില്‍ ഈ ജീവിതാവസ്ഥയെ രോഗമായി തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് നാളുകള്‍ നീളുന്ന വിഷാദാവസ്ഥയെ വിഷാദരോഗമെന്ന് പേരിട്ട് പഠനങ്ങള്‍ തുടങ്ങി. മനോനിലയിലെ പ്രകടവും അല്ലാത്തതുമായ കാരണങ്ങളാലുണ്ടാകുന്ന മാററമായതിനാല്‍ അത് മനോനില വ്യതിയാനം(mood change) എന്നും വിളിക്കപ്പെട്ടു.
സങ്കടം, ഉള്‍വലിയല്‍, ദൈനംദിന പ്രവൃത്തികളില്‍ താല്‍പര്യമില്ലായ്മ ഇവയൊക്കെ നമുക്ക് പരിചിതമായ ജീവിതാനുഭവങ്ങളാണ്. അത് പക്ഷേ രണ്ടാഴ്ചയില്‍ക്കൂടുതല്‍ നിലനില്ക്കുകയും ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുമ്പോള്‍ വിഷാദരോഗമായി മാറുന്നു. 12 വയസ്സിനു മുകളിലുള്ള 7.6% പേരില്‍ വിഷാദരോഗമുള്ളതായി കണക്കാക്കുന്നു.
ലോകത്ത് ഏറ്റവും പൊതുവായ രോഗമെന്ന് ലോകാരോഗ്യസംഘടന (World Health Organisation WHO) വിഷാദരോഗത്തെ വിശേഷിപ്പിക്കുന്നു. പുരുഷന്മാരിലേതിനെക്കാള്‍ സ്ത്രീകളില്‍ വിഷാദരോഗം കാണപ്പെടുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. സന്തോഷമില്ലായ്മ മാത്രമല്ല സന്തോഷം തരുന്ന കാര്യങ്ങളിലുള്ള താല്‍പര്യമില്ലായ്മയും വിഷാദരോഗത്തിന്‍റെ പ്രത്യേകയത്രേ.
ലിയോ ടോള്‍സ്റ്റോയ്, ഗൊയ്ഥേ ഏണസ്റ്റ് ഹെമിംഗ്വേ, ചാള്‍സ് ഡിക്കന്‍സ്, മാര്‍ക്ക് ട്വയിന്‍, വെര്‍ജീനിയ വുള്‍ഫ്, കാഫ്ക, കീറ്റ്സ് തുടങ്ങിയ സര്‍ഗധനരായ എഴുത്തുകാരും മൈക്കിള്‍ ആഞ്ചലോ, വിന്‍സെന്‍റ് വാന്‍ഗോഗ് തുടങ്ങിയ പ്രഗത്ഭ ചിത്രകാരന്മാരും ബീഥോവന്‍ ബോബ് ഡിലന്‍, മൈക്കിള്‍ ജാക്സണ്‍ തുടങ്ങിയ സംഗീതജ്ഞരും കുറസോവ, ഫെല്ലിനി, ബര്‍ഗ്മാന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള തുടങ്ങിയ ചലച്ചിത്രകാരന്മാരും ബര്‍ട്രന്‍റ് റസലിനെപ്പോലുള്ള ചിന്തകരും വിന്‍സ്റ്റണ്‍ ചര്‍ച്ചിലും, എബ്രാഹം ലിങ്കണും അടങ്ങുന്ന രാഷ്ട്രനേതാക്കളും ചാള്‍സ് ഡാര്‍വിനെപ്പോലുള്ള ശാസ്ത്രജ്ഞരും മൈക്ക് ടൈസനെയും മൈക്കിള്‍ ഫെല്‍പ്സിനെയും പോലുള്ള കായികതാരങ്ങളും ഡയാനാ രാജകുമാരിയെപ്പോലുള്ള 'സെലിബ്രിറ്റി' കളും വിഷാദരോഗികളായിരുന്നവത്രേ. അതിനാല്‍ തന്നെ സര്‍ഗാത്മകതയുടെ സഹചാരിയാണ് വിഷാദരോഗമെന്നൊരു വിശ്വാസം പൊതുവേയുണ്ട്, അതിന് തെളിവൊന്നുമില്ലെങ്കിലും.
രോഗലക്ഷണങ്ങള്‍
വിഷാദം, ഉദാസീനത, മുന്‍പ് സന്തോഷത്തോടെ ഏര്‍പ്പെട്ടിരുന്ന കാര്യങ്ങളിലുള്ള താല്‍പര്യമില്ലായ്മ, ശരീരത്തിന്‍റെ ഭാരനഷ്ടം, ഭക്ഷണത്തോട് വിരക്തി, ഉറക്കമില്ലായ്മ, അമിത ഉറക്കം, അതിയായ അസ്വസ്ഥത, തിടുക്കം, ദ്രുതഗതിയിലുള്ള ചലനങ്ങള്‍, മന്ദത, സാവധാനമുള്ള നടത്തവും സംസാരവും ക്ഷീണം, ഒന്നിനും കൊള്ളാത്തവരെന്ന തോന്നല്‍, കുറ്റബോധം, ഏകാഗ്രതയില്ലായ്മ, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, മരണത്തെക്കുറിച്ച് അടിക്കടിയുള്ള ചിന്ത, ആത്മഹത്യാശ്രമം എന്നിവ പൊതുവേ വിഷാദരോഗത്തിന്‍റെ / വിരുദ്ധ ധ്രുവ മാനസികതകരാറിന്‍റെ ലക്ഷണങ്ങളായി കാണുന്നു.
കാരണം
വിഷാദരോഗത്തിന്‍റെ/ വിരുദ്ധധ്രുവ മാനസിക തകരാറിന്‍റെ കാരണങ്ങള്‍ ഇതേവരെ പൂര്‍ണമായി കണ്ടെത്താനായിട്ടില്ല. വിഷാദരോഗം ഒരൊറ്റ കാരണത്താലുണ്ടാകുന്നതല്ലെന്നും പല കാരണങ്ങള്‍ കൂടിച്ചേര്‍ന്ന സങ്കീര്‍ണാവസ്ഥയാകാം ഉറവിടമെന്നും പൊതുവേ കരുതപ്പെടുന്നു.
ജനിതക, ശാരീരിക, സാമൂഹിക, വൈയക്തിക ഘടകങ്ങള്‍ വിഷാദരോഗത്തിന് വഴിവെച്ചേക്കാം. വിരഹം, മരണം, തൊഴില്‍പ്രശ്നം, ബന്ധത്തകര്‍ച്ച, വിവാഹമോചനം, സാമ്പത്തികപ്രതിസന്ധി. ആരോഗ്യപ്രശ്നം. കടുത്ത സമ്മര്‍ദ്ദം എന്നിവയൊക്കെ ഒരാളെ വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് വരാം.
ജീവിതവിജയത്തിനാവശ്യമായ തന്ത്രങ്ങള്‍ ഇല്ലാത്തവരും ബാല്യകാലത്ത് ദുരന്തങ്ങള്‍ നേരിട്ടവരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരും വിഷാദരോഗത്തിന് അടിപ്പെട്ടുവെന്നുവരാം. തലക്കേറ്റ ക്ഷതവും ചില രോഗങ്ങളും വിഷാദരോഗത്തിന് കാരണമായെന്നു വരാം.
ചികിത്സ
വിഷാദരോഗത്തിന് മൂന്നു തലത്തിലുള്ള ചികിത്സയാണ് നല്കിവരാറ്.
1. പിന്തുണ (Support) രോഗിയുടെ സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള മാര്‍ഗങ്ങളും കുടുംബാംഗങ്ങളുടെ ബോധവത്കരണവും ഇതിലുള്‍പ്പെടുന്നു.
2. മനോരോഗചികിത്സ (psycho therappy) സമ്മര്‍ദ്ദകാരണങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ച, സാന്ത്വന ചികില്‍സ Cognitve behavioural therappy CBT).
3. മരുന്ന് പ്രയോഗം - വിഷാദമുക്തി (Antidepressent) മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ.
കടുത്ത വിഷാദരോഗത്തിന് അടിമയായി ജീവിതം തകര്‍ന്ന ഘട്ടത്തില്‍ നിന്ന് സ്വന്തം പരിശ്രമത്തിലൂടെ അതിനെ മറികടന്ന ലിസ്മില്ലര്‍ എന്ന അപൂര്‍വ്വ പ്രതിഭാസത്തെയും അവര്‍ രൂപം നല്കിയ 'മൂഡ് മാപ്പിംഗ്' (മനോനില ചിത്രണം) എന്ന പ്രായോഗിക ചികിത്സാപദ്ധതിയെയും പരിചയപ്പെടുത്തുന്നതിന് ആമുഖമായാണ് ഇത്രയും കുറിച്ചത്. ലിസ്മില്ലറെയും 14 ദിവസംകൊണ്ട് വൈകാരിക ആരോഗ്യവും സന്തോഷവും വീണ്ടെടുക്കുന്ന അവരുടെ ചികിത്സാ പദ്ധതിയെയും തുടര്‍ന്നുള്ള ലക്കങ്ങളില്‍ നമുക്ക് പരിചയപ്പെടാം.
(തുടരും)