ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? പ്രശസ്തമായ പരസ്യവാചകം. എന്താണ് സന്തോഷം? പ്രത്യേകിച്ച് ഒരു കുടുംബത്തിന്‍റെ പശ്ചാത്തലത്തില്‍? എല്ലാവരും സന്തോഷത്തിന്‍റെ നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നത് ഒരു പൊട്ടിച്ചിരിയുടെ നിമി ഷവുമായി ബന്ധപ്പെട്ടാണ്. ചിരിപ്പിക്കുന്നവരെയും, ചിരിക്കാന്‍ ഇടനല്‍കുന്ന സന്ദര്‍ഭങ്ങളെയും ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്! സെല്‍ഫികളും റീലുകളും സ്റ്റാറ്റസുകളുമെല്ലാം നിറഞ്ഞചിരിയുടെ സൗന്ദര്യങ്ങള്‍കൊണ്ട് വിളങ്ങുന്നു.
ആത്മാവിന്‍റെ സൗന്ദര്യമാണ് പുഞ്ചിരിയെങ്കില്‍, ആത്മാവിന്‍റെ ആഘോഷമാണ് പൊട്ടിച്ചിരി. അത് മാനസികാരോഗ്യത്തിന്‍റെ അളവുകോല്‍ കൂടിയാണ്. എത്ര വലിയ സമ്മര്‍ദ്ദങ്ങളില്‍ കൂടി കടന്നുപോകുമ്പോഴും ഒരു ചെറിയ നര്‍മ്മത്തിനു മുമ്പില്‍ ആര്‍ത്തു ചിരിക്കാന്‍ കഴിയുമെങ്കില്‍ അത് ആരോഗ്യമുള്ള വ്യക്തിത്വത്തിന്‍റെ പ്രതിഫലനമായി കണക്കാക്കാം.
കുടുംബങ്ങളില്‍ ഒരിക്കലും മുടക്കം വരരുത് എന്ന് എപ്പോഴും പറഞ്ഞു കേള്‍ക്കാറുള്ള രണ്ടു പതിവുകളിലൊന്ന് ഒരുമിച്ചുള്ള പ്രാര്‍ഥനയും രണ്ടാമത്തേത് ഒരുമിച്ചുള്ള ഭക്ഷണവുമാണ്. എന്നാല്‍ മൂന്നാമത് ഒരു പതിവിനെക്കുറിച്ച് ഉറക്കെ പറയേണ്ട സമയമായിരിക്കുന്നു. അത് കുടുംബങ്ങളില്‍നിന്ന് ഉയരേണ്ട ചിരിയുടെ നിമിഷങ്ങളെ ക്കുറിച്ചാണ്.
തിരക്കിട്ട് ഓടിപ്പോവുകയും, തിരക്കിട്ടു കയറി വരികയും, സമയമില്ല സമയമില്ല എന്ന് വെപ്രാളപ്പെടുകയും ചെയ്യുന്നവരുടെ ഒരിടമായി വീടുകള്‍ മാറിയിട്ടുണ്ട്. പഠനം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ജോലി സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഉത്തരവാദിത്വങ്ങള്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. കണ്ടുമുട്ടലിന്‍റെയും പരസ്പര സംസാരത്തിന്‍റെയും നേരങ്ങള്‍ ഗൗരവം നിറഞ്ഞ ചോദ്യങ്ങളും അവയ്ക്കുള്ള ഹ്രസ്വമായ ഉത്തരങ്ങളുമായി അവസാനിക്കുന്നു. പിന്നീട് വീണു കിട്ടുന്ന സ്വകാര്യനേരങ്ങള്‍ എല്ലാവരും അവരവരുടെ ഫോണുകളുടെ സ്വകാര്യലോകത്ത് കുമ്പിട്ടിരിക്കുന്നു. ഇതാണ് സമകാലിക കുടുംബങ്ങളുടെ നേര്‍ചിത്രം. എന്തിനെങ്കിലും സമീപിച്ചാല്‍, ശല്യപ്പെടുത്താതെ പോകൂ എന്ന് നോട്ടമയക്കുന്ന മാതാപിതാക്കളെപ്പറ്റി മക്കളും മക്കളെപ്പറ്റി മാതാപിതാക്കളും പരാതിപ്പെടുകയും ചെയ്യുന്നു.
ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമയില്‍ നിലനില്ക്കും (The family that prays together stays together) എന്നു പറയും പോലെ ഒരുമിച്ചു ചിരിക്കുന്ന കുടുംബം ഒരുമയില്‍ നിലനില്ക്കും (The family that laughs together stays together) എന്നൊരു പുതിയ പറച്ചില്‍ ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമായി വരികയാണ്. ജീവിതത്തിന്‍റെ വിവിധ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ അപ്പനും അമ്മയും മക്കളും ചേര്‍ന്ന് ഒരുമിച്ച് നര്‍മ്മം പങ്കിടുന്ന, ആര്‍ത്തു ചിരിക്കുന്ന നിമിഷങ്ങള്‍ ഉണ്ടായാല്‍ അത് ആ കുടുംബത്തിന്‍റെ കെട്ടുറപ്പിന് കൂടുതല്‍ കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. ജോലിസ്ഥലത്തെയും പഠനസ്ഥലത്തെയും തമാശകളും അബദ്ധങ്ങളും 'സെല്‍ഫ് ട്രോളു'കളും വീട്ടുമേശയിലെ ചിരിക്ക് കാരണമാക്കിയെടുക്കാവുന്നതാണ്.
ചിരിയെപ്പറ്റിയുള്ള ഗുണപരമായ നിരീക്ഷണങ്ങള്‍ ഇനിപ്പറയുന്നവയാണ്.
1. ചിരി സ്ട്രെസ് ഹോര്‍മോണുകളില്‍ കുറവു വരുത്തുകയും റിലാക്സ് ചെയ്യാന്‍ സഹായി ക്കുകയും ചെയ്യും.
2. ചിരി രോഗപ്രതിരോധശേഷി കൂട്ടുകയും ഹൃദയാരോഗ്യത്തിന് മാറ്റു കൂട്ടുകയും ചെയ്യും.
3. ചിരി വേദന സഹിക്കാനുള്ള ശേഷി വര്‍ദ്ധി പ്പിക്കും - മാനസികമായും ശാരീരികമായും.
4. ഉറക്കത്തിന്‍റെ ദൈര്‍ഘ്യവും ആഴവും വര്‍ദ്ധിപ്പിക്കുന്നതിന് ചിരിക്കു കഴിയുമത്രേ.
5. ചിരി ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കും.
6. സാമൂഹ്യബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനു ചിരി കാരണമാകും.
എന്നിരുന്നാലും വീടിനുള്ളിലെ ചിരിനിമിഷങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ചില നിബന്ധനകളുണ്ടാകുന്നത് നല്ലതാവും.
1. ശ്ളീലമല്ലാത്ത സംഭാഷണവും നര്‍മ്മവും കുടുംബത്തിന്‍റെ വിശുദ്ധിയെ തകര്‍ക്കും.
2. വീട്ടിലുള്ളവരുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന തരം പരിഹാസഭാഷണങ്ങള്‍ പറഞ്ഞു ചിരിക്കരുത്.
3. ഇരട്ടപ്പേര്‍ വിളികളും, ശാരീരിക പ്രത്യേകതകള്‍ സൂചിപ്പിക്കുന്ന പദങ്ങളുമൊക്കെ സൂചിപ്പിച്ച് കുടുംബത്തിലെ ഒരാളെ മറ്റുള്ളവര്‍ കളിയാക്കി ചിരിച്ചാല്‍ അത് ആത്മാവിലെ മുറിവായി രൂപപ്പെടുന്ന ഒരാള്‍ ഉണ്ടായി വരും.
4. നിര്‍ദ്ദോഷമായ തമാശകള്‍ കണ്ടെത്തുന്നത് ശീലമാക്കേണ്ടതുണ്ട്. തമാശ പറച്ചിലുകള്‍ വീടിനു പുറത്തുള്ളവരെക്കുറിച്ചുള്ള പരിഹാസവും പരദൂഷണവുമായി പരിണമിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വീട്ടില്‍ ശീലിക്കുന്നതാണ് നാം സമൂഹത്തിനു കൈമാറുന്നത്.
5. ഒരുമിച്ചു വിനോദയാത്ര ചെയ്യുന്നതിലും ഒരു മിച്ചു സിനിമ കാണുന്നതിലും ഒരുമിച്ചു ഭക്ഷണം പാകം ചെയ്യുന്നതിലും ഒരുമിച്ച് വീട് വൃത്തിയാക്കുന്നതിലേക്കുമൊക്കെ ഈ യോജിപ്പ് പകര്‍ത്താന്‍ കഴിയുമ്പോള്‍ വീട് കൂടുതല്‍ ഇമ്പമുള്ള ഇടമായി മാറും.
6. വീട് ഒരു സത്രമല്ല. ഒരു നാള്‍ നാമീ വീട്ടില്‍ നിന്നും പിരിയും എന്നോര്‍ക്കുക. ഒത്തു ചിരിച്ച നിമിഷങ്ങളുടെ നിറകണ്‍ ചിരിയോര്‍മ്മകളോളം വലിയൊരു സമ്മാനം നമുക്ക് കൊടുത്തിട്ടു പോകാനില്ല.
ചിരിക്കുന്ന വീടുകള്‍ എന്നൊരു തീം കെ.സി. ബി.സി യോ, സി.ബി.സി.ഐ യോ ഒക്കെ പഠന - ധ്യാന - പ്രാര്‍ത്ഥനാ വര്‍ഷവും വിഷയവുമാക്കി എടുത്തിരുന്നെങ്കില്‍ എന്ന് വെറുതെ ആശിക്കുന്നു. കനം തൂങ്ങിയ മുഖം മാത്രമല്ല ആത്മീയതയെന്ന്, അതില്‍ പൊട്ടിച്ചിരികളും കൂടി ഉയരേണ്ടതാണ് എന്ന ദര്‍ശനം കുടുംബങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെട്ടേക്കാം.