എണ്‍പതുകളുടെ ആരംഭത്തിലാണ് എളിയ തോതില്‍ ഞാന്‍ പരിസ്ഥിതിശാസ്ത്രത്തിന്‍റെ പഠിതാവായത്. ജൈവവൈവിധ്യങ്ങളുടേതായ നിരവധി സൂക്ഷ്മ ആവാസവ്യവസ്ഥകള്‍ ചേര്‍ന്നാണ് ഒരു വനമോ ഒരു പുഴയോപോലും ഉണ്ടാകുന്നത് എന്നതായിരുന്നു അന്നത്തെ ആദ്യപാഠം. നാമെല്ലാം ബൃഹത്തായ ജൈവവ്യവസ്ഥയുടെ ഭാഗമാണെന്നും, ജൈവ വൈവിദ്ധ്യ നാശം നമ്മുടെതന്നെ നാശമാണെന്നുമായിരുന്നു അടുത്ത തിരിച്ചറിവ്.
തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഏതാനും ഗോത്രവിഭാഗങ്ങളെ കാണാനും അവരുമായി ഇടപഴകുന്ന സുഹൃത്തുക്കളോട് ദീര്‍ഘമായി സംസാരിക്കാനും ഇടയായി. അങ്ങനെയാണ്, അന്നോളം തീര്‍ത്തും അന്യമായിരുന്ന സാംസ്കാരിക വൈജാത്യങ്ങളെക്കുറിച്ച് ഞാന്‍ അവബോധപ്പെടുന്നത്.
തൊണ്ണൂറുകളുടെ പകുതിക്കാണ് മാസ്സ് കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ ഞാനൊരു വിദ്യാര്‍ത്ഥിയായത്. അതില്‍ 'മാസ്സ്' എന്ന പരികല്പന തന്നെയാണ് ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത്. അങ്ങനെയൊരു 'ജനസഞ്ചയം' എവിടെയും അസ്തിത്വത്തിലില്ലെന്നും വ്യത്യസ്ത ദര്‍ശനങ്ങളും താല്‍പര്യങ്ങളും അഭിലാഷങ്ങളും ഉള്ള സംഘങ്ങള്‍ അഥവാ ചെറുസമൂഹങ്ങളേ ലോകത്ത് ഉള്ളൂ എന്നും അവയാകട്ടെ ഒന്നിനൊന്ന് ഇഴപിരിഞ്ഞാണ് കിടക്കുന്ന തെന്നുമായിരുന്നു എനിക്കു ലഭിച്ച ആദ്യത്തെ ഉള്‍ക്കാഴ്ച. അതിനാല്‍, 'കേരളസമൂഹം' 'കേരളീയ ജനത' എന്ന് നാം എപ്പോഴും കേള്‍ക്കുകയും പറയുകയും ചെയ്യുമെങ്കിലും അങ്ങനെ ഏകശിലാസ്തംഭമായി ഒരു കേരളം ഇല്ലെന്നും അന്നാണ് തിരിച്ച റിയുന്നത്.
ലോകം മുഴുവന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനൊപ്പം സാംസ്കാരിക അധിനിവേശവും സംഭവിക്കുകയാണ്; ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഓരോരോ ഭാഷകളും, അതോടൊപ്പം സംസ്കാരങ്ങളും ഈ ഭൂമുഖത്തുനിന്ന് തിരോധാനം ചെയ്യുകയുമാണ് എന്നിങ്ങനെയുള്ള അവബോധങ്ങള്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഇത്തരത്തില്‍ മുന്നോട്ടു പോകുന്ന പക്ഷം 2100 ആകുമ്പോഴേക്കും മിക്കവാറും ഭാഷാവൈവിധ്യങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ലോകത്തുനിന്നേ അപ്രത്യക്ഷമായിക്കഴിയും എന്ന സന്ദേഹം മനുഷ്യകുലത്തെ ഉലയ്ക്കുന്നും ബാധിക്കുന്നുമുണ്ട്. അത്തരമൊരു ഭീതിയുടെ പശ്ചാത്തലത്തിലാണ് സാംസ്കാരിക വൈവിധ്യത്തിന്‍റെ സമ്പന്നതയെയും, ആയത് മനുഷ്യരാശിക്ക് നഷ്ടമാകുന്ന പക്ഷം മനുഷ്യകുലം എത്രകണ്ട് ദരിദ്രമായിപ്പോകും എന്ന ആധിയും ലോകത്ത് പടരുന്നത്.
ആഗോളവല്ക്കരണത്തിന്‍റെ ഭാഗമായി ലോകകമ്പോളം കൂടുതല്‍ വിസ്തൃതമാകുമ്പോഴേക്കും, തൊഴിലാളികളെയും അസംസ്കൃത വസ്തുക്കളും വിലക്കുറവില്‍ കിട്ടുന്ന ഇടങ്ങളിലേക്ക് തൊഴില്‍ കയറ്റുമതി ചെയ്യാനും അധ്വാനത്തിന് കൂടുതല്‍ വില കിട്ടുന്ന ഇടങ്ങളിലേക്ക് തൊഴിലാളികള്‍ തങ്ങളെത്തന്നെ കയറ്റുമതി ചെയ്യാനും ആരംഭിച്ചിരുന്നു. തൊണ്ണൂറുകളില്‍ ഇന്‍റര്‍നെറ്റ് ജനകീയമാകാനാരംഭിച്ചെങ്കിലും പുതു സഹസ്രാബ്ദത്തിലാണ് അതിന്‍റെ ഇംപാക്റ്റ് ഉണ്ടായത് എന്ന് നമുക്കറിയാം. അതോടെ നവമാധ്യമ മേഖലയും ഉരുത്തിരിഞ്ഞു വരികയും സജീവമാകുകയും ചെയ്തു.
2001 നവംബര്‍ രണ്ടിനാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഘടകമായ യുനെസ്കോ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചുള്ള സാര്‍വ്വത്രിക പ്രഖ്യാപനം നടത്തുന്നത്. പിറ്റേവര്‍ഷം, അതായത് 2002-ല്‍ ആണ്, മെയ് മാസം 21 ലോകസാംസ്കാരിക വൈവിധ്യ (സംഭാഷണത്തിനും വികസനത്തിനും വേണ്ടി) ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുഅസംബ്ലി തീരുമാനം പാസ്സാക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു, ലോകം സാംസ്കാരിക വൈവിധ്യത്തെയും അതിന്‍റെ സമ്പന്നതയെയും കുറിച്ച് ബോധപൂര്‍വ്വം ചിന്തിക്കാന്‍ തുടങ്ങിയിട്ട്.
സാംസ്കാരിക സ്വത്വം പരിരക്ഷിക്കുക എന്നത് അടിസ്ഥാന മനുഷ്യാവകാശം തന്നെയാണ് എന്ന് നാം തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളിലെ രാഷ്ട്രീയാധിനിവേശങ്ങളുടെ ഫലമായി ലോകം ഏകമുഖമായിക്കൊണ്ടിരുന്ന കാലം അവസാനിക്കുകയാണ്. മറ്റുള്ള ജനതകളെയും സാംസ്കാരിക വൈവിധ്യങ്ങളെയും കാണാനും അവയെ ആദരപൂര്‍വ്വം അംഗീകരിക്കാനും നമുക്കിന്ന് കുറെയെങ്കിലും സാധിക്കുന്നുണ്ട്. സാംസ്കാരിക ഏക താനതയല്ല, സാംസ്കാരിക ബഹുത്വമാണ് നമ്മെ കൂടുതല്‍ തുറവുള്ളവരും മനുഷ്യകുലവുമാക്കുന്നത്. സാംസ്കാരിക ബഹുസ്വരതയെ ഭയന്ന് അതിര്‍ത്തികള്‍ അടച്ചുകളയുന്നത് മനുഷ്യരെ കൂടുതല്‍ കുടുസ്സുകളിലേക്കേ നയിക്കൂ.
കേരളീയരായ നമുക്ക് നമ്മുടേതായ തുറവില്ലായ്മകളുണ്ട്. അതൊക്കെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്‍റെ സംരക്ഷണമാണെന്ന് നാം തെറ്റിദ്ധരിക്കാറുമുണ്ട്. കേരളത്തിനു വെളിയില്‍ 'മല്ലൂസ്' എന്ന അല്പം നിന്ദ കലര്‍ന്ന വിളിപ്പേരിന് നാമൊക്കെ ഇടം കൊടുത്തിട്ടുമുണ്ട്. കേരളത്തില്‍ ഇപ്പോഴും 'ബംഗാളി' എന്ന പ്രയോഗം അത്രകണ്ട് സാംസ്കാരികമായ ആദരവിന്‍റെ ഫലമാണെന്ന് പറയാനാവില്ല. മലയാളി അത്തരം സാംസ്കാരിക മാടമ്പിത്തത്തില്‍ നിന്ന് തീര്‍ച്ചയായും പുറത്തുകടക്കുക തന്നെ വേണം. കലയുടെയും സാഹിത്യത്തിന്‍റെയും പുഷ്ടിപ്പെടലിന് അവശ്യം വേണ്ടത് നിരീക്ഷണമാണ് എന്ന് നമുക്കറിയാം. ഇന്നും നമ്മുടെ പൊതുസമൂഹത്തില്‍ നിരീക്ഷണസ്വഭാവം തീരേ കമ്മിയാണ് എന്നു പറയണം. കുടുംബക്കാര്‍ ചേര്‍ന്നും സഹപാഠികള്‍ ചേര്‍ന്നും ടൂര്‍പോവുക, കായല്‍പ്പരപ്പില്‍ ബോട്ട് യാത്ര നടത്തുക, കപ്പല്‍യാത്ര നടത്തുക എന്നതൊക്കെ സെല്‍ഫികളെടുക്കാനും, പിന്നെ ഒരുമിച്ച് പാട്ടുപാടാനും ഡാന്‍സ് കളിക്കാനും മദ്യപിക്കാനും മാത്രമുള്ള വേളകളുമായിപ്പോകുന്നത് എന്തുകൊണ്ടായിരിക്കും? ആഘോഷത്തിന്‍റെയും നിരീക്ഷണത്തിന്‍റെയും ഒരു ബാലന്‍സ് നമുക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാവും?
നമ്മുടെ നവസിനിമകള്‍ ഇന്ന് കൈവരിച്ചിരിക്കുന്ന ഉയര്‍ച്ചയിലെത്താന്‍ ഇടയായതിന് ഒരു പ്രധാന കാരണം സാംസ്കാരികമായ തുറവിതന്നെയാണ്. ലോക സിനിമകള്‍ നമ്മെ സാമാന്യം നല്ല തോതില്‍ത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ കഥാ കവിതാ നോവല്‍ മേഖലകളിലെല്ലാം വര്‍ദ്ധിതമായ ഇത്തരം സര്‍ഗ്ഗവൃദ്ധി ദൃശ്യമാണ്. നമ്മുടെ സാംസ്കാരിക സ്വത്വം ഉപേക്ഷിക്കാതെ തന്നെ നമ്മുടെ വാസ്തുവിദ്യയും ഇന്ന് ലോകനിലവാരം പുലര്‍ത്തുന്നുണ്ട്. ഒരു കാലത്ത് കേരളത്തിലെ വീട്ടുമുറ്റങ്ങളില്‍ സിമന്‍റ് കൊണ്ടുള്ള ഒരേ പോലത്തെ വെള്ളകൊക്കുകളാണ് ആകെ അലങ്കാരങ്ങളായിരുന്നത്. പിന്നീട് ചൂണ്ടയിടുന്ന ഒരു മനുഷ്യനും വന്നുചേര്‍ന്നു. ഖാദി ഭവനുകളിലും മറ്റും കരകൗശലവസ്തുക്കളായി നമുക്കാകെ ഉണ്ടായിരുന്നത് തടിയില്‍ കൊത്തിയ ഒരേപോലത്തെ ആനകളും കഥകളി മുഖവും പോത്തിന്‍കൊമ്പില്‍ തീര്‍ത്ത പക്ഷികളും കൊക്കുകളും! വൈവിധ്യങ്ങള്‍ തീരേ കുറവായിരുന്നു. എന്നാല്‍ ഇന്നോ?
മാറ്റങ്ങള്‍ ഒത്തിരി സംഭവിക്കുന്നുണ്ട്. എന്നാല്‍ അതേസമയം സംസ്കാരത്തിന്‍റെ ഭാഗമായിരിക്കേണ്ടതല്ലാത്ത ചില യാഥാസ്ഥിതിക പ്രവണതകള്‍ ചോദ്യം ചെയ്യപ്പെടാതെ സമൂഹത്തില്‍ തുടരുന്നുമുണ്ട്. അതെല്ലാം പുതുതലമുറയുടെ നാടുവിടലിന് കുറെയൊക്കെ നിമിത്തമാകുന്നുമുണ്ട്. വികസനത്തിന്‍റെ മാര്‍ഗ്ഗം സാംസ്കാരിക ബഹുസ്വരതയാണ്. നാം പലപ്പോഴും പ്രതിരോധിക്കുന്നതും അതിനെത്തന്നെയാണ്.
എല്ലാമതങ്ങളിലും രണ്ട് പ്രവണതകള്‍ കാണാനാകും. തുറവിന്‍റെയും സൗഹൃദത്തിന്‍റെയും ബഹുസ്വരതയുടെയും പ്രവണതയാണ് ഒന്ന്. അപരവല്ക്കരണത്തിന്‍റെയും വെറുപ്പിന്‍റെയും ഏകതാനതയുടെയും പ്രവണതയാണ് മറ്റൊന്ന്. ലോകത്തോടും അതിന്‍റെ സാംസ്കാരിക വൈവിധ്യത്തോടും തുറവുണ്ടാകണമെങ്കില്‍, ആദരവോടെ ബഹുസ്വരതയെ അംഗീകരിക്കാനാവണമെങ്കില്‍ തന്നെത്തന്നെ ഉപേക്ഷിക്കാതെ അപരരെ ആദരിക്കാന്‍ ശീലിക്കണം. ഒരേ സമയം പുറത്തേക്കും അകത്തേക്കും ഉള്ള യാത്രകള്‍ ആവശ്യമായി വരും. അതിന് സാമ്പ്രദായികമായ മതപ്രഭാഷണങ്ങള്‍ മതിയാകാ തെയും വന്നേക്കാം.
നവമാധ്യമങ്ങളെപ്പോലെ ഗൂഗിളും വിക്കിയും സാംസ്കാരിക വൈവിധ്യത്തെ ദൃഢപ്പെടുത്തുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. അറിവിന്‍റെ ഭാഷാ വൈവിധ്യവല്ക്കരണം വിക്കി ചെയ്യുന്ന വലിയ സംഭാവനയാണ്. ഭാഷയുടെ സങ്കുചിതപ്പെ ടുത്തലുകളെ ഉല്ലംഘിക്കാനുള്ള ഗൂഗിള്‍ പരിശ്രമങ്ങളും ശ്ലാഘനീയം തന്നെ. 'ഗൂഗിള്‍ ആര്‍ട്ട്സ് ആന്‍റ് കള്‍ച്ചര്‍' ലോകമെമ്പാടുമുള്ള കലാ സാംസ്കാരിക പൈതൃകങ്ങളെയും കലയുടെ വര്‍ത്തമാനത്തെയും ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകത്തിലെ വിശ്വോത്തരങ്ങളായ ആര്‍ട്ട് മ്യൂസിയങ്ങളെല്ലാം നമ്മുടെ മൊബൈല്‍ ഫോണില്‍ നമുക്കിന്ന് കാണാന്‍ കഴിയുന്നുണ്ട്. ലോകത്തിന്‍റെ ഏതു കോണിലുമുള്ള കലാകാരര്‍ക്ക് അന്യോന്യം സംവദിക്കാനുള്ള സാധ്യതകളും ഇന്നേറെയാണ്. അവിടെയും പുറത്തേക്കും അകത്തേക്കും ഒരേ സമയമോ ഒരേ പോലെയോ അയനങ്ങള്‍ ആവശ്യമാണ്. അവനവനിലേക്ക് തന്നെ, സ്വന്തം അന്തരാളങ്ങളിലേക്ക്, സ്വന്തം സാംസ്കാരിക സ്വരൂപങ്ങളിലേക്ക് നടത്തുന്ന പ്രയാണങ്ങള്‍, എല്ലാ കേന്ദ്ര യാഥാര്‍ത്ഥ്യങ്ങളെയും കൂടുതല്‍ വെളിപ്പെടുത്തും എന്നും, അതുകൊണ്ടുതന്നെ ആത്മീയത വരുംകാലങ്ങളില്‍ കൂടുതല്‍ തിടംവെക്കും എന്നും ഞാന്‍ കരുതുന്നുണ്ട്.
ആവര്‍ത്തിക്കട്ടെ. ജൈവവൈവിധ്യങ്ങളും, ആവാസവ്യവസ്ഥകള്‍ സര്‍വ്വതും ചേര്‍ന്നാലേ ഭൗമപ്രകൃതിയുണ്ടാകൂ. വ്യത്യസ്ത ദര്‍ശനങ്ങളും താല്‍പര്യങ്ങളും രാഷ്ട്രീയങ്ങളും ചേര്‍ന്നാലേ ഒരു സമൂഹം ഉണ്ടാകുന്നുള്ളൂ. പതിനായിരക്കണക്കായ സംസ്കാരിക വൈവിധ്യങ്ങളും അവ പ്രദാനം ചെയ്യുന്ന സമ്പന്നതയും പുഷ്ടിയും ചേര്‍ന്നാലേ ദൈവത്തിന്‍റെ കരവേലയായ മാനവകുലം ഉണ്ടാകൂ. ഭൂതകാലത്തില്‍ ഉറഞ്ഞുപോയ മമ്മികളല്ല സംസ്കാരങ്ങള്‍. അവയും നവീകരിക്കപ്പെടുന്നതും വളര്‍ച്ചയോ മുരടിപ്പോ സംഭവിക്കാവുന്നതുമായ ജൈവിക യാഥാര്‍ത്ഥ്യങ്ങളാണ്. വൈവിധ്യങ്ങളെ കണ്ടും കേട്ടും അറിഞ്ഞും, കൊണ്ടും കൊടുത്തും മാത്രമേ സമ്പന്നമനസ്കനായ മാനവന്‍ ഉണ്ടാകുന്നുള്ളൂ; അങ്ങനെ മാത്രമേ പുരോഗതിയും വികസനവും സാധ്യമാകൂ.