news-details
കവർ സ്റ്റോറി

ദൈവത്തിന്‍റെ കോമാളികള്‍

കുട്ടിക്കാലത്ത്  സര്‍ക്കസ് കൂടാരത്തിലെ കാഴ്ചകളില്‍ ഒത്തിരി കൗതുകത്തോടുകൂടി നോക്കിനിന്നിട്ടുള്ള കഥാപാത്രമാണ് 'ജോക്കര്‍'.  ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങള്‍ക്ക് മുമ്പില്‍ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നര്‍മ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ടകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്‍റെ മുന്നിലിരിക്കുന്നവരെ അല്പനേരം  ചിരിപ്പിച്ച ശേഷം അരങ്ങത്ത് നിന്നും പെട്ടെന്നയാള്‍ പിന്‍വാങ്ങുന്നു. അപരനെ സന്തോഷിപ്പിക്കുക, ഉള്ളുതുറന്ന് ചിരിക്കാന്‍ അവരെ പ്രേരിപ്പിക്കുക എന്നതാണ് ഈ കോമാളിയുടെ ഉദ്ദേശലക്ഷ്യം.  അയാള്‍ അത് ഭംഗിയായി ചെയ്യുന്നുണ്ട്.  ഈ ലോകത്തെ ഒരു  സര്‍ക്കസ് കൂടാരമായി പരിഗണിക്കുകയാണെങ്കില്‍ അതില്‍  സങ്കടങ്ങളുടെയും സാഹസികതകളുടെയും മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചക്കാര്‍ക്ക്  ഒരല്പം ആശ്വാസവും  സന്തോഷവും പ്രദാനം ചെയ്യുന്ന 'ജോക്കറു'കളാണ്  സന്യാസ - പൗരോഹിത്യ ജീവിതങ്ങള്‍ എന്നു പറയേണ്ടി വരും.

അതായത് അപരന്‍റെ സങ്കടങ്ങളില്‍ കൂടെ നിന്നുകൊണ്ട് അവരെ സന്തോഷിപ്പിക്കാന്‍ വിധിക്കപ്പെട്ട 'ദൈവത്തിന്‍റെ കോമാളികളാണ്' അവര്‍. ഒരിക്കല്‍ മരണവക്ത്രംത്തിലായിരുന്ന ഒരു രോഗിയെ പരിചരിച്ചിരുന്ന മദര്‍ തെരേസയോട് 'നിങ്ങള്‍ എന്താണ് ചെയ്യുന്നത്' എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍  മദര്‍ കൊടുത്ത മറുപടി  'മരിക്കും മുന്‍പേ ഞാന്‍ അയാളെ പുഞ്ചിരിപ്പിക്കാന്‍ പഠിപ്പിക്കുകയാണ്' എന്നാണ്. ഏതൊരു സമര്‍പ്പിത - സന്യാസ-പൗരോഹിത്യ ജീവിതത്തിന്‍റെയും ഉത്തരവാദിത്വം ഇതു തന്നെയാണ് എന്നു തോന്നുന്നു. മറ്റൊരാളെ പുഞ്ചിരിക്കാന്‍ പഠിപ്പിക്കുക.....!

ഇപ്രകാരം അപരനെ പുഞ്ചിരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തങ്ങളുടെ ഉള്ളിലും ഒരല്പം നര്‍മ്മരസം കൊണ്ടുനടക്കുന്നത് നല്ലതാണ്.  ആത്മീയത എന്നാല്‍ കളിയും ചിരിയും ഇല്ലാത്ത വെറും വരണ്ട  ഗൗരവപ്രകൃതിയോട് കൂടിയ ജീവിതമാണ് എന്ന ചില പരമ്പരാഗത തെറ്റിദ്ധാരണകള്‍ നമുക്കിടയിലുണ്ട്. സത്യത്തില്‍ ആത്മീയതയുടെയും ദൈവവിളിയുടെയുമൊക്കെ  ആഴമളക്കുന്ന അളവുകോലാണ് ഈ നര്‍മ്മ ബോധം.   ചിരിക്കാനും കളി പറയാനും പരസ്പരം നിര്‍ദോഷമായി പരിഹസിക്കാനും അതു  സ്വീകരിക്കാനുമുള്ള ധൈര്യം ഒരു സന്യാസി നേടിയെടുക്കണം. ഒരല്പം സരസ മനോഭാവത്തോടുകൂടി ജീവിതത്തെ നോക്കിക്കാണാന്‍ ആത്മീയ വ്യക്തിത്വങ്ങള്‍ സ്വയം പരിശീലിക്കണം. അപരനെ ദൈവത്തിലേക്ക് അടുപ്പിക്കുക എന്നതാണ് അവരുടെ ജീവിത ഉദ്ദേശം.  എപ്പോഴും മസിലും വീര്‍പ്പിച്ചു സദാ ഗൗരവപ്രകൃതിയോടെ നടക്കുന്നവര്‍ക്ക് എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നു കൊടുക്കാനും ഈശ്വരനിലേക്ക് ആകര്‍ഷിക്കാനും കഴിയുക. അല്‍പ്പം പുഞ്ചിരിയും നര്‍മ്മരസവും ഉള്ളില്‍ സൂക്ഷിക്കുന്നവരുടെ അടുത്തേക്ക് ആളുകള്‍ തനിയെ വരും. അതുകൊണ്ടാണ് വി. ഫ്രാന്‍സിസ് ഡി സെയില്‍സ്  ഇപ്രകാരം പറയുന്നത്  'ഒരു വീപ്പ വിനാഗിരികൊണ്ടു പിടിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഈച്ചകളെ ഒരു തുള്ളി തേന്‍ കൊണ്ടു നേടാനാകുമെന്ന്.'

ആത്മീയമനുഷ്യര്‍ അത്തരത്തിലൊരു നര്‍മ്മബോധം ജീവിതത്തില്‍ സൂക്ഷിച്ചിരുന്നു. വിശുദ്ധരില്‍ പലരും തങ്ങളുടെ  ജീവിതത്തില്‍ ഇത്തരം ചില നര്‍മ്മസ്വഭാവം പുലര്‍ത്തിയിരുന്നതായി നമുക്ക് കാണാം.  വി. തോമസ് മൂറിനെ ശിരച്ഛേദം ചെയ്യാനായി സേവകന്‍മാര്‍ വന്ന നേരം അദ്ദേഹം തന്‍റെ നീണ്ട താടി  പൊക്കിപിടിച്ചു  വളരെ ശാന്തമായി, സരസമായി ഇപ്രകാരം പറഞ്ഞു,' നിങ്ങള്‍ എന്‍റെ തല വേണേല്‍ വെട്ടിക്കൊള്ളൂ, പക്ഷെ എന്‍റെ താടിയെ ഉപദ്രവിക്കരുത്. അതു നിങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ' എന്ന്.

ഇത്തരത്തില്‍ ചില നര്‍മ്മഭാവം ജീവിതത്തില്‍ പുലര്‍ത്തിയ മറ്റൊരു വ്യക്തിയാണ് ഫ്രാന്‍സിസ്കന്‍ സന്യാസ പാരമ്പര്യങ്ങളിലെ ബ്രദര്‍ ജൂണിപ്പര്‍. വളരെ ലളിതമായി ജീവിച്ചും സരസമായി സംസാരിച്ചും തന്‍റെ  ആശ്രമത്തിലുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു ചെറിയ മനുഷ്യന്‍. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ചില  കുറുമ്പുകളില്‍ ദേഷ്യം  കയറിയ സുപ്പീരിയറച്ചന്‍ അദ്ദേഹത്തെ വാതോരാതെ ശകാരിക്കുന്നുണ്ട്. അന്ന് രാത്രി ജൂണിപ്പറിന് ഉറങ്ങാന്‍ പറ്റുന്നില്ല. തന്നെ ചീത്ത പറഞ്ഞു തൊണ്ടകീറിയ  സുപ്പീരിയറച്ചനെ  അര്‍ദ്ധ രാത്രിയില്‍ വിളിച്ചുണര്‍ത്തി അദ്ദേഹത്തിനായി ഒരു പാത്രം സൂപ്പ് ഉണ്ടാക്കിക്കൊണ്ടു വന്നിരിക്കുകയാണ്. അത്രമേല്‍ നിശ്ശബ്ദത പുലര്‍ത്തേണ്ട രാത്രിയുടെ വൈകിയയാമമാണ്. അയാളുടെ നിഷ്കളങ്കത മനസിലാക്കാതെ സുപ്പീരിയറച്ചന്‍ കലിതുള്ളി കോപത്താല്‍ നിന്നു വിറയ്ക്കുകയാണ്.  ജൂണിപ്പര്‍ ആകട്ടെ കാര്യം മനസ്സിലാക്കാതെ തല കുനിച്ചു നില്‍ക്കുകയാണ്. ശകാരം മുഴുവന്‍ കേട്ടശേഷം അയാള്‍ ശാന്തമായി പറഞ്ഞു, 'നല്ലോണം ബുദ്ധിമുട്ടി ഉണ്ടാക്കിയ സൂപ്പാണ്. അങ്ങിതു ചരിഞ്ഞുകളയുന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല. അതുകൊണ്ട് അങ്ങ് ഈ മെഴുതിരി ഒന്നു പിടിക്കാമോ? അങ്ങേക്ക് വേണ്ടെ കില്‍ ഞാന്‍ തന്നെ ഇത് കുടിച്ചുകൊള്ളാം!"

തന്‍റെ നര്‍മ്മബോധത്തിലൂടെ ഏറെ വിഷമകരമായ സാഹചര്യങ്ങളെയും എത്ര ഭംഗിയായി തരണം ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്ന് ബ്രദര്‍ ജൂണിപ്പര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ആത്മീയതയുടെ ഒരു ലക്ഷണമായി   ഈ നര്‍മ്മബോധത്തെ നമുക്ക് കണക്കാക്കാം. ദുരിത ങ്ങളുടെ ഏഴു കടലിടുക്കിന്‍റെ മുകളിലൂടെ ഒരു നൂല്‍പാലത്തില്‍ കൂടെ നടക്കുമ്പോഴും ബാലന്‍സ് തെറ്റാതെ ജീവിക്കുവാന്‍ ആയിട്ടുള്ള മുളവടിയാണ് ഫലിതബോധം എന്നാണ് വില്യം ആര്‍തര്‍  വാര്‍ഡ് പറയുന്നത്.

തമാശകള്‍  പറയുവാനും അത് ആസ്വദിക്കാനും കഴിവില്ലാത്തവര്‍ ഒരുപക്ഷേ സന്യാസ-പൗരോഹിത്യജീവിതത്തിന്‍റെ മടുപ്പുകളിലേക്ക് എളുപ്പം വീണുപോകാനിടയുണ്ട്. വളരെ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുകയും വിഷാദത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന ഒരവസ്ഥ. അതുകൊണ്ട് ഫലിതങ്ങള്‍ പറയുവാനും അത് ആസ്വദിക്കാനുമുള്ള കല ഓരോ സന്യാസിയും അഭ്യസിച്ചേ പറ്റൂ. എന്നു കരുതി സന്യാസിയുടെ ജീവിതത്തില്‍ സങ്കടങ്ങളില്ല എന്നല്ല, മറിച്ചു തന്നിലെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി അപരനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുക എന്നതാണ്  സന്യാസിയുടെ ഉത്തരവാദിത്വം.

സത്യത്തില്‍ ഒരു സന്യാസിക്കു മുന്നിലുള്ള ഒരു വെല്ലുവിളിയും ഇതു തന്നെയാണ്. ഉള്ളില്‍  കടലോളം സങ്കടം അലതല്ലുമ്പോഴും പുറമെ പുഞ്ചിരി തൂകി നില്‍ക്കാനാവുക.

കമല്‍ സംവിധാനം ചെയ്ത 'ജോക്കര്‍' എന്ന മലയാള സിനിമയിലെ നായകകഥാപാത്രത്തിനു സഹകഥാപാത്രം നല്‍കുന്ന ഉപദേശം പോലെ 'ഉള്ളില്‍ സങ്കടത്തിന്‍റെ കനലെരിയുമ്പോഴും കോമാളി ചിരിക്കണം; കോമാളി കരഞ്ഞാല്‍ ജനം ചിരിക്കും. ചിരിപ്പിക്കാന്‍ വേണ്ടി കരഞ്ഞോ....' അപരനെ  ചിരിപ്പിക്കുന്ന ചില കോമാളി ജീവിത ങ്ങളാവുക.  ഉള്ളിലെ നര്‍മ്മബോധത്തെ കെടാതെ സൂക്ഷിക്കുക.  ആത്മീയതയുടെ ആനന്ദം സ്വന്തമാക്കാനാവുക. സങ്കടങ്ങളുടെ ഇടയിലും മുഖത്തൊരു പുഞ്ചിരിയുമായി നീങ്ങാന്‍ നമുക്ക് പറ്റണം. മദര്‍ തെരേസ പറയും പോലെ "നിങ്ങള്‍ ലോകത്തെ   നോക്കി പുഞ്ചിരിക്കുക; ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും തീര്‍ച്ച..."

You can share this post!

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts