news-details
എഡിറ്റോറിയൽ

"Rivers do not drink their own water; trees do not eat their own fruit; the sun does not shine on itself and flowers do not spread their fragrance for themselves. Living for others is a rule of nature. We are all born to help each other. No matter how difficult it is. life is good when you are happy, but much better when others are happy because of you." Pope Francis

ഇന്ത്യന്‍ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ പ്രതീകങ്ങളിലൊരാളായ ബേബി ഹല്‍ദര്‍ എന്ന എഴുത്തുകാരിയുടെ പ്രസിദ്ധ കൃതിയായ 'ആലോ അന്ധാരി' രചിക്കപ്പെട്ടത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു സ്ത്രീ എന്ന അവസ്ഥയില്‍ നിന്ന് എഴുത്തുകാരി എന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ കരുതലായി കൂടെ നിന്നത് പ്രൊഫസര്‍ പ്രബോധ്കുമാര്‍ എന്ന പ്രശസ്ത നരവംശശാസ്ത്രജ്ഞനായിരുന്നു.

വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ച പ്രൊഫസര്‍ പ്രബോധ്കുമാറിന് ഒരു പുതിയ വേലക്കാരിയെ കിട്ടി.  പാചകം മുതലുള്ള എല്ലാ വീട്ടുജോലികളും അവള്‍ നന്നായി ചെയ്തു; വളരെ വേഗത്തിലും. ലൈബ്രറിയിലെ ബുക്ക് ഷെല്‍ഫ് വൃത്തിയാക്കുന്ന ജോലികൂടി അദ്ദേഹം അവളെ ഏല്പിച്ചു. പക്ഷേ പുതിയ ജോലിയില്‍, മറ്റു ജോലികള്‍ക്കുള്ള വേഗം കണ്ടില്ല. അതിന്‍റെ കാരണം കണ്ടെത്താന്‍ അദ്ദേഹം അവളെ ശ്രദ്ധിച്ചു തുടങ്ങി. ജോലിക്കിടെ അവളുടെ കണ്ണുകള്‍ പുസ്തകത്താളുകളിലെ അക്ഷരങ്ങളില്‍ പരതിനടക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു! എത്ര ആര്‍ത്തിയോടെയാണ് അവള്‍ പുസ്തകം തുറന്നുനോക്കുന്നത്!

അവള്‍ക്ക് പുസ്തകങ്ങളോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞ അദ്ദേഹം പറഞ്ഞു: "നിനക്ക് വായനയോട് അത്രമേല്‍ ഇഷ്ടമാണെങ്കില്‍ അലമാരയിലിരിക്കുന്ന ഏതു പുസ്തകവും എടുത്തു വായിച്ചോളൂ..."

പ്രൊഫസര്‍ പ്രബോധ്കുമാര്‍ നല്‍കിയ അനുവാദം അവളുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന്‍റെ തുടക്കമായിരുന്നു. തസ്ലീമ നസ്രീമിന്‍റെ 'അമര്‍ മേയേബേല ' (My Girlhood) ആണ് വായിക്കാനായി അവള്‍ ആദ്യം എടുത്തത്. പിന്നീട്  ആശാപൂര്‍ണദേവി, മഹാശ്വേതാദേവി, ബുദ്ധദേവ് ഗുഹ തുടങ്ങി ബംഗാള്‍ സാഹിത്യത്തിലെ ഒട്ടു മിക്ക പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങള്‍ അവള്‍ക്കു പരിചിതമായി.

ഒരു പേനയും നോട്ടുപുസ്തകവും കൊടുത്തിട്ട് പ്രൊഫസര്‍ അവളോടു പറഞ്ഞു, 'നീ എഴുതണം.'

പിതൃതുല്യനായ സ്നേഹിച്ചാദരിക്കുന്ന  'താത്തൂസ്'ന്‍റെ കല്പന അവള്‍ അനുസരിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവള്‍ സ്വന്തം കഥ എഴുതിത്തുടങ്ങി. ആറാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ അവള്‍ ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അക്ഷരങ്ങള്‍ കുറിച്ചു; പലതും അവള്‍  മറന്നുതുടങ്ങിയിരുന്നു!

അമ്മയുടെ സ്നേഹത്തിനുവേണ്ടി ദാഹിച്ചു തളര്‍ന്ന നാലുവയസ്സുകാരിയുടെ കരളലിയിക്കുന്ന ശൈശവം... അച്ഛന്‍റെയും രണ്ടാനമ്മയുടെയും കൊടും ക്രൂരതകളാല്‍ വികൃതമാക്കപ്പെട്ട ബാല്യം.... പന്ത്രണ്ടാം വയസ്സില്‍ തന്നെക്കാള്‍ പതിനാലു വയസ്സ് മൂപ്പുള്ള ഒരാളുമായിട്ടുള്ള വിവാഹം, ആദ്യരാത്രി മുതല്‍ അയാളില്‍ നിന്നും നേരിട്ട ക്രൂരബലാത്സംഗം... പതിമൂന്നാം വയസ്സില്‍ അയാളുടെ കുട്ടികളുടെ അമ്മായാവാന്‍ തുടങ്ങിയത്... അവസാനം അയാളുടെ പീഡനം സഹിക്കവയ്യാതെ മൂന്നു പിഞ്ചുകുഞ്ഞുങ്ങളെയും കൂട്ടി പശ്ചിമബംഗാളിലെ തന്‍റെ ഗ്രാമത്തില്‍ നിന്നും ഓടിപ്പോന്നത്... ദില്ലിയില്‍ എത്തി താത്തൂസിന്‍റെ വീട്ടുജോലിക്കാരിയായി ജീവിതം കരുപ്പിടിപ്പിച്ചത്... ഒക്കെ അവള്‍ തന്‍റെ നോട്ടുബുക്കില്‍ കുത്തിക്കുറിച്ചു. വീട്ടുജോലികള്‍ക്കിടയില്‍ ഏറെ ലാഘവത്തോടെ അവള്‍ കുറിച്ച ഈ കുറിപ്പുകളൊക്കെ പ്രൊഫസറില്‍ അത്ഭുതവും ആശ്ചര്യവും ഉണര്‍ത്തി.

താത്തൂസ് എഴുത്തുകാരായ തന്‍റെ സുഹൃത്തുക്കളെ അവളുടെ ഈ കുറിപ്പുകളൊക്കെ കാണിച്ചു. ബേബി ഹല്‍ദര്‍ എന്ന യുവതിയുടെ മങ്ങിയ സ്വപ്നങ്ങളുടെ ഏറെ ആകര്‍ഷകമായ അക്ഷരരൂപമാണ് അവര്‍ അതില്‍ കണ്ടത്. അവയ്ക്കൊരു പുസ്തകത്തിന്‍റെ രൂപഭാവങ്ങള്‍ നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ബേബി ഹല്‍ദര്‍ എന്ന സാഹിത്യകാരിയും 'ആലോ അന്ധാരി' എന്ന കൃതിയും അങ്ങനെയാണ് പിറവിയെടുത്തത്.  ഈ രചന പിന്നീട് വിവിധ ഭാരതീയ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.

ഒത്തിരിയേറെ കഴിവുകളും സാധ്യതകളും ഉള്ളില്‍ കുഴിച്ചുമൂടി, ഒതുങ്ങിക്കൂടിയ ഒരു സ്ത്രീയുടെ കഴിവുകളെയും സാധ്യതകളെയും ലോകത്തിനുമുന്നില്‍ പ്രകാശിപ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു പ്രൊഫ. പ്രബോധ്കുമാര്‍. അവളുടെ ചേതനയില്‍ ചാരംമൂടി കിടന്ന കനല്‍ത്തരികളെ ജ്വലിപ്പിച്ചത് ഈ നരവംശശാസ്ത്രജ്ഞനാണ്.

******* ********   ********

ചാരംമൂടിക്കിടക്കുന്ന കനല്‍ത്തരികള്‍ക്ക്  ജീവന്‍ കൊടുക്കുകയാണ് ഉയിര്‍പ്പിക്കപ്പെട്ട ക്രിസ്തു ചെയ്തത്. തകര്‍ന്നു നില്‍ക്കുന്ന മനുഷ്യര്‍ക്ക് ജീവന്‍ കൊടുക്കുക എന്നതില്‍പ്പരം സുവിശേഷജീവിതമില്ല. തകര്‍ന്നുപോയ പത്രോസിനെ സഭയുടെ അമരക്കാരനായി വളര്‍ത്തുന്നു. വിഷാദിച്ചിരിക്കുന്ന മഗ്ദലനക്കാരിക്ക് ജീവിക്കാനുള്ള പ്രതീക്ഷ, നല്ല കള്ളന് പറുദീസാ, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്ക് വെളിപാട്, ജീവിതത്തിന്‍റെ മുന്‍നിരയില്‍നിന്ന് മാറിനിന്നവര്‍ക്ക് ക്രിസ്തു ജീവനും പ്രതീക്ഷയുമാകുന്നു.

പ്രിയ വായനക്കാരാ, നിന്‍റെ ചുറ്റിലും ഇത്തരത്തിലുള്ള മനുഷ്യരുണ്ട്. സഹായിക്കാന്‍ ആരുമില്ലാത്തവര്‍, ദുരിതമനുഭവിക്കുന്നവര്‍, ഇടറിപ്പോയവര്‍, കഴിവുകളേറെയുണ്ടായിട്ടും സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലാത്തവര്‍, ഇവരുടെ പുഞ്ചിരിയാണ് നമ്മുടെ സുവിശേഷജീവിതം. ഭൂമി അത്രമേല്‍കൂടി സുന്ദരമാകട്ടെ.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts