വ്യക്തിത്വത്തിന്‍റെ മൂല്യത്തെക്കുറിച്ചും ആന്തരിക ശക്തിയും അകമേയുള്ള സൗന്ദര്യവു മാണ് പ്രധാനപ്പെട്ടതെന്നും പഠിപ്പിക്കുന്ന ഒരു ചെറിയ കഥ ഉണ്ട്.
ഉത്സവപ്പറമ്പില്‍ ഉയര്‍ന്നു പറക്കുന്ന ബലൂണുകള്‍. മഴവില്‍ നിറത്തില്‍ അവയെല്ലാം ഉയരത്തില്‍ കാറ്റിനൊപ്പം നൃത്തം ചെയ്യുന്നു. തീരെ ദരിദ്രനെന്നു തോന്നിക്കുന്ന ഒരു കുട്ടി ബലൂണ്‍ വില്‍ക്കുന്നയാളെ സമീപിച്ചു. അവനങ്ങനെ പരുങ്ങി നില്ക്കുന്നതു കണ്ട് അയാള്‍ കരുതി ബലൂണ്‍ ചോദിക്കാന്‍ നില്ക്കുന്നതാണെന്ന്. തിരക്കൊഴിയുന്നതും കാത്തുനിന്ന കുട്ടി സാവധാനം മടിച്ചുമടിച്ചു കച്ചവടക്കാരനോടു ചോദിച്ചു:
'മാമാ ഈ കറുത്ത ബലൂണ്‍ പറക്കുമോ?'
നിഷ്കളങ്കമായി അങ്ങനെ ചോദിച്ച ആ ബാലനെ കൗതുകത്തോടെ അയാള്‍ നോക്കി. പിന്നെ തന്‍റെ ഭാണ്ഡത്തില്‍ പരതി കറുത്ത നിറമുള്ള ഒരു ബലൂണ്‍ കണ്ടെടുത്തു. അതില്‍ ഹൈഡ്രജന്‍ നിറച്ച് പറത്തിവിട്ടു. അവനെ ചേര്‍ത്തു പിടിച്ച് ബലൂണിന്‍റെ ചരട് അവനു കൈമാറിക്കൊണ്ട് അയാള്‍ പറഞ്ഞു:
'കുഞ്ഞേ ബലൂണിന്‍റെ നിറമോ വലുപ്പമോ നിര്‍മ്മിച്ച കമ്പനിയോ ബ്രാന്‍ഡോ ഒന്നുമല്ല അതിനെ പറത്തുന്നത്. അതിനുള്ളില്‍ നിറയ്ക്കുന്ന ഹൈഡ്രജനാണ് ഉയരത്തിലേക്ക് ബലൂണിനെ പറപ്പിക്കുന്നത്.'
'നിന്‍റെ നിറമോ വസ്ത്രങ്ങളോ കുടുംബപാരമ്പര്യമോ ഒന്നുമല്ല നിന്‍റെ ആന്തരിക ശക്തിയാണ് ഉയരത്തിലെത്താന്‍ നിന്നെ സഹായിക്കുന്നത്. നിന്‍റെ ഉള്ളിലെ ദൈവിക ചൈതന്യവും സൗന്ദര്യവുമാണ് നിന്നെ മികച്ച വ്യക്തിയാക്കി മാറ്റുന്നത്.' ചെറിയ കുട്ടികള്‍ക്ക് ഇതൊക്കെ പിന്നെയും മനസ്സിലാകുന്നുണ്ട്.
ലോകം കണ്ടിട്ടുള്ള, ധാരാളം മനുഷ്യരെ കണ്ട, അറിവു നേടിയ മനുഷ്യര്‍ക്കൊക്കെ ഇപ്പോഴും നിറവും ജാതിയും മതവും ഒക്കെ മനുഷ്യനെ വേര്‍തിരിക്കാനുള്ള കാരണങ്ങളും ഉപാധികളുമാണ്. ഇപ്പോള്‍ ആ പട്ടികയിലേക്ക് രാഷ്ട്രീയവും കൂടി കലര്‍ന്നിരിക്കുന്നു എന്നത് വളരെ ശോചനീയമായിക്കൊണ്ടിരിക്കുന്ന നമ്മുടെ അവസ്ഥയെ വെളിപ്പെടുത്തുന്നു. മുതിര്‍ന്ന തലമുറ ഇപ്പോഴും ഉള്ളില്‍ പേറുന്ന ഈ മനോഭാവം കുട്ടികളിലേക്ക് അവരറിയാതെ കൈമാറുന്നുമുണ്ട്.
നിറത്തിന്‍റെ പേരിലൊക്കെ മറ്റു മനുഷ്യരെ ഒരു ഉളുപ്പുമില്ലാതെ പരസ്യമായി ആക്ഷേപിക്കാന്‍ എങ്ങനെയാണ് കഴിയുക. ഉള്ളിലെ പ്രകാശം മങ്ങി തുടങ്ങുമ്പോഴായിരിക്കും പുറമേ ഒക്കെ ഇരുട്ടായി കാണുന്നത്. സത്യഭാമയെന്ന സ്ത്രീ, ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായി നടത്തിയ അധിക്ഷേപത്തിനെ കേരളസമൂഹത്തിനൊപ്പം 'അസ്സീസി'യും വിമര്‍ശിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്ക് ഉപയോഗിക്കാതെ, കേരള സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള നടപടികള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കൈക്കൊളളണം.
***
വയനാട് പൂക്കോട്ട് വെറ്റിനറി കോളേജില്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖവും വേദനയും ഉണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു വിദ്യാര്‍ഥി സംഘടനയുടെ നേതാക്കള്‍ത്തന്നെ ഉള്‍പ്പെട്ട സംഭവം അത്യന്തം നടുക്കം ഉണ്ടാക്കുന്നു. തെറ്റു ചെയ്തവരെയും, ഭയം കൊണ്ടോ അല്ലാതെയോ പ്രതികരിക്കാതിരുന്നവരെയും ഓര്‍ത്തു ദുഃഖവുമുണ്ട്. തെറ്റുകളെ ന്യായീകരിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ മത്സരിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. ആദര്‍ശധീരതയും സത്യസന്ധതയും അപരനോടു കരുതലുമുള്ള നേതാക്കള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണോ എന്നു സംശയം തോന്നുന്നു. അങ്ങനെ ഉള്ളവരെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരു പാര്‍ട്ടിക്കും ഇപ്പോള്‍ താത്പര്യവും ഇല്ലാത്തപോലെ.
***
മഴക്കാലം കഴിഞ്ഞതോടെ സിറ്റികളല്ലാത്ത ഇടങ്ങളിലൊക്കെ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ പെരുകിയിരിക്കുകയാണ്. നിരവധി മനുഷ്യരുടെ ജീവനും ജീവിതവും നഷ്ടപ്പെട്ടു. നിരവധിപേര്‍ക്കു പരിക്കേറ്റു. കാട്ടില്‍ വെള്ളമില്ല, ഭക്ഷണമില്ല എന്നൊക്കെയാണ് എപ്പോഴും കാരണമായി കേള്‍ക്കുന്നത്.
2021 ലെ, കേരള വനംവകുപ്പിന്‍റെ കണക്കു പ്രകാരം 11524.913 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കേരളത്തിലെ വനമേഖലയില്‍നിന്നുള്ള വരുമാനം 236.60 കോടിയും ചെലവ് 628.52 കോടിയുമാണ്. ഇത്രയും കോടി രൂപ ചെലവഴിച്ച് വനം സംരക്ഷിച്ചിട്ടും വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും ജലവും ഉറപ്പാക്കാന്‍ കഴിയാത്തത് എന്തു കൊണ്ടാണ്? അധിനിവേശ സസ്യങ്ങളും മരങ്ങളും വനത്തില്‍ വളര്‍ത്തുകയും വളരാന്‍ അനുവദിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? വനംവകുപ്പിന്‍റെ കീഴില്‍ എന്തെങ്കിലും ശാസ്ത്രീയപഠനങ്ങളോ റിസേര്‍ച്ചുകളോ നടക്കുന്നുണ്ടോ? വനത്തിനുള്ളിലെ ആവാസവ്യവസ്ഥയുടെ സന്തുലനം തെറ്റിക്കുന്ന കാരണങ്ങളെ കണ്ടെത്തുകയോ പരിഹാര മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യുന്നുണ്ടോ?
വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായതു ചെയ്യുകയും പരിക്കേറ്റവര്‍ക്ക് തക്കതായ ചികിത്സാ സഹായം ചെയ്യുകയും വേണം. നാട്ടിലെ റോഡിലൂടെ പോകുന്നവര്‍ക്ക് വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കേസെടുക്കുന്ന വനംവകുപ്പ് നടപടികള്‍ എത്ര ഭീകരമാണ്! ഇപ്പോള്‍ വനാതിര്‍ത്തിയില്‍ ജീവിക്കുന്നവര്‍ക്കു പോലും വനത്തിലേക്കു കയറാന്‍ അനുവാദമില്ലാത്ത പോലെ വനം വകുപ്പ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാകുന്നുണ്ട്. മനുഷ്യന്‍റെ അതിക്രമങ്ങളാണ് വന്യമൃഗങ്ങള്‍ പുറത്തുവരുന്നതിന് കാരണം എന്നു പറയുന്നത് യുക്തിരഹിതമാണ്.
പരിസ്ഥിതി സംരക്ഷണത്തിനും എല്ലാ ജീവജാലങ്ങളും ഒരുപോലെ സഹവസിക്കുന്നതിനും എന്നും അസ്സീസി മാസിക ഊന്നല്‍ കൊടുത്തിട്ടുണ്ട്. മുന്നോട്ടും അങ്ങനെ തന്നെ തുടരുന്നതാണ്. അതേസമയം തന്നെ വേദനിക്കുന്ന സഹജീവികളോടും സമൂഹം പല കാരണങ്ങളാല്‍ ഒറ്റപ്പെടുത്തുന്നവരോടുമുള്ള ഐക്യദാര്‍ഢ്യവും ഞങ്ങള്‍ ഉറപ്പിക്കുന്നു.
ഏപ്രില്‍-മെയ് മാസങ്ങളിലായി ഭാരതത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളിലാണ്. മതവും ജാതിയും ഉപയോഗിച്ച് ധ്രുവീകരണം നടത്തി പലതരത്തിലുള്ള നേട്ടങ്ങള്‍ കൊയ്യാന്‍ രാഷ്ട്രീയക്കാര്‍ നന്നായി ഉപയോഗിക്കുന്ന കാലം. പൗരബോധമുള്ള, ആദര്‍ശധീരതയുള്ള, നാടിന് സേവനം ചെയ്യുന്നവരെ തിരഞ്ഞെടുക്കാന്‍ കഴിയട്ടെ. ഭരിക്കുന്നവര്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് പാര്‍ട്ടിയെ വളര്‍ത്തുകയും പ്രതിപക്ഷ ബഹുമാനം ലവലേശമില്ലാതെ മറ്റു പാര്‍ട്ടികളെ എല്ലാ തരത്തിലും തകര്‍ക്കുകയും ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്നത്. സത്യസന്ധരായ, ആദര്‍ശ ശാലികളായ ഒരു നല്ല തലമുറ നേതാക്കളായി ഇവിടെ ഉണ്ടാകും എന്ന് പ്രത്യാശിക്കാം.