news-details
എഡിറ്റോറിയൽ

ഇവാന്‍ തര്‍ഗനേവ് 'വിഡ്ഢി' എന്നപേരില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. ഒരു പട്ടണത്തില്‍ കേളികേട്ട ഒരു വിഡ്ഢിയുണ്ടായിരുന്നു. അയാള്‍ക്ക് അങ്കലാപ്പായിരുന്നു, എവിടെ ചെന്നാലും ആളുകള്‍ അയാളെ നോക്കി ചിരിക്കും. എന്തുപറഞ്ഞാലും ആളുകള്‍ അയാളെ അവഹേളിക്കും. അയാള്‍ ശരി പറഞ്ഞാലും ആളുകള്‍ ചിരിക്കും. 'ഒരു വിഡ്ഢി ശരി പറയുകയോ? അയാളൊരു പമ്പരവിഡ്ഢി' ആളുകള്‍ അയാളെ കളിയാക്കും.

ഗ്രാമത്തിലൂടെ ഒരു സൂഫിവര്യന്‍ കടന്നുപോവുകയായിരുന്നു. വിഡ്ഢി അദ്ദേഹത്തെ ദര്‍ശിക്കാന്‍ ചെന്നു. 'എന്‍റെ ജീവിതം മുഴുവന്‍ വ്യര്‍ത്ഥമായി. ഏവരും വിചാരിക്കുന്നു ഞാനൊരു വിഡ്ഢിയാണെന്ന്. എന്നെ സഹായിച്ചാലും.'

സൂഫി പറഞ്ഞു 'അത് വളരെ എളുപ്പമാണ്. ഒരുകാര്യം ചെയ്തുതുടങ്ങുക. വെറുതെ വിമര്‍ശിച്ച് തുടങ്ങുക. ഏഴുനാള്‍ കഴിഞ്ഞു എന്നെ വന്നു കാണുക. അപ്പോള്‍ എല്ലാം മാറിയിരിക്കും. പക്ഷേ ഒരുകാര്യം: വിമര്‍ശിക്കുക! ആരെങ്കിലും ഷേക്സ്പിയറിനെ ഉദ്ധരിച്ചാല്‍ പറയുക 'അതിലെന്തിരിക്കുന്നു? അസംബന്ധം, ചവറ്.'

ആരെങ്കിലും പറയട്ടെ 'നിലാവെത്ര സുന്ദരം, നോക്കൂ.'

ഉടന്‍ പറയണം 'അതിലെന്താണുള്ളത്? ഞാനൊരു സൗന്ദര്യവും അതില്‍ കാണുന്നില്ല. എന്ത് സൗന്ദര്യമാണതിനുള്ളതെന്ന് തെളിയിക്കൂ.' ആര്‍ക്കാണ് സൗന്ദര്യം തെളിയിക്കാന്‍ കഴിയുക?

'ഒരാഴ്ചക്കാലം പട്ടണത്തിലാകെ നടന്ന് എല്ലാവരെയും വിമര്‍ശിക്കുക.'

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ തിരിച്ചുവന്നു. ഏകാകിയായല്ല. നൂറുകണക്കിനാളുകളുണ്ട് അയാളുടെ പിന്നില്‍. എല്ലാവരും പറഞ്ഞു, 'അങ്ങ് വലിയ അത്ഭുതമാണ് കാണിച്ചിരിക്കുന്നത്. ഏറ്റവും വലിയ വിഡ്ഢി ഏറ്റവും മഹാനായ ബുദ്ധിമാനായിരിക്കുന്നു. അയാളോട് ആര്‍ക്കും തര്‍ക്കിക്കാനാവുകയില്ല.'

************

വിമര്‍ശിക്കുക എളുപ്പമാണ്. സൃഷ്ടിക്കുക എന്നത് അതീവ ദുഷ്ക്കരവും. വിമര്‍ശനത്തിന്‍റെ അഗ്നിയില്‍ വെന്തുപോയ എത്രയോ മനുഷ്യരുണ്ട്. ജീവന്‍റെ സുവിശേഷമാകേണ്ടതിനു പകരം എന്തിനെയും വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും ഇല്ലാതാക്കുന്ന പ്രവണത നിലവിലുണ്ട്. ക്രിസ്തുവിന്‍റെ വാക്കുകളും പ്രവൃത്തികളും ജീവന്‍റെയും പ്രതീക്ഷയുടെയും പ്രഘോഷണങ്ങളായിരുന്നു. മുറിപ്പെട്ടവരെ സൗഖ്യപ്പെടുത്തിയും നിരാശയില്‍പ്പെട്ടവര്‍ക്കു പ്രതീക്ഷ കൊടുത്തും ഉയിര്‍പ്പിന്‍റെ ചൈതന്യത്തില്‍ മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ക്രിസ്തുവിന്‍റെ ശൈലി. വിമര്‍ശനത്തിന്‍റെ ഫ്രെയിമില്‍ മാത്രം വീടിനെയും സമൂഹത്തെയും രാഷ്ട്രീയത്തെയും മതത്തെയും വീക്ഷിക്കുന്നവരുടെയും, അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രതീക്ഷയുടെ സ്വപ്നങ്ങള്‍ കാണാനും മറന്നുപോകുന്നവരുടെയും ഇടയിലാണ് നാം ജീവിക്കുക.

************

"മറ്റുള്ള പെണ്‍കുട്ടികളില്‍നിന്നും വ്യത്യസ്തമായൊരു ജീവിതം നയിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഏറ്റവും അപകടം നിറഞ്ഞ നിമിഷങ്ങളുടെ നര്‍മ്മവശങ്ങള്‍ ഓര്‍ത്തു ചിരിച്ച് അതിന്‍റെ തുടക്കം രസകരമാക്കി. ചെറുപ്പക്കാരിയായ എനിക്ക് മൂടികിടക്കുന്ന ഗുണങ്ങള്‍ ഉണ്ട്. സാഹസിക ജീവിതം നയിക്കുന്ന ശക്തയായ ചെറുപ്പക്കാരി. അതിനിടയില്‍ ദിവസം മുഴുവന്‍ പിറുപിറുക്കാന്‍ കഴിയില്ല. സന്തോഷപ്രകടനവും ഉത്സാഹവും ശക്തിയും ധാരാളമായി എനിക്കു കിട്ടി. മോചനം അടുത്തെത്താറായി. പ്രകൃതി എത്ര മനോഹരമാണ്. എന്‍റെ ചുറ്റുമുള്ള ആളുകള്‍ എത്ര നല്ലവരാണ്. ഇങ്ങനെയെല്ലാം ചിന്തിച്ച് എന്‍റെ ആന്തരിക പുരോഗതി ദിവസവും എനിക്ക് അനുഭവപ്പെടുന്നു. പിന്നെ ഞാനെന്തിനു നിരാശപ്പെടണം..." ലോകത്തിലെ യുദ്ധഭീകരതയുടെ വലിയ ബലിയാടാണ് ആന്‍ ഫ്രാങ്ക്. "എല്ലാത്തിനും ഉപരിയായി ആളുകള്‍ എപ്പോഴും ഹൃദയംകൊണ്ട് നല്ലവരെന്നു ഞാന്‍ വിശ്വസിക്കുന്നു." വലിയ പീഡനങ്ങള്‍ക്കിടയിലും ശുഭാപ്തി വിശ്വാസത്തോടെ ലോകത്തെ കാണാന്‍ സാധിച്ച ആന്‍ഫ്രാങ്ക് ഒരു വലിയ മാതൃകയാണ്. യുദ്ധവും അസമാധാനവും പ്രതികാരവും വെറുപ്പും ദാരിദ്ര്യവും പട്ടിണിയും ഭയവും അനുഭവിച്ചുകൊണ്ടിരിക്കവെ എല്ലാം മനോഹരമായിരിക്കുന്നു എന്നു കാണാനുള്ള ഉയര്‍ന്ന ചിന്താഗതി ശ്ലാഘനീയം തന്നെ.

************

കുഞ്ഞിക്കൊതുക് ആദ്യമായി പറക്കാന്‍ പോയി  തിരിച്ചുവന്നപ്പോള്‍ അമ്മക്കൊതുക് ചോദിച്ചു: "എങ്ങനെയുണ്ടായിരുന്നു ആദ്യത്തെ പറക്കല്‍?" "എല്ലാവരും എന്നെ കൈകൊട്ടിയാണ് സ്വീകരിച്ചത്" കുഞ്ഞിക്കൊതുകു പറഞ്ഞു. സത്യത്തില്‍ കൊല്ലാന്‍വേണ്ടിയാണ് അവര്‍ കൈ ചേര്‍ത്തടിച്ചത്.  പക്ഷേ കുതിക്കാനുള്ള ഊര്‍ജ്ജമായി അതിനെ സ്വീകരിച്ചു. വിമര്‍ശനങ്ങളെ ചിലപ്പോള്‍ മുന്നോട്ടു കുതിക്കാനുള്ള ഇന്ധനമായി കരുതുക. അപ്പോള്‍ ഒരിക്കലും വഴിയില്‍ തളര്‍ന്നുവീഴുകയില്ല. ഓരോ വിമര്‍ശനവും നിങ്ങളെ കൂടുതല്‍ കരുത്തുള്ളവരാക്കാം. നമ്മള്‍ വളരാനും മാറാനും ആഗ്രഹിക്കണം. വിമര്‍ശനങ്ങളെ ഭയന്ന് മാറ്റപ്പെടാന്‍ നിന്നുകൊടുക്കരുത്.

************

ഉത്ഥാനതിരുനാളിന്‍റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേരുന്നു. ഉയിര്‍പ്പ് ജീവന്‍റെ പ്രഘോഷണമാണ്. ക്രിസ്തുവിന്‍റെ ഉയിര്‍പ്പിന്‍റെ ജീവന്‍ സ്വീകരിച്ച് പ്രതീക്ഷയുടെ, ശുഭാപ്തിവിശ്വാസത്തിന്‍റെ ജീവന്‍  പകര്‍ന്നുകൊടുക്കാന്‍ വിളിക്കപ്പെട്ടവര്‍. വെറുപ്പിന്‍റെയും കലഹത്തിന്‍റെയും അസമാധാനത്തിന്‍റെയും വിമര്‍ശനങ്ങളുടെയും ലോകത്ത് ഉയിര്‍പ്പിന്‍റെ - ജീവന്‍റെ - വാഹകരാകാം.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts