news-details
എഡിറ്റോറിയൽ

"എന്‍റെ അറിവില്‍ എന്‍റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് ഒരു കൊച്ചുപെണ്‍കുട്ടിയാണ്! എന്നും സൂര്യപ്രകാശവും പനിനീര്‍പ്പൂക്കളുമുള്ള ഒരു ലോകത്തിലാണ് അവള്‍ ജീവിക്കുന്നത്. അവിടെ ഇരുട്ടുമൂടി, മുള്ളുനിറഞ്ഞു കിടക്കുന്ന മൂലകളേയില്ല!" (പ്രകാശം പരത്തുന്ന പെണ്‍കുട്ടി).

ടി. പത്മനാഭന്‍റെ പ്രസിദ്ധമായ ചെറുകഥയാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി. ആത്മഹത്യ ചെയ്യാനായി മനസ്സിലുറപ്പിച്ച് നീങ്ങുന്ന ഒരാള്‍ അതിനു മുന്‍പ് ഒരു സിനിമ കാണാന്‍ കൊട്ടകയില്‍ കയറുന്നു. സിനിമ തുടങ്ങി അല്‍പനേരം കഴിയും മുമ്പ് ഒരു പെണ്‍കുട്ടി അയാളുടെ അടുത്തുവന്നിരിക്കുന്നു. വളരെ കുസൃതിയോടെ അവള്‍ അയാളോട് സംസാരിക്കുന്നു. ചിത്രത്തിലെ കഥ തനിക്ക് പറഞ്ഞു തരുമോ എന്ന് ചോദിക്കുന്നു. അവളുടെ സംസാരവും കുസൃതിയും അടുപ്പവും അയാളില്‍ മാറ്റമുണ്ടാക്കുന്നു. ആത്മഹത്യ  എന്ന ചിന്ത പോലും ഉപേക്ഷിച്ചാണ് അയാള്‍ പിന്നീട് അവിടെ നിന്നും പുറത്തു  വരുന്നത്. തന്‍റെ ജീവിതത്തില്‍ പ്രത്യാശയുടെ കിരണവുമായി കടന്നുവന്ന പെണ്‍കുട്ടിയെ അയാള്‍ വിളിക്കുന്ന പേരാണ് 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'. ഇരുട്ടിനെതിരെയുള്ള  തോണി തുഴയലാണ് കഥ.

പ്രകാശം പരത്തുന്ന നിരവധി മനുഷ്യര്‍ ഭൂമിയിലുള്ളതുകൊണ്ടാണ് നമുക്ക് ചുറ്റും ഇരുള്‍ പരക്കാത്തത്. അരുംകൊല ചെയ്യാന്‍ മടിക്കാത്ത ഭീകരരും, നീതി നടപ്പാക്കാനെന്ന വ്യാജേന ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നവരും, സ്നേഹം വിളമ്പി ചതിക്കുന്നവരും, സ്വന്തം കുഞ്ഞിനെ കൊല്ലുന്ന മാതാപിതാക്കളും ഉണ്ടായിക്കൊണ്ടിരിക്കും. നല്ലതും ചീത്തയും ഇവിടെ ഉണ്ട്. അപമാനിക്കപ്പെടുമ്പോഴും അക്ഷോഭ്യരായിരിക്കുന്ന, പരിഹസിക്കപ്പെടുമ്പോള്‍ പുഞ്ചിരിക്കുന്ന, അവഗണിക്കപ്പെടുമ്പോള്‍ ആത്മവിശ്വാസം കുറയാത്ത, ശമ്പളത്തിലധികമായി മനുഷ്യത്വത്തിന്‍റെ പേരില്‍ ദുഷ്കരമായ ജോലിക്കുവേണ്ടി ആരോഗ്യം ചിലവഴിക്കുന്ന മനുഷ്യര്‍ കൂടി വാഴുന്ന ഇടമാണ് ഇവിടം. ഇത്തരത്തില്‍ പ്രകാശിതരായ മനുഷ്യര്‍ വാഴുന്നത് കൊണ്ടാണ് ലോകം ഇത്രമേല്‍ സുന്ദരമാകുന്നത്.

***

സ്വാതന്ത്ര്യത്തിന്‍റെ 77-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ മഹാത്മാഗാന്ധി തൊട്ട് മുഖം അറിയില്ലാത്ത, പേരില്ലാത്ത വിവിധ മനുഷ്യര്‍ തെളിച്ച പ്രകാശമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. മനുഷ്യരുടെ സാമൂഹിക ഐക്യവും  യാതനകളും  സമര്‍പ്പണവും  ജീവന്‍ ത്യജിക്കാന്‍ ധൈര്യപ്പെട്ട ധീരതയും തന്നെയാണ് സ്വാതന്ത്ര്യത്തിന് നിദാനം.

ഇന്നും നാം അസ്വാതന്ത്ര്യത്തിന്‍റെ, അശാന്തിയുടെ, മത വിദ്വേഷത്തിന്‍റെ, രാഷ്ട്രീയ ചേരിതിരിവുകളുടെ ഇരള്‍ പരപ്പിലൂടെ കടന്നുപോകുന്നു. മനുഷ്യത്വമുള്ള പ്രകാശിതരായ മനുഷ്യര്‍ സമൂഹത്തിലുണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു, ആഗ്രഹിക്കുന്നു.

"മെലിഞ്ഞ, അര്‍ദ്ധനഗ്നനായ ഈ മനുഷ്യന്‍റെ കറുത്ത ശരീരത്തെ പൂര്‍ണ്ണമായും അധീനപ്പെടുത്തിയിട്ടുള്ള ഒരു മനസ്സുണ്ട്. പടക്കപ്പലുകളോ യന്ത്രത്തോക്കുകളോ ഉപയോഗിച്ച് അതിനെ കഷണം കഷണങ്ങളായി തകര്‍ക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ അതിനെ കീഴടക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വവാദികള്‍ അദ്ദേഹത്തെ ഉപദ്രവിക്കാതിരുന്നത്. കഴിയുന്ന എല്ലാ സൗകര്യങ്ങളും കൊടുത്തുകൊണ്ട് ആറുവര്‍ഷക്കാലത്തേക്ക് അദ്ദേഹത്തെ വെറും തടവില്‍ വെയ്ക്കാനേ അവര്‍ ധൈര്യപ്പെട്ടുള്ളു. ഇതാകട്ടെ അദ്ദേഹത്തെ സജീവരാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍വേണ്ടി മാത്രമാണുതാനും.

ഇന്ന് വീശുന്ന കൊടുങ്കാറ്റ് സ്വല്‍പമൊന്ന് ശാന്തമായാല്‍ അദ്ദേഹത്തെ അവര്‍ വിടും. എന്തുകൊണ്ടെന്നാല്‍, മഹാത്മാവായ ഗാന്ധി ജയിലില്‍ കിടക്കുന്ന കാലത്തോളം ഇന്ത്യയുടെ ജനലക്ഷങ്ങളുടെ ആരാധനാപാത്രമായ രക്തസാക്ഷി ഗാന്ധി ആയിരിക്കും. ജയിലില്‍ കിടക്കുന്ന ഗാന്ധി സ്വതന്ത്രനായ ഗാന്ധിയെക്കാള്‍ അപകടകാരിയാണ് എന്ന് പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്" - ഹവ്ലിന്‍റോയ്.

പ്രകാശിതനായ ഒരു മനുഷ്യന്‍ മുന്നില്‍ നടന്നാല്‍ പിന്നില്‍ വരുന്നവരും പിന്നീടു വരുന്നവരും പ്രകാശിതരാകും. ഗാന്ധിജി വഴിവിളക്കാണ്. അനേകര്‍ വെളിച്ചത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് എത്താനായത് അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍കൊണ്ടുകൂടിയാണ്. ഈ ലോകത്തില്‍, ഭാരതത്തില്‍ പ്രകാശിതരായ കുറച്ചു മനുഷ്യരെയാണ് ആവശ്യം. സത്യം, അഹിംസ, നീതി, ലാളിത്യം തുടങ്ങിയ വിവിധ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, മുന്നില്‍ നിന്ന് നയിക്കാന്‍ നേതൃത്വവും ആദര്‍ശവും ഉള്ളവരെ.

***

കസന്‍ദീസാക്കീസിന്‍റെ ദൈവത്തിന്‍റെ നിസ്വന്‍ എന്നു പേരായ വി.ഫ്രാന്‍സിസ് അസീസിയെ കുറി ച്ചുള്ള നോവലില്‍ വിവരിച്ചിരിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട്. സന്യാസ ജീവിതത്തിലേക്ക് തന്നെ കൂടി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സിസിന്‍റെ അടുത്തെത്തുന്ന ക്ലാര. ഫ്രാന്‍സിസ് ആകട്ടെ പലതരത്തില്‍ അവളെ നിരുത്സാഹപ്പെടുത്തുവാനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവള്‍ തന്‍റെ പരിശ്രമം ഉപേക്ഷിക്കുന്നില്ല. ഒടുവില്‍ സഹികെട്ട് ഫ്രാന്‍സിസ് അവളോട് ചോദിക്കുന്നു' മഹാപ്രഭുവായ ഫെര്‍ഡിനാന്‍റോയുടെ പുത്രിക്ക് നഗ്നപാദയായി നടക്കാന്‍ കഴിയുമോ? ഉറച്ച സ്വരത്തില്‍ അവള്‍ മറുപടി പറയുന്നു 'എനിക്ക് കഴിയും'. ഫ്രാന്‍സീസ് വീണ്ടും ചോദിക്കുന്നു.

'നിനക്ക് ധനികരുടെ വീട്ടുപടിക്കല്‍ വന്നു ഭിക്ഷ യാചിക്കാന്‍ കഴിയുമോ?'. അവള്‍ പറയുന്നു 'എനിക്ക് കഴിയും'.

'ദരിദ്രരെ കുളിപ്പിക്കുവാനും അവരുടെ മുറിവുകളില്‍ ചുംബിക്കുവാനും കഴിയുമോ..?'

അവള്‍ വീണ്ടും മറുപടി പറയുന്നു 'എനിക്ക് കഴിയും'. ക്രിസ്തുവിനെ പ്രതി കൂനിയെന്നും ചട്ടുകാലിയെന്നും വിളിക്കപ്പെടാന്‍ കഴിയുമോ? അതിനും ധൈര്യത്തോടെ അവള്‍ മറുപടി പറയുന്നൂ 'എനിക്ക് കഴിയും'. ഉടന്‍ ഫ്രാന്‍സിസ് ഒരു ഭ്രാന്തനെ പോലെ മുരളികൊണ്ട്  അടുപ്പില്‍ നിന്നും ഒരു പിടി ചാരമെടുത്ത് അവളുടെ ശിരസിലും നെറ്റിയിലും കഴുത്തിലും പൂശിക്കൊണ്ട് അവളെ വിളിക്കുന്നു 'ക്ലാര', 'സിസ്റ്റര്‍ ക്ലാര'. പ്രകാശം എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം.

***

ഈ മാസത്തില്‍ സഹനത്തില്‍ അഗ്നിശുദ്ധി ചെയ്യപ്പെട്ട പ. അമ്മയുടെ സ്വര്‍ഗ്ഗാരോപണവും,  ക്ലാരപുണ്യവതിയുടെ തിരുനാളും ആഘോഷിക്കുന്നു. 'ക്ലാര' എന്നാല്‍ പ്രകാശം എന്നാകുന്നു. ജീവിതത്തിന്‍റെ സവിശേഷതകൊണ്ട് പ്രകാശിതരായവര്‍. അപരിമേയ ധീരത, എടുത്ത തീരുമാനത്തിനനുസരിച്ച് മരണത്തോളം ജീവിക്കാനുള്ള ഇച്ഛാശക്തി, കുടഞ്ഞെറിഞ്ഞാലും അകന്നുപോകാത്ത ദൈവാശ്രയബോധം, അനേകം വിശ്വാസികളെ ഈശ്വരവഴികളിലേക്ക് നയിക്കാന്‍ ഉതകുന്ന ഉള്‍ക്കാഴ്ച, പ്രകാശം പരത്തുന്ന തെളിഞ്ഞു നില്‍ക്കുന്ന ജീവിതങ്ങള്‍. പ. അമ്മയെയും, ക്ലാരപുണ്യവതിയെയും ഫാ. മാര്‍ട്ടിനും സി. പീയുഷ എഫ്.സി.സി.യും ലേഖനത്തിലൂടെ ധ്യാന വിഷയമാക്കുന്നു. നമുക്ക് പ്രകാശം പരത്തുന്ന, ഇരുളിനെ പഴിക്കാതെ വെളിച്ചത്തിലേക്കു കണ്ണു തുറന്നു വയ്ക്കുന്ന മനുഷ്യരാവാം.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts