"Brother, let me ask one thing more: has any man a right to look at other men and decide which is worthy to live?'' -Brothers Karamazove
സ്നേഹത്തിലൂടെയല്ലാതെ സഭയില്‍ ആരു ജയിച്ചാലും തോല്‍ക്കുന്നത് ക്രിസ്തുവാണ്.
പ്രമുഖമായ ഒരു ചാനലില്‍ അവതാരകന്‍ പ്രമാദമായ സീറോ മലബാര്‍ തര്‍ക്കത്തെക്കുറിച്ച് വാര്‍ത്ത അവതരിപ്പിക്കുകയാണ്. ക്രൈസ്തവര്‍ ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഏറ്റവും വലിയ അടയാളമായി കാണുന്ന കുര്‍ബാന (എന്നിട്ട് സ്വയം തിരുത്തുന്നു, വിശുദ്ധ കുര്‍ബാന)യെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ സര്‍ക്കുലര്‍ കത്തിക്കുന്നതില്‍വരെ എത്തിയിരിക്കുന്നു. വാര്‍ത്ത ഇങ്ങനെ പോകുന്നു. വളരെ സെക്കുലറായ ഒരിടത്തുനിന്നുപോലും ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അടയാളമായി കാണുന്ന ഒന്നാണ് വി. കുര്‍ബാന. പക്ഷേ എന്തുകൊണ്ടോ വിശ്വാസികള്‍ക്ക് (മെത്രാന്മാരും വൈദികരും അല്മായരും ഉള്‍പ്പെടെ) അതിന്‍റെ മഹത്വം പിടികിട്ടുന്നതേയില്ല. അതിപ്പോള്‍ ഒരു കൂട്ടരെ മറ്റൊരു കൂട്ടര്‍ പുറത്താക്കും എന്നുവരെ എത്തിനില്ക്കുന്നു.
ഇതു വായിക്കുമ്പോഴേക്കും ഇവിടെ എന്തൊക്കെ നടന്നിട്ടുണ്ടാകാം. ചില ആകുലതകള്‍ മാത്രം മുന്നോട്ടു വയ്ക്കട്ടെ.
ക്രിസ്തീയത യഥാര്‍ത്ഥത്തില്‍ ഒരു മാര്‍ഗം അല്ലേ? ക്രിസ്തുവെന്ന വഴിയിലൂടെ പിതാവിലേക്ക്, സ്നേഹത്തിലേക്കുള്ള (സഹോദരങ്ങളിലേക്ക്, പ്രകൃതിയിലേക്ക്, അവനവനിലേക്ക്) യാത്ര. രണ്ടു സഹസ്രാബ്ദങ്ങളിലൂടെ അവന്‍റെ സന്ദേശം സഞ്ചരിച്ചത് നിയതമായ മാര്‍ഗത്തിലൂടെയും നിയമങ്ങളിലൂടെയും മാത്രമായിരുന്നോ? തീര്‍ച്ചയായും അല്ല. വഴിമാറി സഞ്ച രിച്ചവരുടേതും കൂടി ആയിരുന്നു ക്രിസ്തീയത. സന്ന്യാസ സമൂഹങ്ങളുടെ ഉത്പത്തിതന്നെ അതിന്‍റെ വലിയ തെളിവ്.
വൈവിധ്യമാണ് സഭ മുഴുവനും. എത്രമാത്രം സംസ്കാരങ്ങളെ, ഭാഷകളെ ആചാരാനുഷ്ഠാനങ്ങളെ ഉള്‍ക്കൊണ്ടും രൂപപ്പെടുത്തിയുമാണ് അത് വികസിച്ചത്, പടര്‍ന്നു പന്തലിച്ചത്. ഓരോ നാടിന്‍റെ പ്രത്യേകതകളെ ഉള്‍ക്കൊണ്ട് രൂപപ്പെട്ട ആരാധനക്രമം ആ നാടിന് ശരിയും മറ്റുള്ളവര്‍ക്ക് തെറ്റുമായിരുന്നു. വിദേശിയര്‍ ഇവിടെ തിരുത്താന്‍ ശ്രമിച്ചു എന്നുപറയുന്നത് അതുകൊണ്ടല്ലേ? (ഉദയംപേരൂര്‍ സൂനഹദോസ് 1599). അതേ പോലെ ചിന്തിച്ചാല്‍ ഒരേ സമൂഹത്തില്‍ എത്ര വ്യത്യസ്തമായ അനുഷ്ഠാനങ്ങള്‍ നിലവിലുണ്ട്. കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെ ഒരുപാടു കാര്യങ്ങളില്‍ കത്തോലി ക്കര്‍തന്നെ വ്യത്യസ്തത പുലര്‍ത്തുന്നവരാണ്. തുടക്കംമുതല്‍ വ്യത്യസ്തമായി നിലനിന്ന ഒരു സമൂഹത്തെ പെട്ടെന്ന് മാറ്റാന്‍ തിടുക്കപ്പെട്ടു ശ്രമിച്ച്, പുറത്താക്കല്‍ ഭീഷണികള്‍ ഉയര്‍ത്തുന്നത് ക്രിസ്തുവിന്‍റെ വഴിയല്ല.
വ്യക്തിപരമായി കണ്ട് വേണം സഹോദരന്‍റെ തെറ്റുതിരുത്താന്‍ എന്ന ഗുരുമൊഴി ഈ കാര്യത്തില്‍ എത്രത്തോളം പുലര്‍ത്തിയിട്ടുണ്ട്. ഇടഞ്ഞു നില്ക്കുന്ന വൈദികരെയും വിശ്വാസികളെയും വ്യക്തിപരമായി കണ്ട് പരിഹരിക്കാന്‍ തീര്‍ച്ചയായും ഇക്കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങള്‍ ധാരാളമായിരുന്നു. ഫലം വിപരീതമായിരുന്നാല്‍പോലും ക്രിസ്തുവിന്‍റെ സന്നിധിയില്‍ അവയ്ക്ക് വിലയുണ്ടായേനെ. എന്‍റെയറിവില്‍ ഈ കാലഘട്ടത്തില്‍ ഒന്നിലധികം തവണ ഒരു മേലധികാരിയും അവിടെയുള്ള വൈദികരെ കണ്ടിട്ടില്ല. വ്യക്തിപരമായി സംസാരിച്ചാല്‍ രമ്യമായി പരിഹരിക്കാന്‍ കഴിയാത്ത എന്തു പ്രശ്നമാണ് സഭയിലുള്ളത്. പകരം രണ്ടു ഭാഗത്തുനിന്നും പരസ്യ പ്രസ്താവനകളും വെല്ലുവിളികളും ഉണ്ടായി, ഉണ്ടാകുന്നു.
ആദിമകാലത്ത് ആചാരപരമായ തര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ ജറുസലേമില്‍ ഒരുമിച്ചു കൂടിയ ശിഷ്യന്മാര്‍ എത്ര രമ്യമായി അതിനെ പരിഹരിച്ചു. അവിടെ വലിയ വാദപ്രതിവാദം ഒക്കെ ഉണ്ടായിരുന്നു (നടപടി 15:1-35). അവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിലൂടെ വെളിപ്പെട്ട രക്ഷയുടെ സന്ദേശം ലോകത്തെ അറിയിക്കുക എന്നതായിരുന്നു പരമപ്രധാനം. അതിനു മുമ്പില്‍ മറ്റുള്ളവയെ നിസ്സാരമായി കാണാന്‍ അവര്‍ക്കു കഴിഞ്ഞു. ഒന്നോര്‍ത്താല്‍ സഭ ഇടപെടേണ്ട ഒരു നൂറായിരം കാര്യങ്ങള്‍ തമസ്കരിച്ച് ഈ കാര്യത്തിനു വേണ്ടി തെരുവില്‍ സാഹോദര്യം എറിഞ്ഞുടയ്ക്കുന്നത്, ക്രിസ്തുവിനെ ഒറ്റുകൊടുക്കുന്നതിന് തുല്യമല്ലേ?
ഭിന്നിപ്പിച്ച് മുതലെടുക്കുന്നവര്‍ രണ്ടു പക്ഷത്തും ഉണ്ടെന്നസത്യം അംഗീകരിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇതിനിടയില്‍ സഭയിലെ മുറിവിനെ വ്രണപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ചെയ്തികള്‍ മൂലം ആര്‍ക്ക് എന്തു പ്രയോജനം ഉണ്ടായി!
ഭാരതത്തിന്‍റെ വൈവിധ്യങ്ങളെ നശിപ്പിക്കുന്നു, എന്ന് നിരന്തരം നിലവിളിക്കുന്ന സഭയ്ക്കുള്ളില്‍ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാകുന്നത് ഒട്ടും ഭൂഷണമല്ല. സിറോ മലബാര്‍ സഭയില്‍ ഉള്‍പ്പെട്ട കോട്ടയം അതിരൂപതയുടെ കീഴിലുള്ള കുറച്ചു പള്ളികള്‍ അന്ത്യോക്യന്‍ ആരാധനക്രമം (മലങ്കര ക്രമം) അനുഷ്ഠിച്ച് ജീവിക്കുന്നവരാണ്. സീറോ മലബാര്‍ സഭ ഇതിനെ എങ്ങനെയാണ് നിര്‍വചിക്കുന്നത് എന്നതും പ്രസക്തമാണ്.
രണ്ടാം സഹസ്രാബ്ദത്തിന്‍റെ തുടക്കത്തില്‍ (AD 1054) കത്തോലിക്ക - ഓര്‍ത്തഡോക്സ് എന്നിങ്ങനെ സഭ വിഭജിക്കപ്പെട്ടത് പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോയതിന്‍റെ പേരിലായിരുന്നു. വ്യത്യസ്തമായ ഭാഷകളിലെ ചില പ്രയോഗങ്ങളെ അര്‍ത്ഥപൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാതെ പോയ പിതാക്കന്മാരുടെ പ്രവൃത്തികള്‍ മൂലമുണ്ടായ വിടവ് അങ്ങനെതന്നെ തുടരുന്നു. സീറോ മലബാര്‍ സഭയിലെ ഭിന്നതകളുടെ പിന്നാമ്പുറത്തും മാനുഷികമായ വാശികളും ഈഗോയും ഉണ്ടെങ്കില്‍ ക്രിസ്തുവിന്‍റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന് ആരും മറന്നുപോകരുതേ. മണ്‍ മറഞ്ഞുപോയവരുണ്ടാക്കിയ ഭിന്നതകളുടെ വേലി കെട്ടുകളെ തലമുറകളായി കൈമാറ്റം ചെയ്യേണ്ടതുണ്ടോ?
'വിട്ടുകൊടുത്തുകൂടേ?'
'അപ്പോള്‍ തോല്‍ക്കില്ലേ?'
ആരു ജയിച്ചാലും തോറ്റാലും ജയിക്കുന്നതും തോല്‍ക്കുന്നതും അവനവന്‍റെ വാശിയാണ്, വാശി മാത്രമാണ്.
നമ്മുടെ വാശി ജയിക്കുമ്പോള്‍ തോല്‍പ്പിക്കുന്നത് ക്രിസ്തുവിനെയാണ്. ക്രിസ്തുവില്‍ ആയി രിക്കുകയും ക്രിസ്തുവിലേക്ക് നോക്കി ജീവിക്കുകയും ആണ് പ്രധാനം. ബാക്കിയെല്ലാം അതിലേക്കുള്ള പാതകള്‍ മാത്രം. എന്‍റെ ഓര്‍മ്മയ്ക്കായി ഇത് അനുഷ്ഠിക്കുവിന്‍ എന്നാണ് ഗുരു പഠിപ്പിച്ചത്. അവന്‍ തോറ്റതിന്‍റെ, മുറിച്ചു നല്കിയതിന്‍റെ, തെറ്റിദ്ധരിക്കപ്പെട്ടതിന്‍റെ, അന്യായമായി വിധിക്കപ്പെട്ട തിന്‍റെ, ഒറ്റിക്കൊടുക്കപ്പെട്ടതിന്‍റെ, ക്രൂശിക്കപ്പെട്ടതിന്‍റെ ഓര്‍മ്മ. ആ ഓര്‍മ്മയിലാണ് കാലങ്ങളായി പാവപ്പെട്ടവന്‍റെ അവസാന അത്താണിയായി സഭ നിലനിന്നത്. ആ ഓര്‍മ്മയാചരണത്തിന്‍റെ രീതികളുടെ പേരിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്. ക്രിസ്തുവിനേക്കാള്‍ വലുതല്ല മറ്റൊന്നും. ഫയദോര്‍ ദൊസ്തയവസ്കിയുടെ ബ്രദേഴ്സ് കാരമസോവ് എന്ന നോവലിലെ 'ഗ്രാന്‍റ് ഇന്‍ക്വിസിറ്റര്‍' എന്ന ഭാഗം ഒരു ധ്യാനവിഷയമാക്കാവുന്നതേയുള്ളു.