news-details
എഡിറ്റോറിയൽ

കറുപ്പും വെളുപ്പുമായ കളങ്ങളില്‍ ഒതുക്കാന്‍ കഴിയാത്ത മനുഷ്യരുടെ കൂടിയാണ് ഈ ഭൂമി.

കാലാകാലങ്ങളായി സമൂഹം രൂപപ്പെടുത്തിയ പരമ്പരാഗതമായ ചില തരംതിരിവുകള്‍ ഉണ്ട്. അവയില്‍ ചിലത് കാലഘട്ട ത്തിന്‍റെ ആവശ്യമായിരുന്നു. ചില തരംതിരിവുകള്‍ ഒരു പരിധി വരെ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായിച്ചിട്ടുമുണ്ടാവാം. ബൈനറീസ് എന്നു വിളിക്കപ്പെടുന്ന ഈ തിരിവുകള്‍ക്കപ്പുറം ഉള്ളത് സമൂഹം, നിരക്കാത്തതായി കരുതി തള്ളാറുണ്ട്.

ഈ കാലത്ത് അതില്‍ നിന്ന് വളരെയധികം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീ-പുരുഷ ലിംഗങ്ങള്‍ മാത്രമല്ല മറ്റൊരു വിഭാഗം കൂടി ഈ ലോകത്തില്‍ ജീവിക്കുന്നുണ്ട് എന്ന് സമൂഹം കൂടുതല്‍ ഉള്‍കൊണ്ടു തുടങ്ങിയിരിക്കുന്നു. വത്തിക്കാനിലെ വിശുദ്ധ സ്ഥലങ്ങള്‍ ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി തുറന്നു കൊടുത്തതു വളരെ പ്രാധാന്യത്തോടെ യൂറോപ്യന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'വാതിലുകള്‍ തുറക്കുക' എന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് ഇവിടെ വ്യക്തമാവുകയാണെന്ന് അവര്‍ കുറിച്ചു.

ഓള്‍ ദ ബ്രൈറ്റ് പ്ലേസസ് 'All the Bright places' എന്നൊരു മൂവിയുണ്ട്. അതിലെ നായക കഥാപാത്രം തിയഡോര്‍ ഫിഞ്ച്, ഇടയ്ക്കിടെ തനിക്കുണ്ടാകുന്ന മാനസികമായ അസ്വസ്ഥതകളുടെ പേരില്‍ സ്കൂളിലെ കൗണ്‍സിലറെ കൃത്യമായ ഇടവേളകളില്‍ കാണേണ്ടതായി വരുന്നുണ്ട്.  ഇടയ്ക്കിടെ അവന്‍ കുറച്ചു കാലം സ്കൂളിലെത്താറില്ല. സഹപാഠികള്‍ ഫ്രീക്ക് (Freak) എന്ന് വിളിച്ച് അവനെ കളിയാക്കാറുണ്ട്. അങ്ങനെയിരിക്കെ ആത്മഹത്യ ശ്രമത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ അവന്‍ രക്ഷപ്പെത്തുന്നു. അവളുടെ ചിരിയും സാധാരണ ജീവിതവും വീണ്ടെടുക്കാനായി ശ്രമിക്കുന്നു. സ്കൂള്‍ പ്രൊജക്ടിന്‍റെ ഭാഗമായി പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് അവളെയും കൂട്ടി യാത്ര ചെയ്യുന്നു. ആ യാത്രകള്‍ക്കിടയില്‍ അവര്‍ തമ്മില്‍ പ്രണയം ഒക്കെ രൂപപ്പെടുന്നു. പക്ഷേ, അവള്‍ സാധാരണ ജീവിതം കൈവരിച്ചു തുടങ്ങുമ്പോഴേക്കും അവന്‍ പതിയെ വിഷാദത്തിലേക്ക് വീണുപോകുന്നു. അവളുടെ മുമ്പില്‍ വെച്ച് അവളുടെ പഴയ കൂട്ടുകാരന്‍ അവനെ ഫ്രീക്ക് എന്ന് വിളിക്കുകയും അവന്‍ വന്യമായി അതിനോട് പ്രതികരിക്കുകയും ചെയ്യുന്നു. അതോടെ അവന്‍ കൂടുതല്‍ നിരാശയിലേക്കും ഏകാന്തതയിലക്കും വീഴുന്നു. പിന്നീട് അവളുടെ സാന്നിധ്യം പോലും അവന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ അവനേറ്റം പ്രിയപ്പെട്ട ഒരു ഇടത്ത് തന്നെ ജീവിതം അവസാനിപ്പിക്കുന്നു. പിന്നീട് അവന്‍റെ കൂട്ടുകാരി, ക്ലാസ്സ് പ്രൊജക്ടിന്‍റെ ഭാഗമായി തങ്ങള്‍ ഒരുമിച്ചു നടത്തിയ യാത്രകളെയും അതുവഴി തന്‍റെ കാഴ്ചപ്പാടുകള്‍ നവീകരിക്കപ്പെട്ടതിനെയും കൂട്ടുകാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നു. തങ്ങള്‍ തീരെ അവഗണിച്ചുകളഞ്ഞ, ഫ്രീക്ക് എന്നു വിളിച്ച് ഒഴിവാക്കിയ അവന്‍റെ ജീവിതവും കാഴ്ചപ്പാടുകളും അവളിലൂടെ അറിയുന്ന സഹപാഠികള്‍ നിശബ്ദരാകുന്നു. ഫിഞ്ച്, തന്നെ വീണ്ടെടുത്ത വഴികളെക്കുറിച്ചും, താനറിയാതെ, തന്നെ പഠിപ്പിച്ച ജീവിതത്തിന്‍റെ സൗന്ദര്യത്തെയും താന്‍ തിരിച്ചറിഞ്ഞ അര്‍ത്ഥത്തെയും പങ്കുവയ്ക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. തങ്ങള്‍ തീരെ ഫ്രീക്കായി കണ്ട ഒരാളെ കുറിച്ചാണ് ഈ കേള്‍ക്കുന്ന കാര്യങ്ങള്‍ എന്നത് അവര്‍ക്ക് ഒരേ സമയം സന്തോഷവും സങ്കടവും നല്കുന്നു.

നിയതമായ വഴിയിലൂടെയല്ലാതെ പോകുന്ന എല്ലാറ്റിനെയും തെറ്റെന്നും നിയമലംഘനമെന്നും ഭ്രാന്തെന്നും ഒക്കെ വിളിക്കുന്നത് പണ്ടു മുതലേ മനുഷ്യര്‍ തുടര്‍ന്നു വരുന്ന കാര്യമാണ്. യുവാക്കളെ വഴിതെറ്റിക്കുന്നു എന്നു പറഞ്ഞുകൊണ്ട് പുതിയ തലമുറയ്ക്ക് അറിവു പകര്‍ന്ന സോക്രട്ടീസിനെ അധികാരികള്‍ വിഷം നല്കി അവസാനിപ്പിച്ചു. മതത്തിന്‍റെ ചട്ടക്കൂടുകള്‍ക്കു പുറത്ത് ദൈവത്തെ പ്രതിഷ്ഠിച്ചതിന്‍റെ പേരില്‍; ദൈവം അപ്പനാണെന്നും നിങ്ങള്‍ മക്കളെന്നും പഠിപ്പിച്ചതിന്‍റെ പേരില്‍ യേശുവിനെ അവന്‍റെ കാലത്തെ മതവും അധികാരികളും ഒരു ഭീഷണിയായി കണ്ട് ക്രൂശേറ്റി. തങ്ങളുടെ ഫ്രെയിമുകള്‍ക്കുള്ളില്‍ ഒതുങ്ങാത്തവരെയൊക്കെ സമൂഹം ഒന്നുകില്‍ വിമതനെന്നും അല്ലെങ്കില്‍ ഭ്രാന്തനെന്നും വിളിക്കുന്നു. ക്രിസ്തുവിന്  ഭ്രാന്തെന്ന് കേട്ട് അവനെ പിടിച്ചുകൊണ്ട് പോകാന്‍ അവന്‍റെ വീട്ടുകാര്‍ വന്നത് സുവിശേഷത്തില്‍ നമ്മള്‍ കാണുന്നുണ്ട്.

വി. ഫ്രാന്‍സിസ് അസ്സീസിയും  ഇതേ അനുഭവത്തിലൂടെ കടന്നുപോയ ഒരാളാണ്. പ്രഭു പദവി തേടിയിറങ്ങിയ ചെറുപ്പക്കാരന്‍ പാതിവഴിക്ക് മടങ്ങിപ്പോരുമ്പോള്‍, പള്ളിയില്‍ പോയി ദീര്‍ഘനേരം പ്രാര്‍ഥിക്കുമ്പോള്‍, പൊളിഞ്ഞ പള്ളി പണിയാന്‍ ശ്രമിക്കുമ്പോള്‍, സുവിശേഷം അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍, സ്റ്റേഹം സ്നേഹിക്കപ്പെടുന്നില്ല എന്നുപറഞ്ഞ് കീറയുടുപ്പുകള്‍ ഇട്ട് തനിക്ക് സുപരിചിതരായ നാട്ടുകാരുടെ മുമ്പില്‍ ഭിക്ഷ തേടുമ്പോള്‍, ദൈവം സ്നേഹിക്കുന്നു എന്ന സുവിശേഷം പറയുമ്പോള്‍ ഒക്കെ അയാള്‍ക്കു ഭ്രാന്താണെന്ന് നാട്ടുകാര്‍ പറഞ്ഞു.

വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന വരെല്ലാം വിമതരോ, മാറ്റിനിര്‍ത്തേണ്ടവരോ അല്ല. വ്യത്യസ്തമായ അഭിപ്രായങ്ങളോ ആശയങ്ങളോ ജീവിതരീതിയോ ആത്മീയതയോ വിശ്വാസമോ പുലര്‍ത്തുന്നവരെ സംശയത്തോടെ നോക്കുകയും പെരുമാറുകയും ചെയ്യുന്നതും ഒട്ടും അഭിലഷണീയമല്ല. വ്യത്യസ്തതകളെ ആഘോഷിക്കുന്ന ഒരു സമൂഹമായിരുന്നു ഭാരതം. 'നാനാത്വത്തില്‍ ഏകത്വം'  എന്ന വാചകം നമ്മുടെ ഒക്കെ ബോധത്തില്‍ ചെറുപ്പത്തിലെ പതിഞ്ഞതാണ്.

പുതിയ തലമുറയെ അടിമുടി സംശയത്തോടെ മാത്രം നോക്കുന്നതും ഉചിതമല്ല. 60 കാരന് സ്വപ്നം പോലും കാണാന്‍ കഴിയാത്തത്ര വ്യത്യസ്തമായ ലോകവീക്ഷണവും അറിവും പതിനഞ്ചുകാരന് ഉണ്ട് ഇപ്പോള്‍. മുതിര്‍ന്നവര്‍ തങ്ങളുടെ അനുഭവസമ്പത്തും പുതിയ തലമുറയുടെ വീക്ഷണവും ഒരുപോലെ സംയോജിപ്പിക്കുകയാണ് പ്രധാനം. അവരുടെ ഭിന്നമായ സ്വരങ്ങളെ കേള്‍ക്കാനുള്ള മനസ്സാണ് ആവശ്യം.

തങ്ങളെക്കാള്‍ മികവോടെ പിന്നാലെ വരുന്നവര്‍ പ്രശോഭിക്കുന്നത് അഭിമാനത്തോടെ കാണാന്‍ കഴിയുന്ന മുതിര്‍ന്ന തലമുറയാണ് ആവശ്യം. അല്ലാതെ പിറുപിറുപ്പും പരാതിയുമായി അസൂയയില്‍ ജീവിക്കുന്നവര്‍ വല്ലാത്ത ശോകമാണ്. അതിപ്പോള്‍ സമൂഹജീവിതത്തിലായാലും കുടുംബത്തില്‍ മാതാപിതാക്കളായാലും. തങ്ങളുടെ അനുഭവവും ആശയങ്ങളും മാത്രം ശരിയെന്നു വാശിപിടിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവസരം കിട്ടിയതുകൊണ്ടാണ് തങ്ങള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ എന്ന് ഓര്‍ത്താല്‍ മതി പിന്‍തലമുറയ്ക്ക് അര്‍ഹമായ സ്വാതന്ത്ര്യം നല്കാന്‍.

തങ്ങളെ സ്വീകരിക്കാതിരുന്ന ഗ്രാമത്തെ അഗ്നിയിറക്കി ദഹിപ്പിക്കാന്‍ ചിന്തിക്കുന്ന യോഹന്നാനെ തിരുത്തുന്ന ഈശോയെ സുവിശേഷം കാണിച്ചുതരുന്നുണ്ട്.  സിനിമയിലെ നായകനെപ്പോലെ തീരെ സാധാരണക്കാരനായ, അല്പം പൈത്യം ഒക്കെയുളള കൗമാരക്കാരന്‍ വ്യത്യസ്തമായ തന്‍റെ ശൈലികൊണ്ട് തന്‍റെ പരിസരങ്ങളെ പ്രകാശിപ്പിക്കുന്നത് അവനെ മാറ്റി  നിറുത്തിയവരുടെ കണ്ണുനനയിക്കുന്ന അനുഭവമാണ്. തിരുഹൃദയത്തെ ധ്യാനിക്കുന്ന നമുക്ക് വ്യതിരിക്തകളെ ആലിംഗനം ചെയ്യാന്‍ കഴിയുന്ന  വിശാലമായ ഒരു ഹൃദയം ഉണ്ടാകട്ടെ.

മനുഷ്യന്‍റെ അന്തസ്സിനെക്കുറിച്ചും ലിംഗപ്രത്യയ ശാസ്ത്രത്തെക്കുറിച്ചുമുള്ള കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെ കുറിച്ച് എഴുതുകയാണ് ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസ് എസ്. ജെ. 'മനുഷ്യന്‍റെ അന്തസ്സും ലിംഗപ്രത്യയ ശാസ്ത്രവും കത്തോലിക്ക വീക്ഷണത്തില്‍' എന്ന ലേഖനത്തില്‍. ഭിന്നശേഷി സൗഹൃദമാകേണ്ടുന്ന പൊതു ഇടങ്ങളെക്കുറിച്ചാണ് 'ഉള്ളുലച്ച വര്‍ത്തമാനം' എന്ന ലേഖനത്തില്‍ കവിത ജേക്കബ് എഴുതുന്നത്.

വാക്സിനേഷനും ആശങ്കകളും എന്ന  ലേഖനത്തിലൂടെ ഡോ. അരുണ്‍ ഉമ്മന്‍ കോവിഡ് വാക്സിനേഷനെ വിലയിരുത്തുന്നു. 'മരുപ്പച്ചതേടുന്നവരും നേടുന്നവരും' എന്ന ലേഖനത്തിലൂടെ തന്‍റെ അനു ഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍. മറ്റു സ്ഥിരം പംക്തികളും വായിക്കാം.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts