news-details
എഡിറ്റോറിയൽ

ഉത്ഥിതനായ ക്രിസ്തു സ്വയം വെളിപ്പെടുത്തിയതും തന്നെ തിരിച്ചറിയാനായി ശിഷ്യരെ കാണിച്ചതും, കൈകളിലെയും കാലുകളിലെയും പാര്‍ശ്വത്തിലെയും മുറിവുകളായിരുന്നു. സംശയം പൂണ്ട തോമസിനെയും ക്ഷണിക്കുന്നത് അതിനായിട്ടായി രുന്നു. 'വന്ന് എന്‍റെ മുറിവുകള്‍ കാണുവിന്‍' (യോഹ, 20:20, 27). ഉത്ഥാനം ചെയ്ത യേശുവിന്‍റെ ഐഡന്‍റിറ്റിയായിട്ടാണ് ഈ മുറിവുകളെ ചിത്രീകരിക്കുന്നത്. മുറിവുകളാല്‍ നിറഞ്ഞ ഒരു ജനതയ്ക്ക് വേണ്ടി മുറിവേറ്റ ദൈവപുത്രന്‍റെ അടയാളമായി മാറി പഞ്ചക്ഷതങ്ങള്‍.

ദൈവത്തോടുള്ള അടങ്ങാത്ത സ്നേഹവും അഭിനിവേശവും മൂലം ക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കാന്‍ കഠിനമായി യത്നിച്ചിരുന്ന അസ്സീസിയിലെ വി. ഫ്രാന്‍സിസിന് അവിടുന്ന് തന്‍റെ അടയാളങ്ങള്‍ നല്കി അനുഗ്രഹിച്ചു. 1224 സെപ്റ്റംബര്‍ 17 ന് ഫ്രാന്‍സിന് പഞ്ചക്ഷതങ്ങള്‍ ലഭിച്ചു. വി. ഫ്രാന്‍സിസിന് ക്രിസ്തു തന്‍റെ സ്നേഹമുദ്ര ചാര്‍ത്തി നല്കിയ തിന്‍റെ 800-ാം  വാര്‍ഷികമാണ് ഈ മാസം. വി. ഫ്രാന്‍സിസിനെ സ്നേഹിക്കുന്ന നമുക്കും ഇത്  ആനന്ദത്തിന്‍റെ വേളയാണ്. അദ്ദേഹത്തിലൂടെ ക്രിസ്തുവിന്‍റെ മുറിവുകളെ ഒരിക്കല്‍ കൂടി ധ്യാനിക്കാനുള്ള അവസരം.

പലതരത്തില്‍ മുറിവേറ്റ മനുഷ്യരാണ് നമ്മളെല്ലാം. മാതാപിതാക്കളില്‍ നിന്നോ ബന്ധുമിത്രാദികളില്‍ നിന്നോ മറ്റു മനുഷ്യരില്‍ നിന്നോ ഒക്കെ. തങ്ങളില്‍ ഉള്ള പരിക്കുകളെ സൗഖ്യപ്പെടുത്താന്‍ ചിലര്‍ക്കു കഴിയുന്നു. ചിലരാകട്ടെ സ്വയം അറിയാതെ ചുറ്റുമുള്ളവര്‍ക്ക് മുറിവുകളെ നല്കുന്നു. അവരുടെ ആ അറിവില്ലായ്മ പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങള്‍ മറ്റുള്ളവരില്‍ സൃഷ്ടിക്കുകയും ചെയ്യും. പല കാലങ്ങളില്‍ പലതരം പരിക്കുകള്‍ ഏറ്റ നമ്മുടെ ജീവിതം എത്ര മാത്രം സൗഖ്യത്തിലാണ് എന്നത് ധ്യാന വിഷയമാക്കണം. അല്ലെങ്കില്‍ മറ്റുള്ളവരിലെ മുറിവുകള്‍ കാണുകയും സ്വന്തം അവസ്ഥ തിരിച്ചറിയാതെ ചുറ്റുമുള്ളവര്‍ക്ക് വേദന സമ്മാനിക്കുകയു ചെയ്യുന്നവരായി നമ്മളും മാറിയേക്കാം. അവന്‍റെ ക്ഷതങ്ങളാല്‍ നമ്മള്‍ സൗഖ്യമുള്ളവരായി എന്ന പത്രോസ് ശ്ലീഹാ യുടെ വചനം ഓര്‍ക്കാം. ഏതു തരം പരിക്കുകള്‍ ഉള്ളവരാണ് നാമെങ്കിലും അതിനു സൗഖ്യം നല്കാന്‍ കഴിയുന്ന ഒരാള്‍ തീരത്തു കാത്തു നില്പുണ്ട് മുറിവേറ്റ കരങ്ങളുമായി.

ഉള്ളിലെ പരിക്കുകളും സ്നേഹ ശൂന്യതകളുമൊക്കെയാണ് സ്വാര്‍ത്ഥതയും അഹങ്കാരവും ധാര്‍ഷ്ട്യവുമൊക്കെയായി സ്വഭാവ വൈകല്യങ്ങളുടെ രൂപത്തില്‍ പുറത്തുവരുന്നത്. ഉദാഹരണം തേടി ഹിറ്റ്ലറിന്‍റെ അടുത്തുവരെ പോകണമെന്നില്ല. നമുക്കു ചുറ്റുമൊക്കെ ഇതുണ്ട്. സ്വയം വിമര്‍ശനവും വിചിന്തനവുമാകട്ടെ ആദ്യം.

തന്നിലേക്കു മാത്രം ശ്രദ്ധിച്ചിരുന്ന ഒരു കാലത്തിനു ശേഷം ദൈവത്തിലേക്കു മാത്രം തിരിഞ്ഞ വി. ഫ്രാന്‍സിസിനെ ദൈവം സൗഖ്യം നല്കി അനുഗ്രഹിച്ചു. താന്‍ എത്രമാത്രം സ്നേഹിക്കപ്പെടുന്നുണ്ട് എന്ന തിരിച്ചറിവ് അപ്പോള്‍ അദ്ദേഹത്തിനുണ്ടായി. പിന്നെ സ്വാര്‍ ത്ഥതയില്ല, അഹന്തയില്ല. സ്നേഹം മാത്രം. ദൈവം മാത്രം. അവിടുത്തെ ഇഷ്ടം തേടി അതു നിറവേറ്റാനുള്ള വ്യഗ്രത മാത്രം. ഒരേ ഒരു പ്രാര്‍ ത്ഥന മാത്രം:

'പിതാവേ ഞാന്‍ എന്തു ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?' (Lord what do you want me to do ?)

ഉള്ളില്‍ സൗഖ്യം അനുഭവിച്ച, ദൈവ സ്നേഹം അഗ്നി പോലെ പുതച്ച ഫ്രാന്‍സിസിനെ ഒടുവില്‍ ക്രിസ്തു തന്‍റെ മുദ്രകള്‍ നല്കി അനുഗ്രഹിച്ചു.

സ്നേഹത്തെ പ്രതി മുറിവേറ്റ മനുഷ്യരാണ് നമ്മളും. കുടുംബത്തിലും സമൂഹത്തിലും ഒക്കെ ദൈവഹിതം നിറവേറ്റുന്നതിന്‍റെ ഭാഗമായി വേദനകള്‍ സഹിക്കേണ്ടി വരുന്നവര്‍. ഈ മുറിവുകളില്‍ ക്രിസ്തുവിന്‍റെ പഞ്ചക്ഷതത്തിന്‍റെ നിഴലുകള്‍ വീണു കിടപ്പുണ്ട്. വിഷമിക്കേണ്ട. പേടിക്കേണ്ട. ഒരു നാളും തനിച്ചല്ല. സ്നേഹത്താല്‍ മുറിവേറ്റ ഒരാള്‍ കൂടെത്തന്നെയുണ്ട്.

***

മുറിവേറ്റവരുടെ വേദനകളായിരുന്നു കഴിഞ്ഞ മാസം മുഴുവന്‍ നമുക്കു ചുറ്റും. വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി ഉണ്ടായ അപകടങ്ങളും മരണങ്ങളും അവശേഷിച്ചിരിക്കുന്നവരിലും നമ്മുടെ ഒക്കെയും മനസ്സുകളില്‍ മുറിവായി ശേഷിക്കും. അവിടെ ദുരിതമനുഭവിക്കുന്ന വരുടെ വേദനയില്‍ പങ്കു ചേരുന്നു. ദൈവം അവരുടെ ഹൃദയകള്‍ക്ക് ആശ്വാസവും അതിജീവനത്തിന് ബലവും നല്കട്ടെ!

***

സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തു വന്നിരിക്കുന്നു. ആ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ പൊതു ജനശ്രദ്ധയിലെത്തിക്കാന്‍ അതിന് കഴിഞ്ഞു. ഇത്തരത്തില്‍ ഒരു നടപടിയുണ്ടാകാന്‍ മുന്നിട്ട് ഇറങ്ങിയത് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തന്നെയായിരുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. WCC പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം ശ്ലാഘനീയം  തന്നെ. ഒരു പാടു മനുഷ്യര്‍ക്ക് മുറിവേറ്റതിന്‍റെ കഥകളാണ് ആ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് അറിയുന്നത്. അവര്‍ക്ക് നീതി ലഭിക്കും എന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.

വി. ഫ്രാന്‍സിന്‍റെ പഞ്ചക്ഷത സ്വീകരണത്തിന്‍റെ 800 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍, ഫാ. ജോര്‍ജ് വലിയ പാടത്തും ഡോ. ജെറി ജോസഫും അതിനെ കുറിച്ചു എഴുതുന്നു. തിരുവോണത്തെ കുറിച്ചു ഫാ. ഷാജി സി.എം.ഐയും മലങ്കര പുനരൈക്യ ശില്പിയായ മാര്‍ ഇവാനിയോസ് പിതാവിനെ കുറിച്ച് ഫാ.സെബാസ്റ്റ്യന്‍ കിഴക്കേതിലും കവര്‍ സ്റ്റോറി ചെയ്യുന്നു. മറ്റു സ്ഥിരം പംക്തികളും.

സ്നേഹാശംസകളോടെ!

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts