news-details
മറ്റുലേഖനങ്ങൾ

സാറമ്മാരായ ഭര്‍ത്താക്കന്മാരും ടീച്ചര്‍മ്മാരായ ഭാര്യമാരും

കോളേജില്‍നിന്നും പഠനം കഴിഞ്ഞ പെണ്‍കുട്ടി. അവളുടെ പിതാവ് ഫോണില്‍ വിളിച്ചു. മകള്‍ക്ക് നല്ലൊരു വിവാഹാലോചന. അദ്ധ്യാപകനാണ് ചെറുക്കന്‍. നല്ല കുടുംബം. പക്ഷേ വിവാഹത്തിന് അവള്‍ സമ്മതിക്കുന്നില്ല. ഞാന്‍ അവളെ വിളിച്ച് ഉപദേശിക്കണം. പാവം പിതാവിന്‍റെ ആഗ്രഹം. അവളുടെ ഫോണ്‍ നമ്പരും എനിക്കു തന്നു. മടിച്ചാണെങ്കിലും ഞാന്‍ അവളെ വിളിച്ചു. കുശലാന്വേഷണത്തിനിടയില്‍ വിവാഹക്കാര്യവും തിരക്കി. അദ്ധ്യാപകന്‍റെ ആലോചന വന്നിരിക്കുന്നതും ഇഷ്ടക്കേട് അറിയിച്ചതും അവള്‍ പറഞ്ഞു. അപ്പോള്‍ പിതാവിന്‍റെ വക്കാലത്ത് എടുത്ത് അദ്ധ്യാപകജോലിയുടെ പവിത്രതയും അനന്യതയും സേവനാനുകൂല്യങ്ങളും സാമൂഹികസാമ്പത്തികനേട്ടങ്ങളും ഞാന്‍ നിരത്തി.  അതിനെയെല്ലാം വെട്ടിനിരത്തുന്നതായിരുന്നു അവളുടെ നിഷ്കളങ്കമായ മറുപടി. "അദ്ധ്യാപകനല്ലേ, കല്യാണം കഴിഞ്ഞാല്‍ അന്നു തുടങ്ങും പഠിപ്പിക്കല്‍, ജീവിതം എന്തു ബോറായിരിക്കും എന്ന് എനിക്കു ചിന്തിക്കാന്‍ കൂടി വയ്യ." പിന്നെ ഞാന്‍ അവളെ നിര്‍ബന്ധിച്ചില്ല. രണ്ടാമതൊരു ആലോചനയില്‍ അവള്‍ പറഞ്ഞതിലും കഴമ്പുണ്ടെന്നു തോന്നി. മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ശ്രമത്തില്‍നിന്നു കളംമാറാന്‍ എനിക്കുള്ള സൗമ്യമായ വെച്ചരശായും തോന്നി. പുതിയൊരു അറിവ് സമ്മാനിച്ചതിന് ശിഷ്യയ്ക്ക് ഗുരുവിന്‍റെ വിനീതപ്രണാമം.

ഇന്ന് പല വീടുകളിലും ജോലികൊണ്ട് അല്ലെങ്കിലും സ്വഭാവം കൊണ്ട് ഭര്‍ത്താക്കന്മാര്‍ സാറമ്മാരാണ്. കല്യാണത്തിന്‍റെ ആദ്യദിനം തന്നെ ഭാര്യയ്ക്കുള്ള ക്ലാസ് തുടങ്ങും. സദാസമയം തെറ്റും ശരിയും നിര്‍ണ്ണയിക്കുന്ന ജഡ്ജിയായും അദ്ധ്യാപകനായും അവന്‍ മാറിക്കഴിയും. ഭാര്യ അവന് ലോവര്‍പ്രൈമറി ക്ലാസിലെ വിദ്യാര്‍ത്ഥിനിയാണ്. പത്താം ക്ലാസുപോലും ജയിച്ചിട്ടില്ലാത്ത എത്രയോ കെട്ടിയോന്മാര്‍ എം. എക്കാരികളായ ഭാര്യമാരെ പഠിപ്പിക്കുന്നു. സഹികെട്ട് 'പഠിപ്പിക്കാന്‍ വന്നിരിക്കുന്നു' എന്ന് അവള്‍ പിറുപിറുത്ത് തുടങ്ങുമ്പോഴേക്കും കുറെയേറെ സന്തോഷവും സമാധാനവും ഒഴുകിപ്പോയിട്ടുണ്ടാവും. ഭര്‍ത്താക്കന്മാര്‍ മാത്രമല്ല നല്ല പങ്കു ഭാര്യമാരും ഇന്ന് ടീച്ചര്‍മ്മാരാണ്. ഭര്‍ത്താവിനെ വരച്ചവരയില്‍ നിര്‍ത്താനും കണ്‍ട്രോള്‍ ചെയ്യാനും അവര്‍ക്കുള്ള കാമന വര്‍ദ്ധിച്ചുവരുന്നു. ഭാര്യയുടെ ക്ലാസില്‍ ഇരിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ് പല ഭര്‍ത്താക്കന്മാരും വീട്ടില്‍ കയ്യാറാതെ ഉഴപ്പി നടക്കുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ കുട്ടികളാണ് മാതാപിതാക്കളെ ശരിക്കും പഠിപ്പിക്കുന്നത്. അപ്പനും അമ്മയ്ക്കും എന്തറിയാം എന്ന മട്ടാണ് അവരില്‍ പലര്‍ക്കും. അങ്ങനെ നമ്മുടെ വീടുകളൊക്കെ അപ്പന്‍ സാറിനെക്കൊണ്ടും അമ്മ ടീച്ചറിനെക്കൊണ്ടും കുട്ടിസാറമ്മാരെക്കൊണ്ടും നിറയുന്നു. എല്ലാ ദിവസവും മത്സരബുദ്ധ്യാ പഠിപ്പിക്കല്‍ മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും ആരും ഒന്നും പഠിക്കുന്നില്ല എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരമായ കാര്യം. ക്ലാസുമുറിയാക്കി വീടിനെ ബോറാക്കാതെ തുറവിയോടെ ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയുന്ന ആല്‍ത്തറയാക്കി നമുക്കു വീടിനെ മാറ്റാം. പറയുന്നതിനേക്കാള്‍ കേള്‍ക്കാനുള്ള ക്ഷമയാണ് വീടുകളില്‍ ഇന്നാവശ്യം.

പൊത്തിപ്പിടിച്ച വായാണ് സ്ത്രീ എന്നൊരു ആക്ഷേപം നിലനില്ക്കുന്നുണ്ടല്ലോ. ഏറെ സംസാരിക്കാനുണ്ട് സ്ത്രീകള്‍ക്ക്. അതിനുള്ള അവസരം അവള്‍ക്കു ലഭ്യമാക്കേണ്ടതുണ്ട്. ഇതു നന്നായി മനസ്സിലാക്കിയിരുന്നത് ഈശോയാണ്. സമരിയാക്കാരി സ്ത്രീയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ അവന്‍ നാല്പത്തിയഞ്ചു കിലോമീറ്റര്‍ നടന്നുവെന്നു മനസ്സിലാക്കണം. ഒരു പുരുഷന്‍ പരമാവധി ഒരു പകല്‍ 35 കിലോമീറ്റര്‍ നടക്കുമായിരിക്കും. അപ്പോള്‍ വൈകുന്നേരം തുടങ്ങിയതായിരിക്കും ആ നടപ്പ്. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം നട്ടുച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ 12പേരെയും അയച്ചുവെന്നതാണ്. രണ്ടുപേര്‍ക്കു ചെയ്യാവുന്ന കാര്യത്തിനാണിത്. അത്രയ്ക്കു അന്തസ്സു ചോരാതെ സംസാരിക്കാനുള്ള സൗകര്യമൊരുക്കിയതാണ്. കുറെ മിണ്ടിക്കഴിഞ്ഞപ്പോള്‍ അവള്‍ക്കു വലിയ ആശ്വാസവും പ്രതീക്ഷയും ലഭിച്ചു. ചുമ്മാ കുറച്ചു സംസാരിക്കുന്നതുതന്നെ അതു കേള്‍ക്കപ്പെടുന്നുണ്ടെങ്കില്‍ സൗഖ്യമാണെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. നിക്കദേമൂസും സക്കേവൂസുമൊക്കെ ഇത്തരം സംഭാഷണത്തിലൂടെ രക്ഷ പ്രാപിച്ചവരാണ്. വര്‍ത്തമാനത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണ് അവന്‍ മര്‍ത്തായെ ശാസിച്ചതും സംഭാഷണത്തിലേര്‍പ്പെട്ട മറിയത്തെ പുകഴ്ത്തിയതും. സംഭാഷണത്തിനുള്ള സൗകര്യമൊരുക്കുന്നത് നല്ലതു തിരഞ്ഞെടുക്കലാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും എന്തെല്ലാം കാര്യം സംസാരിക്കാനുണ്ട്. അതൊക്കെ കേള്‍ക്കാന്‍ ആര്‍ക്കാണു സമയം. നമ്മുടെ അത്താഴസമയമൊക്കെ ഇത്തിരികൂടി നീണ്ടതായാല്‍ ഓരോ ദിവസവും പറയാനുള്ളതെല്ലാം പറഞ്ഞ് കാര്‍മേഘമൊഴിഞ്ഞ മനസ്സുമായി നമുക്കുറങ്ങാം. സംസാരിക്കുന്ന ജീവിയെന്നു മനുഷ്യനെ നിര്‍വ്വചിക്കാവുന്നതുപോലെ ഭവനങ്ങളും ഭക്ഷിക്കുന്ന ഇടമാകട്ടെ.

കുടുംബങ്ങള്‍ പാരച്യൂട്ട് പോലെയെന്നു പറയാറുണ്ട്. കൂടുതല്‍ കൂടുതല്‍ തുറക്കുമ്പോഴാണ് അതു കൂടുതല്‍ ഫലപ്രദമാകുന്നത്. സംഭാഷണങ്ങളും സൗഖ്യപ്രദമാകുന്നത് അതു തുറവിയോടെ നടക്കുമ്പോഴാണ്. നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്മവരുമോ എന്ന മുന്‍വിധിയും, തനിക്ക് എല്ലാം അറിയാം എന്ന നിക്കദേമൂസിന്‍റെ മനസ്സും, എല്ലാം ഉണ്ട് (കിണറും തൊട്ടിയും) എന്ന സമറായ സ്ത്രീയുടെ അവകാശവാദവും, നീ പറയുന്നതൊക്കെ കഠിനമാണെന്ന യഹൂദപക്ഷവും, മകനോടുതന്നെ ചോദിക്കുക എന്നു പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മാതാപിതാക്കളുടെ (ജന്മനാ അന്ധനായവന്‍റെ) പ്രവണതയും, പാപത്തില്‍ പിറന്നിരിക്കുന്നവന്‍ മിണ്ടാന്‍ വരുന്നോ(യോഹ 9:34) എന്ന ധിക്കാരവും നമ്മുടെ വര്‍ത്തമാന വട്ടമേശകളില്‍ നമുക്ക് ഒഴിവാക്കാം. സംസാരിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്ന ഈശോ മിണ്ടാന്‍ മടികാണിച്ച സന്ദര്‍ഭം ഹേറോദേസിന്‍റെ അടുക്കല്‍ നിന്നപ്പോഴാണ്. അത് എന്താണ് സത്യം എന്നു ചോദിച്ചിട്ട് അതു കേള്‍ക്കാനുള്ള ശ്രദ്ധ കൊടുക്കാതെ ഉത്തരം അവഗണിക്കുന്നുവെന്നു അവനു തോന്നിയതുകൊണ്ടാവാം. തന്‍റെ വശം പറഞ്ഞ് അപരന്‍റെ വശം കേട്ട് ശരിയായ വശം സ്വീകരിക്കാനുള്ള തുറവിയാണ് സംഭാഷണത്തില്‍ രൂപപ്പെടേണ്ടത്. ജീവിതം അത്ര സങ്കീര്‍ണമല്ലെന്നു മനസ്സിലാക്കി നമുക്കു ചുമ്മാ കുറെ സംസാരിക്കാം. അങ്ങനെ വീടും ലോകവും നന്നാകട്ടെ.

You can share this post!

മനോനിലയുടെ ചാഞ്ചാട്ടങ്ങള്‍

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts