news-details
കവിത

സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍

സഹപാഠി തന്നുടെ പിതാവിന്‍റെ നിര്യാണത്തെ
കേട്ടറിഞ്ഞുടനതി ദുഃഖഭാരത്തോടെ ഞാന്‍
മൃതദേഹം കണ്ടതിനാദരവര്‍പ്പിക്കാനും
സ്നേഹിതനുമൊത്ത് ദുഃഖം പങ്കിടാനുമായ്
ബഹുദൂരം പിന്നിട്ടു യാത്ര ചെയ്തെത്തി പടി
കയറി മുറ്റത്തെത്തി ഓരത്തായി നിന്നനേരം
ആടയാഭരണങ്ങളാവോള മെടുത്തണി-
ഞ്ഞാടിക്കുഴഞ്ഞെത്തിയംഗനമാരെ കണ്ടു
വിദേശമദ്യത്തിന്‍റെ ഗന്ധം പരത്തിക്കൊണ്ടു
നിര്‍ദ്ദേശം കൊടുക്കുന്ന കാര്യക്കാരായ ചിലര്‍
ശോകംപ്രകടിപ്പിക്കാനുച്ചഭാഷിണിയില്‍ നി-
ന്നുച്ചത്തിലുയരുന്നു ശോകഗാനങ്ങള്‍ സദാ
അയല്‍ക്കാരില്‍ ചിലരൊക്കെ അയലത്തുമാറി
നിന്നടക്കം പറയുന്നു ദുഃഖഭാവത്തില്‍ തന്നെ.
മക്കളും ബന്ധുക്കളും വീഡിയോ ക്യാമറകള്‍
മുന്നിലായ് മുഖം കാട്ടാന്‍ മത്സരം നടത്തുന്നു
ഘോഷങ്ങള്‍ക്കിടയിലും ഏകയായൊരു സാധ്വി
മൃതദേഹത്തില്‍ ചാരെ ദുഃഖിതയായിരിക്കുന്നു
ഒട്ടിയകവിളുകള്‍ കുഴിഞ്ഞ കണ്ണുകളും
വിളിച്ചോതുന്നുണ്ടവര്‍ പട്ടിണിക്കോലമെന്ന്
അന്ത്യയാത്രയ്ക്കു മോടികൂട്ടുവാനായി നല്ല
ബാന്‍ഡുകാര്‍ വേണം പിന്നെ പള്ളിസമാനങ്ങളും
കാഴ്ചകള്‍ കാണ്മാനായി നാട്ടുകാര്‍ കൂടില്ലേ
കൊടിതോരണങ്ങളും മുത്തുക്കുടകളും തൊ-
രങ്ങള്‍ലലങ്കാകാരങ്ങള്‍ വേണം വീഥികളുടനീളം
പ്രൗഢിയില്‍ തന്നെ വേണം അച്ചനെ സംസ്കരിക്കാന്‍
അല്ലെങ്കില്‍ പിന്നെങ്ങിനെ 'സ്റ്റാറ്റസ് കീപ്പു ചെയ്യും'
ഇങ്ങനെയുള്ളയോരോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു
ന്മത്തനായ് നടക്കുന്നു മൂത്തപുത്രനാം കേമന്‍
പാവമീ മനുഷ്യനു നേരമൊരിക്കല്‍ പോലും
പാതിവയറുനിറച്ചാഹാരം കൊടുക്കാത്ത
മക്കളെന്തിനീ ധൂര്‍ത്തു കാണിക്കുന്നെന്നു ചൊല്ലി
പാരം വേദനയോടെ പാവമൊരയല്ക്കാരന്‍
ജീവിച്ച നാളില്‍ തന്നെ ദ്രോഹിച്ച മക്കളുടെ
സ്നേഹപ്രകടനങ്ങള്‍ കണ്ടുമടുത്തിട്ടാകാം
ചേര്‍ത്തു കടിച്ച പല്ലു വെളിയില്‍ കാട്ടിക്കൊണ്ടു
ക്രോധം കാട്ടീടുന്നുണ്ടു ദേഹിപിരിഞ്ഞ ദേഹം
ഭൂമിയില്‍ പിതാവിനെ ഇവ്വിധം സ്നേഹിക്കുന്നോര്‍
സ്വര്‍ഗ്ഗപിതാവിനെയും വഞ്ചിക്കാന്‍ ശ്രമിക്കുന്നു
മര്‍ത്യാ നിന്‍ കാപട്യങ്ങള്‍ വേര്‍തിരിച്ചറിയുവാന്‍
മാലോകര്‍ക്കാകില്ലെന്നാല്‍ ദൈവത്തിനാകും സത്യം

You can share this post!

പ്രകൃതിസ്നേഹി

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts