news-details
കടുകു മണിയും പുളിമാവും

പാലം ബോയ്സ് അസ്സോസിയേഷന്‍

അലമ്പ് പിള്ളേരുടെ അലമ്പ് ടീം, അതാണ് പാലം ബോയ്സ് അസ്സോസിയേഷനെക്കുറിച്ച് നാട്ടുകാര്‍ക്കു പറയാനുള്ളത്. പക്ഷെ ഈ അലമ്പന്മാര്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ പുണ്യാളന്മാരായ നാട്ടുകാരെ കിട്ടുകയും ഇല്ല. നമ്മുടെ പാലം ബോയ്സ് അസോസിയേഷന്‍റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. മുതലക്കോടത്തു നിന്ന് പഴുക്കാക്കുളത്തിനു പോകുന്ന വഴിക്കാണ് വിശ്വവിഖ്യാതമായ നമ്മുടെ മുതലക്കോടം കനാല്‍. ഈ കനാലിനു കുറുകേയുള്ള പാലത്തില്‍ ഇരിപ്പുറപ്പിച്ചതിനാലാണ് പാവം നമ്മുടെ  ചെക്കന്മാരുടെ ഗ്രൂപ്പിനു നാട്ടുകാര്‍ പാലം ബോയ്സ് അസോസിയേഷന്‍ എന്ന പേര് ചാര്‍ത്തിക്കൊടുത്തത്. കളിയാക്കാന്‍ ഇട്ട പേരെങ്കിലും നമ്മുടെ ചെക്കന്മാര്‍ക്കു ആ പേരങ്ങട് പെരുത്തിഷ്ടായി. പാലത്തിന്മേല്‍ വെറുതെ ഇരുന്ന് 'ഓളം' വെക്കുന്നത് മാത്രമല്ല നമ്മുടെ പിള്ളേരുടെ പണി. മൊത്തത്തില്‍ പരോപകാര തല്പരരാണ് നമ്മുടെ പാലം ബോയ്സ്.

മലങ്കര ഡാമില്‍ നിന്നും കനാലിലേക്ക് വെള്ളം തുറന്ന് വിടുന്നതിനു മുമ്പ് പാലം ബോയ്സ് അസോസിയേഷന്‍റെ വക ഒരു ശുദ്ധികലശം ഉണ്ട്. മദ്യ സല്‍ക്കാരത്തിനു ശേഷം കനാലിന്‍റെ ഭിത്തിയില്‍ കുപ്പി എറിഞ്ഞ് പൊട്ടിക്കുന്നതും കുഞ്ഞുങ്ങളുടെ ഡയപ്പര്‍ അടക്കം വീട്ടവശിഷ്ടഷങ്ങളെല്ലാം പൊതികളിലാക്കി എറിയുന്നതും തദ്ദേശവാസികളുടെ ഇഷ്ടവിനോദമാണ്. ഈ കുപ്പിച്ചില്ലും ചപ്പുചവറുമെല്ലാം ഒരു മടിയും കൂടാതെ വൃത്തിയാക്കി, ചുറ്റുവട്ടത്തുള്ള കാടെല്ലാം വെട്ടിത്തെളിച്ച് കുപ്പ നിറഞ്ഞ കനാലിനെ സുന്ദരിയാക്കി മാറ്റുന്നത് നമ്മുടെ അലമ്പന്‍സ് ടീം ആണ്.

കനാലില്‍ വെള്ളം നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ പ്രദേശമാകെ ഒരു ആഘോഷമാണ്. ടയര്‍ ട്യൂബും വാഴത്തടയുമായി നീന്തല്‍ പഠിക്കാന്‍ വരുന്ന കുട്ടിക്കൂട്ടം വലിയ വിഴുപ്പ് ഭാണ്ഡവുമായി ഓട്ടോ വിളിച്ച് അലക്കിക്കുളിക്കാന്‍ വരുന്ന അമ്മച്ചിമാരുമൊക്കെയായി കനാല്‍ തീരം ആകെ  busy  ആകും. ഇതിനിടയില്‍ ഇവരെല്ലാം അവശേഷിപ്പിച്ചിട്ടു പോകുന്ന വാഴത്തടയും പ്ലാസ്റ്റിക്കും എല്ലാം മാറ്റി കനാലിന്‍റെ തീരത്തെ കുളിക്കടവ് വൃത്തിയാക്കുന്നത് നമ്മുടെ പിള്ളേരാണ്. കൂടാതെ രാത്രിയില്‍ ആരും കാണാതെ 'വേയ്സ്റ്റ് പൊതി' ഒഴുക്കാന്‍ വരുന്നവരെയും വെള്ളത്തില്‍ ഒഴുകി നടന്ന് രണ്ട് സ്മാള്‍ അടിച്ചു വരുന്ന ചേട്ടന്മാരെയും തുരത്തി ഓടിക്കുന്നതും നമ്മുടെ പാലം ബോയ്സ് അസോസിയേഷന്‍ തന്നെ.

ചികിത്സാ സഹായം, രക്തദാനം തുടങ്ങി സാധിക്കുന്ന നന്മകളൊക്കെ ചെയ്യാന്‍ സദാ സന്നദ്ധരാണിവര്‍. തൊടുപുഴ-മുതലക്കോടത്തിനടുത്ത് 'സുന്ദര്‍സിറ്റി' എന്ന് അവര്‍ തന്നെ നാമകരണം നടത്തിയ സ്ഥലമാണിവരുടെ നാട്. പഠിക്കുന്ന കുട്ടികള്‍ മുതല്‍ നിത്യജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളുമായി ജോലിക്കു പോകുന്നവര്‍ വരെ ഈ സംഘത്തിലുണ്ട്. ഈ നന്മയുടെ കിരണങ്ങള്‍ ആരുമറിയാതെ ചെയ്യണം എന്നതാണിവരുടെ ആഗ്രഹം. എന്തും ഏതും സോഷ്യല്‍ മീഡിയായില്‍ ആഘോഷവും വാര്‍ത്തയുമാക്കുന്ന ഈ കാലഘട്ടത്തില്‍ പാലം ബോയ്സ് വേറിട്ട കാഴ്ചയാണ്.

You can share this post!

രണ്ട് ജീവിതങ്ങള്‍

അങ്കിത ജോഷി
അടുത്ത രചന

ഇലൈജ!

ചിത്തിര കുസുമന്‍
Related Posts