കര്‍ത്താവിന്‍റെ പീഡാനുഭവത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും ഓര്‍മ്മകളിലൂടെ ക്രൈസ്തവലോകം കടന്നുപോകുന്ന കാലമാണിത്. കുരിശിലെ സഹനത്തിന്‍റെ നിമിഷങ്ങളില്‍ യേശു പ്രകടിപ്പിച്ച മനോഭാവം നാം ധ്യാനിക്കേണ്ടതുണ്ട്. പിതാവായ ദൈവം പോലും തന്നെ കൈവിട്ടതായി കര്‍ത്താവിനു തോന്നി. കുരിശിലെ ഏറ്റവും വലിയ സഹനമെന്നു പറയുന്നത് ദൈവം നഷ്ടപ്പെട്ട അനുഭവമാണ്. "എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?' എന്ന കുരിശിലെ വിലാപം നമ്മുടെ മനസ്സില്‍ ഉയര്‍ന്നുനില്ക്കുന്നു. ഒരിക്കലും പിതാവ് പുത്രനെ മറന്നിട്ടില്ല. കഠിന വേദനയില്‍ ദൈവത്തിന്‍റെ മുഖം മറഞ്ഞുപോകുന്ന അനുഭവം നമുക്കുമുണ്ട്. ശാരീരിക രോഗങ്ങളാല്‍, കടബാദ്ധ്യതകളാല്‍, തെറ്റിദ്ധാരണകളാല്‍ ദൈവമുഖം മറഞ്ഞുപോകുന്ന മുഹൂര്‍ത്തങ്ങളുണ്ട്. അവിടെയൊക്കെ തളരാതെ, തകരാതെ നില്‍ക്കണമെന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
"ഇവര്‍ ചെയ്യുന്നതെന്തെന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ" എന്ന് യേശു പ്രാര്‍ത്ഥിക്കുന്നു. അപരന്‍റെ അപരാധങ്ങള്‍ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണെന്ന് വിശ്വസിക്കുവാന്‍ യേശു പഠിപ്പിച്ചു. മറ്റുള്ളവരുടെ ഓരോ പ്രവൃത്തികളെയും ഇങ്ങനെ നോക്കിക്കാണുവാന്‍ നമുക്കും കഴിയണം. ആരോടും വെറുപ്പോ, വിരോധമോ ഇല്ലാതെ ജീവിക്കുവാന്‍ ഈ മനോഭാവം നമ്മെ ശക്തിപ്പെടുത്തും. അന്യായമായി വിധിച്ചതും മുഖത്തു തുപ്പിയതും ചാട്ടയടിച്ചതുമെല്ലാം അറിവില്ലായ്മ കൊണ്ടാണെന്ന് അവിടുന്ന് പറയുന്നു. ഇതു തന്നെയായിരിക്കട്ടെ നമ്മുടെ ജീവിതാനുഭവങ്ങള്‍ക്കിടയിലുള്ള വിലയിരുത്തല്‍.
നല്ല കള്ളന് പറുദീസാ വാഗ്ദാനം ചെയ്യുന്നതും കുരിശില്‍വച്ചാണ്. കര്‍ത്താവിന്‍റെ പറുദീസാ കള്ളനിലേക്ക് പടരുന്ന കാഴ്ചയാണിവിടെ കാണുന്നത്. നല്ലവരോടൊത്ത് അല്പസമയം ചെലവഴിച്ചാല്‍ ഏതു മോശക്കാരനും മാനസാന്തരമുണ്ടാകും. അന്നുവരെയുള്ള അവന്‍റെ ജീവിതം അവിടെ മാറിമറിഞ്ഞു. ഒരു പറുദീസാ ഉണ്ടെന്നുള്ള ഉറപ്പ് ക്രൂശിതന്‍ നല്ല കള്ളനു പകര്‍ന്നുകൊടുക്കുന്നു.
നീളത്തിലും കുറുകെയും തറച്ച തടിക്കഷണങ്ങള്‍ കുരിശായി മാറി. ആ കുരിശിനെ ദൈവം വിരിച്ചു പിടിച്ച കരങ്ങളായി കര്‍ത്താവ് കാണുന്നു. ജീവിതത്തിലെ തകര്‍ച്ചകളിലും നൊമ്പരങ്ങളിലും കര്‍ത്താവിന്‍റെ കരം കണ്ടെത്താന്‍ നമുക്കു കഴിയുന്നുണ്ടോ? ദൈവകൃപയുടെ പ്രഛന്നവേഷങ്ങളായി ജീവിത തകര്‍ച്ചകളെ നാം കാണണം. പ്രത്യക്ഷത്തില്‍ നമുക്കു പ്രിയമല്ലാത്തതു പലതും ദൈവത്തിന് ഹിതമായിരിക്കും. ഹിതമായതൊന്നും പ്രിയമാകണമെന്നില്ല.
"ഇതാ, നിന്‍റെ അമ്മ"യെന്ന് യോഹന്നാനോടും "ഇതാ നിന്‍റെ മകനെ"ന്ന് മറിയത്തോടും പറഞ്ഞുകൊണ്ടു ഒരു പുതിയ ബന്ധത്തിന്‍റെ പാഠം ക്രിസ്തു നമ്മെ പഠിപ്പിച്ചു. രക്തബന്ധത്തിന്‍റെയും പൊക്കിള്‍ക്കൊടിയുടെയും ബന്ധത്തില്‍ നിന്ന് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ പുതിയ ബന്ധം കര്‍ത്താവ് പഠിപ്പിക്കുന്നു. കുരിശില്‍ നിന്നും ഒഴുകിയിറങ്ങുന്ന പുതിയ ബന്ധത്തിന്‍റെ സാക്ഷികളാണ് നമ്മള്‍.
"എനിക്കു ദാഹിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് കൊടുത്തുതീര്‍ക്കാനുള്ള ദാഹം നാം ക്രൂശിതനില്‍ കാണുന്നു. വാങ്ങിച്ചു തീര്‍ക്കാനുള്ള ദാഹവും കൊടുത്തു തീര്‍ക്കാനുള്ള ദാഹവും മനുഷ്യനിലുണ്ട്. വിശുദ്ധാത്മാക്കളെല്ലാം കൊടുത്തു തീര്‍ത്തവരാണ്. ആ കൊടുത്തുതീര്‍ക്കലിന്‍റെ നിര്‍വൃതിയില്‍ നിന്നാണ് "എല്ലാം പൂര്‍ത്തിയായിരിക്കുന്നു" എന്ന ശബ്ദമുയരുന്നത്. ജീവിതത്തിന്‍റെ ഓട്ടം നേര്‍വഴിയിലോടി എല്ലാം പൂര്‍ത്തിയായിരിക്കുന്നുവെന്ന് നമുക്കും പറയാം.
എല്ലാം പൂര്‍ത്തിയാകുന്നിടത്തു നിന്നാണ് ഉയിര്‍പ്പു കടന്നുവരുന്നത്. പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയവര്‍ക്ക് വിജയം കടന്നുവരുന്നു. പത്തു മാസത്തോളം ഗര്‍ഭപാത്രത്തില്‍ ശിശുവിനെ വഹിച്ചവള്‍ക്ക് നവജാതശിശുവിന്‍റെ മുഖം കാണാന്‍ കഴിയുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മെഡല്‍ കരസ്ഥമാക്കുവാന്‍ കഴിയുന്നു. മുപ്പത്തിമൂന്നു വര്‍ഷക്കാലത്തെ തന്‍റെ ദൗത്യം ദൈവഹിതാനുസരണം പൂര്‍ത്തിയാക്കിയ പുത്രന് 'ഉയിര്‍പ്പ്' എന്ന സമ്മാനം പിതാവ് നല്കുന്നു. സഹനത്തിലൂടെ സമചിത്തതയോടെ യാത്ര ചെയ്ത് ഉയിര്‍പ്പിന്‍റെ സമ്മാനം നമുക്കും ഏറ്റുമേടിക്കാം. ഉയിര്‍പ്പുതിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.