നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുന്ന സമയമാണിത്. ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആത്മാവിന്‍റെയും തലങ്ങളില്‍ മനുഷ്യന് വിശുദ്ധീകരണം ആവശ്യമുണ്ട്. ശരീരം ലോകത്തോടും മനസ്സ് അറിവിനോടും ആത്മാവ് ദൈവത്തോടും ബന്ധപ്പെട്ടു കഴിയുന്നു. ഈ മൂന്നു മേഖലകളിലും നാം നവീകരിക്കപ്പെടേണ്ടതുണ്ട്. ഉപവാസവും പ്രാര്‍ത്ഥനയും പശ്ചാത്താപവും ആത്മീയവായനകളും വഴി നാം നമ്മെത്തന്നെ വിശുദ്ധീകരിക്കണം. മനുഷ്യന്‍റെ ജീവിതത്തിലെ എല്ലാ തിന്മകളും മൂന്നു തലക്കെട്ടുകളുടെ കീഴില്‍ ഒതുക്കാവുന്നതാണ്. 1യോഹ. 2/17ല്‍ പറയുന്ന കണ്ണുകളുടെ ദുരാശ, ജഡത്തിന്‍റെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത എന്നിവയാണ് മനുഷ്യന്‍റെ പാപങ്ങള്‍.
ലോകത്തിലുള്ള സകല പ്രലോഭനങ്ങളുടെയും ആരംഭം കണ്ണില്‍ നിന്നാണ്. പറുദീസായില്‍ ഹവ്വായ്ക്ക് കണ്ണിന് കൗതുകം പകരുന്ന പഴമാണ് കാണിച്ചുകൊടുത്തത്. യേശുവിന്‍റെ പ്രലോഭനസമയത്ത് കാണാവുന്ന ദേശം മുഴുവന്‍ കാണിച്ചു കൊടുത്തു. കണ്ണിനു കൗതുകം തോന്നുന്നതെന്തും മനുഷ്യന്‍ ശ്രദ്ധിക്കും. നീലച്ചിത്രങ്ങളും അശ്ലീലച്ചുവയുള്ള പടങ്ങളുമൊക്കെ മനുഷ്യന് ആകര്‍ഷകമായി തോന്നാം. കണ്ണു കുറ്റമുള്ളതല്ലെങ്കില്‍ കാഴ്ചയും കുറ്റമില്ലാത്തതായിരിക്കും. നമ്മുടെ ഹൃദയത്തില്‍ നിന്നാണ് കണ്ണുകളുടെ ഗതി നിയന്ത്രിക്കുന്നത്. ഹൃദയത്തില്‍ വിശുദ്ധി ഉണ്ടെങ്കില്‍ നമ്മുടെ കണ്ണുകളുടെ കാഴ്ചയിലും വിശുദ്ധിയുണ്ടായിരിക്കും. സിഗരറ്റു പായ്ക്കറ്റുകളും മദ്യകുപ്പികളും മോശമായ ചിത്രങ്ങളുമൊക്കെ നമ്മുടെ കണ്ണുകളെ വശീകരിക്കാം. ആഭരണഭ്രമമുള്ള സ്ത്രീ ഒരു സിറ്റിയില്‍ ചെന്നാല്‍ സ്വര്‍ണക്കടകള്‍ മാത്രം കാണും. വസ്ത്രഭ്രമമുള്ള സ്ത്രീ വസ്ത്രവ്യാപാരകേന്ദ്രങ്ങള്‍ കാണും. ഒരു കള്ളുകുടിയന്‍ ലഹരിക്കടകള്‍ കാണും. ഒരു പട്ടി കശാപ്പുകടയും മീന്‍കടയും കാണും. നമ്മുടെ കണ്ണുകളുടെ യാത്ര എങ്ങനെയെന്ന് നാം പരിശോധിക്കണം.
കണ്ണുകളെ നിയന്ത്രിക്കാത്ത മനുഷ്യന്‍ ജഡത്തിന്‍റെ വ്യവഹാരങ്ങള്‍ക്ക് അടിമയാകും. അശ്ലീലച്ചുവയുള്ള ടെലഫോണ്‍ സംഭാഷണത്തിന്‍റെ തരംഗങ്ങള്‍ ജഡികമായ മോഹങ്ങളെയുണര്‍ത്തും. മോശമായ ഒരു സിനിമയോ സീരിയലോ കണ്ടാല്‍ ചീത്തയായ ചിന്തകളിലേക്കു നാം ആനയിക്കപ്പെടും. ഉറവിടം ശുദ്ധമായാല്‍ ഉറവയുടെ ഗതിയും ശുദ്ധമാകും. തിന്മയുടെ രഥയാത്ര ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ആ രഥത്തിന്‍റെ ചക്രത്തിലുള്ള കാറ്റ് നാം ഊരിക്കളയണം. സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും നാം വിശുദ്ധീകരിക്കണം. അങ്ങനെ മാത്രമേ വിശുദ്ധിയിലും നന്മയിലും നമുക്കു വളരാന്‍ കഴിയൂ. ശരീരത്തെ കഴുതയെന്നാണ് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി വിളിച്ചത്. കഴുത കാണിക്കുന്ന എല്ലാ വികാരങ്ങളും ആവേശങ്ങളും ശരീരം കാണിക്കും. അതിനു കടിഞ്ഞാണിടുവാന്‍ നമുക്കു കഴിയണം.
ജീവിതത്തിലുണ്ടാകുന്ന അഹന്തയാണ് മറ്റൊന്ന്. മനുഷ്യന്‍റെ അഹങ്കാരങ്ങളെ ക്രിസ്തു വിമര്‍ശിക്കുന്നു. പലവിധത്തിലുള്ള അഹങ്കാരങ്ങള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും. ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ദൈവം തിരുത്തുന്നതായി ബൈബിളില്‍ കാണുന്നുണ്ട്. അഹങ്കരിക്കുന്നവര്‍ ദൈവത്തോടു തുല്യരായി മാറുവാന്‍ ശ്രമിക്കുന്നവരാണ്. ബാബേല്‍ ഗോപുരം പണിതവര്‍ അഹങ്കാരികളായിരുന്നു. ദൈവം അവരുടെ ഭാഷ ചിതറിച്ചുകളഞ്ഞു. പലവിധത്തിലുള്ള അഹങ്കാരങ്ങള്‍ നമ്മിലുയരും. കുടുംബത്തിന്‍റെയും കുലമഹിമയുടെയും പേരില്‍ അഹങ്കരിക്കുന്നവരുണ്ട്. സമ്പത്തിന്‍റെയും സ്വാധീനത്തിന്‍റെയും പേരിലുള്ള അഹന്തയുമുണ്ട്. സമൂഹത്തില്‍ പേരും പ്രശസ്തിയും ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന അഹന്തയുമുണ്ട്. ഇതെല്ലാം വളരെ വേഗത്തില്‍ മറഞ്ഞുപോകുമെന്ന് ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു ഭൂമികുലുക്കമോ സുനാമിയോ വന്നാല്‍ എല്ലാം തീരില്ലേ? ഒരു രോഗം വന്നാല്‍ ശരീരവും ആരോഗ്യവും പോകില്ലേ? ഒരു സാമ്പത്തികപ്രതിസന്ധി നാട്ടിലുണ്ടായാല്‍ നമുക്കുള്ളതെല്ലാം കഴിയില്ലേ?
നോമ്പുകാലം വീണ്ടുവിചാരത്തിന്‍റെ കാലമാകട്ടെ, ദൈവത്തില്‍ നിന്നും മനുഷ്യനില്‍ നിന്നും പിന്തിരിഞ്ഞവരെല്ലാം വീണ്ടും തിരിയണം. മാനസാന്തരമെന്നു പറഞ്ഞാല്‍ ഒരു തിരിയലാണ്. ഉപേക്ഷിച്ച നന്മകളിലേക്ക് വീണ്ടും തിരിയാം. പ്രാര്‍ത്ഥനാ ജീവിതത്തിലേക്കും വചനത്തിലേക്കും വീണ്ടും തിരിയാം. തിരിച്ചറിയാതെ മറഞ്ഞുകിടക്കുന്ന തിന്മകളെ ശ്രദ്ധിച്ചു തുടങ്ങാം. നന്മയിലേക്കു നയിക്കുന്ന വിശുദ്ധ വഴികളെ ധ്യാനിച്ച്, ജ്ഞാനവായനയും സല്‍പ്രവൃത്തികളും വഴി ഈ നോമ്പുകാലത്തില്‍ സ്വയം നവീകരിക്കാം. ആസക്തികളാല്‍ കലുഷിതമായ മനുഷ്യനെ ഉരിഞ്ഞുകളയാം.