പിറവി
നെഞ്ചിലുറയുന്ന ജീവധാരകളെ
എന്‍റെ അന്തരാത്മാവിലൂടെ
ഉയിര്‍ത്തു നീ
ഈ മാറുപിളര്‍ന്നൊഴുകുക
നിറവിന്‍റെ ജലസുകൃതമേ
ജീവപ്രവാഹമായ്
നനയ്ക്കുക ഈ പൃഥിയെ
നടനം
സ്ഫടികചിലമ്പുകളണിഞ്ഞും
കിലുകിലെ പുന്നാരം പറഞ്ഞും
ആഴങ്ങളെയാര്‍ദ്രമായ് പ്രണയിച്ചും
എന്‍റെ വേരുകളെ ഗാഢമായ് പുല്കിയും
സുന്ദരമൂര്‍ത്തഭാവമായ്
ഉള്‍പ്പൂക്കളെ വിരിയിച്ചും
ആടുക പ്രിയമോഹിനി
നിന്‍ നടനമിവിടെ
ജീവതാളമായ് ഉണരട്ടെ...
സംഹാരം
എവിടെ നിന്‍ ലോലഭാവം
എവിടെ നിന്‍ ശാന്തിമന്ത്രം
അലയൊലികളെല്ലാമതി തീവ്രരൂപിയായ്
അതിവേഗമതി രൗദ്രമൊഴുകുന്ന വേഗമായ്
ജലതരംഗിണി നിന്‍ സംഹാരഭാവമീ
മിഴികളാമുള്‍ക്കടല്‍ച്ചാലുകള്‍ പിന്നിട്ട്
ഉറകൊണ്ട ഹൃത്തിന്‍റെയുയിരിനെപ്പോലും
ഒരു മാത്ര മറന്നുവോ...
സ്വപ്നങ്ങള്‍ മറന്നുവോ...
പുണ്യങ്ങളെല്ലാം പാതിവഴിയില്‍
പൊലിഞ്ഞപോല്‍, ഭ്രാന്തമായ്
അലറിയാര്‍ക്കുന്ന പുഴയാമെന്‍ ചേതനേ
നിന്നലയിലൊടുങ്ങുമോ
ഈ ഭൂമിതന്‍ വിറയാര്‍ന്ന ഹൃത്തടം
മൃതി
നമ്മുടെ ജീവല്‍സമൃദ്ധിക്കു കാരണഭൂതയായവള്‍
പുല്ലിനും പൂവിനും മാനിനും മയിലിനും മാനവകുലത്തിനും
അമൃതേത്തു തന്നവള്‍
ഈ മണ്ണിന്‍റെ ചോദനകളെ ആത്മനാഡികളാല്‍ ആവൃതിമാക്കിയോള്‍
ഒടുവില്‍,
ദിഗംബരങ്ങള്‍ നടുക്കുമൊരു ഹുങ്കാരനാദത്തിനിടയില്‍
ഒരു കഴല്‍പ്പാടുപോലും അവശേഷിപ്പിക്കാതെ
നഗ്നയായ്
സ്വയം നഷ്ടമായ്
മൃതിയുടെ ചലനഗതിയില്‍
അലിഞ്ഞുപോയ്
അമ്മേ
നദിയാമെന്‍ തായേ
ഈ വിഹ്വലവിഹായസ്സിലേയ്ക്കുറ്റുനോക്കുമ്പോള്‍
ഞാന്‍ കാണുന്നത് ചെങ്കനല്‍ വര്‍ണമാണ്
നിന്‍റെ മാറിടം കുത്തിപ്പിളര്‍ന്ന്
നിന്‍റെ കരുണാര്‍ദ്രമിഴികള്‍ ചൂഴ്ന്നെടുത്ത്
നിന്‍റെയടിവയര്‍ തീച്ചൂളയാക്കി
നിന്‍റെ മൃദുലമാമുള്‍ക്കാമ്പിലെന്‍
ചെളിപൂണ്ട പാദങ്ങള്‍ കുത്തിപ്പടര്‍ത്തി
അഹമെന്ന തേര്‍തെളിച്ചുഞാന്‍
കാഹളം മുഴക്കി മുന്നേറവേ
അരുതേയെന്നു നിലവിളിച്ചാര്‍ത്തമായ്
അനാഥമായൊരു നെടുവീര്‍പ്പായ് നീ
ശൂന്യതയിലേയ്ക്കലിഞ്ഞുവോ
ഇല്ലാതെയായോ മഹിതേ നിന്നാത്മഭാവം
മാപ്പ്
നിന്നാഴതല്പങ്ങളിലേയ്ക്കാഴ്ത്തിയ
മലിനതകളെയോര്‍ത്ത്
നിന്‍റെ ത്രസിക്കുന്ന കിനാക്കളിലേ-
യ്ക്കടര്‍ത്തിയിട്ട മുറിപ്പാടുകളെയോര്‍ത്ത്
നിന്നില്‍നിന്നു ഞാന്‍ മോഷ്ടിച്ചെടുത്ത
മണല്‍ച്ചെരാതുകളെയോര്‍ത്ത്
നിന്നെത്തൊടാതെ പോയ
വിരല്‍പ്പൂക്കളെയോര്‍ത്ത്
നിന്‍റെ ശിരസ്സറുത്തും
ജീവതന്തുക്കളിറുത്തും
ഞാന്‍ വാരിയെടുത്ത
നിമിഷസുഖങ്ങളെയോര്‍ത്ത്
പ്രത്യാശ
ജലജീവനാഡികളെ
നിന്നുയിര്‍പ്രവാഹങ്ങളെവിടേയ്ക്കോ
മറഞ്ഞെങ്കിലും
നിന്നുര്‍വ്വരഭാവങ്ങള്‍
ഒരു മാത്രയകന്നെങ്കിലും
എന്നുള്‍ക്കാമ്പില്‍
നീയുണര്‍ന്നിരിക്കുന്നു
നീ ഉയിര്‍ക്കുമെന്ന സ്വപ്നവുമായ്
ഈ വരണ്ടഭൂമിയില്‍ ഞാന്‍ കാത്തിരിക്കുന്നു...
സമാധി
ഇരമ്പലുകളകന്നുപോയ്
ഞരക്കങ്ങളായ് താളലയം
തപ്തബാഷ്പങ്ങള്‍, തേങ്ങലുകള്‍
ഒടുക്കമീ നെഞ്ചകം പൊള്ളുന്ന നോവിനെ
അന്തരാളത്തിലേറ്റു നീ പിന്‍വാങ്ങിയോ
ഈ മണ്ണിന്‍റെയഗാധതപസിലേയ്-
ക്കതിവേഗം മറഞ്ഞുവോ
പുനര്‍ജനി
പ്രതീക്ഷകള്‍ വീണ്ടും ചിറകുകള്‍ വിടര്‍ത്തിയെന്‍
ജീവനുചുറ്റും
മഴപെയ്യുന്നു
മനം തുളുമ്പുന്നു
ശുദ്ധിതന്നുറവകള്‍ വീണ്ടും
ചാലിട്ടൊഴുകുന്നു
മാതൃഭാവം പുനര്‍ജ്ജനികൊള്ളുന്നു
പുഴയാമെന്‍ പൂര്‍ണ്ണതേ
പാവനയാം നിന്‍ ചരണങ്ങളില്‍
എന്‍ പ്രണാമം
പ്രണാമം
പ്രണാമം.