ഒരു വൃക്ഷം ഏതു മലയുടെ മുകളില്‍ വളര്‍ന്നാലും അതിന്‍റെ വേര് വെള്ളം തേടിപ്പോകും. അതുപോലെ മനുഷ്യന്‍ എവിടെയായിരുന്നാലും അവന്‍റെ ഹൃദയം ദൈവത്തെ തേടിപ്പോകും. സെന്‍റ് അഗസ്റ്റിന്‍ പറയുന്നതു പോലെ 'ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നില്‍ മാത്രം ഞാന്‍ സംതൃപ്തി കണ്ടെത്തും.' മനുഷ്യന്‍ അടിസ്ഥാനപരമായി പ്രാര്‍ത്ഥിക്കുവാന്‍ വിളിക്കപ്പെട്ടവനാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഉടനീളം പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെപ്പറ്റിയാണ് യേശു പഠിപ്പിക്കുന്നത്. ലൂക്കായുടെ സുവിശേഷം തുടങ്ങുന്നതു സഖറിയായുടെ ദേവാലയത്തിലെ പ്രാര്‍ത്ഥനയോടെയാണ്. ആ സുവിശേഷം അവസാനിക്കുന്നത് ജറുസലേം ദേവാലയത്തിലെ എമ്മാവൂസ് ശിഷ്യരുടെ പ്രാര്‍ത്ഥനയോടു കൂടി തന്നെ. മറിയത്തിന്‍റെ സ്തോത്രഗീതവും ഹന്നായുടെയും ശിമയോന്‍റെയും പ്രാര്‍ത്ഥനയുമൊക്കെ ഈ സുവിശേഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രാര്‍ത്ഥനയുടെ ആലയമായ ദേവാലയ ഗോപുരത്തില്‍ വച്ചാണ് യേശുവിന്‍റെ പ്രലോഭനം അവസാനിക്കുന്നത്.
പ്രാര്‍ത്ഥിക്കുന്ന മനുഷ്യനില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സീനായ് മലമുകളില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങി വന്ന മോശയുടെ മുഖം പ്രകാശം നിറഞ്ഞതായിരുന്നു. രൂപാന്തരീകരണത്തിന്‍റെ മലയില്‍ യേശുവിന്‍റെ മുഖം ജ്വലിച്ചു നിന്നു. കോപം വരുമ്പോള്‍ മുഖം ചുവക്കുന്നു. നിരാശ വരുമ്പോള്‍ മുഖം ദുഃഖമയമാകുന്നു. ദൈവാരൂപി കൊണ്ടു നിറയുമ്പോള്‍ മുഖം പ്രകാശിക്കുന്നു. ശരീരത്തിലെ തരംഗങ്ങളില്‍ വരുന്ന മാറ്റമാണിതിന്‍റെ കാരണം. ദൈവീകമായ പ്രകാശത്തിന്‍റെ തരംഗങ്ങള്‍ നമ്മില്‍ നിറയുമ്പേള്‍ നാം രൂപാന്തരപ്പെടുന്നു. ശരീരത്തിന്‍റെ മാത്രമല്ല മനോഭാവത്തിലും പ്രാര്‍ത്ഥന ചലനങ്ങള്‍ സൃഷ്ടിക്കും. പ്രാര്‍ത്ഥന കഴിഞ്ഞ യേശുവിന് ധൈര്യം ലഭിക്കുന്നു. താഴ്വരയില്‍ പോയി ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള ശക്തി പ്രാര്‍ത്ഥനയില്‍ യേശുവിനു ലഭിച്ചു. ഗത്സമേനിലെ പ്രാര്‍ത്ഥന കഴിഞ്ഞു വലിയ ശക്തിയോടെ പീഢാനുഭവങ്ങളിലേക്ക് കര്‍ത്താവ് പ്രവേശിച്ചു. പ്രാര്‍ത്ഥന പകര്‍ന്നു തരുന്ന ഏറ്റവും വലിയ സമ്മാനമാണ് ധൈര്യം. ഒന്നിനെയും ഭയപ്പെടാതെ, അഭിമുഖീകരിക്കുവാനുള്ള ധൈര്യം പ്രാര്‍ത്ഥന വഴി ലഭിക്കുന്നു.
പ്രാര്‍ത്ഥനയുടെ ഫലമായി ശരീരത്തിലും ചുറ്റുപാടുകളിലും ഒരു കാന്തവലയം സൃഷ്ടിക്കപ്പെടും. മൃഗങ്ങള്‍ക്കു പോലും അതനുഭവിക്കുവാന്‍ കഴിയും. ഭാരതത്തിലെ മുനിമാരുടെ ഗുഹയുടെ മുമ്പില്‍ സിംഹവും പുലിയും കാവല്‍ കിടന്നു. ആ മൃഗങ്ങള്‍ക്ക് അവരെ ഉപദ്രവിക്കുവാന്‍ തോന്നിയില്ല. വി. ഫ്രാന്‍സീസ് അസ്സീസി ചെന്നായ്ക്ക് കൈ കൊടുത്തു. വി. ആന്‍റണി പക്ഷികളോടും മത്സ്യങ്ങളോടും അടുത്തിരുന്ന് പ്രസംഗിച്ചു. പക്ഷി പറവകള്‍ക്കും, നാല്‍ക്കാലികള്‍ക്കും പ്രാര്‍ത്ഥിക്കുന്ന മനുഷ്യരുടെ തരംഗങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയും. പ്രാര്‍ത്ഥന വഴി ലഭിക്കുന്ന ഈ വലിയ ശക്തി അനുഭവിച്ചറിയുവാന്‍ പലര്‍ക്കും കഴിയുന്നില്ലായെന്നതാണ് സത്യം. ഉയര്‍ച്ചതാഴ്ചകളെ ഒരേ മനോഭാവത്തോടെ നോക്കിക്കാണുവാന്‍ പ്രാര്‍ത്ഥന സഹായിക്കും. അനുദിന ജീവിതാനുഭവങ്ങളെ ദൈവത്തിന്‍റെ കണ്ണിലൂടെ കാണുവാനുള്ള വരമാണ് പ്രാര്‍ത്ഥനയില്‍ ലഭിക്കുന്നത്. പ്രാര്‍ത്ഥനയില്ലാത്ത മനുഷ്യന്‍ എന്തിനെയും സ്വന്തം കണ്ണു കൊണ്ടു കാണുകയും സ്വന്തം ശക്തിയില്‍ ആശ്രയിച്ചു നേരിടുകയും ചെയ്യും. പ്രാര്‍ത്ഥിക്കുന്നവരാകട്ടെ, ദൈവത്തിലാശ്രയിച്ചു ദൈവത്തോടു ചേര്‍ന്ന് പ്രതിസന്ധികളെ അതിജീവിക്കും.
ദൈവത്തിന്‍റെ ഹിതത്തിന് 'ആമ്മേന്‍' പറയുവാനുള്ള ശക്തി പ്രാര്‍ത്ഥന വഴി ലഭിക്കുന്നു. 'ഇതാ കര്‍ത്താവിന്‍റെ ദാസി' എന്നു മറിയം പറഞ്ഞത് പ്രാര്‍ത്ഥനയിലാണ്. "ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിനു സ്തുതി" എന്നു ജോബും പറഞ്ഞത് പ്രാര്‍ത്ഥനയിലാണ്. "കര്‍ത്താവേ, ഞാന്‍ കളിമണ്ണാണ്. നീ കുശവനാണ്. നിന്‍റെ ഇഷ്ടം പോലെ എന്നെ വാര്‍ത്തെടുക്കേണമേ' എന്ന് സങ്കീര്‍ത്തകന്‍ പറഞ്ഞതും പ്രാര്‍ത്ഥനയില്‍ തന്നെ. ഒന്നിലും നിരാശപ്പെടാതെ പ്രത്യാശയോടെ മുന്നേറുവാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. ഇത്രയും വലിയ ഒരു ശക്തി ദൈവം നമ്മില്‍ വച്ചിട്ടും അതു തിരിച്ചറിയുവാന്‍ കഴിയാതെ പോകുന്നതും കഷ്ടം തന്നെ. കോടികള്‍ കൈയ്യിലുണ്ടായിട്ടും പഞ്ഞം കിടന്നു മരിക്കുന്ന മനുഷ്യരെപ്പോലെയാണ് നമ്മള്‍. പ്രാര്‍ത്ഥനയെന്ന വലിയ ശക്തി നമ്മിലുണ്ടായിട്ടും നിരാശപ്പെട്ട മനുഷ്യരായി നാം എന്തിനു കഴിയണം. നിരാശയുടെ നീര്‍ച്ചുഴികളില്‍ നിന്നും നമ്മെ കര കയറുവാന്‍ പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിക്കാം. ജീവിതത്തിന് ഓജസ്സും തേജസ്സുമായി ദൈവിക ശക്തി നമ്മില്‍ കടന്നുവരും.
തീച്ചൂളയില്‍ 3 ചെറുപ്പക്കാര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടെ കുളിര്‍മ്മയുണ്ടായി. ദാനിയേല്‍ സിംഹക്കുഴിയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ വിശക്കുന്ന സിംഹം വായടച്ചു. ശിഷ്യന്മാര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ബലവും ധൈര്യവും കൈവരിച്ചു. നമുക്കും പ്രാര്‍ത്ഥനയില്‍ അഭയം തേടാം.