വിഷാദരോഗത്തിനും (depression) അതിന്‍റെ അത്യുല്‍ക്കടനിലയായ വിരുദ്ധധ്രുവ മാനവികവ്യതിയാന(biopolar disorder)ത്തിനും പരിഹാരമായി സ്വാനുഭവത്തിലൂടെ ഡോ. ലിസ് മില്ലര്‍ കണ്ടെത്തിയ മനോനിലചിത്രണം(Mood Mapping) എന്ന 14 ദിന പരിശീലനപദ്ധതിയുടെ ആദ്യദിനം.
നിങ്ങളുടെ മനോനില (Mood) മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന ഒരുപിടി തന്ത്രങ്ങള്‍, അതാണ് മനോനിലചിത്രണം അഥവാ മൂഡ് മാപ്പിങ്ങ്. മനോനില മെച്ചപ്പെടേണ്ടത് അത്രവലിയ കാര്യമോ എന്നാകും നിങ്ങളുടെ ആദ്യചിന്ത. ഇതത്ര വിറ്റുപോകുന്ന ചരക്കല്ല എന്നും പിന്നീട് ചിരിക്കും. പക്ഷേ അങ്ങിനെയല്ല ഞാന്‍ കരുതുക. എന്‍റെ അനുഭവവും അതുതന്നെ. പ്രസന്നമായ, ആരോഗ്യകരമായ മനോനില നിങ്ങള്‍ കരുതുന്നതിലുമൊക്കെ വളരെയേറെ അനിവാര്യമാകുന്നു മനുഷ്യന്. അതിന്‍റെ സദ്ഫലങ്ങള്‍ നമ്മുടെ ഭാവനയ്ക്കും അപ്പുറമാണ്. അത് ഏറെ സൃഷ്ടിപരമാണ്, സര്‍ഗാത്മകമാണ്. അതിനാല്‍ മനോനില മെച്ചപ്പെടുത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടിറങ്ങുന്നതില്‍ അല്‍പ്പവും മടിക്കേണ്ടതില്ല.
ഒരു 'പണിയില്‍' ആശാനാകാന്‍ പതിനായിരം മണിക്കൂര്‍ പരിശീലിക്കണമെന്ന രസകരമായ കണ്ടെത്തല്‍ ഗവേഷകര്‍ നടത്തിയിട്ടുണ്ട്. വയലിന്‍ വായനയാവട്ടെ, പുതിയൊരു ഭാഷയാവട്ടെ ശരിയായ പ്രാവീണ്യം സിദ്ധിക്കാന്‍ അത്രയും സമയം വേണ്ടിവരുന്നു. പതിനായിരംമണിക്കൂര്‍ എന്നുവച്ചാല്‍ ഒരാഴ്ച 40 മണിക്കൂര്‍ വീതം അഞ്ചുവര്‍ഷം. തുടര്‍ച്ചയായി രണ്ടുവര്‍ഷം. മനോനിലയില്‍ കയ്യടക്കം സിദ്ധിക്കാനും അത്രയൊക്കെ കാലം വേണ്ടിവരും എന്നാകും നിങ്ങളിപ്പോള്‍ കരുതുക. മാറ്റത്തിന്, ഗണ്യമായ നേട്ടങ്ങള്‍ക്ക് അതിന്‍റേതായ സമയമെടുക്കും എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. നിങ്ങളുടെ മനോനിലയുടെ അധികാരിയാകാനും അല്‍പ്പകാലമെടുക്കും. പരിശീലനം എത്രമാത്രം തീവ്രമാകുന്നുവോ, അത്ര നേരത്തെ നിങ്ങളതു നേടും. പുരോഗതി സാവധാനമാണുണ്ടാകുക. പക്ഷെ ഓരോ ചുവടുവെയ്പിലും നിങ്ങള്‍ മാറ്റം അറിയും.
സ്വാതന്ത്ര്യമാണ് നല്ല മനോനിലയുടെ പ്രകൃഷ്ടഫലം! ഈ പണാധിഷ്ഠിത ലോകത്ത്, നിങ്ങളെഴുതുന്ന ബ്ലോഗിനുപോലും ഗൂഗിള്‍ പണം പിടുങ്ങുമ്പോള്‍, നയാപൈസ മുടക്കാതെ നല്ല മനോനില നിങ്ങള്‍ക്കു നേടിയെടുക്കാം. മനോനില മാറ്റാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ മനസിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു എന്നുതന്നെ.
മാനസികജീവിതത്തിന്‍റെ അടിത്തറയാണ് മനോനില അഥവാ മൂഡ്. ചിന്തയുടെ, വികാരങ്ങളുടെ, പെരുമാറ്റത്തിന്‍റെ, ശാരീരികാരോഗ്യത്തിന്‍റെ ഒക്കെ അടിസ്ഥാനം അതുതന്നെ. മോശം മനോനില മോശം ചിന്തകള്‍ക്ക്, തളര്‍ത്തുന്ന വികാരങ്ങള്‍ക്ക്, ദുര്‍ബല മാനസികശാരീരിക ആരോഗ്യത്തിന് ജനം നല്‍കുന്നു. നല്ല മനോനിലയാകട്ടെ ശുഭചിന്തകള്‍ക്ക്, അതുവഴി സര്‍ഗാത്മകതയ്ക്ക്, തിളങ്ങുന്ന ധീഷണയ്ക്ക് കാരണമാകുന്നു. മനോനില ചിത്രണം (Mood Mapping) ഉയര്‍ന്ന ആത്മാവബോധത്തിനും ആത്മജ്ഞാനത്തിനും പ്രോത്സാഹനമാകുന്നു. നിങ്ങളുടെ മനോനില നിങ്ങളുടെ നിയന്ത്രണത്തിലെന്ന് ബോധ്യമാകുന്നതോടെ ഏതു സാഹചര്യത്തെയും നേരിടാന്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നു. അതിനര്‍ത്ഥം നിങ്ങള്‍ സദാ നിങ്ങളുടെ മികവിലായിരിക്കും എന്നും. എപ്പോഴും എല്ലാറ്റിലും നിങ്ങളുടെ മികച്ച പ്രകടനം നിങ്ങള്‍ പുറത്തെടുക്കുന്നു. മനോനില മാറ്റാനുള്ള നുറുങ്ങുവിദ്യകള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലുണ്ടാകും സദാ.
മനോനിലചിത്രണത്തിലൂടെ ഏതുസമയത്തും ശരിയായ മനോനില, അഥവാ മനോമേഖല നിങ്ങള്‍ക്കു കൈവരിക്കാനാകുന്നു. അതുവഴി നിങ്ങളുടെ മനസ്സിന് അതിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.
നല്ല മനോനില എന്നാല്‍:-
നല്ല ആരോഗ്യം - നല്ല മനോനില നല്ല മാനസികശാരീരിക ആരോഗ്യത്തിന് വഴിവെക്കുന്നുവെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ നിരവധിയുണ്ട്. മോശം മനോനില സമ്മര്‍ദ്ദത്തിനും അതുവഴി എല്ലാ തലത്തിലുമുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു.
സംതൃപ്തി, സന്തോഷം - മോശം മനോനിലയില്‍ ചെയ്യുന്നതൊന്നും ആര്‍ക്കും തൃപ്തി നല്‍കുന്നില്ല, അതിലവര്‍ ആനന്ദിക്കുന്നില്ല.
തെളിഞ്ഞ ചിന്ത - നല്ല മാനസിക നില ഏകാഗ്രതയ്ക്ക് വളമാകുന്നു. മോശം മാനസികനിലയില്‍ നിങ്ങളുടെ മനസ്സ് പല വഴിക്കു നീങ്ങുന്നു. സ്വാസ്ഥ്യം മാത്രം തേടുന്നു.
നല്ല പെരുമാറ്റം - മനോനിലയും പെരുമാറ്റവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നല്ല പെരുമാറ്റം നിങ്ങള്‍ക്കു ലോകത്തെ നേടിത്തരുന്നു.
നല്ല ബന്ധങ്ങള്‍ - സ്ഥിരമായി മോശം മനോനിലയില്‍ കഴിയുന്നവര്‍ക്കു ഫലപ്രദമായ ബന്ധങ്ങള്‍ ഏറെക്കുറെയല്ല, തികച്ചും അസാധ്യമത്രേ.
നല്ല ലൈംഗികജീവിതം - നല്ല മനോനില സംതൃപ്ത ലൈംഗികജീവിതം സമ്മാനിക്കുന്നു.
സ്ഥിരോത്സാഹം - നല്ല മനോനിലയിലെ സ്ഥിരത നിങ്ങളെ സ്ഥിരോത്സാഹിയാക്കുന്നു. തിരിച്ചടികളില്‍നിന്നു കുടഞ്ഞെണീക്കുന്നു. കുതിക്കാനുള്ള ഊര്‍ജ്ജം നിങ്ങളില്‍ സദാ നിലനില്‍ക്കുന്നു.
സ്വന്തം അതിര്‍വരമ്പുകള്‍ ഭേദിക്കാനുള്ള കഴിവ് - നല്ല മനോനിലയിലല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിയില്ല. നല്ല മനോനില നിങ്ങളുടെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുന്നു. പ്രലോഭനങ്ങളെ ചെറുക്കാനുള്ള കരുത്തുനല്‍കുന്നു. അത്ര അനായാസമല്ലാത്ത, നിങ്ങള്‍ക്ക് അത്രക്കൊന്നും രുചിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നല്ല മനോനില നിങ്ങളെ പ്രാപ്തമാക്കുന്നു.
രോഗമുക്തി പ്രസന്നമനോനില രോഗങ്ങളില്‍ നിന്നും പരിക്കുകളില്‍ നിന്നും പെട്ടെന്നു മുക്തി സമ്മാനിക്കുന്നു. സമ്മര്‍ദ്ദത്തിന്‍റെ (Stress) ശാരീരിക പ്രത്യാഘാതങ്ങളെ ചെറുക്കുന്നു. മനസമാധാനവും ശാന്തിയും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. പ്രതിരോധശക്തി കൂട്ടുന്നു.
രോഗപ്രതിരോധം - മിക്ക ശാരീരികരോഗങ്ങളും വിഷാദത്തിന്‍റെയും ഉല്‍ക്കണ്ഠയുടെയും സന്തതികളാണ്. ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ് രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, മതിഭ്രമം, അര്‍ബുദം തുടങ്ങിയ രോഗങ്ങളില്‍ പലതും ഒരു നൂറ്റാണ്ട് മുന്‍പ് ഇത്ര വ്യാപകമായിരുന്നില്ലെന്ന് ഓര്‍ക്കുക. ഇക്കാലയളവില്‍ ജീവിതരീതി തിരിച്ചറിയാനാവാത്തവിധം മാറിമറിഞ്ഞു. അതു നമ്മുടെ ജീവിതത്തിന്‍റെ ഗുണമേന്മയ്ക്ക് മങ്ങലേല്‍പ്പിച്ചു. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് അത് അടിവരയിടുന്നു.
സാമ്പത്തികനേട്ടം നിഷേധാത്മക സമീപനമുള്ളവരെക്കാള്‍ ജോലിയില്‍ വിജയിക്കുക പ്രസാദാത്മക സമീപനമുള്ളവരാകും എന്നതില്‍ സംശയമില്ല. അതു സാമ്പത്തികനേട്ടത്തിന് ഉതകുമെന്നതിലും.
മനോനിലചിത്രണം നിങ്ങളുടെ മനോനിലയെക്കുറിച്ചുള്ള നിങ്ങളുടെ അവബോധം വര്‍ദ്ധിപ്പിക്കുന്നു. ആ അവബോധം ഒന്നുമതി നിങ്ങളുടെ മനോനിലയെ നിയന്ത്രണത്തിലാക്കാന്‍. 'കൊള്ളാമെന്ന തോന്നല്‍' നിങ്ങളെ ഉല്‍ക്കണ്ഠയില്‍നിന്നും വിഷാദത്തില്‍നിന്നും സംരക്ഷിക്കുന്നു. സാധാരണ ശാരീരിക അസുഖങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുന്നു. 'സ്വയം നല്ല നിലയിലാണെന്ന്' മനസ്സിലാക്കാന്‍ കഴിയാത്തവിധം ആരും ശിശുക്കളോ, വൃദ്ധരോ അല്ല. ഞാന്‍ കൗമാരക്കാരെയും അറുപതു കഴിഞ്ഞവരെയും മനോനിലചിത്രണം പരിശീലിപ്പിക്കുന്നു. വലിയ ബഹളക്കാരായ കുട്ടികളെ ശാന്തരാക്കാന്‍ അവരറിയാതെ പ്രയോഗിക്കുന്നു. പ്രായവ്യത്യാസമില്ലാതെ ആരിലും അതു ഫലപ്രദമാകുന്നു.
ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള തലച്ചോറിന്‍റെയും ആരോഗ്യമുള്ള മനസ്സിന്‍റെയും അടിത്തറയത്രെ. നിങ്ങള്‍ എത്രമാത്രം ആരോഗ്യവാനാണ്/ആരോഗ്യവതിയാണ് എന്നറിയുന്നതിനുള്ള മാര്‍ഗ്ഗംകൂടിയാണ് മനോനില. മനോനിലചിത്രീകരിക്കുന്നതു വഴി നിങ്ങള്‍ നിങ്ങളുടെ ആരോഗ്യനിലകൂടിയാണ് രേഖപ്പെടുത്തുക. മനോനില നന്നായി തോന്നിയാല്‍ അതെ, നിങ്ങള്‍ ശാരീരികമായും ആരോഗ്യത്തിലാണ്. നിങ്ങള്‍ വിചാരിച്ചാല്‍ അവിടെത്തന്നെ തുടരുകയും ചെയ്യാം.
മാറ്റത്തിന്‍റെ മാര്‍ഗ്ഗം
വിവിധ പൂട്ടുകള്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലെന്നതുപോലെ വ്യത്യസ്തരായ ആളുകള്‍ക്ക് ആനന്ദത്തിലേക്കുള്ള താക്കോലും വ്യത്യസ്തമത്രെ. ഒരാള്‍ക്കു സന്തോഷകരമാവുന്നതു മറ്റൊരാള്‍ക്ക് അങ്ങനെ ആകണമെന്നില്ല. ഒരാള്‍ക്കു നിലാവുള്ള രാത്രികള്‍ സന്തോഷം സമ്മാനിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഊഷ്മളമായ സായന്തനങ്ങള്‍ ശാന്തിപകരുന്നുവെന്നു വരാം. നമ്മില്‍ ചിലര്‍ ചുറ്റുമുള്ളവരെ ആശ്രയിക്കുന്നു. മറ്റുചിലര്‍ ഒഴിഞ്ഞുമാറി സ്വസ്ഥമായി കഴിയുന്നു. അല്ലെങ്കില്‍ അവരുടെ ജോലിയില്‍ സൃഷ്ടിപരമായ കഴിവുകള്‍ ഉപയോഗിക്കുന്നു.
എല്ലാറ്റിനുമുപരി ചിലര്‍ക്ക് മറ്റു പലരേക്കാളുമേറെ നല്ല മനോനിലയും സന്തോഷവും വളരെ പ്രധാനമാണ്. നല്ല മൂഡിലല്ലെങ്കില്‍ ചിലര്‍ക്ക് ഒന്നും ചെയ്യാനാവില്ല. ചിലര്‍ക്ക് സ്വന്തം ജോലിയില്‍ സ്വയം പ്രചോദനം കണ്ടെത്താനാകും. അതിന്‍റെ ഫലം തന്നെ അവര്‍ക്ക് നല്ല മനോനില സമ്മാനിക്കും. എന്തായിരുന്നാലും തെളിഞ്ഞ ദിവസവും തെളിഞ്ഞ മനോനിലയും നമ്മെ സന്തോഷഭരിതരാക്കും. മൂടിക്കെട്ടിയ ദിവസത്തെ മ്ലാനമനസ്സ് നമ്മെ മടുപ്പിക്കും.
മനോനില നമ്മുടെ പ്രവൃത്തിയെ, പെരുമാറ്റത്തെ, ചിന്തയെ, ആശയവിനിമയത്തെ ബാധിക്കുന്നു. കോപമോ സന്തോഷമോ പോലുള്ള വികാരങ്ങള്‍ കണക്ക് മനോനില നേരിട്ട് പ്രകടമാക്കുന്നില്ല. പകരം വ്യത്യസ്തവികാരങ്ങള്‍ക്ക്, വൈകാരിക അവസ്ഥകള്‍ക്ക് അതു പ്രചോദനമാകുന്നു.
അഭ്യാസം
ഇപ്പോള്‍ 'മനോനില' അഥവാ 'മൂഡ്' എന്താണെന്ന് ഏകദേശചിത്രം നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടാവും. ചില പ്രായോഗികപരിശീലനങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് പാകമായിരിക്കുന്നു. മനോനിലചിത്രണത്തിന് തുടക്കം കുറിക്കാന്‍ സമയമായിരിക്കുന്നു.
ഓരോദിവസവും പല സമയങ്ങളില്‍ നിങ്ങളുടെ മനോനില രേഖപ്പെടുത്തുക എന്നതാണ് അഭ്യാസനത്തില്‍ പ്രധാനം. ഓരോ രേഖപ്പെടുത്തലിനും ശേഷം നിങ്ങളുടെ മനോനില എപ്രകാരം മാറിയിരിക്കുന്നു എന്നു പരിശോധിക്കുക. ഓരോ ദിവസത്തിനുശേഷവും ഓരോ ആഴ്ചയ്ക്കുശേഷവും ഓരോ അഭ്യാസനത്തിനു മുന്‍പും പിന്‍പും നിങ്ങളുടെ മനോനില പരിശോധിക്കുക. അതിലെ മാറ്റം അറിയുക. ചില അവസരങ്ങളില്‍ നിങ്ങള്‍ എന്തു ചെയ്യുകയാണോ അത് നിര്‍ത്തിവച്ച് മനോനില രേഖപ്പെടുത്തുന്നത് ഉചിതമായിരിക്കും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ഒരു 'സമയം' 'അപ്പോയിന്‍മെന്‍റ്' നല്‍കുക. സാവകാശം നിങ്ങള്‍ക്കത് പരിചയമാകും.
അഭ്യാസം ഒന്നാംദിനം
നിങ്ങളുടെ നോട്ടുബുക്ക് തുറക്കുക. ഓരോ ദിവസവും പുതിയ പേജില്‍ തുടങ്ങുക. ഡയറി ഉപയോഗിക്കുന്നുവെങ്കില്‍ ധാരാളം ഇടം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇനി നിങ്ങളുടെ മനോനില രേഖപ്പെടുത്താം, ഒരു ദിവസം മൂന്നോ നാലോ തവണ. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമാണ് ഉചിതമായ സമയം. കിടക്കുന്നതിനു മുന്‍പ് കുറച്ച് നോട്ട് കുറിക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ആ ദിവസത്തെ ഒന്നാകെ കാണുവാന്‍ അപ്പോള്‍ നിങ്ങള്‍ക്ക് കഴിയും. ശാന്തമായ വീണ്ടുവിചാരത്തിന് അവസരം ലഭിക്കും. കഴിയുമെങ്കില്‍ എല്ലാ ദിവസവും ഒരേ സമയം ഉപയോഗിക്കുക. അത് നിങ്ങളുടെ ജോലിത്തിരക്കുകള്‍ക്ക് ഇടയിലാണെങ്കില്‍ക്കൂടി. എല്ലാം മാറ്റിവയ്ക്കുക. നിങ്ങളുടെ മനോനില രേഖപ്പെടുത്തുക. ജോലിയിലേക്ക് തിരികെപ്പോകുക. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പല സമയത്തെ മനോനിലകളില്‍ ചില സമാനതകളും വൈജാത്യങ്ങളും ഒരേപോലെ ആവര്‍ത്തിക്കുന്നത് കാണാനാകും.
വളരെ കുറച്ച് വാചകങ്ങളില്‍ അപ്പോള്‍ നിങ്ങള്‍ മനസ്സില്‍ എന്തു തോന്നുന്നോ അത് കുറിച്ചുവയ്ക്കുക. സന്തോഷം, സങ്കടം, ഉല്‍ക്കണ്ഠ, അതോ തൃപ്തിയോ? നിങ്ങളുടെ മനോനില വിവരിക്കുക. കഴിയുമെങ്കില്‍ ആ സമയം അങ്ങിനെ അനുഭവപ്പെടാന്‍ എന്താണ് കാരണമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ അതുകൂടി കുറിക്കുക. നിങ്ങള്‍ എന്തു ചിന്തിക്കുന്നു? നിങ്ങളുടെ ചിന്തകള്‍ സ്വാഭാവികമായി വരുന്നുവോ? ഒരേ ചിന്ത പലതവണ ആവര്‍ത്തിക്കുന്നുവോ? മനസ്സിന് ഉന്മേഷമില്ലായ്മ അനുഭവപ്പെടുന്നെങ്കില്‍ എന്തുകൊണ്ട്? സന്തോഷവും ശാന്തതയും അനുഭവിക്കുന്നെങ്കില്‍ അതിനു കാരണം എന്ത്?
ഓരോ ദിവസവും നിങ്ങളുടെ ഉത്തരങ്ങളിലുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക. നിങ്ങളുടെ പ്രവൃത്തികള്‍ക്ക് കാരണമാകുന്ന ചിന്തകളെ പ്രത്യേകം പരിഗണിക്കുക. നിങ്ങളുടെ ചിന്തയും വൈകാരിക അവസ്ഥകളും പ്രവൃത്തികളും നിങ്ങളുടെ മനോനിലയെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് ഈ അഭ്യാസനത്തിലൂടെ നിങ്ങള്‍ക്ക് വ്യക്തമാകും.
ഈ നിമിഷം നിങ്ങള്‍ക്ക് എന്തു തോന്നുന്നു, അനുഭവപ്പെടുന്നു എന്നതിന് ഊന്നല്‍ നല്‍കുകവഴി നിങ്ങള്‍ക്ക് നിങ്ങളുടെ മനോനിലയും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെ മനോനിലയും ബോധ്യമാകുന്നു. ഈ ബോധ്യത്തിന്മേലാണ് നിങ്ങള്‍ നിങ്ങളുടെ മനോനിലയുടെ നിയന്ത്രണം കയ്യിലെടുക്കുക, അതുവഴി മറ്റുള്ളവരുടെയും.
(തുടരും)