news-details
കവിത

ചന്ദ്രക്കല പോല്‍ വളരുന്ന കാന്തിയായ്
വാനപഥത്തിലെയത്ഭുത താരമായ്
അഴലാര്‍ന്ന മര്‍ത്യരില്‍ നിറയും സ്നേഹാമൃതായ്
ഉജ്ജ്വലദീപ്തി സ്ഫുരിപ്പിക്കുമമ്മേ,

വിശ്വത്തിലുണ്മകളൊന്നിച്ചു കൈകൂപ്പി
അമ്മയ്ക്കു കീര്‍ത്തനമരുളുന്നു സാദരാല്‍
ഏറ്റം വിലപിടിപ്പുള്ള തൂമുത്തുകള്‍
സര്‍വേശനങ്ങേയ്ക്കൊരുക്കുന്നീ വേളയില്‍

വിരിയും സ്നേഹത്തിന്‍റെ കാന്തി പ്രസാദങ്ങള്‍
ഇരുളിന്‍റെ തുറകളില്‍ വിരിയിക്കും നാളുകള്‍
എത്രയും ധന്യം മഹത്തരമോര്‍ക്കുകില്‍
അമ്മ വിളങ്ങുമീ പാരിന്നും സൗഭഗം.

കര്‍മ്മ വിശുദ്ധി തന്‍ കമ്രകാന്തികള്‍
ദ്യോവിന്‍റെ മാറില്‍ പ്രതിഛായ വീഴ്ത്തവേ,
സാകൂതം മാലാഖവൃന്ദങ്ങള്‍ വന്നെത്തി
ആരാഞ്ഞു "ആരിത്ര ശോഭിപ്പൂ ഊഴിയില്‍?"

അമ്മയെക്കണ്ടു, അവര്‍ ഓടയോരങ്ങളില്‍
തട്ടിയെറിഞ്ഞൊരാ ചോരക്കിടാങ്ങളില്‍
മാലുകള്‍ തിങ്ങിയലയുമനാഥരില്‍
ഉറ്റോരാല്‍ പരിത്യക്തരില്‍, പിന്നെയും

ചീഞ്ഞളിഞ്ഞുഴറുന്ന മര്‍ത്യഗണങ്ങളില്‍
ഏറ്റം ഉദാത്തമാം കാരുണ്യമൂര്‍ത്തിയായ്
പെറ്റമ്മയെപ്പോലൊഴുകുന്ന സ്നേഹമായ്
കെട്ടിപ്പുണരുന്ന കാന്തപ്രസരമായ്

ദ്യോവിന്‍റെ മാറില്‍ പ്രതിബിംബതേജസ്സായ്-
ക്കണ്ട തൂരത്നമിതെന്നു നിനയ്ക്കവേ
ആനന്ദമൂര്‍ഛയിലാണ്ടു പുളകോത്മ
നമ്രശിരസ്ക്കരായ് നിന്നു മാലാഖമാര്‍.

അമ്മേ തെരേസയെന്നക്ഷര കാന്തികള്‍
കര്‍മ്മവിശുദ്ധിയില്‍ വിളങ്ങട്ടെ മേല്‍ക്കുമേല്‍
താവക കര്‍മ്മപ്രഭയില്‍ തരളമായ്
ആനന്ദഗീതം പൊഴിക്കുന്നു പാരിടം.

അമ്മേ അഭിവന്ദ്യ പുണ്യസുകൃതിനി
താവക ചാരെ ഞങ്ങള്‍ പുല്‍ക്കൊടി മാത്രമാ
ണെങ്കിലും നേരുന്നു, നിയുന്നീയാദര-
പ്പൂച്ചെണ്ടൊന്നങ്ങേയ്ക്ക്; സ്നേഹാഞ്ജലിക്കൊപ്പം.

You can share this post!

സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍

രാജന്‍ ചൂരക്കുളം
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts