വിരിച്ചകരങ്ങളുമായി
മുട്ടിന്‍മേല്‍ വിശുദ്ധന്‍
ഇടുങ്ങിയ മുറിയുടെ ജനലഴി
വഴി നീളുന്ന ധ്യാനനിശ്ചലമൊരു
കരത്തിനുള്ളില്‍ കൂടിനിടം
തേടുന്നു കരിങ്കുയില്‍.
കരതാരിലറിയുന്ന ഇളംചൂടാര്‍ന്ന
മുട്ടകള്‍ അമരുന്ന ചെറിയമാറിടം
ചുണ്ടും നഖങ്ങളും.
നിത്യജീവശൃംഖലയില്‍
സ്വയം കണ്ടെത്തുന്നു കെവിന്‍.
ഉറവുപൊട്ടുന്നു കനിവുള്ളില്‍,
ഇനിയീ കരങ്ങളാ ചെറുമികള്‍
വിരിയുവോളം പറക്കമുറ്റുവോളം
വെയിലിലും മഴയിലുമൊരു
ചില്ലയായ് തീരണം.
ധ്യാനനിശ്ചലം.
മഹത്താമൊരു ഭാവനയിതെങ്കിലും
നിനയ്ക്കുമോ കെവിനെ?
ഏതാണയാള്‍ ? സ്വയം മറന്നൊരാള്‍?
അതോ കഴുത്തുമുതല്‍ വിരല്‍ത്തുമ്പോളം
പേറുന്ന കഠിനവേദനയോ ?
മരവിച്ചവിരലുകള്‍, മുട്ടുകള്‍,
അതോ അയാളിലൂടെ
പടര്‍ന്നുകയറുകയോ ഭൂമി ?
അന്തരങ്ങളെല്ലാമകലുന്ന മാനസം
സ്നേഹനീര്‍ച്ചോലയില്‍ മുങ്ങിനിവരുന്നു
ഏകനായി വിമലം.
വിസ്മരിപ്പൂ സ്വയം കിളിയെയും
പുഴയെ മറന്നു പുഴയരികില്‍
ആപാദചൂഢമൊരു
പ്രാര്‍ഥനയായ് തീരുന്നു:
'പ്രതിഫലേച്ഛലേശമേശാതെ
പ്രയത്നിക്കാനായെങ്കില്‍'.