പാപം മനുഷ്യനെ മാടിവിളിക്കുന്ന ലോകമാണിത്. കാണാന്‍ കൊള്ളാവുന്നതൊക്കെ കാണിച്ചുതന്നുകൊണ്ട് കണ്ണുകളുടെ ദുരാശയില്‍ നിറയുന്നു. തിന്നാന്‍ കൊള്ളാവുന്ന പഴങ്ങള്‍ കണ്ടു ശരീരത്തിന്‍റെ ആസക്തികള്‍ ഉണരുന്നു. ദൈവത്തെപ്പോലെയാകാനുള്ള ത്വരകൊണ്ട് ജീവിതത്തിന്‍റെ അഹന്തകള്‍ നമ്മെ വേട്ടയാടുന്നു. പുഴുക്കടിയില്‍ ചൊറിയുമ്പോള്‍ ഒരു സുഖമുണ്ട്. പക്ഷേ വീണ്ടും വീണ്ടും അവിടെ ചൊറിഞ്ഞാല്‍ ആ സുഖം വേദനയായിമാറും. രക്തത്തുള്ളികള്‍ പൊടിഞ്ഞുവരും. മദ്യപാനത്തില്‍ ഒരു സുഖമുണ്ട്. അതു പിന്നീട് കരളിനെ ബാധിക്കും. ലൈംഗികാസ്വാദനങ്ങളില്‍ സുഖമുണ്ട്. പിന്നീടത് 'എയ്ഡ്സ്' ആയിമാറും. പുകവലിയില്‍ ഒരു സുഖമുണ്ട്. സാവധാനം ശ്വാസകോശരോഗം കടന്നുവരും. എല്ലാ സുഖങ്ങളിലും ആസ്വാദ്യതയുണ്ട്. പക്ഷേ പിന്നീട് അവ തന്നെ നമ്മെ തകര്‍ത്തുകളയുന്നു. ഒരു നിമിഷത്തിന്‍റെ സുഖം ഒരു ആയുസിന്‍റെ വിലയായി നല്കേണ്ടി വരുന്നു.
പാപം മനുഷ്യനെ കാട്ടുചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചു. തിന്മ ചെയ്യുന്ന മനുഷ്യന്‍ ദൈവത്തില്‍ നിന്നും മനുഷ്യനില്‍ നിന്നും ഒളിക്കും. പടിയിറങ്ങി പറുദീസാ വിട്ടുപോയ മനുഷ്യന്‍ പടിപടിയായി അധഃപതിച്ചു. ദൈവത്തില്‍ നിന്നകന്ന മനുഷ്യന്‍ പരസ്പര ബന്ധങ്ങളില്‍നിന്നും അകന്നു. പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് ആദിമാതാപിതാക്കള്‍ അധഃപതിച്ചു. മൂത്തവനായ കായേന്‍ ഇളയവനായ ആബേലിനെ കൊല്ലുന്നതുവരെയുള്ള അവസ്ഥയില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നു. സത്യമായ ദൈവത്തെ നുണയനായി അവതരിപ്പിക്കുന്നതിലും മനുഷ്യനു വിലയില്ലായെന്നു തോന്നിപ്പിക്കുന്നതിലും പാപം ലാഭകരമാണെന്ന ചിന്ത ജനിപ്പിക്കുന്നതിലും സാത്താന്‍ വിജയിച്ചു. സര്‍വ്വസ്വതന്ത്രനായ മനുഷ്യന്‍ താന്‍ നഗ്നനാണെന്നു ചിന്തിക്കുന്ന അവസ്ഥവരെ സംജാതമായി. ധാര്‍മ്മികത തകര്‍ന്നവനും സ്വയം ഉള്‍വലിയുന്നവനുമായി മനുഷ്യന്‍ മാറി. മാലാഖമാരേക്കാള്‍ അല്പം താഴെയായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തകര്‍ന്നവനായി. ഉന്നതശൃംഖങ്ങളില്‍നിന്ന് താഴ്വാരങ്ങളിലേക്ക് അവന്‍ താഴ്ന്നുപോയി.
തിരുത്തുവാനും പിന്തിരിയാനുമുള്ള പ്രേരണയുമായി പ്രവാചകന്മാര്‍ കടന്നുവന്നു. സ്നാപകയോഹന്നാനിലൂടെ മാനസാന്തരത്തിന്‍റെ ശംഖുനാദം മാനവചരിത്രത്തില്‍ ദൈവം ഉയര്‍ത്തി. അഹങ്കാരത്തിന്‍റെയും സ്വയനീതികരണത്തിന്‍റെയും കുന്നുകളും മലകളും നിരത്തണമെന്ന ആഹ്വാനം സ്നാപകന്‍ ഉയര്‍ത്തി. തിന്മയുടെ കുഴികള്‍ നന്മ പ്രവൃത്തികളാക്കാന്‍ നികത്തണമെന്നും വളഞ്ഞവഴികള്‍ നേരെയാക്കണമെന്നും സ്നാപകന്‍ പറഞ്ഞു. വളഞ്ഞവഴികള്‍ മനുഷ്യനെ വളഞ്ഞ മാര്‍ഗ്ഗങ്ങളില്‍ തളച്ചിടുമെന്ന ചിന്ത അദ്ദേഹം മനുഷ്യരിലേക്കയച്ചു തന്നു. പരുപരുത്തുപോയ മനസ്സും സ്വഭാവദൂഷ്യങ്ങളും മയപ്പെടുത്തണമെന്ന ശബ്ദം മുഴങ്ങിനിന്നു. കര്‍ത്താവിനു സ്വീകാര്യമായ വഴികള്‍ ഒരുക്കുവാന്‍ മനുഷ്യനു കഴിയണമെങ്കില്‍ സമ്പൂര്‍ണ്ണമായ ഒരു മാനസാന്തരം ഉണ്ടാകേണ്ടിയിരിക്കുന്നു. ചെറിയ തിരുത്തലുകളേക്കാള്‍ ഉപരി വലിയ മാറ്റങ്ങളാണുണ്ടാകേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരു പുതുജീവിതത്തിനുള്ള ആഹ്വാനമാണ് സ്നാപകന്‍ നല്കിയത്.
നടന്നു തീരാത്ത വഴികളിലെ ദൂരെയുള്ള വളവുകള്‍ നാം തിരിച്ചറിയണം. കണ്ണിനും കാതിനും നാവിനും ആസ്വാദ്യകരമായ പലതും നാം ഉപേക്ഷിക്കേണ്ടിവരും. അതൊരു നൊമ്പരമുള്ള പ്രയാണമാണ്. ആസക്തികളാല്‍ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് യേശുക്രിസ്തുവില്‍ പുതിയ മനുഷ്യനെ ധരിക്കണം. യോഹന്നാന്‍ 3-ല്‍ നിക്കദേമൂസിനോട് യേശു പറയുന്നത് ഇതുതന്നെയാണ്. സ്വഭാവത്തിന്‍റെ പുതുജന്മത്തിന് ഒരു നൊമ്പരമുണ്ട്. നൊമ്പരം അനുഭവിച്ചാലേ പുതുജന്മം സാധ്യമാകൂ. മനപ്പൂര്‍വ്വം വെറുത്തുപേക്ഷിക്കാത്ത തിന്മകള്‍ അനുകൂലസാഹചര്യത്തില്‍ തിരിച്ചുവരും. താല്ക്കാലികമായി നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ ശരിയാവില്ല. എത്രമാത്രം ആഴത്തില്‍ വീണുപോയോ അത്രയും കയറിവരണം. എത്ര അകലത്തില്‍ നടന്നുപോയോ അത്രയും ദൂരം നാം തിരിച്ചുനടക്കണം. പന്നിക്കുഴിയില്‍ നിന്നും കയറിവന്ന്, താണ്ടിയ ദൂരങ്ങള്‍ തിരിച്ചുനടന്ന ധൂര്‍ത്തപുത്രനെപ്പോലെ നമുക്കും പ്രവര്‍ത്തിക്കാം. അങ്ങനെ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും നമ്മില്‍ ജന്മമെടുക്കട്ടെ.