news-details
ധ്യാനം

വിമര്‍ശകരും, വിമര്‍ശനവും

ജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ പൊതുവെ വിമര്‍ശകരാകാറുണ്ട്. സാഹിത്യ രചനകളെ വെറുതെ വിമര്‍ശിക്കുന്നവര്‍ സ്വന്തം കൃതികളില്‍ വിജയം കണ്ടെത്താത്തവരാകാം. പൊതുവെ വിമര്‍ശനം എന്നു പറയുന്നത് സ്വന്തം അപകര്‍ഷതാ ബോധം മറക്കുന്നതിനുള്ള ആയുധവും സ്വയനീതീകരണവുമാണ്. വിമര്‍ശകര്‍ എന്‍റെ ഇന്നലെകളെ മാത്രം കാണുന്നവരാണ്. സ്വന്തം കഴിവുകേടുകളെ മറയ്ക്കുവാനായി അപരനെ കരുവാക്കുന്ന പ്രവണതയാണിത്. എന്‍റെ ബലഹീനതയെ മറയ്ക്കുവാനായി അപരന്‍റെ മേല്‍ അതേ ബലഹീനത വെച്ചുകെട്ടുന്നതാണ് വിമര്‍ശനം.

സത്യസന്ധമായതും നീതി നിറഞ്ഞതുമായ കാര്യം ചെയ്യുവാന്‍ പരാജയപ്പെട്ടിട്ട് വിമര്‍ശനവുമായി ഓടി നടന്ന ആളാണ് ഒറ്റുകാരന്‍ യൂദാസ്. മഗ്ദലനാ മറിയം യേശുവിന്‍റെ പാദത്തിന്‍ സുഗന്ധതൈലം പൂശിയപ്പോള്‍ വിമര്‍ശിച്ചവനാണ് യൂദാസ്. ആ സുഗന്ധത്തിന് ചെലവഴിച്ച പണം ദരിദ്രര്‍ക്കു കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നതായിരുന്നു യൂദാസിന്‍റെ കമന്‍റ്. അങ്ങനെ പറഞ്ഞവന്‍ ആത്മാര്‍ത്ഥതയില്ലാത്തവനായതുകൊണ്ട് ആരും ആ വാചകം ഉദ്ധരിച്ചു പ്രസംഗിക്കാറില്ല. അമ്മയുടെ ഫോട്ടോ അപ്പന്‍റെ മോതിരം എന്നിവയ്ക്ക് മാനുഷികമായ കണക്കുകൂട്ടലിന്‍റെ വിലയിട്ടാല്‍ ആ നിമിഷം വിലയില്ലാത്തതായിത്തീരും. ആത്മാര്‍ത്ഥമായി സമ്മാനം കൊടുക്കുന്നവന്‍ സമ്മാനത്തിന്‍റെ വിലനോക്കാറില്ല.

സമ്മാനം കൊടുക്കുന്നയാള്‍ സമ്മാനത്തില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന വിലയുടെ കുറിപ്പു പറിച്ചുകളയും. അവിടെയാണ് സ്നേഹിതന്‍റെ സമ്മാനവും സമ്മാനത്തിലെ സ്നേഹവും പ്രകടമാവുക. എല്ലാറ്റിന്‍റെയും വിലയറിഞ്ഞിട്ട് ഒന്നിന്‍റെയും മൂല്യമറിയാത്ത മനുഷ്യരുണ്ട്. അവരുടെ പ്രതിനിധിയാണ് യൂദാസ്.

അരയിലെ തുകല്‍ സഞ്ചിയില്‍ യൂദാസ് പണം കെട്ടി സൂക്ഷിച്ചപ്പോള്‍ മഗ്ദലനാ മറിയം സുഗന്ധത്തിന്‍റെ ചെപ്പ് പൊട്ടിച്ചുമാറ്റി. അവന്‍റെ സ്വാര്‍ത്ഥതയോട് ചേര്‍ന്നുനിന്നതായിരുന്നു അവന്‍റെ വിമര്‍ശനം. അവന്‍റെ വഞ്ചനയോടു ചേര്‍ന്നു നിന്നതായിരുന്നു അവന്‍റെ ആര്‍ത്തി. മുന്നൂറ് ദനാറയ്ക്ക് ആ സുഗന്ധം വിറ്റ് പാവങ്ങള്‍ക്കു കൊടുത്തുകൂടെ എന്നതായിരുന്നു യൂദാസിന്‍റെ ചോദ്യം. തെറ്റായ ചില ധാര്‍മ്മിക ന്യായീകരണങ്ങള്‍ പറഞ്ഞു കൊണ്ടാണല്ലോ നല്ലവരെയും ദൈവീകതയുള്ളവരെയും ഒറ്റിക്കൊടുക്കുവാന്‍ ഇന്നും ശ്രമം നടക്കുന്നത്. വിമര്‍ശനത്തില്‍ ആത്മാവിന്‍റെ പകുതി മാത്രമുള്ളപ്പോള്‍ മേരിയുടെ സമ്മാനത്തില്‍ അവളുടെ ഹൃദയം മുഴുവനുമുണ്ടായിരുന്നു.
മറ്റുള്ളവരെ വിമര്‍ശിക്കുന്നവര്‍ അറിയാതെതന്നെ അവരുടെ സ്വഭാവത്തെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. യൂദാസില്‍ മറഞ്ഞിരുന്ന ഒരു കള്ളനുണ്ട്. ആ കള്ളന്‍റെ സ്വഭാവമാണയാള്‍ പ്രകടിപ്പിച്ചത്. യേശുവാകട്ടെ അവനണിഞ്ഞ കാപട്യത്തിന്‍റെ മുഖംമൂടി വലിച്ചുകീറിക്കൊണ്ടു പറഞ്ഞു "അവളെ സ്വസ്ഥമായി വിടുക. വിലപ്പെട്ടതിന്‍റെ വില തിരിച്ചറിയുവാന്‍ കഴിവില്ലാത്തവന്‍ എല്ലാം വിറ്റാല്‍ എന്തുകിട്ടുമെന്ന് ഓര്‍ത്തുകൊണ്ടിരിക്കും. ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കത, ഒരമ്മയുടെ വാത്സല്യം, ഒരു ഭാര്യയുടെ നിസ്വാര്‍ത്ഥമായ സമര്‍പ്പണമെന്നിവയ്ക്ക് ലോകത്തിന്‍റെ ദൃഷ്ടിയില്‍ വിലയില്ലാത്തതാണ്. അപരനെ വിറ്റാല്‍ എനിക്കെന്തു കിട്ടുമെന്ന കച്ചവടക്കണ്ണുകളുള്ളവര്‍ക്ക് ഒന്നിന്‍റെയും മൂല്യം തിരിച്ചറിയാനാവില്ല.

സ്വയം ആത്മശോധന ചെയ്യുന്നവന്‍ സ്വന്തം കുറവുകളെ തിരിച്ചറിയും. ഇപ്രകാരം ചെയ്യാത്തവന്‍ മറ്റുള്ളവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കും. പൂര്‍ത്തീകരിക്കുവാന്‍ പറ്റാത്ത ആഗ്രഹങ്ങളും സഫലമാകാത്ത സ്വപ്നങ്ങളും ഒരു വ്യക്തിയെ വിമര്‍ശകനാക്കി മാറ്റാം. പ്രോത്സാഹനത്തിന്‍റെ വാക്കുകള്‍ പറയുവാന്‍ നമ്മള്‍ പഠിക്കണം. അവിടെയാണ് വ്യക്തിത്വത്തിന്‍റെ തിളക്കം. നമ്മുടെ ചുറ്റുമുള്ള ലോകം വിമര്‍ശനത്തിന്‍റെ ലോകമാണ്. മനുഷ്യശക്തിക്ക് അസാധ്യമായതു ദൈവത്തിനും സാധ്യമാണ്. വിമര്‍ശകര്‍ ചുറ്റും നിന്നു വിമര്‍ശിച്ചപ്പോള്‍ മഗ്ദലനാക്കാരി മേരിക്ക് ഒരു കാര്യം ബോധ്യമായി. എല്ലാ വിമര്‍ശനങ്ങളും ക്ഷമയോടെ അഭിമുഖീകരിക്കണമെങ്കില്‍ ക്ഷമിക്കുവാനും കരുണ കാണിക്കുവാനും മനസ്സുള്ള ഒരു ഹൃദയത്തില്‍ അഭയം തേടണം. അവള്‍ ആ അഭയം യേശുവില്‍ അനുഭവിച്ചു നമ്മുടെ വിമര്‍ശന സ്വഭാവങ്ങള്‍ നമ്മെ നിരാശരാക്കും. വിമര്‍ശകര്‍ ധാരാളമുണ്ട്. പ്രോത്സാഹനം നല്‍കുന്ന അപ്പസ്തോലന്മാരെയാണ് ഇന്നത്തെ ലോകത്തിനാവശ്യം.

യേശു വിമര്‍ശിച്ചത് ആരെയാണ്. പുറത്ത് വിശുദ്ധിയുടെ അങ്കി അണിഞ്ഞിട്ട് അകത്ത് തിന്മ സൂക്ഷിച്ച ഫരിസേയരെ അവിടുന്ന് വിമര്‍ശിച്ചു. അകവും പുറവും തമ്മില്‍ ബന്ധമില്ലാതെ ജീവിച്ചവരെ ശക്തമായ വാക്കുകൊണ്ട് കര്‍ത്താവ് തിരുത്തി. ആരുടെയെങ്കിലും കുറ്റം കണ്ടുപിടിക്കുവാന്‍ അവിടുന്നു ശ്രമിച്ചില്ല. ക്രിസ്തു എന്നും ഒരു പ്രതിയായിരുന്നു. വാദിച്ചു ജയിക്കുവാന്‍ ശ്രമിച്ച ഒരു വാദിയെ ക്രിസ്തുവില്‍ കാണാനാവില്ല. തനിക്കെതിരെ ആരോപണമുന്നയിച്ചപ്പോള്‍ അവിടുന്നു സൗമ്യനായി നേരിട്ടു. ദൈവഭവനത്തെ കച്ചവടസ്ഥലമാക്കിയപ്പോള്‍ അവിടുന്ന് വിമര്‍ശിച്ചു.

ശക്തമായി പ്രതികരിച്ചു. നമ്മുടെ വാക്കുകളെ ഒന്നു പരിശോധിക്കാം. നമ്മള്‍ എപ്പോഴാണ് പൊട്ടിത്തെറിച്ച് വിമര്‍ശിക്കുന്നത്? സ്വന്തം കുറവുകളെ ചൂണ്ടിക്കാണിച്ചു തരുന്നവരെ നാം വിമര്‍ശിക്കാറില്ലേ?  നമ്മെക്കാള്‍ കൂടുതല്‍ സമൂഹത്തില്‍ പ്രശോഭിക്കുന്നവരെ നാം വിമര്‍ശിക്കാറില്ലേ? എന്നെക്കാള്‍ കൂടുതലായി ഒരു വ്യക്തി മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകാറുണ്ടോ? ഒരാളെക്കുറിച്ചു നന്മ പറഞ്ഞ് അവസാനം "എന്നാലും" എന്ന പദം കൂട്ടിച്ചേര്‍ത്താല്‍ എനിക്കെന്തോ കുറവുണ്ടെന്നാണ് അര്‍ത്ഥം. അക്ഷരാഭ്യാസം ഒട്ടുമില്ലാത്തവനും വിമര്‍ശിക്കാന്‍ കഴിയും. അറിവും ജ്ഞാനവും ഉള്ളവര്‍ മറ്റുള്ളവരെ വെറുതെ വിമര്‍ശിക്കില്ല. വിമര്‍ശിക്കുന്നവര്‍ ധാര്‍മ്മികരാണെന്നാണ് കരുതുന്നത്. അവര്‍ ധാര്‍മ്മികരായേക്കാം. പക്ഷേ ആത്മീയരല്ല. വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ക്ക് യൂദാസിന്‍റെ വിമര്‍ശനത്തിന്‍റെ വില മാത്രമേയുള്ളു എന്ന തിരിച്ചറിവില്‍ നമുക്കു ജീവിക്കാം.

You can share this post!

ക്രിസ്തുവില്‍ നവജീവിതം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

തിരുത്തലിന്‍റെ ശബ്ദങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts