ഓടിയൊളിക്കുവിന്‍
ലോക്ഡൗണിലാകുവിന്‍,
ചാടിപ്പിടിച്ചാലോ കൊറോണവൈറസ്.
മാടിവിളിക്കല്ലേ കൊവിഡിനെ നമ്മള്‍,
ഈടാര്‍ന്ന ജീവിതം ജീവിച്ചുതീര്‍ക്കണ്ടെ.
ബ്രേക്ക് ദ ചെയിന്‍ നമ്മളെ കാത്തുസൂക്ഷിക്കട്ടെ,
ബ്രെയ്വായി മുന്നോട്ടുതന്നെ പോയിടും നാം.
സോഷ്യല്‍ഡിസ്റ്റന്‍സിങ്ങും തെറ്റാതെനോക്കണം,
ട്യൂഷനും പോകണ്ട കളിയൊന്നും വേണ്ട.
ലോകജനതയെ മുച്ചൂടും മുടിക്കാനായി
അകലെയെങ്ങോനിന്നുമെത്തിയ ഭീകരന്‍,
ആകയാല്‍ അവനെ നാം വൈരിയായിത്തന്നെ ക-
ണ്ടകലേക്കകലേയ്ക്ക് പറപ്പിക്കണം.
എത്രയും പെട്ടെന്നുതന്നെ തുരത്തുവാന്‍,
എത്രയുമുത്സാഹമോടെ പരീക്ഷണം,
എത്രയെന്നില്ലാതെ ചെയ്യുന്നു മേല്‍ക്കുമേല്‍,
രാത്രിയെന്നോ പകലെന്നോയില്ലാതെ.
എത്രനാള്‍ ഊണുമുറക്കവുമില്ലാതെ,
എത്ര ശാസ്ത്രജ്ഞന്മാര്‍ കഷ്ടപ്പെടുന്നഹോ!
അത്രയും ആത്മാര്‍പ്പണത്തോടവര്‍ചെയ്യും,
എത്രയും ശ്രേഷ്ഠവിശിഷ്ടകര്‍മ്മങ്ങള്‍തന്‍,
സത്ഫലസിദ്ധിക്കായി ഈശനോടര്‍ത്ഥിക്ക,
ആ ദയാവായ്പിനായ് കേണപേക്ഷിക്ക നാം.
ആദരാലര്‍പ്പിക്കും പ്രാര്‍ത്ഥനാസൂനങ്ങള്‍,
മോദമോടീശതൃപ്പാദേയണയട്ടെ.
അദ്ധ്വാനമൊക്കെ ഫലമണിഞ്ഞീടട്ടെ,
യുദ്ധം ജയിച്ചവര്‍, മാനവരാശിതന്‍,
രക്ഷയ്ക്കായ് സജ്ഞീവനി കണ്ടെത്തീടുവാന്‍,
ഇക്ഷിതിയിലവര്‍ക്കേകൂ തുണയീശാ!
ലോകമെമ്പാടും നിന്‍ മക്കള്‍ മരിക്കുന്നു,
ഈ കൊവിഡ്, ഞങ്ങളെ ഭീതിപ്പെടുത്തുന്നു.
'ടക് ടക്' എന്നോടുന്ന ക്ലോക്കിന്‍റെ  കൈയുകള്‍,
തീകോരിച്ചൊരിയുന്നു നെഞ്ചകത്തില്‍ സദാ.
നട്ടുച്ചനേരത്ത് എരിപൊരിവെയിലത്ത്,
കിട്ടാക്കനിയാം തണലിനെ തേടാതെ,
ഒട്ടൊന്നു വിശ്രമിക്കാനിടം തേടാതെ
കൂട്ടരുമൊത്ത് സോഷ്യല്‍ഡിസ്റ്റന്‍സിങ്ങിനായി,
ഭക്ഷ്യപേയങ്ങള്‍ ത്യജിച്ചും നിശാകാലെയും,
രക്ഷകരാകും പോലീസ്മാമന്മാരേ നാം,
നന്ദിയോടോര്‍ക്കണം; ത്യാഗങ്ങളൊന്നുമേ
നിന്ദിച്ചു തള്ളിക്കളയല്ലൊരുനാളും.
കൊവിഡിന്‍ പ്രതിരോധജോലിക്കായ് സ്വന്ത
ജീവനെപ്പോലും ത്യജിക്കാന്‍ തയ്യാറായി,
ഇവ്വിധം രാപകല്‍ അധ്വാനിച്ചീടുന്ന,
ആരോഗ്യരക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി!
സേവനതത്പരരാം അവര്‍ക്കേകണേ,
ആയുരാരോഗ്യസൗഖ്യങ്ങളും ശാന്തിയും.
ഡോക്ടര്‍മാര്‍, നേഴ്സ്സഹോദരര്‍, ആശുപത്രി-
ജീവനക്കാരെയും കാക്കണേ ദൈവമേ!
സൃഷ്ടിസ്ഥിതികളും സംഹാരവും നിന്‍റെ,
ഇഷ്ടത്തിനൊത്തു താന്‍ സംഭവിപ്പൂ ദേവാ.
ഇഷ്ടമാണെങ്കിനീയീഭൂവിലിങ്ങനെ
കഷ്ടപ്പെടും മക്കള്‍ ഞങ്ങളെ രക്ഷിക്കൂ.
അത്യന്താപേക്ഷിതമാണേ, ഫലപ്രദം,
പ്രത്യൗഷധത്താലേ മാനവരാശിയെ,
കൊവിഡ് മഹാമാരിതന്‍ പിടിയില്‍ നിന്ന്,
ദൈവമേ! കാത്തുപാലിക്കണേ; പാഹിമാം!

You can share this post!

സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍

രാജന്‍ ചൂരക്കുളം
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts