ഒറ്റ
ചങ്ങലക്കണ്ണികളാല്‍
ബന്ധിതമാം മനസ്സ്,
തടവറയുടെ വാതില്‍പ്പഴുതിലൂടെ
ഒളികണ്ണെറിയുന്നു...
കലങ്ങിയ മിഴികളിലേക്കിറങ്ങിയ
വെളിച്ചം,
മഴവില്‍വര്‍ണ്ണങ്ങളില്‍
വിരിഞ്ഞുനിന്നു;
തന്‍റെ ശിരസ്സിന്‍ മുകളിലൊരു തോട്ടം...
വിടരാന്‍ വെമ്പും മൊട്ടുകളില്‍,
തേന്‍ നുകരാനെത്തും
ഭ്രമരത്തിന്‍ മര്‍മ്മരം
തോലിലൂടരിച്ചിറങ്ങും ഉറുമ്പുകള്‍,
പൊള്ളയായകങ്ങളില്‍ തീറ്റതേടി,
നോവിച്ചു കടന്നുപോയ്...
ഞരമ്പുകള്‍ മുറിഞ്ഞ വേദന
ചാലുകീറിയൊഴുകിയ വിയര്‍പ്പ്.
ധ്യാനത്താല്‍, കരിഞ്ഞയിലകളും
കിനാക്കളും
തിരികെ വരില്ലെന്നറിഞ്ഞ്,
ഏകാന്തയാമങ്ങളില്‍
ഒറ്റയായ് ചലിച്ചുകൊണ്ടിരുന്നു.

കാറ്റിലാടും മരങ്ങള്‍
സ്വപ്നത്തില്‍ ഏകാന്തമാം തീവണ്ടിയാത്ര
പുഴകളും മലകളും കടന്ന്
വഴിയറിയാതെ പാഞ്ഞൊരു
പാളം തെറ്റിയ യാത്ര...
ചെന്നെത്തിയത് ഒരു മലമുകളില്‍,
താഴ്വാരം നിറയെ കുറിഞ്ഞിപ്പൂക്കള്‍,
നേര്‍ത്ത കുളിര്‍ക്കാറ്റ്
തഴുകിയുണര്‍ത്തി,
ഉറക്കച്ചടവോടെ പുറത്തിറങ്ങിയ എന്നെ
നോക്കി,
മരങ്ങള്‍ പുഞ്ചിരിച്ചു,
ഉച്ചവെയിലില്‍ ചൂടു കനത്തു,
മരങ്ങളില്‍ വാട്ടം നിറഞ്ഞു.
വാനില്‍ കാര്‍മേഘങ്ങള്‍
വേഗത്തില്‍ ഉരുണ്ടുകൂടി
കാറ്റിന്‍ഗതി ഏറിവന്നു
വന്‍മരങ്ങള്‍ കടപുഴകിവീണു
വേരറ്റെന്ന് തോന്നിച്ച പാഴ്മരങ്ങള്‍
നഭസ്സിലേക്ക് തലയുയര്‍ത്തി നിന്നു
കാഴ്ചകളെ, മുറിഞ്ഞ വിരലുകളില്‍
മരുന്നായ് പുരട്ടി
ഇരുളടഞ്ഞ മുറിയില്‍ തിരികെയെത്തി
ജീവിതത്തെ നോക്കി ഞാനും ചിരിച്ചു;
ജീവനുള്ള മരങ്ങളെപ്പോലെ.

 
 

You can share this post!

പാഹിമാം

സി. എസ്. ആലീസുകുട്ടി
അടുത്ത രചന

ഊന്നല്‍

റോണി കപ്പൂച്ചിന്‍
Related Posts