news-details
സാമൂഹിക നീതി ബൈബിളിൽ

ശാന്തപദം സുരക്ഷിതം

എത്രമേല്‍ സുരക്ഷിതമായി ജീവിക്കാനാവും എന്നൊരന്വേഷണം മനുഷ്യര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നുവോ എന്നൊരു സന്ദേഹം ഇല്ലാതെയില്ല. അത്രമേല്‍ അരക്ഷിതാവസ്ഥ തോന്നിപ്പിക്കുന്ന കാലമല്ലേ ഇത്! മനുഷ്യര്‍ക്ക് പരസ്പരം വിശ്വാസം കുറഞ്ഞുവരുന്ന കാലം. ഈശ്വരവിശ്വാസത്തിന്‍റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായതുപോലെയാണ് കാര്യങ്ങള്‍! കംഫര്‍ട്ട് സോണുകള്‍ സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലുകള്‍ കാണുമ്പോള്‍ തോന്നിപ്പോണതാ!

ശരിക്കും ഇപ്പോള്‍ കൂടെയുണ്ടെന്നു കരുതുന്ന പലതും, പലരും ഉപകാരപ്പെടാതെ വരുമ്പോഴാണ് ദൈവമേ! ഞങ്ങള്‍ പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണഹൃദയത്തോടും, നിന്നില്‍ ആശ്രയിക്കുക. ദാ, ഇങ്ങനെ വെറും പൊള്ളയായ നമ്മുടെ വിശ്വാസജീവിതത്തെ വലിച്ചുകീറുന്നുണ്ട് അമ്മയോര്‍മ്മ! 'ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ ഹിതംപോലെ എനിക്ക് ഭവിക്കട്ടെ' എന്നൊരു വാക്കിന്‍മുനകൊണ്ട് അമ്മ ഉള്ളിലൊരു നീറ്റല്‍ കോറിയിടുന്നുണ്ട്.

എന്താണല്ലേ നമ്മുടെ മൗഢ്യത്തിന്‍റെ ആഴം? നാം മന്ത്രം ചൊല്ലുമ്പോള്‍ മാത്രം വന്നു നമ്മുടെ മാത്രം അന്നവസ്ത്രാദി മുട്ടുകളൊക്കെ തീര്‍ത്തു മടങ്ങിപ്പോകുന്ന ഒരു പഴയ കുട്ടിച്ചാത്തന്‍ ലെവലിലേയ്ക്കൊക്കെ നന്നായി നാം ദൈവത്തെ ഒതുക്കിയിട്ടുണ്ട്! അതും പോരാഞ്ഞിട്ട് നല്ല സെക്യൂര്‍ഡ് ആയ ജീവിതം നല്‍കുന്ന ദൈവത്തിന് കൂടുതല്‍ ഫീസടയ്ക്കാനും നാം തയ്യാറാണ്. പിന്നെ ഒരു ബലത്തിനു പെരുന്നാളൊക്കെ മൊത്തമായും ചില്ലറയായും സ്പോണ്‍സര്‍ ചെയ്ത് വിശുദ്ധന്മാരെ സന്തോഷിപ്പിക്കാറുമുണ്ട്. ഇങ്ങനെ കുഴപ്പക്കുറവൊന്നുമില്ലാത്ത നമ്മുടെ കപടജീവിതത്തിലേയ്ക്കാണ് ആപത്തുകളുടെ ഈ കൂട്ടുകാരിയെ നാം ഓര്‍ത്തെടുക്കേണ്ടത്. അമ്മ മറിയത്തിന്‍റെ കാര്യം തന്നെയാണ് സഖാവേ! ഗബ്രിയേലിനോടുള്ള സമ്മതവാക്യത്തിലൂടെ ഇമ്മാനുവേലിനെ സ്വന്തമാക്കിയ മറിയം ചരിത്രത്തിലെ മറ്റൊരമ്മയുടെ അസാധാരണപ്രാര്‍ത്ഥന ഓര്‍മ്മിപ്പിക്കുന്നുണ്ട്. പാണ്ഡവരുടെ അമ്മയായ കുന്തിയുടെ പ്രാര്‍ത്ഥനയാണ്: "ഈശ്വരാ, ഞങ്ങള്‍ക്കെന്നും ആപത്തുകള്‍ ഉണ്ടാകാനായി അനുഗ്രഹിച്ചാലും! അപ്പോഴൊക്കെയും അങ്ങയുടെ ദര്‍ശനം ഞങ്ങള്‍ക്ക് ലഭിക്കുമല്ലോ! ആ ദര്‍ശനമുണ്ടായാല്‍ പിന്നെ സംസാര ദുഃഖം ഉണ്ടാവില്ല!" എന്താണല്ലേ പിന്നെയും അമ്മമാരൊക്കെ ഒരുപോലെ! ദൂരദേശത്തുള്ള മക്കള്‍ കൊടുത്തുവിടുന്ന സമ്മാനപ്പൊതികളെ നിസ്സംഗതയോടെ എറ്റുവാങ്ങുന്ന അമ്മമാര്‍ തങ്ങളുടെ മകന്‍/മകള്‍ നേരിട്ട് വരുന്നുവെന്നറിയുമ്പോള്‍ പ്രായാധിക്യത്തിലും തിടുക്കപ്പെട്ട് നടത്തുന്ന ഒരുക്കങ്ങള്‍ നീ കണ്ടിട്ടില്ലേ. അതുമതി നമ്മുടെ ദൈവസ്നേഹത്തിന്‍റെ ആഴമൊക്കെ പുനര്‍നിര്‍ണ്ണയിക്കാന്‍! ശരിക്കും സഖാവേ, നമുക്ക് അവനെ വേണ്ടല്ലോ! അവനില്‍നിന്ന് ചിലതു മതിയല്ലോ!

ഒട്ടും സുരക്ഷിതമല്ലാത്ത വലിയ റിസ്കുള്ള ജീവിതം തിരഞ്ഞെടുത്ത ആപത്തുകളുടെ കൂട്ടുകാരിക്ക് കൂട്ടുവന്നത് ദൈവതിരുമകന്‍ നേരിട്ടാണെന്നത് ഓര്‍ത്താല്‍ നന്ന്! നമ്മുടെ സുഖാന്വേഷണതിരക്കുകള്‍ക്കിടയില്‍ ഇത്തിരി സമയം ശേഷിക്കുന്നെങ്കില്‍ ഓര്‍ക്കുക. ശേഷിക്കുന്നെങ്കില്‍ മാത്രം! 

You can share this post!

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
അടുത്ത രചന

സ്മൃതി ബോബി

ജോസ് കട്ടികാട
Related Posts