ഫ്രാന്‍സിസ്,
പോവുക, എന്‍റെ ആലയം പുതുക്കിപ്പണിയുക;
വിള്ളലുകള്‍ നികത്തുക, ദ്വാരങ്ങളടയ്ക്കുക,
ഭിത്തികള്‍ വീണ്ടും പണിതുയര്‍ത്തുക.
കല്ലുകളും ചാന്തുകൂട്ടുകളും കൊണ്ടുവരിക.
അരുത്, അവ വിലയ്ക്കു വാങ്ങരുത്, യാചിക്കുക!
(നിനക്ക് പണം വേണ്ട, തിരികെക്കൊടുക്കുക
എല്ലാ വിലയും ഞാന്‍ കൊടുത്തുകൊള്ളാം).
കല്ലുകള്‍ യാചിക്കുക, തൊഴില്‍ യാചിക്കുക;
എന്തെന്നാല്‍ എന്‍റെ ആലയം ഉയരേണ്ടത് കാരുണ്യത്തിലും
നല്കലിന്‍റെ ആനന്ദത്തിലുമാണ്.
നിനക്ക് കിട്ടുന്ന ഏത് കല്ലും ഉപയോഗിച്ചുകൊള്ളുക,
വലുതോ ചെറുതോ, ചെത്തിയതോ മിനുക്കാത്തതോ,
ലക്ഷണമൊത്തതോ അല്ലാത്തതോ.
വില്ക്കപ്പെട്ടവയല്ലാത്ത, നല്കപ്പെട്ട
ഏത് കല്ലും ഉപയോഗിച്ചുകൊള്ളുക.
ഏത് തൊഴിലും ചെയ്തുകൊള്ളുക.
നൈപുണ്യമുള്ളതോ അല്ലാത്തതോ,
അതില്‍ ഒരുവന്‍റെ ഹൃദയമുള്ളിടത്തോളം
ഏത് തൊഴിലും ഉപയോഗപ്പെടുത്തിക്കൊള്ളുക.
(നിനക്ക് എന്‍റെ രീതികള്‍ അറിയാമല്ലോ)
ആകാശത്തിന് ആലയത്തിനുള്ളിലേയ്ക്ക്
ഒഴുകിയിറങ്ങാന്‍
അതില്‍ വലിയ വാതായനങ്ങള്‍ തുറക്കുക;
എനിക്ക് നിറങ്ങള്‍ വേണം
എന്‍റെ ചുവരു സംഗീതംകൊണ്ട് നിറം പിടിപ്പിക്കുക;
നൃത്തങ്ങളുടെയും ആംഗ്യങ്ങളുടെയും അടയാളങ്ങളുടെയും
തോരണം തൂക്കുക;
കാല്പനികതകൊണ്ടും കടങ്കഥകള്‍ കൊണ്ടും
ഐതീഹ്യങ്ങള്‍ കൊണ്ടും എന്‍റെ ആലയം സജ്ജീകരിക്കുക;
കഥകള്‍ കൊണ്ടതില്‍ പരവതാനി വിരിക്കുക.
അങ്ങനെ അത്ഭുതകഥകള്‍ക്കും ഉപമകള്‍ക്കും
മേല്‍ കുഞ്ഞുപാദങ്ങള്‍ ചവിട്ടിനടന്ന്
ജീവിതത്തിന്‍റെ നിലത്ത് വേരുറയ്ക്കട്ടെ.
അതിന്‍റെ മച്ചില്‍നിന്ന് പുഞ്ചിരിയുടെ
റാന്തലുകള്‍ തൂക്കിയിടുക.
എന്‍റെ ആലയം എന്‍റെ കുഞ്ഞുങ്ങളുടെ ആനന്ദമായിരിക്കണം;
അതിനെ മനോഹരമാക്കൂ ഫ്രാന്‍സിസ്,
അതിനെ മനോഹരമാക്കൂ!