അസ്സീസി അത്രയധികം ഒരു കാലത്ത് എന്‍റെ ആന്തരികതയെ തിന്നുകൊണ്ടിരുന്നതാണ്. അകം പൊളിഞ്ഞ് ഞാന്‍ കേട്ടിരുന്നിട്ടുണ്ട്, അസ്സീസി പുണ്യവാളന്‍റെ അന്തമറ്റ തമാശകളും, കവിതകളും, കരച്ചിലുകളും. കുട്ടിക്കാലം മുതല്‍ ഉള്ളില്‍ കേട്ടുകൊണ്ടിരുന്ന കുഞ്ഞുകുഞ്ഞു കരച്ചിലുകള്‍ അസ്സീസിയെ ഓര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ കാപ്പിപ്പൊടിയുടെ നിറമുള്ള കാറ്റായി വന്ന് എന്നെ കുളിര്‍പ്പിക്കുന്നു.
ഫ്രാന്‍സിസ് സുന്ദരനോ പണ്ഡിതനോ ഒന്നുമായിരുന്നില്ല. എന്നാല്‍ ലോകവും സ്വര്‍ഗവും അയാളെ അത്രമേല്‍ ശ്രദ്ധിച്ചു. ദാഹിച്ചു. തന്നെക്കാള്‍ എളിയവനും കിറുക്കനുമായ മറ്റൊരു ജീവിയെ ഈ ഭൂമിയില്‍ ദൈവത്തിന് കണ്ടെത്താനാവാത്തതുകൊണ്ട് തന്നെ അതിനായി നിയോഗിച്ചു എന്നാണവന്‍ പറയുക. ഫ്രാന്‍സിസ്, ആരാണവന്‍? ഏറ്റവും ചെറിയവന്‍, ദുര്‍ബലന്‍, നിര്‍ഗുണന്‍, ദരിദ്രന്‍. എളിയവരിലൂടെ വലിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം, വലിയവരെയും, കുലീനരെയും ശക്തരെയും പഠിപ്പിക്കുവാന്‍ വിശുദ്ധനായ ഈ ഭ്രാന്തനെ തിരഞ്ഞെടുത്തു. ദൈവം അവനെ മലര്‍ത്തിയടിച്ചു. കശക്കിയെറിഞ്ഞു. വിശുദ്ധ തുല്യമായ നഗ്നതകൊണ്ടും നിഷ്ക്കളങ്കതകൊണ്ടും അവന്‍ ലോകത്തെ കഴുകി വെടിപ്പാക്കി.
അസ്സീസി! ചരിത്രമാകാന്‍ വിസമ്മതിക്കുന്ന ഒരു കവിതയാണ്. പ്രകൃതി, നിന്‍റെ കാല്‍ച്ചുവട്ടിലും സ്വര്‍ഗ്ഗം നിന്‍റെ ഉള്ളിലും.
സൂര്യചന്ദ്രനെ, കാറ്റിനെ, മണ്ണിനെ, പ്രകൃതിയെ നദിയെ, അഗ്നിയെമുതല്‍ മരണത്തെവരെ സഹോദരികളായി സങ്കല്പിച്ചുകൊണ്ട് അതിമഹത്തായ ഒരു സൂര്യകീര്‍ത്തനം മാനവരാശിയെ കേള്‍പ്പിച്ചു. അസ്സീസി, അവന്‍റെ നിര്‍മ്മലമായ നഗ്നതകൊണ്ട് ആര്‍ഭാടങ്ങള്‍ക്കുമേല്‍ എളിമയുടെ ശുഭ്രവസ്ത്രവും ധരിപ്പിച്ചു.
അസ്സീസിയെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിനിമ ഞാന്‍ വീണ്ടും കണ്ടു. 'ഫ്രാന്‍സീസ് അസ്സീസിയുടെ കൊച്ചുപൂക്കള്‍' എന്ന ചരിത്രഗ്രന്ഥത്തെ ആസ്പദമാക്കി റോസിലിനിയുടെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രം ആത്മീയസിനിമകളിലെ ലോക ക്ലാസിക്കുകളിലൊന്നാണ്. 'വിശുദ്ധ ഫ്രാന്‍സീസ്, ദൈവത്തിന്‍റെ വിദൂഷകന്‍' എന്നാണ് റോസിലിനി ആ ചിത്രത്തിന് പേരിട്ടത്. റോം ഓപ്പണ്‍സിറ്റിയുടെ സംവിധായകനായ റോസിലിനി ഫെല്ലിനിയുമായി ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ഫ്രാന്‍സീസിന്‍റെ ജീവിതലാളിത്യം തന്‍റെ കൂട്ടുകാരുടെ അസാധാരണ നൈര്‍മ്മല്യമുള്ള അനുഭവങ്ങളിലൂടെ പത്ത് സംഭവപരമ്പരകളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. റോസിലിനിയും ഫെല്ലിനിയും ഒത്തുചേര്‍ന്നിരിക്കുന്ന ഈ ചിത്രത്തില്‍ ഒരാള്‍ യഥാര്‍ത്ഥ്യത്തെക്കുറിച്ചും മറ്റെയാള്‍ സ്വപ്നത്തെക്കുറിച്ചുമാണ് പറയുന്നത്. അവര്‍ ഒരു ബിന്ദുവില്‍ കൂട്ടിമുട്ടുന്നു. ഒരേ സമയം സ്വപ്നം കൊണ്ടും യാഥാര്‍ത്ഥ്യംകൊണ്ടും നെയ്തെടുത്ത ഈ മനോഹരചിത്രം എത്രയോ വട്ടം ഞാന്‍ കണ്ടിട്ടുണ്ടാകും. ലാളിത്യത്തിനും എളിമയ്ക്കും വിശുദ്ധിക്കും ഇത്രയേറെ കാലാതീത വശ്യതയുള്ള ലാവണ്യം പകര്‍ന്ന കലാനുഭവം എനിക്കുണ്ടായിട്ടില്ല. ഫ്രാന്‍സീസ് നയിച്ച സൂര്യകീര്‍ത്തനം കേള്‍പ്പിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഫ്രാന്‍സീസിന്‍റെ കിറുക്കന്മാരായ കൂട്ടുകാര്‍ വലയം ചെയ്തു നില്‍ക്കുന്നു. മസ്സായോ, ബെര്‍ണാര്‍ദോ, ജിവാനി, ജൂണിപ്പര്‍, ലിയോ തുടങ്ങിയ കൂട്ടുകാരെല്ലാവരുമുണ്ട്. ക്ലാരയുടെ സുതാര്യമായ സൗന്ദര്യമാണ് ഇവരെയെല്ലാം കൂട്ടിയിണക്കുന്നത്. ക്ലാര പകരുന്ന സ്വപ്നാത്മകതയിലാണ് ആ സഹോദരസംഘത്തിന്‍റെ യോഗാത്മകഭാവം നിറവാര്‍ന്നതാകുന്നത്.
വനത്തില്‍ നിലാവുപെയ്യുന്ന രാത്രിയില്‍ ഫ്രാന്‍സിസ് അതിഗാഢമായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഏകനായി മണ്ണില്‍ കിടന്നു നിര്‍വൃതികൊള്ളുകയാണ്. അപ്പോഴാണ് അകലെനിന്ന് ഒരു കൈമണിയുടെ കിലുക്കം കേള്‍ക്കുന്നത്. വനത്തിലൂടെ ഒരു കുഷ്ഠരോഗിയാണ് കൈമണി കിലുക്കി വരുന്നത്. മുഖവും ശരീരവും ഏതാണ്ട് അഴുകിത്തീര്‍ന്ന ഒരു വിരൂപരൂപം ആ നിലാവില്‍ തിളങ്ങി. ഫ്രാന്‍സീസ് ഏറ്റവും ഭയപ്പെട്ടതും വെറുത്തതും ഇതേ രൂപത്തെയായിരുന്നു. പക്ഷേ, നിലാവില്‍ കുളിച്ച ആ രാത്രിയില്‍ ഫ്രാന്‍സീസ് അയാളുടെ വൈരൂപ്യത്തിലേക്ക് ഓടിയടുത്തു. പൊട്ടിയൊലിച്ച വ്രണങ്ങളില്‍ ഉമ്മ വെച്ചു. നെഞ്ചിലേക്ക് അണച്ചുപിടിച്ച് ആഴത്തില്‍ ആലിംഗനം ചെയ്തു. ഫ്രാന്‍സീസ് ആ നിമിഷം അനുഭവിച്ച ആനന്ദം നിലാവും വെളുത്ത പൂക്കളും കാറ്റും തെളിഞ്ഞ ആകാശവും ചേര്‍ന്ന് അസാധാരണ അനുഭവമായി മാറുകയാണ്. മണ്ണില്‍ക്കിടന്നുരുണ്ട് ഫ്രാന്‍സീസ് വാവിട്ട് നിലവിളിച്ചു. റോസിലിനിയുടെ സിനിമയിലെ ആറാം ഖണ്ഡമിങ്ങനെയാണ്. ഫ്രാന്‍സീസ് കുഷ്ഠരോഗിയെ ആലിംഗനം ചെയ്തപ്പോഴാണ് പൂര്‍ണമായും ദൈവത്തിങ്കലേയ്ക്ക് രൂപാന്തരപ്പെട്ടത്. ഈ രംഗം അത് കാണുന്നവരെ മത്തുപിടിപ്പിക്കും. ദിവ്യമായൊരു ഉന്മാദത്തിന്‍റെ ജലം കുടിപ്പിക്കും. ഫ്രാന്‍സീസിനെ ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളിലെ ചില മുള്ളുകളെ അത് തോണ്ടിയെടുക്കും. ഒളിപ്പിച്ചുവെച്ച ഭ്രാന്തുകളെ അത് വെളുത്ത പൂക്കളായി വിരിയിക്കും. ഫ്രാന്‍സീസ് നമുക്ക് പുറത്തുള്ള ഒരാളല്ല. നമ്മുടെ ആന്തരികതയിലെ അപരനാണെന്ന് നാം തിരിച്ചറിയും. നാം ഇതുവരെ നടന്നെത്തിച്ചേര്‍ന്ന ലോകവും എത്തിച്ചേരേണ്ട ലോകവും തമ്മിലുള്ള അകലമാണ് ഫ്രാന്‍സീസിലേക്കുള്ള നമ്മുടെ ദൂരം. ഫ്രാന്‍സീസ് നമ്മെ വിളിച്ചുണര്‍ത്തും. കയ്ക്കുന്ന ശരീരത്തില്‍ നിന്ന് മധുരിക്കുന്ന ദൈവത്തിങ്കലേയ്ക്ക്.
ഫ്രാന്‍സീസിലൂടെ കസാന്‍ദ് സാക്കിസ് മൊഴിഞ്ഞതിങ്ങനെയാണ്. നടക്കാന്‍ തീരുമാനിച്ചുവെങ്കില്‍ ഏറ്റവും ദുര്‍ഗമമായ വഴി തിരഞ്ഞെടുക്കുക. ഒരിക്കലും എത്തിച്ചേരാനാവാത്ത ലക്ഷ്യസ്ഥലത്തെ ആഗ്രഹിക്കുക. പാദരക്ഷകള്‍ ഉപേക്ഷിക്കുക. ദരിദ്രനായിരിക്കുക. ഉടുതുണി ഉരിഞ്ഞ് നഗ്നനായി മലര്‍ന്നുകിടക്കുക. ആത്മീയപ്രലോഭനത്തിനു മാത്രം കീഴടങ്ങുക. സ്വന്തം മാംസത്തില്‍ ദൈവത്തെ കൊത്തിയെടുക്കുക. സ്വന്തം ഭ്രാന്തിന്‍റെ പാട്ടും ഈണവുമായി വാവിട്ടുകരയുക. സത്യത്തേക്കാള്‍ വലുതായ ജീവിതസത്യമായി ഫ്രാന്‍സീസ് നമുക്കുള്ളിലിരുന്നു സ്നേഹത്തിന്‍റെ തീപ്പന്തമായി എരിഞ്ഞുകത്തും. അങ്ങനെ എരിഞ്ഞുകത്തിയ ചില ദിവസങ്ങളിലാണ് ഞാന്‍ ഫ്രാന്‍സീസിനെക്കുറിച്ചൊരു കവിത തുടങ്ങിയത്. അതിലെ ആദ്യവരികള്‍ മാത്രം കുറിച്ചിട്ടുകൊണ്ട് ഈ അസ്സീസി ഓര്‍മ്മ അവസാനിപ്പിക്കുന്നു.
നീയായിരുന്നു
ആദ്യത്തെ സൂര്യവെളിച്ചത്തിലേക്ക്
എന്നെ നഗ്നനാക്കിയത്.
ഹൃദയത്തില്‍ ഇടിയും മിന്നലും വര്‍ഷിച്ച്
നിശ്ശബ്ദതയുടെ ദൈവരോദനമറിയിച്ചത്.
വിശ്വസിക്കുവാനുള്ള ദാഹമാണ്
എന്നെ നിന്നിലെത്തിച്ചത്.