ദൈവം തിരഞ്ഞെടുത്ത സ്ഥലമാണ് ബെത്ലെഹെം. അപ്പത്തിന്‍റെ നാട് എന്നര്‍ത്ഥം വരുന്ന ബെത്ലെഹെമില്‍ ലോകത്തിന്‍റെ അപ്പമായിത്തീരേണ്ടവന്‍ പിറന്നു. 1 സാമുവല്‍ 16/1-13 വരെയുള്ള വാക്യങ്ങളില്‍ പ്രവാചകനായ സാമുവേലിനെ ദൈവം പറഞ്ഞയയ്ക്കുന്നത് ബെത്ലെഹെമിലേക്കാണ്. ജെസ്സെയുടെ മകനായ ദാവീദിനെ അഭിഷേകം ചെയ്യുവാനാണ് പ്രവാചകനെ ബെത്ലെഹെമിലേക്ക് അയച്ചത്. ബെത്ലെഹെം നഗരത്തില്‍ യേശു പിറന്നപ്പോള്‍ അവിടെയുള്ള ആര്‍ക്കും അവനെ കാണുവാനോ ആരാധിക്കാനോ കഴിഞ്ഞില്ല. ഇളംപൈതങ്ങളുടെ രക്തത്തിന്‍റെ ഗന്ധമുള്ള നഗരത്തില്‍നിന്നും യൗസേപ്പും മറിയവും കൂടി ഉണ്ണിയേശുവിനെ സംരക്ഷിച്ചുകൊണ്ടുപോയി. സമാധാന സ്ഥാപകന്‍റെ ജനനം ബെത്ലെഹെം നിവാസികള്‍ക്ക് അസമാധാനത്തിന്‍റെ നിമിഷങ്ങള്‍ സമ്മാനിച്ചു. ലോകരക്ഷകന്‍ പിറന്ന നാട് എന്ന രീതിയിലും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ചോര വീണ സ്ഥലമെന്ന പേരിലും ബെത്ലെഹെം അറിയപ്പെടുന്നു. ലോകരക്ഷകന്‍ പിറന്നിട്ടും ആ രക്ഷയുടെ സന്ദേശം സ്വീകരിക്കാതെ പോയ ബെത്ലെഹെം പോലെയാണോ നമ്മുടെ ഹൃദയം. അവനെ അറിഞ്ഞിട്ടും സ്വീകരിക്കാതെ പോയവരെക്കുറിച്ച് യോഹന്നാന്‍ പറയുന്നുണ്ട്. സമാധാനത്തിന്‍റെ സന്ദേശവുമായി ഉണ്ണിയേശു വരുമ്പോള്‍ അസമാധാനത്തിന്‍റെ ആയുധങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണോ നാം?
ബെത്ലെഹെമിലേക്കുള്ള യാത്രയിലെ ഒരു പ്രധാന സ്ഥലമാണ് സത്രം. സത്രം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭയകേന്ദ്രമെന്നാണ്. അഭയം നല്കേണ്ട സ്ഥലത്ത് യൗസേപ്പും മറിയവും അലയുന്നു. നമ്മുടെ ഹൃദയങ്ങള്‍ സത്രങ്ങളാകണം. നമ്മുടെ കുടുംബങ്ങള്‍, ഇടവകകള്‍, സന്യാസഭവനങ്ങളെന്നിവയെല്ലാം സത്രങ്ങളായി മാറേണ്ടതാണ്. വിവിധങ്ങളായ കാരണങ്ങളാല്‍ അഭയം തേടി വരുന്നവര്‍ക്ക് ഹൃദയം അഭയം കൊടുക്കാറുണ്ടോ. ആട്ടിപ്പായിക്കാനും പരിഹാസശരങ്ങളുതിര്‍ക്കാനും മനുഷ്യന്‍ വെമ്പല്‍കൊള്ളുമ്പോള്‍ സാന്ത്വനത്തിന്‍റെ സത്രമാക്കി ജീവിതത്തെ മാറ്റുവാന്‍ ഉണ്ണിയേശു നിര്‍ബന്ധിക്കുന്നു. രക്ഷകപ്പിറവി കൊണ്ട് എന്നും ശ്രദ്ധിക്കപ്പെടാമായിരുന്ന ആ സത്രം ഒരു സുവര്‍ണാവസരം നിഷ്ഫലമാക്കി.
സത്രം ഉണ്ണിയേശുവിന് ഇടം കൊടുക്കാതെ വന്നപ്പോള്‍ പശുത്തൊഴുത്തിലെ പുല്‍ക്കൂട് അവന് അഭയം കൊടുത്തു. വലിയ മനുഷ്യര്‍ പിറന്നുവീഴുന്ന സ്ഥലവും വീടും തലമുറകളായി അനുസ്മരിക്കപ്പെടും. ഗാന്ധിജിയുടെ ജന്മസ്ഥലവും മദര്‍ തെരേസായുടെ വീടും അല്‍ഫോന്‍സാമ്മയുടെ വീടുമെല്ലാം മനുഷ്യര്‍ ആദരവോടെ സന്ദര്‍ശിക്കുന്നു. പുല്‍ക്കൂട് അങ്ങനെയുള്ള സ്ഥലമായി രൂപപ്പെട്ടു. ക്രിസ്തുവിന് ജനിക്കുവാന്‍ ഇടം കൊടുത്തു എന്നതാണ് പുല്‍ക്കൂടിന്‍റെ പ്രത്യേകത. നമ്മുടെയൊക്കെ ജീവിതങ്ങള്‍ മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ക്രിസ്തുവിന് ഇടം കൊടുക്കണം. അവന് ഇരിക്കുവാന്‍ ഇടം കൊടുത്ത കഴുതയും അവന്‍റെ കുരിശു താങ്ങിയ ശിമയോനുമെല്ലാം കര്‍ത്താവിന് ഇടം കൊടുത്തവരാണ്. ആ ജീവിതങ്ങള്‍ ഭാഗ്യപ്പെട്ട ജീവിതങ്ങളായി. ഈ പിറവിത്തിരുനാള്‍ അവസരത്തില്‍ നമ്മുടെ ഹൃദയങ്ങളെ കൊട്ടിയടച്ച സത്രമാക്കാതെ അവനു വേണ്ടി തുറന്നിടുന്ന പുല്‍ക്കൂടാക്കി മാറ്റാം. ഇടമില്ലാത്ത സത്രത്തില്‍ നിന്നും ഇടമുള്ള കാലിത്തൊഴുത്തിലേക്കുള്ള യാത്രയാണ് ജീവിതം. ദൈവത്തിനുപോലും ഇടം നല്കാത്തവര്‍ മനുഷ്യന് ഹൃദയത്തില്‍ ഇടം കൊടുക്കുമോ? ഇടം നല്കാനില്ലാത്ത സത്രത്തേക്കാള്‍ ഭേദം ഇടം കൊടുക്കുന്ന കാലിത്തൊഴുത്താണ്. ഈ ചിന്ത ക്രിസ്മസ് ദിവസങ്ങളില്‍ ഹൃദയത്തില്‍ നിറയ്ക്കാം.
പശുത്തൊഴുത്തിലെ ദൈവസാന്നിധ്യം കാണുവാന്‍ മൂന്ന് രാജാക്കന്മാര്‍ അവിടെയെത്തി. അവര്‍ ജ്ഞാനികളായിരുന്നു. യഥാര്‍ത്ഥ ജ്ഞാനികള്‍ ദൈവത്തിലെത്തും. ജ്ഞാനികളുടെ പ്രത്യേകതകള്‍ ബൈബിളില്‍ പറയുന്നുണ്ട്. ദൈവം നല്കുന്ന അടയാളങ്ങള്‍ കണ്ടു യാത്ര തിരിച്ചവര്‍. ഒരു തെറ്റു പറ്റിയാലും വേഗത്തില്‍ തിരുത്തി നേര്‍വഴിയില്‍ നടക്കുന്നവര്‍. അമ്മയായ മേരിയോടുകൂടി ദൈവത്തെ ആരാധിക്കുന്നവര്‍. വന്ന വഴികളിലൂടെ സഞ്ചരിക്കാതെ മറ്റൊരു വഴിയേ തിരികെപ്പോയവര്‍. നമ്മുടെ ജീവിതത്തെ ഈ ക്രിസ്തുമസ്സ് അവസരത്തില്‍ ധ്യാനവിഷയമാക്കാം. യഥാര്‍ത്ഥജ്ഞാനികളുടെ മുന്‍പറഞ്ഞ സ്വഭാവങ്ങള്‍ എനിക്കുണ്ടോ? ഇല്ലെങ്കില്‍ ഉണ്ണിയേശുവിന്‍റെ അനുഗ്രഹത്തോടെ നമുക്കും തിരിച്ചു നടക്കാം.
ബെത്ലെഹെമിലേക്കുള്ള യാത്രയിലെ പ്രധാന വഴികാട്ടി നക്ഷത്രമാണ്. നക്ഷത്രത്തെ നാം സ്റ്റാര്‍ എന്നു വിളിക്കുന്നു. കോമഡിസ്റ്റാര്‍, ഫിലിംസ്റ്റാര്‍, ഫൈവ്സ്റ്റാര്‍ എന്നൊക്കെ നാം പറയാറുണ്ട്. സ്റ്റാറാവാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്താണ് നക്ഷത്രത്തിന്‍റെ ദൗത്യം. തെറ്റാതെ വഴി നയിക്കുക എന്നതാണ് ബൈബിളിലെ നക്ഷത്രത്തിന്‍റെ ദൗത്യം. ഡിസംബര്‍ ആദ്യം മുതല്‍ നാം നക്ഷത്രങ്ങള്‍ തൂക്കിയിടുന്നു. രക്ഷകന്‍റെ വരവിനുള്ള കാലമായി എന്നു ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രവൃത്തിയാണ് ഇത്. ക്രിസ്തുവിന്‍റെ ജീവിക്കുന്ന അടയാളങ്ങളായി നാം മാറണമെന്ന് നക്ഷത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നക്ഷത്രത്തേക്കാള്‍ വലിയവനെ കാണുമ്പോള്‍ നക്ഷത്രം പിന്‍മാറണം. അതിന്‍റെ ദൗത്യം പൂര്‍ത്തിയായി. യോഹന്നാന്‍ 3/30ല്‍ സ്നാപകയോഹന്നാന്‍ പറയുന്നു: അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം. നമ്മളെല്ലാം വഴിമാറി കൊടുക്കണം. നമ്മേക്കാള്‍ വലിയവര്‍ വരുന്നുണ്ടെന്ന തിരിച്ചറിവില്‍ നാം മാറിനില്‍ക്കണം. എല്ലാ നക്ഷത്രങ്ങളും വെളിച്ചം നല്‍കുന്നവയാണ്. ആകാശത്തിലെ നക്ഷത്രങ്ങളും ഭൂമിയിലെ മെഴുകുതിരികളും വെളിച്ചം നല്‍കുന്നു. വെളിച്ചം നല്‍കുന്നതെല്ലാം ഉരുകിത്തീരും. മറ്റുള്ളവര്‍ക്കുവേണ്ടി നാം ഉരുകിത്തീരേണ്ടവരാണ്. പ്രകാശിക്കുന്ന നക്ഷത്രങ്ങളുടെ പ്രഭ കെടുത്തുന്ന ശക്തികളുമുണ്ട്. സല്‍പ്പേരും പ്രശസ്തിയുമൊക്കെ നശിപ്പിക്കുന്ന അന്ധകാരശക്തികളുടെ ലോകത്തില്‍ പ്രകാശം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ നമുക്കു ശ്രമിക്കാം.
ബെത്ലെഹെമിലേക്കുള്ള യാത്രയില്‍ അവസാനമായി ക്രിസ്തുമസ്സ് ട്രീയെക്കുറിച്ചും ധ്യാനിക്കാം. വൈകാരിക സംതൃപ്തി നല്‍കുന്ന ക്രിസ്തുമസ് ട്രീ ഇന്ന് എല്ലാ ഭവനങ്ങളിലും തന്നെയുണ്ട്. ഒരു കുഞ്ഞുകുളിരുമായി ക്രിസ്തുമസ്സ് ട്രീയെ നാം സമീപിക്കുന്നു. മുതിര്‍ന്നവര്‍പ്പോലും കുഞ്ഞുങ്ങളായി മാറുകയാണ് ക്രിസ്തുമസ് ട്രീയുടെ മുമ്പില്‍. മനുഷ്യന്‍റെ മനസ്സില്‍ കൗതുകത്തിന്‍റെ ചിന്ത പടര്‍ത്തുന്ന ക്രിസ്തുമസ്സ് ട്രീ. നന്മനിറഞ്ഞ സമ്മാനങ്ങള്‍ ലോകത്തിന് സമ്മാനിക്കുന്ന ക്രിസ്തുമസ്സ് ട്രീകളായി നമുക്കു മാറാം. നിഷ്കളങ്കതയുടെ ഹൃദയവുമായി ട്രീയുടെ മുമ്പില്‍ നമുക്കു നില്‍ക്കാം. ബെത്ലെഹെമിലേക്കുള്ള നമ്മുടെ യാത്രയില്‍ ഈ ചിതറിയ ചിന്തകള്‍ നമുക്കു വെളിച്ചം നല്‍കട്ടെ.