news-details
മറ്റുലേഖനങ്ങൾ

പേരറിയാത്തവര്‍


ബി ബി സി എര്‍ത്തിന്‍റെ ഒരു വീഡിയോ. ജാപ്പനീസ് പഫര്‍ മത്സ്യത്തെക്കുറിച്ചുള്ള കൗതുകവാര്‍ത്തയാണ്. കാണാന്‍ വലിയ ചന്തമൊന്നുമില്ലാത്ത ഒരു ചെറുമത്സ്യം. ആഴങ്ങളില്‍ ആരുമറിയപ്പെടാത്ത ഒരു ജീവിതം. എന്നാല്‍ ഈ ചെറുമീനിന്‍റെ കലാവിരുത് നമ്മെ അതിശയിപ്പിക്കും. ഇത്തിരിപ്പോന്ന കുഞ്ഞിച്ചിറകുകള്‍ കൊണ്ട് അടിത്തട്ടിലെ മണല്‍ പരപ്പില്‍ ഈ ചെറുമീനൊരുക്കുന്ന ഡിസൈനെക്കുറിച്ചാണ് ഈ വീഡിയോയിലുള്ളത്. ഗണിതശാസ്ത്രപരമായ പൂര്‍ണ്ണത അവകാശപ്പെടുന്ന ചേതോഹരമായ ഒരു കളമെഴുതി മുത്തുച്ചിപ്പികള്‍ കൊണ്ടലങ്കരിക്കുന്ന ഈ പ്രകൃതിരഹസ്യത്തെക്കുറിച്ച് കമന്‍റേറ്ററുടെ വാക്കുകള്‍ ഇപ്രകാരമാണ്. Nowhere else in nature does an animal construct something as complex and perfect as this!
ശരിക്കും കടലാഴങ്ങളിലെവിടെയൊക്കെയോ നീന്തിയകന്ന് ചിത്രമെഴുതുന്ന ഈ കുഞ്ഞുമത്സ്യം കണക്കെ ചില മനുഷ്യരുണ്ട് സഖാവേ! ആരോരുമറിയാതെ ഈ ലോകത്തെയും കാലത്തെയും ഇനിയുമിനിയും സുന്ദരമാക്കാന്‍ പെടാപ്പാടുപെടുന്നവര്‍. ബേത്ലഹേമിലെ ആട്ടിടയന്മാരെപ്പോലെ പേരറിയാത്തവര്‍. എന്നാല്‍ നന്മ പിറക്കുന്നിടത്തെല്ലാം മൂകസാക്ഷികളായി നിലകൊള്ളുന്നവര്‍. അവരത്ര പണ്ഡിതരല്ല: വാഗ്മികളല്ല. പ്രശസ്തരും പ്രഗത്ഭരും അല്ല: ഫാന്‍സ് ഗ്രൂപ്പ് ഉള്ളവരുമല്ല. പക്ഷേ, ദിനചര്യകളില്‍ മുറതെറ്റാതെ നടകൊള്ളുന്നവരാണ്. ഏല്പിക്കപ്പെട്ട ദൗത്യം പൂര്‍ണ്ണ  ജാഗ്രതയോടെ പാലിക്കുന്നവര്‍.
The great Indian middle class ന്‍റെ ഉപരിലോകകാപട്യം തകര്‍ന്നുവീഴാതെ നിലനിര്‍ത്താന്‍ പണിപ്പെടുന്ന കുറെ മനുഷ്യരുണ്ട്. അത്തരം പേരില്ലാക്കൂട്ടങ്ങളെ നാമിനിയും അവഗണിക്കരുത്. റോഡിലെ ടാറുപണിക്കാരന്‍ , ഹോട്ടല്‍മേശയിലെ വിളമ്പുകാരന്‍, ഊബര്‍ ഡ്രൈവര്‍, മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി ചേച്ചി, ഇസ്തിരിയിടുന്ന അണ്ണന്‍. നാമൊരിക്കലും പേര് തിരക്കിയിട്ടില്ലാത്ത ഇങ്ങനെ കുറെ മനുഷ്യര്‍. കുശലം പറയാന്‍ നാം മറന്നുപോയവരാണ് ഈ അധോലോകത്തുള്ളവരേ റെയും.
നമുക്കൊരു തെറ്റിദ്ധാരണയുണ്ട്. സമ്പന്നര്‍ ക്കാണ് പേരും പെരുമയും  മേല്‍വിലാസവുമൊക്കെയുള്ളതെന്ന്! എന്നാല്‍ യേശുവിന് അങ്ങനെയല്ല, അവന്‍ പറഞ്ഞ രണ്ടു കഥകളിലും ധനികന്മാര്‍ക്ക് പേരുകളില്ല. പക്ഷേ മാറാരോഗിയും  യാചകനുമായ പരമദരിദ്രനെ അവന്‍ ലാസര്‍ എന്നു പേരു ചൊല്ലിവിളിച്ചു. അവന്‍റെ ധാരണയിലേക്കല്ലേ നാം ഇനിയും പിറക്കേണ്ടത്.
നേരമുണ്ടെങ്കില്‍ ഡോ. ബിജുവിന്‍റെ 'പേരറിയാത്തവര്‍' എന്ന സിനിമ കാണുന്നത് നല്ലതാവും! നേരമുണ്ടെങ്കില്‍ മാത്രം!

 
 

You can share this post!

അവനിപ്പോഴും

.
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
Related Posts