news-details
മറ്റുലേഖനങ്ങൾ

സമീറ നിര്‍മമത

"ശരിക്കും ദൈവത്തോട് ഒന്നും അപേക്ഷിക്കാന്‍ ഇല്ലാത്തവിധം നിര്‍മമരായ മനുഷ്യര്‍ ഈ ഭൂമിയിലുണ്ടാവുമോ? നമ്മള്‍ സുഖമെന്നു പേരിട്ടു വിളിക്കുന്ന യാതൊന്നിലും താല്പര്യമില്ലാത്തവര്‍! അവരോട് ഞാന്‍ ഏതു ക്രിസ്തുവിനെക്കുറിച്ച് പറയും? രോഗശാന്തിക്ക്, മനസമാധാനത്തിന്, ധനത്തിന്, ലാഭത്തിന്, സൗകര്യങ്ങളുടെ മെച്ചപ്പെടലിന് ദൈവത്തെ സമീപിക്കുന്നവരെ കാണുന്നുണ്ട്. സത്യത്തില്‍ അങ്ങനെയല്ലാത്തവര്‍ക്ക് വേണ്ടി ഒരു ക്രിസ്തു ഉണ്ടായിരിക്കില്ലേ? അവനെ എന്തുകൊണ്ട് നാം തിരയുകയും കണ്ടെത്തുകയും ചെയ്യുന്നില്ല?

ബെന്യാമിന്‍റെ ശരീരശാസ്ത്രത്തിലെ വരികളാണ്. വിശ്വാസത്തിന്‍റെ കെണിയില്‍ പെട്ടുപോയവര്‍ക്ക്, പെടാന്‍ സാധ്യത ഉള്ളവര്‍ക്കും എന്നൊരു തൊടുകുറിയുമായ വന്ന പുസ്തകം. നന്ദിയുണ്ട് സ്നേഹിതാ, 'ഉണ്ടുതെണ്ടി നടക്കുന്ന ഈ വെള്ളക്കുപ്പായത്തില്‍' പിടിച്ചൊന്നു പിന്നിലേക്ക് വലിച്ചതിന്! ക്രിസ്തുവിനു വേണ്ടിയാണ് അവന്‍റെ പിന്നാലെ നടക്കേണ്ടത് എന്നോര്‍മ്മിപ്പിച്ചതിനും!

അവനു വേണ്ടിയുള്ള ജീവിതത്തിന്‍റെ ഒന്നാം പാഠം പകരാന്‍ കെല്പുള്ളവര്‍ അവന്‍റെ അമ്മയല്ലാതാരാണ്. ഗര്‍ഭപാത്രം മുതല്‍ മരണവക്ത്രം വരെ ഒപ്പമുണ്ടായിരുന്നവര്‍. ഉള്ളുരിയടര്‍ന്നിട്ടും മൗനം കൊണ്ടത് പൊതിഞ്ഞുപിടിച്ചവള്‍. അമ്മ മറിയം. നിര്‍മമതയുടെ ലാവണ്യരൂപം. ഒരിക്കല്‍പോലും അവള്‍ അവനോട് തന്‍റെ സ്വകാര്യ നേട്ടങ്ങള്‍ക്കൊരപക്ഷേയും നല്‍കിയില്ല. മകന്‍റെ വീര്യ പ്രവൃത്തികളില്‍ ദുരഭിമാനം പൂണ്ടില്ല. അവനേറ്റ അപമാനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമിടയില്‍ തളര്‍ന്നില്ല. ഒന്നുമാത്രം ചെയ്തു, വെറുതെ അവനോടൊപ്പം നിന്നു. ആയുസ്സത്രയും തന്‍റെ മേല്‍ പെയ്തിറങ്ങിയ ആത്മാഭിഷേകത്തിന്‍റെ തീക്കാറ്റില്‍ അവള്‍ വെന്തുപോയില്ല. അതുകൊണ്ടാവും എരിയുന്ന തീയിന്‍ നടുവില്‍ എരിയാതെ നിന്ന മുള്‍മരം അവളുടെ സദൃശ്യമായി വാഴ്ത്തപ്പെട്ടത്. അന്ത്യത്തോളം നീണ്ട തീക്കളിക്കൊടുവില്‍ സകലവും നിവൃത്തിയായി എന്നും ചൊല്ലി അവന്‍ പിന്‍വാങ്ങി. ഒരു സാധാരണ വീട്ടമ്മയുടെ ഭൗമിക സ്വപ്നങ്ങള്‍ക്ക് മീതെ അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു.

നിയോഗം അവളില്‍ അവശേഷിച്ചിരുന്നു. പെന്തക്കുസ്തായിലെ തീമഴപ്പെയ്ത്തിനു അവന്‍റെ സഖാക്കളെ നനച്ചൊരുക്കുവാന്‍ അവള്‍ ജറുസമേമില്‍ പാര്‍ത്തു. ആ അമ്മമഴക്കാറ് എത്രമേല്‍ ആദിമസഭയെ നനച്ചിട്ടുണ്ടാവും! ശരിക്കും ഇത്തരം ചില സുകൃതജന്മങ്ങള്‍ നന്നേ നിശബ്ദമായി നമുക്കിടയിലും പാര്‍ക്കുന്നുണ്ടെന്നുറപ്പാണ്. ആത്മനൊമ്പരങ്ങളുടെ ഉള്ളുരുക്കങ്ങള്‍ക്ക് നടുവിലും ആര്‍ക്കൊക്കെയോ തുണയാവുന്ന മനുഷ്യര്‍! ജീവിതത്തിലിനി അകംപൊട്ടിയാനന്ദിക്കുന്നൊരു സ്വകാര്യകാരണവും അവശേഷിച്ചിട്ടില്ലാത്തവര്‍. നാം തേടുന്നതൊന്നും അവരുടെ വിചാരലോകത്തുണ്ടാവില്ല. പ്രശസ്തി പത്രങ്ങളും വന്‍ നിക്ഷേപങ്ങളും സ്ഥാനമഹിമകളും ലൈക്കുകളും കമന്‍റുകളും അവരെ ബാധിക്കുന്നുണ്ടാവില്ല. അവരിങ്ങനെ ജീവിക്കുന്നു. അവരില്ലെങ്കില്‍ ശൂന്യമായിപ്പോയേക്കാവുന്ന ചില ജീവിതങ്ങള്‍ക്ക് വേണ്ടി മാത്രം. ചിലപ്പോള്‍ കുത്തുവാക്കുകള്‍ മാത്രം തിരികെ നല്കുന്നവര്‍ക്കായിപ്പോലും!

മഴ വെറുതെ പെയ്തിറങ്ങുന്നു. മണ്ണ് കുതിരുന്നു. മുള പൊട്ടുന്നു. ഫലവും തണലുമൊരുങ്ങുന്നു. പുഴ നിറയുന്നു. മലിനതകള്‍ ഒഴുകിയകലുന്നു. സത്യമായും ഇങ്ങനെ മഴ കണക്കെ വെറുതെ പെയ്യുന്ന മനുഷ്യരുണ്ട്. കടലുരുകിപ്പെയ്യണതാണ് ഓരോ തുള്ളിയും എന്നു പുറമെ കാട്ടാത്ത മഴ മാതിരിയുള്ള മനുഷ്യര്‍. മഴയ്ക്ക്  കീഴിലെ മഴകളാണ് മനുഷ്യര്‍ എന്നു നെരുദ കുറിച്ചത് വെറുതെയാവില്ല സഖേ!

You can share this post!

ആനന്ദത്തിലേക്ക് പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts