പീലാത്തോസിന്‍റെ ഭാര്യ ക്ലോഡിയാ ഭര്‍ത്താവിനെ തിരുത്തുന്ന രംഗം ബൈബിളില്‍ നാം കാണുന്നുണ്ട്. നീതിമാനെ അന്യായമായി വിധിക്കരുതെന്നാണ് അവള്‍ പറയുന്നത്. അന്യായമായ വിധി അവളുടെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നുവെന്നും ഉറക്കം നഷ്ടപ്പെട്ടുവെന്നും പറയുന്നു. ഭര്‍ത്താവിന്‍റെ തെറ്റ് ഭാര്യയുടെ ജീവിതത്തെ അസ്വസ്ഥമാക്കുന്നു. സക്കേവൂസിന്‍റെ അപരാധങ്ങള്‍ അയാളുടെ കുടുംബത്തെ ബാധിക്കുന്നു. സക്കേവൂസ് സ്വയം തിരുത്തുവാന്‍ മനസ്സു കാണിച്ചപ്പോള്‍ അയാളുടെ കുടുംബം രക്ഷപ്പെട്ടു. നമ്മുടെയൊക്കെ തെറ്റുകള്‍ നമ്മുടെ ബന്ധപ്പെട്ടവരെ ബാധിക്കുന്നു. ക്ലോഡിയായെപ്പോലെ നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഒരു കുളത്തില്‍ വീണ കല്ലുപോലെയാണ് നമ്മുടെ ജീവിതം. ധാരാളം ഓളങ്ങള്‍ ആ കല്ല് കുളത്തില്‍ സൃഷ്ടിക്കുന്നു. നമ്മുടെ സംസാരവും ജീവിതവും മറ്റുള്ളവരുടെ ലോകത്തെ സ്വാധീനിക്കുന്നു. നന്മ ചെയ്താലും തിന്മ ചെയ്താലും ഈ ഓളങ്ങള്‍ ഉയര്‍ന്നുവരും. തിരുത്തലുകള്‍ സന്തോഷത്തോടെ സ്വീകരിച്ച് ജീവിതത്തെ നവീകരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
കര്‍ത്താവ് സഹനത്തിലൂടെ കടന്നുപോകുമ്പോള്‍ പത്രോസ് തീയുടെ ചൂടില്‍ കുളിരകറ്റി സുഖിക്കുന്നു. അപ്പോള്‍ പരിചാരികമാരില്‍ ഒരാള്‍ വന്ന് പത്രോസിനെ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. അവന്‍ സഹിക്കുമ്പോള്‍ നീ തീ കാഞ്ഞു സുഖിക്കുകയാണോ? നീ അവന്‍റെ ശിഷ്യനല്ലേ? ഓര്‍മ്മപ്പെടുത്തലിന്‍റെ ആ ശബ്ദം പത്രോസില്‍ മാനസാന്തരത്തിന്‍റെ വിത്തുവിതച്ചു. നമ്മള്‍ ജീവിക്കുന്ന ലോകത്തില്‍ നാം ചെയ്യുന്ന പല കാര്യങ്ങളും ഓര്‍മ്മിപ്പിക്കുവാനായിദൈവം ചില വ്യക്തികളെ അയയ്ക്കുന്നു. ലഭിച്ചിരിക്കുന്ന ജീവിതാന്തസിനും ഉത്തരവാദിത്വത്തിനും ചേരാത്ത സംസാരങ്ങള്‍, പ്രവൃത്തികള്‍ നമ്മില്‍ സംഭവിക്കുന്നുണ്ടോ? മൂന്നു പ്രാവശ്യം പത്രോസിന്‍റെ ജീവിതത്തില്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ സംഭവിക്കുന്നുണ്ട്. അതിനിടയില്‍ കോഴി കൂവുന്നു. കോഴി കൂവി എന്നുപറഞ്ഞാല്‍ പ്രപഞ്ചം ഉണര്‍ന്നു എന്നാണ് അര്‍ത്ഥം. കോഴിയുടെ കൂവല്‍ പത്രോസിനെ ഒരുപിടി കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഹൃദയമുരുകി കരയുന്ന പത്രോസിനെയാണ് പിന്നെ കാണുന്നത്. ശരിയായ ഓര്‍മ്മപ്പെടുത്തലുകള്‍ ആരെങ്കിലുമൊക്കെ നമുക്കു നല്കുമ്പോള്‍ വിനയപൂര്‍വ്വം നമുക്കവയെ സ്വീകരിക്കാം. ശരിയായ തീരുമാനമെടുത്ത നന്മ നിറഞ്ഞ ഓര്‍മ്മപ്പെടുത്തലുകളെ അംഗീകരിക്കണം. അവിടെ ഒരു പുതുജന്മം നമ്മില്‍ സംഭവിക്കും.
കുരിശിന്‍റെ വഴിയിലൂടെ യേശു കടന്നുപോകുമ്പോള്‍ ജറുസലേം പുത്രിമാര്‍ അവനെ ആശ്വസിപ്പിച്ചു. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്തു കരയുവാന്‍ യേശു അവരോട് പറയുന്നു. ധ്യാനപൂര്‍വ്വമായ ഒരു ചിന്തയിലേക്കാണ് യേശു അവരെ നയിച്ചത്. നമ്മുടെയൊക്കെ വാക്കുകളും പ്രവൃത്തികളും നമ്മില്‍നിന്നു ജനിക്കുന്ന സന്താനങ്ങളാണ്. അവയുടെ ഉത്തരവാദിത്വം നമ്മുടേതാണ്. വായില്‍നിന്നു പോയ വാക്കുകളും കയ്യില്‍ നിന്നുപോയ കല്ലുകളും തിരിച്ചെടുക്കാനാവില്ലല്ലോ. ഒരു മനുഷ്യന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടാലും ആ പ്രവൃത്തികള്‍ സൃഷ്ടിച്ച മുറിപ്പാടുകള്‍ മായുന്നില്ല. നമ്മള്‍ ജീവിക്കുന്ന ലോകത്തെ നാം എങ്ങനെ സൃഷ്ടിക്കുന്നു? ഞാന്‍ ജനിച്ചുവീണ ലോകത്തെക്കാള്‍ അല്പംകൂടെ മെച്ചപ്പെട്ടതാകണം ഞാന്‍ ജീവിക്കുന്ന ലോകം. അതിനായി ഞാന്‍ എന്തുചെയ്യും? എന്‍റെ സുഖവും സന്തോഷവും മാത്രം നോക്കി ജീവിക്കുന്ന ഒരു ജീവിതമാണോ ഞാന്‍ നയിക്കുന്നത്. ഞാന്‍ സന്തോഷിക്കുമ്പോള്‍ ആ സന്തോഷം ചുറ്റുമുള്ളവരുടെ ലോകത്തെ വേദനിപ്പിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഞാന്‍ പാപത്തിലാണ് ജീവിക്കുന്നത്. എന്‍റെ ചുറ്റുപാടുമുള്ളവരെ സന്തോഷിപ്പിക്കുവാന്‍ എനിക്കു കഴിയുന്നുണ്ടോ? കുരിശിന്‍റെ വഴിയിലെ യേശുവിന്‍റെ വാക്കുകള്‍ നമുക്കും ധ്യാനിക്കാം.
'ഇവര്‍ ചെയ്യുന്നത് എന്തെന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് യേശു കുരിശില്‍ ജീവനര്‍പ്പിച്ചു. നമ്മോടു തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കുവാനും അവര്‍ക്കു മാപ്പുകൊടുക്കുവാനും ക്രൂശിതന്‍ ക്ഷണിക്കുന്നു. ആരെന്തു ചെയ്താലും അതവരുടെ അറിവില്ലായ്മകൊണ്ടാണെന്ന് ചിന്തിക്കുവാന്‍ നമുക്കു കഴിയുമോ? അങ്ങനെ ഒരു ചിന്ത ഹൃദയത്തിലുണ്ടായാല്‍ നമ്മുടെ മനസ്സ് ശാന്തമാകും. കൃപയുടെ നീര്‍ച്ചാലുകള്‍ ആ ഹൃദയത്തില്‍ ഒഴുകിയിറങ്ങും. കര്‍ത്താവിന്‍റെ പറുദീസാ കള്ളനിലേക്ക് വ്യാപിച്ചത് ഈ ക്ഷമയുടെ പ്രാര്‍ത്ഥന കണ്ടപ്പോഴാണ്. കള്ളന്‍റെ ലോകത്തുനിന്നു കര്‍ത്താവിന്‍റെ ലോകത്തിലേക്ക് ഒരുവനെ വളര്‍ത്തുന്നത് ഇപ്രകാരമുള്ള ക്ഷമയുടെ വഴികളാണ്.
ഇതിന്‍റെയെല്ലാം അവസാനത്തില്‍ ഉയിര്‍പ്പിന്‍റെ കുളിരു ഭൂമിയെ തഴുകി. ക്രിസ്തു എന്നില്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നത് യേശുവിന്‍റെ വഴികള്‍ നാം സ്വന്തമാക്കുമ്പോഴാണ്. തിരുത്തലുകള്‍ സ്വീകരിച്ചും ഓര്‍മ്മപ്പെടുത്തലുകള്‍ക്കു പ്രത്യുത്തരം കൊടുത്തും ജീവിക്കുമ്പോള്‍ യേശുവിന്‍റെ മുഖം എന്നിലൂടെ ലോകം കാണും. ക്ഷമയുടെ അരൂപി ഹൃദയത്തില്‍ സൂക്ഷിക്കുമ്പോള്‍ എന്നിലൂടെ ക്രിസ്തു പുനര്‍ജീവിക്കും. ഉത്ഥിതനായ യേശു എന്‍റെ തീരുമാനങ്ങളെ വിശുദ്ധീകരിക്കട്ടെ. എന്‍റെ നവീകരിച്ച ജീവിതം വഴി ഉത്ഥിതന്‍ ലോകത്തില്‍ ഉയര്‍ന്നു നില്ക്കട്ടെ.