നമ്മുടെ ജീവിത ചുറ്റുപാടുകള്‍ നമ്മുടെ ചിന്താരീതിയെ സ്വാധീനിക്കാറുണ്ട്. പുതിയ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് ഈ സ്വാധീനത്തില്‍ നിന്നും കുറച്ച് രക്ഷപ്പെടാന്‍ സാധിക്കുമെങ്കിലും. ആകാശവും കടലും തൊട്ടടുത്തുള്ള ഒരു സാഹചര്യത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. കടലിന് ഒരു മാറ്റവുമില്ല എന്നിട്ടും ഒരിക്കല്‍ പോലും ഒരു തിരയും ആവര്‍ത്തിക്കുന്നില്ല. അപ്പോള്‍ അനശ്വരത എന്നത് അനുനിമിഷം പുതിയതിനെ സൃഷ്ടിക്കുന്ന ഒന്നാണെന്ന് കടല്‍ പഠിപ്പിക്കുന്നു. ഇന്ന് ശാന്തമായി കിടക്കുന്ന കടല്‍ നാളെ തിരമാലകളുമായി ആഞ്ഞടിക്കുക ആയിരിക്കും. ഇന്ന് വര്‍ണ്ണങ്ങള്‍ വാരി വിതറി, കടന്നുപോകല്‍ ഗംഭീരമാക്കുന്ന സൂര്യന്‍ നാളെ എല്ലാ വര്‍ണ്ണങ്ങളെയും മടക്കി ഒതുക്കി ഏറ്റവും നിരാലംബതയോടെ കാര്‍മേഘങ്ങളുടെ മറവില്‍ പെട്ടുപോകുകയായിരിക്കും.
പ്രക്ഷുബ്ധതയെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത് കടലാണ്. ഞാനൊരിക്കലും ഇടിമിന്നലിനെ പേടിച്ചിട്ടില്ല. തൊട്ടടുത്ത് ആഞ്ഞ് പതിക്കുന്ന ഇടിമിന്നലും പ്രചണ്ഡതകളെ മുഴുവന്‍ ആവാഹിച്ചെടുത്ത തീരത്ത് വന്നു കലിതുള്ളുന്ന ഭീമാകാരികളായ തിരമാലകളും എനിക്ക് ഗൂഢമായ ആനന്ദം തന്നു. ഒരു കൊടുങ്കാറ്റിന്‍റെ ഉള്ളിലേക്ക് ഇറങ്ങിപ്പോകാന്‍ ഭയം നിറഞ്ഞ ആഗ്രഹം നല്‍കി. പ്രപഞ്ചത്തിലെ ഏറ്റവും ശാന്തമായ സ്ഥലം ഒരു കൊടുങ്കാറ്റിന്‍റെ ഏറ്റവും മധ്യത്തില്‍ ആണെന്നാണ് പറയുന്നത്. ചുറ്റുപാടും അശാന്തിയുടെ കൊടുങ്കാറ്റിനെ പറത്തി വിട്ടിട്ട് സ്വയം ശാന്തമായിരിക്കുന്ന കൊടുങ്കാറ്റിന്‍റെ ആത്മാവ് ഏറ്റവും വലിയ പ്രലോഭനമായി തോന്നി. വീനസിന്‍റെ മായിക സൗന്ദര്യം നിറഞ്ഞ പ്രഭാപൂരിതമായ വളയങ്ങളേക്കാളും എന്നെ ആകര്‍ഷിച്ചത്, ഭൂമിയെക്കാളും നൂറ് മടങ്ങ് ശക്തിയുള്ള മിന്നല്‍ പിണരുകളും എല്ലാ നാലു ദിവസം കൂടുമ്പോഴും ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റും ഉണ്ടെന്നുള്ള അറിവാണ്.
ക്രിസ്തുവിന്‍റെ കണ്ണുകളെ നോക്കുക, എത്ര ശാന്തമാണ് അവ. പക്ഷേ, ആ കണ്ണുകള്‍ അനേകം കൊടുങ്കാറ്റുകളെ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ശിവന്‍റെ കണ്ണുകളും ശാന്തമാണ്, പക്ഷെ എന്തിനെയും ദഹിപ്പിച്ച് ചാരമാക്കുന്ന അഗ്നിസ്ഫുലിംഗങ്ങള്‍ നിറഞ്ഞ തൃക്കണ്ണിനെ ശാന്തമാക്കാന്‍ വേണ്ടിയാണ് മറ്റു രണ്ടു കണ്ണുകള്‍ ശിവന്‍ തുറന്നു വച്ചിരിക്കുന്നത്.
ഇമ്മാനുവല്‍ കാന്‍റ് സൗന്ദര്യത്തെ ഉദാത്തതയില്‍ (sublime) നിന്നും വേര്‍തിരിക്കുന്നുണ്ട്. ഉദാത്തതയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്, bitter sweetness എന്നാണ്. സൗന്ദര്യം മാധുര്യം മാത്രമാണെങ്കില്‍ ഉദാത്തത ചവര്‍പ്പുള്ള മാധുര്യമാണ്. ആനന്ദം എന്നത് ഏറ്റവും അഗാധമായ ദുഃഖത്തില്‍ നിന്നും ഉയിര്‍ കൊള്ളുന്നതാണെന്ന് വിശുദ്ധ ഫ്രാന്‍സീസ് മനസ്സിലാക്കുന്നതു പോലെയാണത്. ഷോപ്പന്‍ഹോഗര്‍ ഇതിനെ ഇങ്ങനെ ഉദാഹരിക്കുന്നു, നിങ്ങളൊരു കൊടുങ്കാറ്റിന്‍റെ മുന്നില്‍ പെട്ടുപോയി എന്ന് കരുതുക. കൊടുങ്കാറ്റ് നിങ്ങളുടെ പ്രജ്ഞയില്‍ അപാരമായ ഭീതി നിറക്കുന്നു. അപ്പോഴും നിങ്ങള്‍ ബോധം കെട്ടു പോകാതെ നില്‍ക്കുകയാണെങ്കില്‍, നിങ്ങളുടെ പ്രജ്ഞ ഒരു മറിഞ്ഞുവീഴലിനു വിധേയമാകുന്നു.
അതുവരെ ബോധത്തില്‍ നിറഞ്ഞിരുന്ന ഭീതികള്‍ ഇല്ലാതാവുകയും സൗന്ദര്യം അനുഭൂതികളുടെ ത്രസനം അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. മരണത്തെ മുഖാമുഖം ദര്‍ശിച്ച് അസ്ഥികളെപ്പോലും മരവിപ്പിക്കുന്ന തണുപ്പിലൂടെ എവറസ്റ്റ് പര്‍വതം കയറി മുകളിലെത്തുമ്പോള്‍ ഒരു പര്‍വ്വതാരോഹകന്‍ അനുഭവിക്കുന്നതാണ് ഉദാത്തത. കഷ്ടപ്പെട്ട് ബോറടിച്ച് മോബിഡിക്കോ ഫ്രൂസ്തിന്‍റെ പൊയ്പ്പോയ കാലം തേടി എന്നതിന്‍റെയോ അഞ്ഞൂറാമത്തെ പേജ് കഴിഞ്ഞ് അഞ്ഞൂറ്റി ഒന്നാമത്തെ പേജില്‍ നോവലിസ്റ്റ് സൂക്ഷിച്ചു വച്ചിരിക്കുന്ന അനുഭൂതികള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് വായനയുടെ ഉദാത്താത.
ഉത്തമഗീതത്തില്‍ രതി സൗന്ദര്യത്തിന്‍റെ പടവുകള്‍കടന്ന് ഉദാത്തതയിലേക്ക് പ്രവേശിക്കുന്നു. അവിടെ ആണ് പെണ്ണായും പെണ്ണ് ആണായും തീരുന്നു. അല്ലങ്കില്‍ ആണോ പെണ്ണോ എന്ന് വേര്‍തിരിക്കാനാവാത്ത ശരീരങ്ങള്‍ രതിയുടെ ഉദാത്തമായ കവിതയില്‍ പ്രകാശിക്കുന്നു. ബ്രഹ്മചാരിയായ വാത്സ്യായനന്‍ കാമസൂത്രം രചിച്ചത് പോലെ ഗൂഡമായ പരിവര്‍ത്തനമാണത്.
ചിന്തയുടെ പ്രക്ഷുബ്ധതയെ സ്നേഹിച്ചിരുന്നത് കൊണ്ട് ഇന്ത്യന്‍ തത്വചിന്ത എനിക്ക് ഒരിക്കലും പഥ്യമായി തോന്നിയില്ല. അതിന്‍റെ ശാന്തത എനിക്ക് ചേരുന്നത് ആയിരുന്നില്ല. ഭാരതത്തില്‍ എല്ലാം ദര്‍ശനമാണ്. തത്ത്വചിന്തയ്ക്കു തനതായ ഒരു വ്യക്തിത്വം ഇല്ല. വേദവും ഉപനിഷത്തുമായി ബന്ധപ്പെട്ടാണ് അതിന്‍റെ നിലനില്‍പ്പ്. കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ എഴുതി, ഭാരതത്തില്‍ തത്വചിന്തകന്‍ എന്ന പേരിന് അര്‍ഹതയുള്ളത് അരവിന്ദോക്ക് മാത്രമാണെന്ന്. പക്ഷേ, പാശ്ചാത്യ ചിന്ത പേമാരികള്‍ നിറഞ്ഞതാണ്. നീഷേയെ വായിക്കുമ്പോള്‍ ആരോ തലയില്‍ പിശാചുക്കളെ ആവാഹിച്ചെടുത്ത ആണികള്‍ അടിച്ചു കയറ്റുന്നതായി തോന്നും.
എങ്കിലും ദ്രാവിഡ ദേവനായ ശിവനോട് ആയിരുന്നു എനിക്കൊരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നത്. പരിപൂര്‍ണ്ണ ഭര്‍ത്താവും പരിപൂര്‍ണ്ണ ജാരനുമായ, കാളകൂടം വിഷം കഴിച്ചു നീലിച്ച ശരീരമുള്ള, ജഡപിടിച്ച മുടിയും സര്‍പ്പധാരിയുമായ ശിവനെ പ്രേമിക്കണമെങ്കില്‍ പാര്‍വ്വതിക്ക് അസാമാന്യ സൗന്ദര്യ ബോധം ഉണ്ടായിരിക്കണം. ആര്യ ദേവന്മാരായ കൃഷ്ണനോടും രാമനോടും അത്രയ്ക്ക് താല്പര്യം തോന്നിയിട്ടില്ല. ഇപ്പോള്‍ ഭഗവത് ഗീത ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു ഞാന്‍ ഭഗവത്ഗീതയില്‍ എത്തുന്നത് ഫ്രഞ്ച് ചിന്തകയായ സിമോണ്‍ വെയില്‍ വഴിയാണ്. ഞാന്‍ ഭഗവത്ഗീത വായിക്കുന്നതാകട്ടെ ഇംഗ്ലീഷിലും.
എല്ലാത്തരം ശക്തിയിലും, അത് ആത്മീയ ശക്തി ആയാല്‍പോലും അത് ഏല്‍പ്പിക്കാന്‍ ഇടയുള്ള തിന്മയെക്കുറിച്ച് ഏറ്റവും ബോധ്യമുണ്ടായിരുന്ന ചിന്തകയായിരുന്നു സീമോണ്‍ വെയില്‍. അതുകൊണ്ട് യുദ്ധവിരുദ്ധമായ നിലപാടുകളായിരുന്നു അവര്‍ പ്രചരിപ്പിച്ചിരുന്നത്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാനുള്ള ഫ്രാന്‍സിന്‍റെ നീക്കത്തെ എതിര്‍ക്കുകയും ചെയ്തു. പക്ഷേ സമാധാനം എന്നത് ലോകത്ത് സാധ്യമാണോ, സമാധാനശ്രമങ്ങള്‍ ലോകത്തിന്‍റെ പ്രശ്നങ്ങളേ പരിഹരിക്കുമോ, യുദ്ധം അനിവാര്യമാകുന്നത് എപ്പോഴാണ് തുടങ്ങിയ പ്രശ്നങ്ങള്‍ അവളെ കുഴക്കി. ഭഗവത്ഗീത നല്‍കിയ വെളിച്ചമാണ് അവളെ കരകയറ്റുന്നത്.
ഭഗവത്ഗീതയില്‍ വെയില്‍ കണ്ടെത്തിയ ഏറ്റവും പ്രധാനമായ സത്യം ഇതാണ്: The aberration of the opposites. ഇതനുസരിച്ച് ഒരു തെറ്റ് അതിന്‍റെ എറ്റവും കടകവിരുദ്ധമായ കാര്യവുമായി പരിഹരിക്കാനാവാത്ത വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒരു തെറ്റില്‍ നിന്നും രക്ഷപ്പെടാനായി ഓടിച്ചെന്നത്തുന്ന, അതിന്‍റെ വിരുദ്ധമായത് തെറ്റു തന്നെയായിരിക്കും. സ്ത്രീ എന്ന പ്രലോഭനത്തില്‍ നിന്നും രക്ഷപ്പെടാനായി മൗണ്ട് ആഥോസില്‍ രക്ഷ പ്രാപിക്കുന്ന സാക്കിസ് അവിടെ കിടന്നുകാണുന്ന എല്ലാ സ്വപ്നങ്ങളിലും നഗ്ന സുന്ദരികള്‍ നൃത്തം ചെയ്യുന്നു. നിങ്ങള്‍ ഏതു നിലപാടില്‍ നിന്നും സാഹചര്യങ്ങളെ വീക്ഷിക്കുന്നുവോ, പ്രസ്തുത നിലപാട് തന്നെ സാഹചര്യമായി മാറും എന്ന് സീസെക്ക് പറയിക്കുന്നത് സമാന അര്‍ത്ഥത്തിലാണ്. ലോകത്തില്‍ നിന്നും രക്ഷപ്പെടാനായി മരുഭൂമിയിലേക്ക് പോയ സന്യാസിമാര്‍ മനസ്സിലാക്കിയത് ലോകവും അവരോടൊപ്പം ഓടി മരുഭൂമിയില്‍ എത്തിയിട്ടുണ്ട് എന്നാണ്. ക്രിസ്തു മരുഭൂമിയിലേക്ക് പോകുന്നത് ലോകത്തില്‍ നിന്നും രക്ഷപെടാനല്ല, ലോകത്തിന്‍റെ എല്ലാ തിന്മകളെയും അവിടെ നേരിട്ട് ലോകത്തെയും മരുഭൂമിയും ഒരു പോലെ അതിജീവിക്കാനാണ്.
ഭഗവത്ഗീതയില്‍ തന്‍റെ പിതാമഹന്‍മാരോടും രക്തബന്ധങ്ങളോടും യുദ്ധം ചെയ്യാനാവാതെ ഹതാശനായി നില്‍ക്കുന്ന അര്‍ജുനനെ സാരഥിയായ കൃഷ്ണന്‍ യുദ്ധ യോഗ്യനാക്കുന്നു. തിന്മയെ ഇല്ലാതാക്കാന്‍ വേണ്ടിയാണങ്കില്‍ പോലും മനുഷ്യജീവിതം നശിപ്പിക്കാന്‍ പാടില്ല എന്ന് വിശ്വസിച്ചസിമോണ്‍ വെയിലിനെ ഗീത പഠിപ്പിക്കുന്നത് സത്യത്തിന് നാശം ഇല്ലന്നാണ്. എന്തിനെയാണ് തിന്മയ്ക്ക് നശിപ്പിക്കാന്‍ സാധിക്കുക എന്നതാണ് പ്രധാനമായ ചോദ്യം. വെയില്‍ ഗീതയില്‍ നിന്നും മനസ്സിലാക്കുന്നു, മനുഷ്യജീവിതത്തെ തിന്മക്ക് നശിപ്പിക്കാനാവില്ല. നിന്ദ്യമായതിനെ നശിപ്പിക്കു ന്നത് ഒരു വലിയ കാര്യമല്ല.
ഉന്നതമായതിനെ നമ്മള്‍ നശിപ്പിക്കാന്‍ ആഗ്രഹിച്ചാലും സാധിക്കത്തില്ല. എന്നാല്‍ തിന്മയ്ക്ക് നശിപ്പിക്കാന്‍ സാധിക്കുന്ന ചിലതുണ്ട്. സിമോണ്‍ വെയില്‍ അതിനെ വിളിക്കുന്നത് metaux എന്നാണ്. ഇതിനെ നമുക്ക് പാലം എന്ന് വിവര്‍ത്തനം ചെയ്യാം. തിന്മക്ക് ഒരിക്കലും നന്മയെ നശിപ്പിക്കാനാകില്ല, എന്നാല്‍ നന്മയിലേക്ക് നമ്മളെ കടത്തിവിടാന്‍ സഹായിക്കുന്ന പാലങ്ങളെ നശിപ്പിക്കാന്‍ സാധിക്കും. യുദ്ധം പട്ടിണിയെ സൃഷ്ടിക്കുമ്പോള്‍, മനുഷ്യന്‍ അപ്പത്തിനു വേണ്ടി അടിപിടി കൂടുമ്പോള്‍ ഈ പാലമാണ് തകര്‍ക്കപ്പെടുന്നത്.
അര്‍ജുനനു തോന്നുന്ന ദയ സ്വപ്നങ്ങളുടെ ക്രമത്തിലാണ് പെടുന്നത്. ചില നിമിഷങ്ങളില്‍ ഒരു അനിവാര്യതയെ അഭിമുഖീകരിച്ചുകൊണ്ട് നമ്മള്‍ ആഗ്രഹിക്കാത്തത് ചെയ്യേണ്ടി വരും. അഹിംസ നന്മയാകുന്നത് അതുകൊണ്ട് പ്രയോജനം ഉള്ളപ്പോഴാണ്. ഗാന്ധിക്കും വിശുദ്ധ ഫ്രാന്‍സീസിനും അതുകൊണ്ട് പ്രയോജനം ഉണ്ടായിരുന്നു. യുദ്ധത്തിനായി നിയോഗിക്കപ്പെട്ട അര്‍ജുനന് അഹിംസ പ്രയോജനരഹിതമാണ്. ബ്രിട്ടിഷുകാരെ അഹിംസയിലൂടെ തോല്‍പ്പിക്കാന്‍ സാധിക്കുമ്പോള്‍, ചെഗുവേരക്ക് നിലവിലുള്ള അവസ്ഥയെ നേരിടാന്‍ ഒളിപ്പോരാട്ടമാണ് യോജിക്കുന്നത്. ഭഗത്സിങ്ങിനെ മനസ്സിലാക്കേണ്ടതും ഈ രീതിയിലാണെന്ന് തോന്നുന്നു. അഹിംസയുടെ നിലവാരത്തിലേക്ക് ഒരാള്‍ക്കു എത്തിച്ചേരാന്‍ സാധിക്കാതിരിക്കുകയും അഹിംസകൊണ്ട് നിലവിലുള്ള സാഹചര്യത്തെ മാറ്റാന്‍ കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍ ആയുധം എടുക്കുക എന്നതാണ് ധര്‍മ്മം.
കുരുക്ഷേത്രത്തെ എന്തെങ്കിലും ധര്‍മ്മ ക്ഷേത്രമാക്കി മാറ്റുന്നുണ്ടെങ്കില്‍ അത് വിരക്തിയാണ് (Detachment). വൈരാഗ്യം എന്ന വാക്കിന് ഇന്ന് വിരക്തി എന്ന അര്‍ത്ഥം കൂടിയുണ്ട് എന്നുള്ളത് അത്ഭുതപ്പെടുത്തുന്നു. (വൈരാഗ്യമേറിയൊരു വൈദികനാട്ടെ വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ ആരാകിലെന്ത് നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി മിഴിയുള്ളവര്‍ നിന്നിരിക്കാം എന്ന് കുമാരനാശാന്‍) എങ്ങനെയാണ് നമുക്ക് വിരക്തി ശീലിക്കാന്‍ സാധിക്കുന്നത്? സിമോണ്‍ വെയിലിന്‍റെ വായനക്കാരിയായ ലിന്‍ഡ നല്‍കുന്ന ഉദാഹരണം ഇതാണ്, നമ്മുടെ വഴിക്ക് വിഘ്നമായി ഒരു കല്ലു കിടക്കുമ്പോള്‍ അതിനെ ശക്തി ഉപയോഗിച്ചു മാറ്റുന്നതിനു പകരം ഒരു ഉത്തോലകത്തെ അന്വേഷിക്കുകയാണെങ്കില്‍ ഡിറ്റാച്ച്മെന്‍റ് പരിശീലിപ്പിക്കുകയാണ്.
എല്ലാ പര്യാലോചനകളിലും വിരക്തിയുണ്ട്.എപ്പോഴാണ് മനസ്സ് ഒരു കാര്യത്തെ മനസ്സിലാക്കാനും ഒരു പ്രശ്നത്തെ തരണം ചെയ്യാനും നിര്‍ബന്ധിതമാകുമ്പോള്‍ അതില്‍ നിന്നും അകന്നു മാറി അതിനെ ചിന്തയില്‍ പുനഃസൃഷ്ടിക്കുന്നത്, അപ്പോള്‍ മനസ്സ് വിരക്തമായി മാറുന്നു. അനിവാര്യതക്ക് വിരക്തിയുമായി ബന്ധമുണ്ട്, "it is only those actions and thoughts which have necessity about them that are only human. One must avoid those actions and thoughts which have no necessity about them."
അനിവാര്യമായ യുദ്ധത്തിന്‍റെ സ്വഭാവം എന്താണ്? കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നത് വിരക്തയോടും നിസ്സംഗതയോടും ചെയ്യുന്ന യുദ്ധം ഒരിക്കലും ഒരുവനെ തിന്മയിലും ഭീരുത്വത്തിലും അകപെടുത്തുന്നില്ല എന്നാണ്.
ഭഗവത്ഗീതയിലെ മൂന്നാം അധ്യായത്തില്‍ കൃഷ്ണന്‍ വിരക്തതയുടെ ഏറ്റവും പ്രധാന സ്വഭാവം അവതരിപ്പിക്കുന്നു. നിഷ്ക്രിയ ജീവിതം അസാധ്യമാണ്, ഒരാള്‍ ആഹരിച്ചും ഉറങ്ങിയും ശരീരത്തെ പരീക്ഷിക്കുമ്പോള്‍ ഒരു പ്രവര്‍ത്തി ചെയ്യുന്നുണ്ട്. കുരുക്ഷേത്രത്തില്‍ നില്‍ക്കുന്ന അര്‍ജുനന്‍റെ മുമ്പിലുള്ള പോംവഴി നിഷ്ക്രിയതയിലേക്ക് പിന്മാറുക എന്നുള്ളതല്ല. യുദ്ധം ശുദ്ധതയോടു കൂടി ചെയ്യണോ അതോ അശുദ്ധതയോടു കൂടി ചെയ്യണോ എന്നുള്ളതാണ്? ഒരു കാര്യം ശുദ്ധം ആകുന്നത് അത് അതിന്‍റെ ഫലം ആഗ്രഹിക്കാതെ നിര്‍വഹിക്കുമ്പോഴാണ്. ഈ നിഷ്കാമ കര്‍മ്മത്തില്‍ കര്‍ത്താവ് കര്‍മ്മത്തിന് മേലായി ഉയരുകയും, കര്‍മ്മത്താല്‍ അശുദ്ധനാകുന്നതില്‍ നിന്നും രക്ഷപെടുകയും ചെയ്യുന്നു. ഇത് ഒരാള്‍ക്ക് കര്‍മ്മത്തില്‍ തന്നെ അകര്‍മ്മിയായിരിക്കുന്നതിനും ചലനത്തില്‍ തന്നെ ചലനരഹിതനായി ഇരിക്കുന്നതിനും സഹായിക്കുന്നു.
സിമോണ്‍ വെയിലിന്‍റെ ശൂന്യത (void) എന്ന ആശയം ഇതിനു പിന്‍ബലമാകുന്നു. നമ്മള്‍ പല കാര്യങ്ങളിലും ഇടപെടുന്നത് നമ്മുടെ ഉള്ളിലെ ശൂന്യതയെ ഭയക്കുന്നതുകൊണ്ടാണ്. മുറിയില്‍ നിറയെ സാധനങ്ങള്‍ വാങ്ങി നിറക്കുന്നവര്‍ ഭയക്കുന്നത് മുറിയുടെ ശൂന്യതയെയാണ്. നമ്മുടെ മനസിനെ ഫലകാംക്ഷയില്‍ നിന്നും മോചിപ്പിച്ച് ശൂന്യതയില്‍ സൂക്ഷിച്ചു കൊണ്ട് ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ശുദ്ധമായിത്തീരും. സാധാരണ ഗതിയില്‍ എല്ലാം ഉപേക്ഷിച്ചു എന്നു പറയുന്ന സന്യാസിമാരും ഒന്നിനെ മുറുകെ പിടിക്കുന്നുണ്ട്, അവരുടെ ദൈവത്തെ അല്ലെങ്കില്‍ ദൈവത്തിലുള്ള വിശ്വാസത്തെ. ആത്മാവിന്‍റെ ഏറ്റവും ഇരുണ്ട രാത്രിയില്‍ ഈ വിശ്വാസം പോലും നഷ്ടപ്പെടണം. ഒന്നിലും ആശ്വാസം കൊള്ളാത്ത ഈ ശൂന്യതയാണ് ഒരേ സമയം ഒരാളെ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നത്. ക്രിസ്തു ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട് മരണത്തിന്‍റെ അഗാധതയിലേക്ക് നിപതിക്കുമ്പോള്‍ അത് ഉയര്‍പ്പായി മാറുന്നത് അങ്ങനെയാണ്. ക്രിസ്തുവും കൃഷ്ണനും യോജിക്കുന്നത് ഇവിടെയാണ് രണ്ടുപേരും ശൂന്യതയെ അംഗീകരിക്കുന്നു. മനുഷ്യ ഊര്‍ജ്ജം കൊണ്ട് ശൂന്യതയെ നിറയ്ക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കുന്നു.
ദൈവത്തിനു വേണ്ടി യുദ്ധം ചെയ്യരുത്. കാരണം, ദൈവത്തിന് നമ്മുടെ പ്രവൃത്തികളുടെ ലക്ഷ്യമായിരിക്കുക സാധ്യമല്ല. എന്നാല്‍ ദൈവത്താല്‍ പ്രചോദിതരായി യുദ്ധം ചെയ്യാം. ജോവാന്‍ ഓഫ് ആര്‍ക്കും അര്‍ജുനനും ദൈവത്താല്‍ പ്രചോദിതരായി യുദ്ധം ചെയ്തവരാണ്. മതങ്ങള്‍ നടത്തുന്ന യുദ്ധമാണ് ഏറ്റവും ഹീനം. ദൈവം ആഹ്വാനം ചെയ്തിട്ടു നടത്തുന്ന യുദ്ധങ്ങള്‍ ദൈവത്തെ തന്നെ അവാസ്തവമാക്കുന്നു,The false God changes suffering into violence. The true God changes violence into suffering." സിമോണ്‍ വെയില്‍ എഴുതുന്നു.
ഗീത വായിക്കുന്നതിനു മുമ്പ് മതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വെയിലിന്‍റെ മനോഭാവം, "perhaps all this is untrue" എന്നായിരുന്നെങ്കില്‍ ഗീത വായിച്ചതിനു ശേഷം "perhaps all this is true,"' എന്നതിലേക്ക് മാറുന്നു. ഉറപ്പിനും നിഷേധത്തിനും മധ്യേയുള്ള ഒരു വഴിയിലൂടെ മതാത്മക സത്യത്തെ അന്വേഷിക്കാന്‍ ഇത് വെയിലിനെ സഹായിക്കുന്നു. ഇക്കാര്യത്തിലാണ് ഞാന്‍ പ്രധാനമായും സിമോണ്‍ വെയിലിനോട് കടപ്പെട്ടിരിക്കുന്നത്: