സമകാലികലോകത്ത് വിഷാദരോഗം (depression) സര്‍വസാധാരണമായിരിക്കുന്നു. വിഷാദത്തിന്‍റെ അത്യുച്ചിയില്‍ ആത്മഹത്യചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. വിഷാദരോഗdepression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolor Disorder)-ത്തിനും മനോരോഗചികിത്സയില്‍ ചില മരുന്നുകളുണ്ട് എന്നതു നേരുതന്നെ. എന്നാല്‍ രോഗത്തെ വേരോടെ പിഴുതുമാറ്റി സ്ഥായിയായ സൗഖ്യം നല്കുന്നതിനു ഫലപ്രദമായ മരുന്നുകള്‍ ഇതേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മിക്ക മനോരോഗങ്ങള്‍ക്കും എന്നപോലെ വിഷാദരോഗത്തിനും മരുന്ന് തല്‍ക്കാലസൗഖ്യവും അതിലേറെ പാര്‍ശ്വഫലങ്ങളും തരുന്നു. ഉന്നതനിലയില്‍ മെഡിക്കല്‍ ബിരുദം നേടി ന്യൂറോളജിയില്‍ പ്രത്യേക പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് തുടങ്ങി അധികം വൈകുംമുന്‍പ് വിരുദ്ധധ്രുവ മാനസികവ്യതിയാനത്തിന്‍റെ പിടിയില്‍ പെടുകയും തൊഴിലും ദാമ്പത്യവും ജീവിതവും നഷ്ടമായി കൊടിയ നിരാശതയില്‍ ദിനങ്ങള്‍ തള്ളിനീക്കുകയും ചെയ്ത ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപം നല്കിയ മരുന്നില്ലാ ചികിത്സ മനോനിലചിത്രണം (Mood Mapping) ലോകമെങ്ങുമുള്ള വിഷാദരോഗികള്‍ക്ക് പ്രത്യാശയായി. 'മനോനില ചിത്രണം: വൈകാരിക ആരോഗ്യത്തിലേക്കും സന്തോഷത്തിലേക്കുമുള്ള നിങ്ങളുടെ വഴി വെട്ടിത്തുറക്കുക' (Mood Mapping: plot your wa y to emotional health and happiness) എന്ന ലിസ് മില്ലറുടെ പുസ്തകത്തെ ആധാരമാക്കിയുള്ള ലേഖനപരമ്പര തുടരുന്നു. പതിനാലുദിനം കൊണ്ട് വിഷാദത്തില്‍ നിന്ന് പ്രസാദത്തിലേക്ക് ഉണരുന്നതിനുള്ള പ്രായോഗിക പദ്ധതിയായാണ് മനോനിലചിത്രണം രൂപപ്പെടുത്തിയിട്ടുള്ളത്.
ശാന്തതയുടെ പ്രാധാന്യം
മനോനില(Mood)കളാണ് ഒരാളുടെ മനോഭാവത്തെ നിശ്ചയിക്കുക. ആവേശം(Action), ആധി(Mood), വിഷാദം(depression), ശാന്തം(Calm) എന്നീ നാലു പ്രധാന മനോനിലയെക്കുറിച്ച് കഴിഞ്ഞ അധ്യായത്തില്‍ നാം കണ്ടു. ശാന്തതയുടെ പ്രാധാന്യത്തെക്കുറിച്ച് ഈ ലക്കത്തില്‍ വിവരിക്കുന്നു. ഒപ്പം സ്ഥിരമായ മനോനിലയുടെ ആവശ്യകതയെക്കുറിച്ചും.
നിങ്ങളുടെ മനോനില ശരിയല്ലെങ്കില്‍ അഥവാ മനസ്സ് നിങ്ങളുടെ പിടിയില്‍നിന്ന് അടിക്കടി ഊര്‍ന്നുപോകുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുക. എന്‍റെ അനുഭവത്തില്‍ എല്ലാ നിഷേധാത്മക മനോനിലയുടെയും കാരണം ഒന്നിന്‍റെ അഭാവമാണ് - ശാന്തത. ശാന്തത നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നു. നിങ്ങള്‍ ശാന്തരെങ്കില്‍ നിങ്ങളുടെ മനോനിലയെ വരുതിയില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. ശാന്തത പഠിക്കുകയെന്നാല്‍ ദുര്‍ഘടസന്ധികളെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയെന്നര്‍ത്ഥം. ശാന്തത, ആധിക്ക് അടിപ്പെടാതെ നമുക്കാവശ്യമുള്ളത് നേടാന്‍ നമ്മെ അനുവദിക്കുന്നു... 'കൊടുക്കല്‍ വാങ്ങലുകളില്‍' വിജയം വരിക്കാനും, അപരരുമായുള്ള ഇടപെടലുകളില്‍ ആത്മവിശ്വാസം പുലര്‍ത്താനും ശാന്തത അനിവാര്യമത്രേ.
നിങ്ങളെ ഉല്‍ക്കണ്ഠാകുലരാക്കുന്ന, പ്രതിസന്ധിയിലാഴ്ത്തുന്ന ജീവിതമേഖലകള ശാന്തതയോടെ സമീപിക്കുമ്പോള്‍ നിങ്ങളുടെ അനുഭവമണ്ഡലം അതിനാടകീയമായി മാറിമറിയും.
സമഗ്രമായ ഒരു ജീവിതരീതി ഉറപ്പുവരുത്തുക വഴി നിങ്ങള്‍ നിങ്ങളുടെ മനോനിലയില്‍ സ്ഥൈര്യം കൈവരിക്കുകയും നിങ്ങളുടെ അവബോധത്തിന്‍റെ തുമ്പത്ത് നിങ്ങളറിയാതെ ഒരു പിശാച് ഒളിഞ്ഞിരിപ്പില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. സത്യത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത മേഖലകളൊന്നുമില്ല. 'രഹസ്യമായിരിക്കുവോളം മാത്രമാണ് നാം രോഗിയായി തുടരുക' എന്ന് ആല്‍ക്കഹോളിക് അനോനിമസ് (Alchoholic Anonymous) കൂട്ടായ്മയില്‍ ഒരു ചൊല്ലുണ്ട്. സ്വയം തുറക്കുകയും പോരായ്മയെ കൈകാര്യം ചെയ്യുകയും തന്നെയാണ് സൗഖ്യത്തിലേയ്ക്കും സുഖകരമായ ജീവിതത്തിലേക്കുമുള്ള ഉന്നത ഉപാധി.
ശാന്തതയില്‍ യുക്തിയുണ്ട്. കൃത്യമായ കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണാന്‍ അതു നമ്മെ സഹായിക്കുന്നു. സാങ്കല്പിക ഭീഷണികളുടെ പേരിലുള്ള ആധിയിലാണ് നാം പലരും ജീവിതം തള്ളിനീക്കുന്നത്. ജോലിയെക്കുറിച്ചുള്ള ആധി, വരുമാനത്തെക്കുറിച്ചുള്ള ആധി, കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആധി, ബന്ധങ്ങള്‍ ഉലയുമോ എന്ന ആധി തുടങ്ങി പന്നിപ്പനിയെക്കുറിച്ചുള്ള ആധിവരെ നമ്മെ അനുനിമിഷം അലട്ടുന്നു, ചെറിയ കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ രാക്ഷസരൂപം കൈവരിക്കുന്നു. കാരണം അവയ്ക്ക് ഉള്ളതിനേക്കാള്‍ അത്യമിത പ്രാധാന്യം നാം നല്കുന്നു. ആ കൊച്ചുകൊച്ചു പേടികള്‍ നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം നമ്മുടെ പെരുമാറ്റത്തെ അധീനത്തിലാക്കുന്നു. ശാന്തതയിലും യുക്തിയിലും വര്‍ത്തിക്കേണ്ടതിനു പകരം നാം ഉല്‍ക്കണ്ഠയിലും ഭയത്തിലും വിഷാദത്തിലും വിഭ്രാന്തിയിലും ചിലപ്പോഴെങ്കിലും ബാധാവിഷ്ടരായും കഴിയുന്നു. അതത്രയും നമ്മില്‍ ആധിപത്യം പുലര്‍ത്തുന്ന മനോനിലയായി മാറുന്നു. നമ്മെ ഈ അനുഭവത്തിലേക്ക് തള്ളിവിടുന്ന കാര്യങ്ങളെ കണ്ടെത്തേണ്ടതു വളരെ പ്രധാനമാണ്. ശാന്തതയുടെ ശരിയായ കാഴ്ചപ്പാടിലേക്ക് എത്തേണ്ടത് അനിവാര്യവും.
ഞാനൊരു ഉദാഹരണം പറയാം. മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ സന്ദര്‍ശകന്‍ ഒരു മൂലയില്‍ കടലാസ് കുനുകുനെ കീറിക്കൊണ്ടിരിക്കുന്ന ഒരാളെ കണ്ടു. കൗതുകം തോന്നിയ സന്ദര്‍ശകന്‍ അയാളോട് എന്താണീ ചെയ്യുന്നതെന്നു ചോദിച്ചു.
"കണ്ടുകൂടേ, കടലാസ് കീറുന്നു" അയാള്‍ പറഞ്ഞു.
"എന്തിന്?" സന്ദര്‍ശകന്‍ ചോദിച്ചു.
"ആനകളെ ഓടിക്കാന്‍" മറുപടി.
"പക്ഷേ ലണ്ടനില്‍ ആനകളില്ലല്ലോ?" ചോദ്യം.
"അതുതന്നെയാ ഞാനും പറഞ്ഞത്. ഞാന്‍ കടലാസ് കീറുന്നതുകൊണ്ട് എല്ലാം ഓടിപ്പോയിരിക്കുന്നു."
അയാള്‍ ആനകളെ പേടിക്കുന്നു. ആ പേടിയില്‍ കാര്യമില്ലെന്നും അതു മണ്ടത്തരമാണെന്നും നമുക്കറിയാം. പക്ഷേ താന്‍ കടലാസ് കീറുന്നതുകൊണ്ട് ലണ്ടനില്‍ നിന്ന് ആനകളെല്ലാം ഓടിപ്പോയെന്ന് അയാള്‍ വിശ്വസിക്കുന്നു. അസംബന്ധമെന്നു തോന്നാം, പക്ഷേ നാമൊക്കെ നമ്മുടെ സാങ്കല്പിക ഭീഷണികളെ ഏതാണ്ട് ഇതേവിധത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഭീഷണികളെ അകറ്റിനിര്‍ത്താന്‍ ഉതകുന്നതെന്ന് നമുക്ക് മാത്രം തോന്നുന്ന കാര്യങ്ങള്‍ നാം ചെയ്യുന്നു. പക്ഷേ ആനയെ ഓടിക്കാന്‍ കടലാസ് കീറുന്ന മനുഷ്യനെപ്പോലെ നമ്മുടെ ഭയങ്ങളില്‍ പലതും സാങ്കല്പികമാണെന്ന് നാം അറിയുന്നില്ല. അതിലുപരി ഭയത്തെ അകറ്റിനിര്‍ത്താനും ഒഴിവാക്കാനുമായി നാം രൂപപ്പെടുത്തുന്ന ശീലങ്ങളും ഒഴിയാബാധകളും അത്യന്തം വിനാശകരവും നമ്മുടെ മനോനിലയെ നിരന്തരം ദുര്‍ബലമാക്കുകയും ചെയ്യുന്നു.
പ്രശ്നമെന്താണെന്നു വച്ചാല്‍ നാം സൃഷ്ടിക്കുന്ന ആനകളെ നാം കാണുന്നില്ല എന്നതാണ്.
മനോനിലയിലെ ചാഞ്ചാട്ടം
ചഞ്ചല മനോനില അനുനിമിഷം മാറിക്കൊണ്ടിരിക്കും. ഓരോ മണിക്കൂറും മാറിക്കൊണ്ടിരിക്കും. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. പ്രവചനാതീത മനോനില ഓരോ ദിവസത്തെയും ദുഷ്കരമാക്കുന്നു. അടുത്ത നിമിഷം നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയാത്ത അവസ്ഥ നിങ്ങളെ അത്യധികം ഉല്‍കണ്ഠാകുലനാക്കും. ചഞ്ചലമനോനിലയില്‍ നാം തോന്നിയപോലെ പെരുമാറിയെന്നു വരാം. ഈ നിമിഷം ആഘോഷവേളയുടെ ജീവാത്മാവും പരമാത്മാവുമായ നിങ്ങള്‍ അടുത്തനിമിഷം അത്യന്തം അരോചകമായി പെരുമാറുകയും ആര്‍ക്കും സഹിക്കാന്‍ പറ്റാതെയായി മാറുകയും ചെയ്യും.
നിങ്ങളുടെ മനോനില എത്രമാത്രം സ്ഥിരമെന്ന് നിങ്ങള്‍ക്ക് മനോനില ചിത്രണ (Mood Mapping)-ത്തില്‍ മനസ്സിലാക്കാം. ഒരു ദിവസം തന്നെ ഓരോ മണിക്കൂറിലും നിങ്ങളുടെ മനോനില (Mood)) രേഖപ്പെടുത്തുകയും അത് എപ്രകാരം എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുക. ദിവസം മുഴുവന്‍ നിങ്ങളുടെ മനോനില മാറിക്കൊണ്ടിരിക്കുന്നു എന്നു കണ്ടാല്‍ നിങ്ങളുടെ മനോനില ചഞ്ചലമാണെന്ന് അര്‍ത്ഥം. ചിലപ്പോള്‍ അതിനു കാരണമുണ്ടാകാം. ജോലിയിലോ വീട്ടിലോ നിങ്ങള്‍ എന്തെങ്കിലും പ്രതിസന്ധി നേരിടുന്നു എന്നു വരാം. അതല്ലെങ്കില്‍ ഗുരുതരമായ എന്തോ ഒന്ന് സംഭവിച്ചിരിക്കാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ നിങ്ങളുടെ മനോനില അടിക്കടി മാറുന്നത് അറിയുകയും അതിന്‍റെ പ്രതിഫലനം പ്രതീക്ഷിക്കുകയും ചെയ്യും. എന്നാല്‍ എന്നും ഇതാണ് അവസ്ഥയെങ്കില്‍ ജീവിതം ദുരന്തമാകും. നിങ്ങളുടെ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും കൂടെ ജോലി ചെയ്യുന്നവര്‍ക്കും ക്ഷമ നഷ്ടപ്പെടുകയും ചെയ്യും. അതവരെ നിങ്ങളെ ഒഴിവാക്കാന്‍ പോലും പ്രേരിപ്പിച്ചേക്കാം.
അതുകൊണ്ട് നിങ്ങളുടെ സങ്കല്പത്തിലെ ആനകളെ നേരിടുകയും അതു സങ്കല്പമാണെന്ന് ബോധ്യപ്പെടുകയും ചെയ്തേ മതിയാകൂ. അതിനാണ് ഇനി നമ്മുടെ ശ്രമം. (തുടരും)