news-details
മറ്റുലേഖനങ്ങൾ

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍

വിഷാദരോഗ-(depression) ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന-(bipolar disorder)ത്തിനും പരിഹാരമായി ഡോ. ലിസ് മില്ലര്‍ സ്വന്തഅനുഭവത്തില്‍ നിന്ന് രൂപം നല്‍കിയ മനോനിലചിത്രണം (Mood mapping) തുടരുന്നു. നാല് അടിസ്ഥാന മനോനില (Moods) കളെക്കുറിച്ച് കഴിഞ്ഞ ലക്കങ്ങളില്‍ വിവരിച്ചതിനുശേഷം അതിന്‍റെ അടിസ്ഥാനത്തിലുള്ള ദൈനംദിന അഭ്യാസം ഈ ലക്കത്തില്‍ ചേര്‍ക്കുന്നു.

നാല് മനോനിലകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെ?

ആവേശം, ഉല്‍ക്കണ്ഠ, വിഷാദം, ശാന്തം എന്നീ നാല് മനോനിലകള്‍ മനുഷ്യനില്‍ ആഴത്തിലും തീവ്രതയിലും മാറിമാറി പ്രത്യക്ഷമാകുന്നു. അവയെല്ലാം ചേരുമ്പോള്‍ ഒരു പൂര്‍ണ്ണ ജീവിതമായി. ചിലര്‍ അത്യന്തം ഉല്‍ക്കണ്ഠാകുലരായി കണപ്പെടുന്നു. ചിലര്‍ അത്യന്തം ആവേശഭരിതരും ഒപ്പം പ്രത്യാശാഭരിതരുമായിരിക്കും. ഓരോ മനോനിലയും വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നു. അങ്ങനെ അത് മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യഘടകമാകുന്നു.

നാലാം ദിവസത്തെ അഭ്യാസം

'പക്ഷേ'കളാണ് നമ്മുടെ ജീവിതത്തെ നാമറിയാതെ നയിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ മറ്റുള്ളവരുടെ സംഭാഷണത്തില്‍ നാമത് ആവര്‍ത്തിച്ച് കേള്‍ക്കും. നിങ്ങളുടെ ചുറ്റുമുള്ളവര്‍ അത് ഉപയോഗിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും നിങ്ങളും അതിന്‍റെ സ്വാധീനത്തിലായിരിക്കാന്‍ സാധ്യതയുണ്ട്. 'പക്ഷേ' എന്ന വാക്ക് നിങ്ങളുടെ പദസഞ്ചയത്തില്‍ നിന്ന് എടുത്തുമാറ്റിയാല്‍ ജീവിതത്തില്‍ തുറവിക്ക് തുടക്കമാകും.

'പക്ഷേ' എന്ന വാക്കിനെ എടുത്തുമാറ്റുന്നതിനാണ് ഇന്നത്തെ അഭ്യാസത്തില്‍ നാം പരിശ്രമിക്കുക. അതുവഴി നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ഉല്‍ക്കണ്ഠയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അത് പരിഹരിക്കാന്‍ കഴിയും. ഇനി മുതല്‍ 'പക്ഷേ' എന്ന വാക്കിനെ കരുതിയിരിക്കുക. എപ്പോള്‍ അത് കേള്‍ക്കുന്നുവോ അഥവാ നിങ്ങള്‍ തന്നെ അത് ഉപയോഗിക്കുന്നുവോ, അപ്പോള്‍ തന്നെ അതിനെ മാറ്റി പകരം 'കൂടെ' എന്ന വാക്ക് ചേര്‍ക്കുക.

ഉദാഹരണത്തിന് 'ജോലിസമയം മാറ്റുന്നതിനെക്കുറിച്ച് മാനേജരോട് എനിക്ക് സംസാരിക്കാവുന്നതാണ് പക്ഷേ അതുകൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല' എന്ന പ്രസ്താവന എടുക്കുക.

ഈ പ്രസ്താവന സംഭാഷണത്തിന്‍റെ സാധ്യത തന്നെ അടച്ചുകളയുന്നു. അതേ സമയം അത് 'ജോലി സമയം മാറ്റുന്നതിനെക്കുറിച്ച് എനിക്ക് മാനേജരോട് സംസാരിക്കാവുന്നതാണ് കൂടെ (ഒപ്പം) അത് സമയം പാഴാക്കലല്ലേയെന്നും ചിന്തിക്കുന്നു' ഇങ്ങനെ പറയുന്നതിനെ (ചിന്തിക്കുന്നതിനെ)ക്കുറിച്ച് ആലോചിക്കുക. അത് അടുത്ത ഒരു പടിയിലേക്ക് നയിക്കുന്നുണ്ട്, ഇല്ലേ? അവിടെ ഒരു തുടര്‍ച്ച സാധ്യമാണ്, 'നല്ല സമയം നോക്കി എന്തായാലും ഒന്നു സംസാരിച്ചുകളയാം' എന്ന തീരുമാനത്തിലേക്ക് ഒരുപക്ഷേ അത് നയിച്ചുവെന്ന് വരാം.
'കൂടെ' അല്ലെങ്കില്‍ 'ഒപ്പം' എന്ന വാക്ക് ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ പുതിയ സാധ്യതകള്‍ക്ക് കാതോര്‍ക്കുന്നു. പരിഹാരത്തിന് പുതിയ വഴികള്‍ തേടുന്നു.

തുടക്കത്തിലൊക്കെ, 'പക്ഷേ' എന്നു പറഞ്ഞു കഴിഞ്ഞാവും നിങ്ങള്‍ ശ്രദ്ധിക്കുക. ആ ഘട്ടത്തില്‍ ബോധപൂര്‍വ്വം ആ വാക്ക് മാറ്റി കൂടെ അല്ലെങ്കില്‍ ഒപ്പം ചേര്‍ക്കുക. പരിചയത്തിലൂടെ പിന്നീടത് സ്വാഭാവികമായിത്തീര്‍ന്നുകൊളളും. അചിരേണ നിങ്ങള്‍ സംസാരിക്കുന്നതിനു മുന്‍പ് തന്നെ അത് ശരിയായ വിധത്തില്‍ നിങ്ങളുടെ മനസ്സില്‍ രൂപപ്പെടും.

ഒരിക്കല്‍ നിങ്ങള്‍, നിങ്ങളുടെ പദസഞ്ചയത്തില്‍ നിന്ന് 'പക്ഷേ' എന്ന വാക്ക് എടുത്തുമാറ്റിയാല്‍ നിങ്ങളുടെ ചുറ്റുമുള്ളവരോടും അതിനായി സൗമ്യമായി ആവശ്യപ്പെടാം. പിന്നീട് നിങ്ങളുടെ ചുറ്റും രൂപപ്പെടുന്ന അന്തരീക്ഷം എത്ര പ്രസാദാത്മകമാണെന്ന് നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാം.

മനോനിലകളെ തിരിച്ചറിയാന്‍

ചലച്ചിത്ര സംവിധായകര്‍ക്ക് മനോനിലകളെക്കുറിച്ച് നല്ല തിട്ടമാണ്. ഇരുനൂറ്റമ്പത് പേജോളം വരുന്ന ഒരു പുസ്തകം ഒരു രണ്ടര മണിക്കൂര്‍ സിനിമയില്‍ ഒതുക്കാന്‍ പ്രഗല്‍ഭനായ ഒരു സംവിധായകന് കഴിയും. കഥയിലെ കഥാപാത്രങ്ങളുടെ കൃത്യമായ മനോനില ഓരോ സീനിലും സന്നിവേശിപ്പിക്കാനും അത് പ്രേക്ഷകനിലേക്ക് പകരാനും ആവശ്യമായ കയ്യടക്കം സംവിധായകനുള്ളതുകൊണ്ടാണ് അത് സാധ്യമാവുക.

ഒരു ചലച്ചിത്രമെന്നാല്‍ സത്യത്തില്‍ വ്യത്യസ്തമനോനിലകളുടെ കൊടുക്കല്‍ വാങ്ങലുകളാണ്. ഒരു നല്ല സിനിമ നാലു മനോനിലകളുടെ സര്‍ഗാത്മകമായ സങ്കലനമാണ്. ഒരു മനോനിലയില്‍ നിന്ന് മറ്റൊരു മനോനിലയിലേക്ക് അത് സഞ്ചരിക്കുന്നു. ചിലപ്പോള്‍ ഒരു 'മൂഡ്' (മനോനില) രൂപപ്പെടുത്തുന്നു. ചിലപ്പോള്‍ ഒരു മനോനില വിസ്ഫോടനാത്മകമാംവിധം പൊട്ടിത്തെറിക്കുന്നു. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും സിനിമയിലെ അല്ലെങ്കില്‍ അവസാനം കണ്ട സിനിമയിലെ ഒരു രംഗം ആലോചിക്കുക. എന്തായിരുന്നു ആ രംഗത്തിലെ മനോനില. അത് 'ആക്ഷന്‍' (ആവേശം) നിറഞ്ഞ രംഗമായിരുന്നുവോ? ആളുകള്‍ അതിവേഗം ഓടുന്നു, കാറുകള്‍ കൂട്ടിയിടിക്കുന്നു, അവിശ്വസനീയമാംവിധം നായകന്‍ രക്ഷപ്പെടുന്നു? അതോ 'സസ്പെന്‍സ്' സാവകാശം രൂപപ്പെട്ടുവരികയായിരുന്നുവോ? അതോടൊപ്പം നിങ്ങളുടെ 'ഉല്‍ക്കണ്ഠയും' ഏറുകയായിരുന്നുവോ?

നായകന്‍ രക്ഷപെടാന്‍ ഒരു സാധ്യതയുമില്ലാത്തവിധം സാഹചര്യങ്ങള്‍ വഷളാകുന്നു? അതോ ദുഃഖമയമായിരുന്നോ, ആ രംഗം? നായിക നശിക്കാന്‍ പോകുന്നു? അതോ തികച്ചും ശാന്തതയായിരുന്നോ ആ രംഗം പ്രദാനം ചെയ്തത്? തനിക്ക് സംഭവിച്ചതെന്തെന്ന് നായകന്‍ മനസ്സിലാക്കുന്നു. അയാള്‍ സ്വയം മന്ദഹസിക്കുന്നു. അതിനു കാരണം അയാള്‍ക്കും നമുക്കും (പ്രേക്ഷകനും) മാത്രമേ അറിയൂ! സിനിമകളും നാടകങ്ങളും കഥകളും രംഗങ്ങളിലൂടെ ഓരോരോ മനോനിലകളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു. ചലച്ചിത്രങ്ങളിലെ അല്ലെങ്കില്‍ ടി.വി. പരിപാടികളിലെ വ്യത്യസ്തരംഗങ്ങളിലെ വ്യത്യസ്ത മനോനിലകളെ തിരിച്ചറിയുന്നത് മനോനിലകളെ നിരീക്ഷിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കും. ഓരോ രംഗത്തിന്‍റെയും മനോനിലയും രംഗങ്ങള്‍ മാറുന്നതനുസരിച്ച് മാറുന്ന മനോനിലകളെയും നിങ്ങള്‍ക്ക് മനോനിലചിത്രണത്തിലൂടെ ചിത്രീകരിച്ച് പഠിക്കാന്‍ കഴിയും നായകന്‍/നായിക നേരിടുന്ന പ്രതിസന്ധി രൂക്ഷമാകുംതോറും നിങ്ങളുടെ ഊര്‍ജനില/ആവേശം ഉയരുന്നുണ്ടോ? പ്രതിസന്ധിയുടെ ആക്കം കുറയുമ്പോള്‍ അതു കുറയുന്നുണ്ടോ? സിനിമയ്ക്ക് കഥയും കഥാപാത്രങ്ങളും ആവശ്യം തന്നെ. പക്ഷേ ഓരോ രംഗങ്ങളിലുമായി മാറിവരുന്ന മനോനിലകളിലൂടെയാണ് കഥ മുന്നോട്ടു പോകുക. പെയിന്‍റിങ്ങുകള്‍ക്കും മനോനിലകളുണ്ട്. ഒരു പ്രത്യേക മനോനില പ്രേക്ഷകനിലേക്ക് പകരാനുള്ള കഴിവാണ് കലയുടെ ശക്തി. അതതിന്‍റെ കാഴ്ചക്കാരനിലും അതേ മനോനില സൃഷ്ടിക്കുന്നു.

ഇനി സിനിമയോ ടി.വി. പരിപാടിയോ കാണുമ്പോള്‍ ഓരോ രംഗങ്ങളിലും നാലു മനോനിലകളില്‍ ഏതാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. ഒന്നിലേറെ മനോനിലകള്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നതായി ചിലപ്പോള്‍ നിങ്ങള്‍ക്ക് കാണാം, ചിലപ്പോള്‍ ഒരു മനോനില മറ്റൊന്നിലേക്ക് അലിഞ്ഞു ചേരുന്നതായും.

മനോനിലകളെ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അവയെ മാറ്റാനുള്ള കഴിവ് സമ്പാദിക്കേണ്ടതിന് അത്യാവശ്യമാണ്.


(തുടരും)

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts