ക്ലോക്ക്...
അതിന്‍റെ സൂചി
എന്‍റെ ഹൃദയത്തെ മുറിക്കുന്നു
എന്‍റെ ചിന്തകളെ മുറിവേല്പിക്കുന്നു.
എനിക്ക് ക്ലോക്കിനെ പേടിയാണ്.
ക്ലോക്ക് നഷ്ടസമയങ്ങളുടെ ശവപ്പറമ്പാണ്.
ഞാന്‍ ചെയ്യേണ്ടിയിരുന്ന കര്‍മ്മങ്ങളിലേക്ക്...
ഞാന്‍ കൃത്യമായി എത്തേണ്ട സ്ഥലങ്ങളിലേക്ക്...
എന്‍റെ ഉണരിലേക്ക്...
എന്‍റെ ഉയര്‍ച്ചയിലേക്ക്...
സൂചിമുന വിരല്‍ചൂണ്ടി
മൃദുവായി ചോദിച്ചു:
"എന്തേ നീ വൈകിയത്...?"
അതെ, എനിക്ക് ക്ലോക്കിനെ പേടിയാണ്.
അത് സമയങ്ങളുടെ ശവപ്പറമ്പാണ്.
ഒരിക്കല്‍
ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള
വടിവൊത്ത അക്ഷരങ്ങള്‍
ക്ലോക്കില്‍ നിന്നും ഇറങ്ങിവന്ന്
എന്‍റെ ചുറ്റും നിന്നു.
നന്മ ചെയ്യാനുള്ള സമയം നീ പാഴാക്കി.
സ്നേഹിക്കേണ്ട സമയങ്ങള്‍ നീ അന്യമാക്കി.
അവര്‍ എന്നെ ഭീഷണിപ്പെടുത്തി.
ചെറിയ സൂചി ടിക്ക്, ടിക്ക്
ശബ്ദമുണ്ടാക്കി എന്നെ പരിഹസിച്ചു.
എനിക്ക് ക്ലോക്കിനെ പേടിയാണ്.
നഷ്ടസമയങ്ങളുടെ ആകെ തുക
എന്നെ ഭാരപ്പെടുത്തുന്നു.
ഹൃദയമിടിക്കുന്നതും
ചെറിയ സൂചി അനങ്ങുന്നതും
ഒരു പോലെ
ടിക്, ടിക്, ടിക്...
സാദ്ധ്യമല്ലെന്ന് ഉറപ്പുണ്ടായിട്ടും
ഒരു സ്വപ്നം കാണാന്‍
ഞാന്‍ ധൈര്യപ്പെടുന്നു.
മണികളുടെ അകമ്പടിയോടെ
സൂചിമുനയുടെ കാലിലേറി
നഷ്ടസമയങ്ങള്‍ തിരിച്ചുവരുന്നു...
അതെ, ഞാന്‍ ഇനി
നഷ്ടപ്പെട്ട നന്മകളിലേക്ക്...
സ്നേഹത്തിലേക്ക്...
ക്ലോക്ക് നിന്നെ ഞാന്‍ സ്നേഹിക്കുന്നു.
ക്ലോക്ക് ഇനി
പ്രതീക്ഷകളുടെ പുതിയ കലണ്ടര്‍.
നന്മയുടെ ദിനങ്ങള്‍
പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ചെയ്യേണ്ട കര്‍മ്മങ്ങള്‍...
എത്തിച്ചേരേണ്ട ഇടങ്ങള്‍...
ക്ലോക്ക് നിന്നെ ഞാന്‍ സ്നേഹിക്കുന്നു
നീ പ്രതീക്ഷകളുടെ പുതിയ കലണ്ടര്‍.