പേടി
നീ പറയുന്നു
മരണത്തെയെനിക്ക്
പേടിയില്ലെന്ന്.
ജീവിക്കുമ്പോള്‍ സ്നേഹി
ക്കാനാകുന്നില്ലല്ലോ
എന്നതാണെന്‍റെ പേടി.
ഒന്നും മിണ്ടാതെ
അവന്‍റെ എഴുത്തിലെ
അക്ഷരത്തെറ്റുകളെക്കാള്‍
എന്‍റെ ജീവിതത്തിലെ
അക്ഷരത്തെറ്റുകള്‍
വലുതാണെന്നു കാണുകയാല്‍
ഒന്നും മിണ്ടാതെ ഞാന്‍.
കാലം
ആഴത്തിലേക്കു പതിക്കുന്ന
ജലപാതത്തിനരികില്‍
ഒഴുകിപ്പോകുന്ന വെള്ളവും
നോക്കിയിരിക്കുന്നു
അതിലേക്കു ചാടിമരിക്കാ
നെനിക്കു ഭയം
തീരത്തെ വെറുമൊരു
കാഴ്ചക്കാരന്‍ മാത്രം ഞാന്‍
ഒറ്റനിറം
വര്‍ണാഭമായ ഈ ഭൂമിയില്‍
തങ്ങളറിയാത്ത കാരണങ്ങളാല്‍
ചിലരൊറ്റ നിറത്തില്‍
കുടുങ്ങിപ്പോകുന്നു.
സന്നിധി
നിന്‍റെ നിശ്വാസങ്ങളെന്‍റെ
തിരിനാളമുലയ്ക്കുമ്പോള്‍
ഞാനെന്തിനു ഭയപ്പെടണം?
കാരണം നീയെന്‍റെയേറ്റവുമടുത്തു
നില്ക്കുമ്പോഴാണല്ലോ നിന്‍റെ
നിശ്വാസമെന്നില്‍ പതിയുക.