ദൈവം എന്നില്‍ കൊളുത്തിയ കനകദീപം ഉജ്ജ്വലമായി പ്രകാശിക്കാനായി ഞാന്‍ എന്നില്‍ കൊളുത്തിയിരിക്കുന്ന കൊച്ചുകൊച്ചു ദീപങ്ങള്‍ അണച്ചുകളയുന്നു.
ഗീതാഞ്ജലി, ടാഗോര്‍
ഓരോ കുഞ്ഞിന്‍റെ ജനനവും ദൈവപ്രസാദത്തിന്‍റെ പ്രകാശനമാണെന്ന് പറയാറുണ്ട്. അല്ല. ദൈവംതന്നെ ഒരു കുഞ്ഞായി ഭൂമി സന്ദര്‍ശിക്കാന്‍ വരുന്നതുമായിരിക്കാം. ഉഷസ്സിന്‍റെ കിരണങ്ങള്‍ ഭൂമിയെ എന്നപോലെ തന്‍റെ ജീവിതം കൊണ്ട് ലോകത്തെ പ്രകാശിപ്പിക്കാന്‍; മാനവരാശിക്ക് സന്തുഷ്ടി പകരാന്‍.
ക്ലാരയെന്ന പ്രഭുകുമാരിയുടെ ജനനവും ഇത്തരത്തിലൊന്നാണ്. ക്ലാരയെന്നാല്‍ വെളിച്ചമെന്നര്‍ഥം. അവളുടെ ജനനവേളയില്‍ അമ്മ ഓര്‍ത്തലൊന പ്രഭ്വിക്ക് ഒരു വെളിപാടുണ്ടായത്രേ. ജനിക്കുന്ന കുഞ്ഞ് ലോകത്തെ പ്രകാശിപ്പിക്കുന്ന തേജോഗോളമായിരിക്കുമെന്ന്. ഉവ്വ്, നൂറ്റാണ്ടുകള്‍ക്കിടയില്‍ ഭൂമിക്ക് നല്‍കപ്പെട്ട പൊന്‍താരകങ്ങളിലൊന്നായിരുന്നു ക്ലാര. സമ്പത്തിന്‍റെ ധാരാളിത്തത്തില്‍ പിറന്ന ആ പെണ്‍കുട്ടി ലോകത്തിന്‍റെ വെളിച്ചമായിത്തീര്‍ന്ന ക്രിസ്തുവെന്ന മഹാവെളിച്ചത്തില്‍ അലിഞ്ഞുചേരാനുള്ളവളായിരുന്നു. സമ്പത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പ്രശസ്തിയുടെയുമൊക്കെ സുരക്ഷിത, സുരഭില വഴികളില്‍നിന്ന് ദൈവമെന്ന അഗ്നി അവളെ വലിച്ചെടുത്തു എന്നു പറയുന്നതാകും കൂടുതല്‍ ശരി.
തീജ്ജ്വാലകള്‍ വിറകു ദഹിപ്പിക്കുന്നതുപോലെ ദൈവം തന്‍റെ സ്നേഹത്താല്‍ അവളുടെ ഹൃദയത്തെ ദഹിപ്പിച്ചു. ആ സ്നേഹത്തിന്‍റെ അഗ്നിയില്‍ ഉരുകിയുരുകി സ്ഫുടം ചെയ്യപ്പെട്ടപ്പോള്‍ ഒരിക്കലും കെടാത്ത തീയാണതെന്ന് ക്ലാരയ്ക്ക് മനസ്സിലായി. ക്രൂശിതന്‍റെ സ്നേഹം തൊട്ടവരൊക്കെയും, അധികാരവും ആധിപത്യവും പേരും പെരുമയും ഉപേക്ഷിച്ച് അവനോട് താദാത്മ്യം പ്രാപിക്കുന്നതെങ്ങനെയെന്നറിഞ്ഞ ക്ലാരയും തനിക്കുള്ളതെല്ലാം വിട്ടുപേക്ഷിച്ച് ക്രിസ്തുവിന്‍റെ സ്വന്തമായി.
1212 മാര്‍ച്ച് 18 ലെ ഓശാന ഞായര്‍ ആ കുബേരപുത്രിയുടെ ജീവിതത്തിലെ സുപ്രധാന ദിനമായിരുന്നു. അന്നാണവള്‍ ദൈവത്തിന് തന്നെത്തന്നെ സമര്‍പ്പിക്കാനായി സ്വന്തം വീടുവിട്ടിറങ്ങിയത്. അന്നാണവള്‍ നശ്വരമായ ഭൗതികസുഖങ്ങളും സമ്പാദ്യങ്ങളും വെടിഞ്ഞ്, യൗവനവും സൗന്ദര്യവും അവഗണിച്ച്, സമ്പത്തിന്‍റെ ധാരാളിത്തമെന്നതുപോലെ ദാരിദ്ര്യത്തിന്‍റെ ധാരാളിത്തവും തനിക്കു കഴിയുമെന്ന് ജീവിതംകൊണ്ട് വിളിച്ചുപറഞ്ഞ് പോര്‍സ്യുങ്കുല ദൈവാലയത്തില്‍ വച്ച് സിസ്റ്റര്‍ ക്ലാരയായത്. പ്രഭുക്കള്‍ക്കും രാജാക്കന്മാര്‍ക്കും വരണമാല്യം ചാര്‍ത്തേണ്ട ആ പ്രഭുകുമാരി അന്നു മുതല്‍ പ്രാര്‍ഥനയുടെയും പരിത്യാഗത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും വഴികളിലൂടെ ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവിനെ അനുഗമിച്ച് ചരിത്രം തിരുത്തിക്കുറിച്ചു. ക്ലാരയടെ തിരഞ്ഞെടുപ്പ് സമകാലികസമൂഹത്തില്‍ വലിയൊരു വെല്ലുവിളിയായിരുന്നു. കാരണം, സമൂഹത്തിന്‍റെ സങ്കല്പങ്ങള്‍ക്ക് വിപരീതമായിരുന്നു അവളുടെ ഓരോ ചുവടുവയ്പും. മാടമ്പി സമൂഹത്തിന്‍റെ സംസ്കാരമനുസരിച്ച് കുലീനയുവതികളെല്ലാം കൗമാരത്തിന്‍റെ ആദ്യഘട്ടത്തില്‍തന്നെ വിവാഹിതരാകേണ്ടിയിരുന്നു.
'ക്രിസ്തുനാഥനാണ് എന്‍റെ ജന്മാവകാശ'-മെന്ന ഉറച്ച ബോധ്യത്തോടെ സുഖഭോഗങ്ങളുടെ പടവുകളിറങ്ങി അവള്‍ വന്നത് ലളിതജീവിതത്തിന്‍റെ അസൗകര്യങ്ങളിലേക്കായിരുന്നു. ലൗകികസുഖങ്ങളുടെ ക്ഷണികതയും നശ്വരതയും മനസ്സിലാക്കി ഒരു പ്രവാചികയുടെ ഗാംഭീര്യത്തോടെ സമ്പൂര്‍ണദാരിദ്ര്യം സര്‍വാത്മനാ വരിക്കാന്‍ അവള്‍ ധൈര്യപ്പെട്ടു. നഷ്ടബോധമില്ലാതെ ജീവിതത്തിന്‍റെ കെട്ടുപാടുകള്‍ എല്ലാം ഉപേക്ഷിക്കാന്‍ അപാരമായ ധൈര്യം വേണം. ഒപ്പം സാഹസികതയും. ഇതെല്ലാം ആവോളമുണ്ടായിരുന്നു ക്ലാരയെന്ന പ്രഭുകുമാരിക്ക്.
ഫ്രാന്‍സിസിന്‍റെ ശിഷ്യത്വം സ്വീകരിച്ചത് ക്ലാരയുടെ സാഹസികതയ്ക്ക് മറ്റൊരു ഉദാഹരണമാണ്. അതീവദാരിദ്ര്യത്തിലൂടെയും ഹൃദയതാഴ്മയിലൂടെയും തന്‍റെ ആത്മീയ ജീവിതയാത്ര ക്രൂശിതന്‍റെ പാദങ്ങളോളം എത്തിക്കുവാന്‍ അവള്‍ കരുത്തു നേടിയത് അങ്ങനെയാണ്. യേശുവിന്‍റെ ദൈവത്വത്തെക്കുറിച്ച്, മനുഷ്യത്വത്തെക്കുറിച്ച്, അവന്‍റെ കരുണയെക്കുറിച്ച്, അവനെങ്ങനെ ഭൂമിയില്‍ ജീവിച്ചുവെന്നതിനെക്കുറിച്ച് ഒക്കെ ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ തെളിയുന്ന വഴി അതാണ്. അനുഗമിക്കലിന്‍റെ വഴി. ക്ലാര അതു തെരഞ്ഞെടുത്തു. സ്വര്‍ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നല്‍കപ്പെട്ടവര്‍ മാത്രം അതു തിരിച്ചറിയുന്നു. ധനമോഹത്തിന്‍റെയും സുഖലോലുപതയുടെയും ആധിക്യത്താല്‍ വല്ലാതെ ഇരുണ്ടുപോയ കാലത്തിലും ലോകത്തിലുമാണ് ജനിച്ചതെങ്കിലും ഉന്നതകുലജാതയായ അവള്‍ സ്വീകരിച്ച സമ്പൂര്‍ണദാരിദ്ര്യത്തിന്‍റെ ജീവിതശൈലി ലോകത്തെ പ്രകാശിപ്പിക്കുക തന്നെ ചെയ്തുവെന്നതിന് കാലം സാക്ഷി.
മഠാധിപകളും ആശ്രമശ്രേഷ്ഠരുമൊക്കെ വലിയ ഭൂവുടമകള്‍ ആയിരുന്നൊരു കാലത്ത് ധനസമ്പാദനം എന്ന തിന്മയ്ക്കെതിരെ നിലകൊണ്ട ക്ലാര 'ദാരിദ്ര്യമെന്ന സിദ്ധി'ക്കുവേണ്ടിയാണ് ജീവിതാവസാനം വരെ പോരാടിയത്. തനിക്കും തനിക്കുശേഷം വരുന്ന തലമുറകള്‍ക്കും സ്വന്തമാകണമെന്ന് അവള്‍ ആഗ്രഹിച്ചത് അതു മാത്രമായിരുന്നു. 'ഈശോയുടെ ദാരിദ്ര്യം ജീവിക്കുക.' 1253 ഓഗസ്റ്റ് 9 ന് ഇന്നസെന്‍റ് നാലാമന്‍ മാര്‍പാപ്പയില്‍ നിന്ന് ഇതിന് അനുമതി നേടിയ ക്ലാര രണ്ടുനാള്‍ കഴിഞ്ഞ്, അതായത് ഓഗസ്റ്റ് 11 ന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. തിരുസഭയുടെ ചരിത്രത്തില്‍ ഒരു സന്ന്യാസ സമൂഹത്തിനുവേണ്ടി സ്വന്തമായി നിയമാവലി എഴുതിയ പ്രഥമ വനിത എന്ന അതുല്യസ്ഥാനവും ക്ലാരയ്ക്കുള്ളതാണ്. സമ്പൂര്‍ണദാരിദ്ര്യത്തിന്‍റെയും പരിപൂര്‍ണസമര്‍പ്പണത്തിന്‍റെയും ആഘോഷമായിരുന്ന ആ പ്രഭുകുമാരിയുടെ ജീവിതം ലോകത്തെ പ്രകാശത്തിലേക്കു നയിച്ചു എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.
ദൈവസ്നേഹത്താല്‍ പ്രേരിതയായി കുഷ്ഠരോഗീശുശ്രൂഷ, ഭിക്ഷാടനം, ലളിതജീവിതം, ദരിദ്രരുടെ വസ്ത്രധാരണരീതി തുടങ്ങിയവകൊണ്ട് ലോകത്തിന്‍റെ ഗതികളെ സാരമായി സ്പര്‍ശിച്ച ക്ലാരയുടെജീവിതം കണ്ട് രാജകുമാരികളും പ്രഭ്വികളും ഉന്നതകുലജാതരായ യുവതികളുമൊക്കെ അവളെ അനുഗമിച്ചു. അന്നു മാത്രമല്ല ഇന്നും നിയോഗങ്ങള്‍ക്കു കാതോര്‍ക്കുന്ന ഏതൊരു പെണ്‍കുട്ടിക്കും ക്ലാരയുടെ ജീവിതം ഒരു പാഠപുസ്തകമാണ്. ദരിദ്രര്‍ക്കും രോഗികള്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും അഭയമാകാന്‍ കൊതിക്കുന്നവര്‍ ധൈര്യപൂര്‍വം വായിക്കേണ്ട പുസ്തകം.
നമ്മുടെ കാലത്തിനും ലോകത്തിനും ക്ലാരയെ ആവശ്യമുണ്ട്. തന്‍റെ സ്ത്രീത്വത്തെ സ്നേഹിച്ച് ആദരിച്ചവളും സ്ത്രീത്വത്തിന്‍റെ പൂര്‍ണതയില്‍ ആത്മീയമാതൃത്വത്തിലൂടെ ലോകത്തിന് സ്നേഹവും ക്ഷേമവും പകര്‍ന്നവളുമായ ക്ലാരയെ. കുലീനത്വമുള്ള ഒരു സ്ത്രീയായി, ഏറെ ധൈര്യവതിയായ ഒരു സമര്‍പ്പിതയായി മുന്നേറാന്‍ ഏതൊരു സ്ത്രീക്കും മാതൃകയാണവള്‍.