"ഉള്ളിലിരിപ്പുകളെ തൂവിക്കളയുക, ആസക്തികളെ മാത്രമല്ല മമതകളേയും"
ഒന്നിനെക്കുറിച്ചും വിചാരപ്പെടേണ്ടതില്ലാത്ത കാലമാണ് ഓണനാളുകള്‍. സ്വസ്ഥമായ ഹൃദയമുള്ളവരെക്കുറിച്ചാണ് ഓണം ഓര്‍മ്മിപ്പിക്കുക. കള്ളവും ചതിയും എള്ളോളം പൊളിവചനവും കള്ളപ്പറയും ഇല്ലാത്ത ഒരു കാലത്ത് മനുഷ്യര്‍ സ്വസ്ഥമായല്ലേ ജീവിക്കുക! പൂക്കളും പൂത്തുമ്പിയും തുമ്പയും ചെത്തിയുമൊക്കെ കടന്നുവരാത്ത ഓണക്കുറിപ്പുകളില്‍ ഒരു ശൂന്യതയാണ് നമുക്കു തോന്നുക.
സത്യത്തില്‍ ഒരു 'ശൂന്യവത്ക്കരണ'ത്തെക്കുറിച്ചാണ് 'സ്വകാര്യവത്ക്കരിക്കപ്പെട്ട' നമ്മുടെ ഓണക്കാലത്ത് ചിന്തയുണ്ടാവുന്നത്. ഉത്സവബത്തകള്‍ പ്രഖ്യാപിച്ച് തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന നേതാക്കന്മാരേറെയുള്ള കാലത്ത് ഒരു ചക്രവര്‍ത്തിയെ ഓര്‍മ്മിച്ചെടുക്കുക നിസ്സാരമല്ല.
എങ്ങനെയാണ് ഒരു മനുഷ്യന് ചക്രവര്‍ത്തിയാകാനാവുക? മഹാബലമുള്ളതുകൊണ്ട് മാത്രം പറ്റില്ല. എന്നാലോ 'മഹാബലി'യായാല്‍ സാധ്യതയുണ്ട് താനും. എന്താണ് ബലി നല്കുകയെന്നാല്‍? എന്തിനെയാണ് ബലി നല്കുക? തനിക്കേറ്റവും പ്രിയപ്പെട്ടതിനെ നിരുപാധികം നല്കുന്നതാണ് ബലി എന്നാണ് പ്രമാണം. ഓരോ വ്യക്തിയും ഹൃദയത്തില്‍ പരമസ്ഥാനം കൊടുത്ത് സൂക്ഷിക്കുന്നത് പലതാകും. ചിലര്‍ക്ക് അധികാരം, മറ്റു ചിലര്‍ക്ക് പണം, പദവി, മഹിമ, കാമം എന്തുമാകാം. നമ്മുടെ വിചാരങ്ങളില്‍ പ്രബലമായതാണ് നമ്മെ മുമ്പോട്ടുനയിക്കുക. സ്വന്ത ഇഷ്ടം ബലി നല്കുകയെന്നാല്‍ അപരന് സ്വഹൃദയത്തില്‍ ഇടമുണ്ടാവുന്നു എന്നാണര്‍ത്ഥം. ആര്‍ക്കും ഇടമില്ലാതെ 'ഞാന്‍' നിറഞ്ഞുകവിഞ്ഞിരിക്കുന്ന ഹൃദയങ്ങള്‍കൊണ്ട് എങ്ങനെയാണ് നാം ഉത്സവങ്ങള്‍ ആഘോഷിക്കുക?
ഏറ്റവും ലളിതമായി പറയുന്നെങ്കില്‍ 'ഞാന്‍' എന്‍റെയുള്ളില്‍നിന്നും പുറത്തു പോകുന്നവനാണ് ചക്രവര്‍ത്തി. അതെങ്ങനെയെന്നാവും സന്ദേഹം. തവോമൊഴിയുണ്ട് ഓര്‍മ്മിക്കുന്നതിന്,
"ഒരു ചക്രത്തിന്‍റെ മുപ്പത് ആരക്കാലുകള്‍.
മുപ്പതും ചക്രത്തിന്‍റെ നാഭിയില്‍ സന്ധിക്കുന്നു.
പക്ഷേ നോക്കൂ...
നാഭി വെറും ശൂന്യം?
അതിനാലത്രേ ചക്രം കറങ്ങുന്നതും."
ചക്രത്തിന്‍റെ കേന്ദ്രം ശൂന്യമാണ്. ചക്രത്തിന്‍റെ കേന്ദ്രത്തില്‍ വര്‍ത്തിക്കുന്നവനാണ് ചക്രവര്‍ത്തി. ജീവിതചക്രം ദിനവും ഉരുളുകയാണ്. സന്തോഷത്തിന്‍റെ കുന്നുകളും ദുഃഖത്തിന്‍റെ താഴ്വരകളും അതിന്‍റെ വഴിത്താരയിലുണ്ട്. പ്രസാദങ്ങളുടെയും അവസാദങ്ങളുടെയും ഈ നിരന്തര ചംക്രമണത്തില്‍ അസ്വസ്ഥനാകുന്നവനല്ല ചക്രവര്‍ത്തിയാവുക. അവനിളക്കമുണ്ടാവില്ല. അവന്‍ സ്ഥിതമാനസനും കാലാതിവര്‍ത്തിയായ ദര്‍ശനമുള്ളവനുമാവും. 'മമസുഖം; 'മമദുഃഖം' എന്നിങ്ങനെ ഉരുളുന്നതില്‍നിന്നുള്ള മുക്തിയുണ്ടാവുക 'ഞാന്‍' ബലി കഴിക്കപ്പെടുമ്പോഴാണ്. ഞാനെന്നഭാവമത് തോന്നായ്കയാണ് മഹാബലി.
ധര്‍മ്മചക്രവര്‍ത്തിയെക്കുറിച്ച് ഏറെപ്പറയുന്നുണ്ട് ഭാരതം. അതുകൊണ്ടുതന്നെയാണ് അത് അശോകന്‍റെ (ശോകമറ്റവന്‍റെ) അടയാളമാകുന്നത്. ഭാസ്സില്‍ രതിയുള്ള ഭാരതീയരുടെ മുഖമുദ്രയാവുന്നതിനും മറ്റൊരു കാരണമില്ല.
പ്രവൃത്തിയും നിവൃത്തിയും പഠിക്കുക ഈ ചക്രത്തില്‍ നിന്നാണ്. പ്രവൃത്തിയുടെ ആധാരം നിവൃത്തിയാണെന്ന പാഠം ശ്രദ്ധയോടെ കേള്‍ക്കുക. നാഭിയില്‍ നിന്നകലും തോറും ആരക്കാലുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നു. ജനിമൃതികളും സുഖദുഃഖങ്ങളും ഒന്നിന്‍റെ ഭാഗങ്ങളാണെന്നുപോലും മറക്കുന്നു. ലിംഗ-വര്‍ണ്ണ-ജാതി-മതഭേദങ്ങള്‍ പെരുകുന്നു. ഇങ്ങനെ അറിവില്ലാതെ വിഭജിക്കപ്പെടുന്ന മനുഷ്യന് ജീവിതചക്രത്തിന്‍റെ അരികുകളില്‍ നിന്നൊരു മടങ്ങിപ്പോക്ക് അനിവാര്യമാണ്. ഉപരിപ്ലവമായ അന്വേഷണങ്ങളില്‍നിന്നും ഉറവകളിലേക്ക് ഒരു മടക്കം. പ്രഭവങ്ങളുടെ വിശുദ്ധിതേടിയുള്ള ഒരു തീര്‍ത്ഥാടനം. ചക്രവര്‍ത്തിയുടെ മുക്തമാനസത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്ക്.
അത്രത്തോളം സുതാര്യമായ ഒരു മനസ്സില്ലെങ്കില്‍ ഒരിക്കലും ഇത്തിരിപ്പോന്ന ഒരു കുറിയ മനുഷ്യന്‍റെ ഒന്നാം പാദത്തിന് കീഴില്‍ തന്‍റെ ഐഹിക ആസ്വാദനങ്ങളെയും (ഭൂമി) രണ്ടാം പാദത്തിന് കീഴില്‍ തന്‍റെ പരലോക പ്രതീക്ഷകളെയും (ആകാശം) ഒടുക്കം മൂന്നാം പാദത്തിനു കീഴില്‍ തന്‍റെ അഹംബോധത്തിന്‍റെ അവസാനകണവും (ശിരസ്സ്) നിരാകുലതയോടും നിസംഗതയോടും അടക്കി വയ്ക്കുന്നതിന് മഹാബലിക്കാവില്ല. ചരിത്രകാരന്മാരുടെ ധാരണകള്‍ പലതുണ്ടാവും. എങ്കിലും സ്ഥിതപ്രജ്ഞനായ ഒരുവനേ മഹാബലിയാകാനാവൂ എന്നും അദ്ദേഹത്തെ ചക്രവര്‍ത്തിയെന്ന് വിളിക്കുന്നത് ഒട്ടും അനുചിതമാവില്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ.
നിര്‍മ്മമനായ ഒരു ചക്രവര്‍ത്തി നമുക്കുണ്ടായിരുന്നതുകൊണ്ട് ഒരു ദിവസമെങ്കിലും നമുക്ക് ഒന്നിച്ചുണ്ണാന്‍ ആവുന്നുണ്ടല്ലോ! അയല്‍പക്കത്ത് ഉണ്ണാനുണ്ടോ എന്നന്വേഷിക്കാനെങ്കിലും ഈ ദിവസം നമുക്ക് പ്രയോജനപ്പെടുന്നില്ലെങ്കില്‍ എന്നാണ് ശരിയായ സ്വസ്ഥത നമുക്കുണ്ടാവുക? സ്വസ്ഥതയില്ലാത്ത നാം എങ്ങനെയാണ് ചക്രവര്‍ത്തിയെക്കുറിച്ച് പാടുക? ആത്മനൊമ്പരത്തോടെ പറഞ്ഞാല്‍ അസ്വസ്ഥരായ നമുക്ക് ഓണമുണ്ണാന്‍ എന്താണവകാശം?
നിവൃത്തിയിലേക്ക് ഒരു മടക്കം. ഇത്രത്തോളം അപകടകരമായ മറ്റൊരു യാത്രയില്ല. സംയമിയാവുക അത്ര അനായാസമല്ല. നമ്മെത്തന്നെ 'ഒഴി ച്ചെടുക്കുക.' എങ്ങനെയാവും നടക്കുക. ദൈവം തന്നത്താന്‍ ഒഴിച്ചെടുക്കുന്നതിനെക്കുറിച്ച് തിരുവെഴുത്തില്‍ പഠിക്കുന്നുണ്ട് (ഫിലി 2:5-8). എവിടെയൊക്കെയോ ബദ്ധമായതിനെ എത്ര സൂക്ഷ്മമായി വേണം തിരികെ നേടാന്‍! നിറഞ്ഞുപോയതിനെയൊക്കെ എങ്ങനെയാണ് കുടഞ്ഞു കളയുക! ദുഷിച്ചുപോയതൊക്കെ എങ്ങനെയാണ് എടുത്തുമാറ്റുക! സത്യം പറഞ്ഞാല്‍ നമ്മുടെ 'ഉള്ളിലിരുപ്പു'കളൊക്കെ നമ്മെത്തന്നെയും നമ്മുടെ അയല്‍ക്കാരെയും വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.
വെള്ളം തെളിയാന്‍ എന്ത് ചെയ്യണം എന്നാണ് ചോദ്യം. ഒന്നും ചെയ്യാതിരിക്കണം എന്നാണ് ഉത്തരം. ഹൃദയം തെളിയുന്നതിന് ഒന്നും ചെയ്യാതിരിക്കണം. ചിന്തകളെ രോധിക്കണം. 'ചിത്തവൃത്തി നിരോധ'മാണ് യോഗം നല്കുന്നതെന്നാണ് പഠിച്ചിട്ടുള്ളത്. വെറുതെയിരിക്കുക എന്നാല്‍ ശുദ്ധീകരിക്കുക എന്നര്‍ത്ഥം. ശുദ്ധീകരിക്കുകയെന്നാല്‍ ഉള്ളിലേക്ക് നോക്കുകയെന്നും.
സുഭാഷ്ചന്ദ്രന്‍റെ വാക്കുകളോര്‍മ്മിക്കുമ്പോള്‍ ഉള്ളിലേക്ക് നോക്കാന്‍ ഭയമാണ്. "ഞാന്‍ ഉള്ളിലേക്ക് നോക്കുന്നു. നുരയുന്ന മാലിന്യങ്ങള്‍ മാത്രം കാണുന്നു. കാമത്തോടൊപ്പം പല നിറങ്ങളിലുള്ള ആസക്തികള്‍, പരനിന്ദ, കുശുമ്പ്, കാതലില്ലായ്മ, അജ്ഞത, ഊച്ചാളിത്തരം, ഇരുട്ട്... എല്ലാം കിടന്ന് ലാവപോലെ നുരച്ച് തിളക്കുന്നതും കാണുന്നു."
ദൈവം വെറുതെയിരിക്കാറുണ്ടോ? സംശയമുണ്ടോ? തിരുവെഴുത്തിന്‍റെ ആദ്യനാളുകള്‍ സ്വസ്ഥമായി നോക്കുക.
"ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷം താന്‍ ചെയ്ത സകല പ്രവൃത്തിയില്‍നിന്നും ഏഴാംദിവസം നിവൃത്തനായി. താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നും അന്ന് നിവൃത്തനായതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചു" (ഉല്പത്തി 2:1-3).
നിഷ്ക്രിയനായ ദൈവം എപ്പോഴും നമുക്കൊരു ആകുലതയാണ്. നമ്മെ സംബന്ധിച്ചിടത്തോളം സക്രിയ ഇടപെലുകളുടെ ഒരു കൂമ്പാരമാണ് ദൈവം. ഇത്തിരി വലിയ കുന്നോളം പോന്ന ഒന്ന്. വെറുതെയിരിക്കുന്നതെല്ലാം നമുക്ക് ഭയമാണ്. വിജയന്‍മാഷിനെ കടമെടുത്താല്‍, സോക്രട്ടീസിന്‍റെ ഭാര്യ സന്താപ്പയുടെ വിചാരമാണ് നമ്മെയും ഭരിക്കുന്നത്. ഒരു ദിനം തന്‍റെ വീടിന്‍റെ ഉമ്മറത്ത് സോക്രട്ടീസ് കുത്തിയിരിക്കയാണ്. ഒരു പുസ്തകം പോലും എഴുതിയിട്ടില്ലാത്തത്ര മടിയനാണെന്നറിയാമല്ലോ! നേരം പുലരുംമുമ്പേ അടുക്കളയിലെത്തിയതാണ് സന്താപ്പ. പണി തീരുന്നില്ല. എന്നാല്‍ പുറത്ത് വെറുതെയിരിക്കുന്ന ആള്‍ക്ക് വന്ന് എന്തെങ്കിലുമൊന്ന് സഹായിച്ചുകൂടെ! പിറുപിറുത്തുകൊണ്ടാണ് സന്താപ്പാ മുന്നേറുന്നത്. കല്ലിന് കാറ്റുപിടിച്ച മാതിരി സോക്രട്ടീസും. സഹികെട്ട് സഹധര്‍മ്മിണി അറ്റകൈപ്രയോഗം നടത്തി. ഒരു പാത്രം വെള്ളം കോരി ഭര്‍ത്താവിന്‍റെ തലയില്‍ ധാര കോരി. ഇടി പിന്നാലെ മഴയും എന്ന് മാത്രം ഉച്ചരിച്ചിട്ട് സോക്രട്ടിസ് തന്‍റെ വെറുതെയിരിപ്പ് തുടര്‍ന്നു.
വെറുതെയിരിക്കുമ്പോള്‍ ഒന്നും ചെയ്യാനില്ലെന്നാണ് നമ്മുടെ കാലത്തെ മനുഷ്യരുടെ വിചാരം. വെളുപ്പിനു മുതല്‍ അന്തിയോളം സ്കൂള്‍ബസ്സുകളും ടിപ്പറുകളുംകൊണ്ട് നിരത്തുകള്‍ നിറയുകയാണ്. വെറുതെ കിടക്കുന്ന കുളങ്ങള്‍ മണ്ണിട്ട് നികത്തുന്നു. പാടങ്ങളും പുറമ്പോക്കുകളും 'വില്ല' കൃഷികൊണ്ട് നിറക്കുന്നു. ചന്തമൈതാനങ്ങള്‍ ഷോപ്പിങ് ഹാളുകള്‍കൊണ്ട് നിറയ്ക്കുന്നു. പള്ളിമുറ്റങ്ങള്‍ സ്കൂളും കോളേജുംകൊണ്ട് നിറയ്ക്കുന്നു. എന്തിന്, കുഞ്ഞുങ്ങളുടെ ഒഴിവുകാലം മുഴുവന്‍ എക്സ്ട്രാ ക്ലാസ്സുകള്‍ കുത്തിനിറയ്ക്കുന്നു. മുറ്റമില്ലാത്ത ഫ്ളാറ്റുകള്‍ അന്തസ്സിന്‍റെ അളവു കോലാക്കിയവരോട് മാഷിതൊക്കെ എന്തിന് പറഞ്ഞുവെന്നാണ് ദുഃഖം.
വിശ്രമം എന്നാല്‍ വികലമായ ശ്രമം എന്നല്ല വിശേഷപ്പെട്ട ശ്രമം എന്നാണെന്ന് മറക്കാതിരിക്കുക.
ഇനി ഇങ്ങനെയെഴുതുന്നതില്‍ അര്‍ത്ഥമില്ലല്ലോ. എഴുത്തും വായനയും നിര്‍ത്തി അല്പനേരം വെറുതെയിരുന്നാലോ! ഉള്ള് നിറഞ്ഞിരിക്കുന്ന ദുഷിപ്പുകളെ കുടഞ്ഞ് കളയാം. നമ്മുടെ ഹൃദയങ്ങള്‍ നിറഞ്ഞ് കവിയാന്‍ പോന്ന സ്നേഹം ഇനിയുമുണ്ട്. നമുക്കും ഒന്ന് സ്വസ്ഥമായിരിക്കേണ്ടേ! നാം സൃഷ്ടിക്കുന്നത് നല്ലത് എന്ന് കാണാനാവുകയും ഒടുവില്‍ നിവൃത്തിയായി എന്ന് വിളിച്ച് പറയാനാവുന്നതില്‍പരം ദൈവികമായി എങ്ങനെയാണ് നാം ജീവിക്കുക!
ജീവിതചക്രം ഒരു വട്ടംകൂടി കറങ്ങിയിരിക്കുന്നു. ചക്രത്തിന്‍റെ നാഭിയിലേക്ക് നോക്കുക. അതില്‍ 'ഞാന്‍' ഇരിപ്പുണ്ടെങ്കില്‍ എങ്ങനെയാണ് സുഗമമായി ചരിക്കുക. ഉള്ളിലിരുപ്പുകളെ തൂവിക്കളയുക. ആസക്തികളെ മാത്രമല്ല. മമതകളെയും. ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കുക. ഈ സ്വകാര്യവത്ക്കരണകാലത്ത് 'ഞാന്‍' തന്നെയല്ലേ എനിക്കേറ്റം പ്രിയംകരം!
അവസാനമായി, തന്നത്താന്‍ ത്യജിക്കാതെ ഒരുവനെങ്ങനെയാണ് നിവൃത്തിയുടെ ജീവനകല പഠിപ്പിക്കുന്ന ഗുരുവിനെ പിന്തുടരാനാവുക. ഒറ്റവാക്കില്‍, ദൈവികമായി ജീവിക്കാനാവുക?