news-details
മറ്റുലേഖനങ്ങൾ

ജീവന്‍റെ അന്തസ്സും പരിരക്ഷണവും

ജീവന്‍ തുടര്‍ച്ചയാണ്. അത് എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അത് ഒഴുകിക്കൊണ്ടിരിക്കും. ആത്മഹത്യ ഈ ജീവന്‍റെ നിഷേധമാണ്. ജീവജാലങ്ങള്‍ക്ക് ജീവനാഡിയായി ഒഴുകിക്കൊണ്ടിരുന്ന നദി പെട്ടെന്ന് ഒരു ദിവസം വറ്റിപോകുന്നതുപോലെയാണ് അത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ ആത്മഹത്യ ബാധിക്കുന്നുണ്ടെന്ന് പറയാം. നദി കടലില്‍ ചെന്നു ചേരുന്നതുപോലെ നൈസര്‍ഗികമായ ഒരു അവസാനമല്ലത്. തീര്‍ത്തും പ്രപഞ്ചത്തെ മുഴുവന്‍ പിടിച്ചു കുലുക്കുന്നുണ്ട് ഈ പെട്ടെന്നുള്ള വറ്റിപോകലുകള്‍.

സത്യജിത് റേയുടെ 'പഥേര്‍ പാഞ്ചാലി' എന്ന ചിത്രത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു രംഗമുണ്ട്. തൊണ്ണൂറില്‍ എത്തിയ ഒരു മുത്തശ്ശി മുറ്റത്ത് നില്‍ക്കുന്ന ഒരു കുഞ്ഞുചെടിയെ അതീവ വാത്സല്യത്തോടെ പരിചരിക്കുന്ന ഒരു രംഗമാണത്. അല്പദിവസം കഴിഞ്ഞപ്പോള്‍ മുത്തശ്ശി മരിച്ചു. താന്‍ പരിചരിക്കുന്നവ തനിക്കു വ്യക്തിപരമായി ഗുണം ചെയ്യില്ല എന്നറിഞ്ഞിട്ടും ജീവന്‍റെ തുടര്‍ച്ചയെ കുറിച്ചുള്ള ആ മുത്തശ്ശിയുടെ ആദരവും സ്നേഹവും എല്ലാ തലമുറകള്‍ക്കും എത്ര വലിയ പ്രചോദനമാണ് നല്കുന്നത്.

ജീവന്‍ എന്ന പദം ബൈബിളില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. ജീവന്‍ നദിയായും കാറ്റായും പാതയായും വെളിച്ചമായും പ്രയോഗിക്കുന്നുണ്ട്. 'ഞാന്‍ അബ്രഹാമിനും മുന്‍പേ ഉണ്ടായിരുന്നു' എന്ന് പറയുന്നത് ഈ ജീവന്‍റെ തുടര്‍ച്ചയെ കുറിച്ചാണ്.

 

ഈ ജീവന്‍റെ തുടര്‍ച്ചയുടെ പ്രത്യാശയ്ക്ക് ഏറ്റവും യോജിച്ച ആപ്തവാക്യമാണ് - Love Yourself  എന്നത്. സ്വയം സ്നേഹിക്കുക എന്നത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന ദര്‍ശനം കൂടിയാണ്. സ്വാര്‍ത്ഥനാവുകയല്ല, നിസ്വാര്‍ത്ഥനാവുകയാണ് സ്വയം സ്നേഹിക്കുമ്പോള്‍ സംഭവിക്കേണ്ടത്. നിന്നെ സ്നേഹിക്കേണ്ടതും ആരാധിക്കേണ്ടതും ചോദ്യം ചെയ്യേണ്ടതും ബഹുമാനിക്കേണ്ടതും ക്ഷമിക്കേണ്ടതും സുഖപ്പെടുത്തേണ്ടതും അനുഗ്രഹിക്കേണ്ടതും എല്ലാം നീ തന്നെയാണ് എന്ന തിരിച്ചറിവാണത് - All by Yourself.

 

പ്രത്യാശയുടെ വിത്താണ് നാം ഭൂമിയില്‍ വിതറി കടന്നുപോകേണ്ടത് എന്ന ആശയം ബുദ്ധഗ്രന്ഥങ്ങളിലും സുലഭമായിട്ടുണ്ട്. ജീവിതത്തെ നൈരന്തര്യവുമായി - തുടര്‍ച്ചയുമായി - ബന്ധിപ്പിച്ചു പോകാന്‍ ബുദ്ധന്‍ ശ്രമിക്കുന്നുണ്ട്. മരണത്തെയും രോഗത്തെയും ആരോഗ്യത്തെയും സമചിത്തതയോടെ സമീപിക്കാനുള്ള ദര്‍ശനങ്ങള്‍ ബുദ്ധഗ്രന്ഥങ്ങളില്‍ ഏറെയുണ്ട്. ലോകത്തിലെ ആദ്യ ആശുപത്രികള്‍ ബുദ്ധഭിക്ഷുക്കളുടേതാണ് എന്ന് കരുതപ്പെടുന്നു. ഔഷധപ്രയോഗങ്ങള്‍ക്കപ്പുറത്ത് ജീവനെക്കുറിച്ചുള്ള  പ്രത്യാശ പകരുന്ന ചിന്തകള്‍ അവിടെ വായിക്കാന്‍ കഴിയും. രക്തം ചിന്തുന്ന ഒരു പ്രക്രിയയും ആ ആശുപത്രികളില്‍ ഇല്ലായിരുന്നു. ശസ്ത്രക്രിയകള്‍ പോലും ഹിംസയായി പരിഗണിക്കപ്പെട്ടു. അപ്പോള്‍ ജീവന്‍റെ നിഷേധമായ ഹിംസയെക്കുറിച്ച് മിണ്ടാന്‍പോലും അവര്‍ ഭയപ്പെട്ടിരുന്നു.
നിഷേധാത്മക വികാരങ്ങളാണ് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ചാഞ്ചല്യത്തിനു കാരണം. അത്തരം ചിന്തകളുടെ വേര് അറുത്തുകളയുക എന്നതാണ് ഈ അവസ്ഥ മാറ്റുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ജീവിതത്തെ ശുഭചിന്തകള്‍കൊണ്ട് നിറയ്ക്കുക. അത് ആത്മശക്തി വര്‍ദ്ധിപ്പിച്ച് ശാരീരികവും മാനസികവുമായ പ്രതിരോധശക്തിയുള്ളവരാകാന്‍ നമ്മെ സഹായിക്കും.

 

രോഗവും ആത്മഹത്യാപ്രവണതയും അത്തരം വ്യക്തികളുടെ ജീവിതാവസ്ഥയും സമഗ്രമായി പരിഗണിച്ചുകൊണ്ട് ചികിത്സിക്കാന്‍ കഴിയേണ്ടതാണ്. ഹോളിസ്റ്റിക് മെഡിക്കല്‍ സംവിധാനം വളരെയേറെ ഫലപ്രദമാണ്. പഞ്ചഭൂതങ്ങളെ മുഴുവനായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള ചികിത്സാ സംസ്കാരമാണ് ആയുര്‍വേദവും മുന്നോട്ടു വയ്ക്കുന്നത്. നല്ല വായു, നല്ല പശിമയുള്ള ഭൂമി, ശുദ്ധമായ അന്തരീക്ഷം, തണുക്കാന്‍ ജലം, ചൂടുപിടിക്കാന്‍ അഗ്നി, നല്ല ജീവിതാവസ്ഥ ഇതെല്ലാം ഉള്‍ക്കൊണ്ട് ഒരു വ്യക്തിയെ പരിഗണിക്കുമ്പോഴാണ് സ്വസ്ഥവൃത്തത്തിലേക്ക് അയാളെ ഉണര്‍ത്തിയെടുക്കാന്‍ കഴിയുന്നത്.

 

രോഗം ബാധിച്ച അവയവങ്ങളെ മാത്രമല്ല, അയാളുടെ ബുദ്ധിയെയും ജീവിതാവസ്ഥയെയും വികാരങ്ങളെയും ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ശരീരം പഞ്ചഭൂതാത്മകമാണ്. ശരീരത്തിനുള്ളില്‍ വെള്ളവും അഗ്നിയും പ്രകൃതിയും എല്ലാമുണ്ട്. അത്തരമൊരു സമഗ്രതയാണ് ജീവന്‍റെ പ്രാണന്‍. ആ പ്രാണനിലാണ് വൈദ്യശാസ്ത്രം സ്പര്‍ശിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ അത്ഭുതങ്ങള്‍ ഏറെ സംഭവിക്കും. ശരീരത്തോടൊപ്പം മനസ്സും ആത്മാവും ചേര്‍ന്നിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ധ്യാനമാര്‍ഗവും യോഗമാര്‍ഗവും ചികിത്സയില്‍ ഉള്‍പ്പെടുത്തണം എന്നു പറയുന്നത്. വ്യക്തിപരമായി ഞാന്‍ അത്തരമൊരു ചികിത്സാസംസ്കാരത്തിലാണ് വിശ്വസിക്കുന്നത്. കോട്ടയത്തുള്ള ഓംനിവില്‍ ഇന്ത്യ ഫൗണ്ടേഷന്‍റെ 'കര്‍മ്മസിദ്ധി' എന്ന മൗലികമായ ആരോഗ്യദര്‍ശനം എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.

1980കളില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന പി. എന്‍. ദാസിന്‍റെ 'വൈദ്യശാസ്ത്രം' എന്ന മാസിക വളരെ വ്യത്യസ്തമായ ഒരു ആരോഗ്യസംസ്കാരത്തെ സമഗ്രമായി പരിചയപ്പെടുത്തിയ ഒരു പ്രസിദ്ധീകരണമായിരുന്നു. വ്യക്തിപരമായ ആരോഗ്യത്തെക്കുറിച്ചും സാമൂഹിക ആരോഗ്യത്തെക്കുറിച്ചും ആലോചിക്കുമ്പോള്‍ അത്തരം ഒരു പ്രസിദ്ധീകരണം ഇന്ന് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നു.

 

ശാരീരികാരോഗ്യത്തിന് പഥ്യം അനുഷ്ഠിക്കുന്നതുപോലെ തന്നെ മാനസികാരോഗ്യത്തിനും പഥ്യമുണ്ട്- Psycho Nutrients.  അതു വളരെ പ്രധാനമാണ്. പഥ്യമില്ലെങ്കില്‍ മരുന്നുണ്ടായിട്ടും കാര്യമില്ല. മാനസിക അച്ചടക്കം ആരോഗ്യത്തിന്‍റെ കേന്ദ്രബിന്ദുവാണ്. ആരോഗ്യം എന്നാല്‍ രോഗം ഇല്ലാത്ത അവസ്ഥ മാത്രമല്ല, അതു ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആത്മാവിന്‍റെയും ഇന്ദ്രിയങ്ങളുടെയും പ്രസന്നതയാണ്. അതൊരു സമഗ്രതയാണ്. ചുറ്റുപാടുകളോടെല്ലാമുള്ള സന്തുലിതമായ അനുരഞ്ജനമാണ്. അതുകൊണ്ടാണ് വെറും health ന് അപ്പുറമുള്ള Wellness നെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടത്. സ്ഥായിയായ ആനന്ദത്തിന്‍റെയും ശാന്തിയുടെയും ഉത്തരവാദിത്വപൂര്‍ണമായ ജീവിതാവസ്ഥയുടെയും ഒരുമയിലാണ് Wellness ഉണ്ടാകുന്നത്.

 


ജീവനോടുള്ള ആദരവും പ്രത്യാശയുമാണ് 'ആരോഗ്യനികേതന്‍' എന്ന ബംഗാളി നോവലിന്‍റെ ആദര്‍ശം. ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ജീവിതദര്‍ശനത്തിന്‍റെ നോവലായി ആരോഗ്യനികേതനത്തെ കണക്കാക്കാം. ആയുസ്സ് എങ്ങനെയെങ്കിലും നീട്ടികിട്ടുക എന്നതല്ല. ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ ജീവിതലക്ഷ്യത്തില്‍ പുലര്‍ത്തുന്ന ഏകാഗ്രതയും ആനന്ദവുമാണ് പ്രധാനം.

മരണത്തിന്‍റെയും രോഗത്തിന്‍റെയും പിടിയില്‍ അമര്‍ന്നുപോയ കൊറോണക്കാലത്തെ സൗഖ്യപ്പെടുത്താന്‍ ഔഷധപ്രയോഗങ്ങള്‍ക്ക് വലിയ പരിമിതിയുണ്ടെന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചും ശുഭകരമായ പുതിയ മനോഭാവങ്ങള്‍ സൃഷ്ടിച്ചും വ്യക്തിപരവും സാമൂഹികവുമായ ശുചിത്വം പാലിച്ചും ജീവിതത്തെ അഴകും അര്‍ത്ഥവും ഉള്ളതാക്കി മാറ്റുക എന്നതുതന്നെയാണ് നമുക്ക് ചെയ്യാനുള്ളത്. ഇത് നമ്മള്‍ ഓരോരുത്തരുടെയും കര്‍മ്മവും ദൗത്യവുമാണ്. 

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts