news-details
മറ്റുലേഖനങ്ങൾ

സഹാനുഭൂതി സൗഖ്യത്തിലേക്കുള്ള വഴി

സൗഖ്യം അത്യന്തം നിര്‍ണായകമായ കാലമാണല്ലോ ഇത്. കോവിഡ് 19 എന്ന മഹാമാരി കൊണ്ടു മാത്രമല്ല അത്. പൗരാണിക സംസ്കാരങ്ങളില്‍ പ്രബലമായിരുന്ന രോഗശമനത്തിനുള്ള നൈസര്‍ഗിക രീതികള്‍ വീണ്ടെടുക്കപ്പെടുന്ന കാലഘട്ടം കൂടിയാണിത്.
ഇന്ത്യയിലും ലോകമെങ്ങുമുള്ള പല രാജ്യങ്ങളിലും മാനസികസൗഖ്യത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉയര്‍ന്നു കഴിഞ്ഞു. ഭരണകൂടങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനത അനുഭവിക്കുന്ന മാനസികപീഡ അത്യന്തം അസഹനീയമായിരിക്കുന്നു.

അസ്സീസിയുടെ പുത്രി ക്ലാര, ആശ്രമത്തില്‍ സഹായം തേടിയെത്തിയ നിരവധിപേരെ സുഖപ്പെടുത്തിയ കഥകള്‍ മധ്യകാലഘട്ടത്തില്‍ രചിക്കപ്പെട്ട ജീവചരിത്രത്തിന്‍റെ താളുകളിലും വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിലും നമുക്ക് വായിക്കാം.

ഫ്രാന്‍സിസ് അയച്ച സ്റ്റീഫന്‍ എന്ന സഹോദരനെ ശാരീരികമായി മാത്രമല്ല മാനസികമായും ക്ലാര സുഖപ്പെടുത്തിയതായി പെറൂജിയായിലെ ബെന്‍വനൂത്ത എന്ന സഹോദരി സാക്ഷ്യപ്പെടുത്തുന്നു. സൗഖ്യത്തില്‍ സഹാനുഭൂതിയും കരുണയും എത്രമാത്രം പ്രധാനമാണെന്നതിന് ദൃഷ്ടാന്തമാണ് ഈ സംഭവം.

ഇങ്ങനെയാണ് ആ സംഭവം:

എളിയസഹോദരരുടെ സന്യാസസഭയില്‍ അംഗമായ സ്റ്റീഫന്‍ എന്നു പേരായ ഒരാള്‍ മാനസികമായി അസുഖബാധിതനായിരുന്നു. സാന്‍ ഡാമിയാനോ ആശ്രമത്തിലേക്ക് വിശുദ്ധ ഫ്രാന്‍സിസ് അദ്ദേഹത്തെ അയച്ചു. അദ്ദേഹത്തിന്‍റെ മേല്‍ കുരിശുവരച്ച് പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധന്‍ സഹോദരിയോടാവശ്യപ്പെട്ടു. ക്ലാര അപ്രകാരം ചെയ്തതിനുശേഷം ആ സഹോദരന്‍ വിശുദ്ധ അമ്മ സാധാരണയായി പ്രാര്‍ത്ഥിക്കുന്ന ആ സ്ഥലത്തുതന്നെ കുറച്ചുനേരം കിടന്നുറങ്ങി. ഉറങ്ങിയെണീറ്റ അദ്ദേഹം അല്പം ആഹാരം കഴിച്ച് രോഗമുക്തനായി മടങ്ങി (ക്ലാരയുടെ വിശുദ്ധീകരണ നടപടിക്രമങ്ങള്‍ 2:15).

 

മൂക്കില്‍ മാംസം വളര്‍ന്ന ബാലനെയും പനി ബാധിതനായ കുട്ടിയെയും സംസാരശേഷി നഷ്ടമായ സഹോദരി ആന്‍ഡ്രിയയെയും അണുബാധയുണ്ടായ മറ്റൊരു സഹോദരിയെയും ക്ലാര സുഖപ്പെടുത്തിയ കഥകള്‍ സുവിദിതങ്ങളാണ്.

സൗഖ്യത്തെക്കുറിച്ചുള്ള ഈ വിവരണങ്ങളിലൊക്കെ മൂന്നുകാര്യങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നു. ക്ലാര രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അസുഖബാധിതമായ ശരീരഭാഗത്ത് അവള്‍ സ്പര്‍ശിച്ചു. അവള്‍ രോഗിയുടെ മേല്‍ കുരിശുവരച്ചു. ശാരീരികമായോ മാനസികമായോ അസുഖബാധിതരായ ആരെങ്കിലുമായി ഇടപെടുന്ന സന്ദര്‍ഭങ്ങളില്‍ ക്ലാരയില്‍ നിന്ന് നമുക്കെന്തെങ്കിലും പഠിക്കാനുണ്ടോ?

 

സഹിക്കുന്നവര്‍ക്കായി ദൈവം നല്കിയതാണ് ക്ലാരയിലെ ഐശ്വര്യത്തിന്‍റെ പ്രവൃത്തി. നമുക്ക് ഈ വരം ചിലപ്പോള്‍ ഉണ്ടായിരിക്കാം. ഇല്ലെന്നും വരാം.  എന്നാല്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹിക്കുന്നവരുമായി നാം നിരന്തരം ബന്ധപ്പെടുന്നു. അപ്പോള്‍ ദൈവത്തിന്‍റെ സൗഖ്യദായകമായ അനുഗ്രഹത്തിന്‍റെ മധ്യസ്ഥതയ്ക്കായി ക്ലാരയുടെ സമീപനത്തെ നമുക്ക് സ്വീകരിക്കാവുന്നതാണ്.

 

ക്ലാര പ്രാര്‍ത്ഥനയില്‍ ജീവിച്ചുവെന്ന് അവളോടൊപ്പം കഴിഞ്ഞ സഹോദരിമാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദരിദ്രര്‍ക്കും രോഗികള്‍ക്കും സഭക്കുമായി അവള്‍ പ്രാര്‍ത്ഥനയില്‍ സ്വയം ഈശ്വരന് സമര്‍പ്പിച്ചു. ഫ്രാന്‍സിസും സഹോദരരുമായി ചേരുന്നതിനു മുന്നേ ദരിദ്രരുമായി ആരംഭിച്ച ആത്മബന്ധം ക്ലാര അവസാനം വരെ തുടര്‍ന്നു. അവളുടെ സഹാനുഭൂതി ആശ്രമത്തില്‍ അവളെ തേടിയെത്തുന്ന പാവങ്ങള്‍ അറിഞ്ഞിരുന്നു. സ്ഥാപനവത്കരിക്കപ്പെട്ട ജീവിതശൈലി സ്വീകരിക്കുന്നവര്‍ക്ക് സാധാരണ പിടിപെടുന്ന 'ചുറ്റുപാടുകളെക്കുറിച്ചുള്ള മറവി' ക്ലാരയെ ബാധിച്ചിരുന്നില്ല. അവള്‍ ദരിദ്രരില്‍നിന്നും രോഗികളില്‍ നിന്നും അകലം പാലിച്ചില്ല.

 

ക്രിസ്തുവിന്‍റെ സഹാനുഭൂതി അകമേ സ്വായത്തമാക്കിയതിനാലാണ് ക്ലാര പാവങ്ങളെയും സഹിക്കുന്നവരെയും മറക്കാതിരുന്നത്. ക്രിസ്തുവിന്‍റെ പീഡാസഹനം തന്‍റെ നിരവധി സഹജീവികളില്‍ അവള്‍ കണ്ടു. സഹിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള നിരന്തരധ്യാനം അവളെ അതിനു പ്രാപ്തയാക്കി. സൗഖ്യത്തിനായെത്തുന്ന രോഗികളെ അവള്‍ അതിനാല്‍ ആദ്യംതന്നെ കര്‍ത്താവിന് പ്രാര്‍ത്ഥനയില്‍ ഭരമേല്പിച്ചു. അവരുടെ മേല്‍ കരങ്ങള്‍ വയ്ക്കുക വഴി ക്രിസ്തുവിന്‍റെ സഹാനുഭൂതിയുടെ സന്ദേശം അവള്‍ അവര്‍ക്കു പകര്‍ന്നു നല്കി. 

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ശിഷ്യത്വത്തിന്‍റെ വില

തോമസ് തുമ്പേപ്പറമ്പില്‍
Related Posts