സര്‍വ്വശക്തനായ ദൈവത്തിലും അവന്‍റെ വാഗ്ദാനങ്ങളിലും അടിയുറച്ച് വിശ്വസിച്ചുകൊണ്ട്, എന്‍റെ തമ്പുരാന്‍ അറിയാതെയും അനുവദിക്കാതെയും എനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യത്തില്‍, ഈശോകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാന്‍ തീരുമാനിച്ചാല്‍ കുടുംബം സ്വര്‍ഗ്ഗതുല്യമാക്കാന്‍ സാധിക്കും. മറ്റൊരുവാക്കില്‍, തമ്പുരാന്‍റെ മനസ്സിനോടുള്ള മനപ്പൊരുത്തമാണ് കുടുംബത്തിലെ സ്വര്‍ഗ്ഗീയാനുഭവത്തിന്‍റെ അടിസ്ഥാനഘടകം. ദാമ്പത്യബന്ധത്തില്‍ അന്തര്‍ലീനമായിരിക്കുന്ന രഹസ്യം, കുടുംബത്തില്‍ സ്വര്‍ഗ്ഗത്തിന്‍റെ ദൃശ്യാവിഷ്കാരം സംജാതമാക്കുകയത്രെ.
ത്രിത്വൈക ദൈവത്തിലെ മൂന്നു വ്യക്തികളും ചൈതന്യത്തിലും സത്തയിലും മനപ്പൊരുത്തത്തിലും ഒന്നാണ്. ആത്മീയ, വൈകാരിക, ശാരീരിക തലത്തില്‍ സ്ത്രീപുരുഷന്‍മാര്‍ ഏറെ വ്യത്യസ്തസ്വഭാവമുള്ളവരെങ്കിലും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നത്, ത്രിയേകദൈവത്തിന്‍റെ, ഈ മനപ്പൊരുത്തം, കുടുംബത്തിലും സമൂഹത്തിലും ചിട്ടപ്പെടുത്തുവാനാണ്. ആരു വിളിച്ചു, ആരെ വിളിച്ചു, എന്തിനു വിളിച്ചു എന്ന അവബോധമാണ്, വിളി കളിയല്ല എന്ന യാഥാര്‍ത്ഥ്യം ജീവിക്കാന്‍ മനക്കരുത്ത് നല്കുന്നത്. സത്യത്തില്‍, ദാമ്പത്യബന്ധത്തിന്‍റെ തായ്വേര് ത്രിയേക ദൈവത്തിന്‍റെ, കുരിശുമരണത്തിനുപോലും വേര്‍പിരിക്കാനാവാത്ത സ്നേഹബന്ധമാണെന്ന സത്യം, ദമ്പതികള്‍ ബോധമണ്ഡലത്തില്‍ കോറിയിടണം.
ചുരുക്കത്തില്‍, തമ്പുരാന്‍റെ ചൂണ്ടുവിരല്‍ മാത്രമാണ് എത്തേണ്ടിടത്ത്, എത്തേണ്ടവരെ, എത്തേണ്ടനേരത്ത്, എത്തേണ്ടതുപോലെ എത്തിക്കുന്നവന്‍ എന്ന സത്യവീക്ഷണം ദമ്പതികള്‍ സ്വന്തമാക്കണം. കടല്‍ക്കാറ്റിലെ കോച്ചുന്ന തണുപ്പില്‍ നിരാശയോടെ ചാരത്തുചുരുട്ടിവച്ച വലയ്ക്കരികെ, വഞ്ചിയിലിരുന്ന വലിയമുക്കുവന് വലനിറയെ വലിയ മത്സ്യം ലഭിച്ചത് തമ്പുരാന്‍ പറഞ്ഞസമയത്ത്, പറഞ്ഞിടത്തു, പറഞ്ഞതുപോലെ വലയിട്ടപ്പോളാണ് എന്ന സത്യം ഓര്‍മ്മയില്‍ വേണം.
ഇരുകൂട്ടരും ത്യാഗോജ്ജ്വലമായ ഒരു ദൈവിക വീക്ഷണം പാദരക്ഷയായിക്കരുതിയാല്‍ മാത്രമെ, ദാമ്പത്യനടത്തം ദൈവാനുഭവത്തിലൂടെ പൂര്‍ത്തീകരിക്കാനാവൂ.
അപ്പന്‍റെയും അമ്മയുടെയും ജീവിതസാക്ഷ്യമാണ് മക്കളെ വിശുദ്ധമക്കളാക്കുന്നതെന്ന സത്യം എന്നും ഓര്‍മ്മയിലിരിക്കണം. ചെയ്ത് പഠിക്ക് എന്നു പഠിപ്പിക്കാതെ കണ്ടുപഠിക്ക് മക്കളെ എന്ന് പറയാനാവണം. കുടുംബത്തിലും, കൂടെയുള്ളവര്‍ക്കും മാതൃകയായി ഭവിക്കത്തക്ക വണ്ണം ജീവിതരീതികളെ ക്രമീകരിക്കുമ്പോഴാണ് കുടുംബം അനുഗ്രഹങ്ങളുടെയും ദൈവാനുഭവത്തിന്‍റെയും വറ്റാത്ത ഉറവിടമായി പരിണമിക്കുന്നത്.
ഇത്തരുണത്തിലുള്ള ഒരു ദൈവികവീക്ഷണം കൈമുതലായിക്കഴിയുമ്പോള്‍ ഒട്ടനവധി സുനാമിത്തിരകള്‍ ഉയരുമ്പോഴും അവയെ അനായാസം വെട്ടിമുറിച്ച് ഉടയവനെ കുടുംബത്തില്‍ കുടിയിരുത്താനാവും. ചുരുക്കത്തില്‍, തന്‍റെ ദൈവവിളി കളിയായികാണാതെ, ആണ്ടവരുടെ മുമ്പില്‍ ആയിത്തീരാന്‍ വിളിക്കപ്പെട്ടത് ആയിത്തീരുമ്പോള്‍, കാല്‍വരിയുടെ നെറുകയില്‍ മനുഷ്യപുത്രന്‍ മണവാട്ടിക്കു വേണ്ടി പൂര്‍ത്തീകരിച്ച ബലിയോടുചേര്‍ത്ത് നിന്‍റെ ജീവിതബലിയും പൂര്‍ണ്ണമാകും. അതുവഴി, ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ബലി തമ്പുരാന് പ്രീതികരമായ കറതീര്‍ന്ന സാക്ഷാല്‍ ബലിയായി പരിണമിക്കുകയും, നീയും നിന്‍റെ കൂടെയുള്ളവരും വിശുദ്ധി പ്രാപിക്കുകയും ചെയ്യും. വിളിയുടെ കളിക്കളത്തിലെ സുപ്രധാന ആയുധം നിരന്തരമായ പ്രാര്‍ത്ഥന മാത്രമാണെന്നുറപ്പ്.