news-details
മറ്റുലേഖനങ്ങൾ

സാഹിതീലോകത്തെ ആത്മീയത

ജീവിതം ഒരു യാത്രയുടെ രസതന്ത്രമാണ്. ഒരാള്‍ തന്‍റെ ഹൃദയത്തെ പിഞ്ചെല്ലാന്‍ ധ്യാനപൂര്‍വ്വം പരിശീലിക്കുന്നതില്‍ നിന്നും ഉരുത്തിരിയുന്ന രസതന്ത്രം. സര്‍ക്കസ് കൂടാരത്തിലെ അഭ്യാസിയെപ്പോലെ സാഹസികമായ ചലനങ്ങള്‍ക്കിടയില്‍ ഏകാഗ്രമായ മനസ്സോടെ ഒരു നിമിഷാര്‍ധത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ഒരാളുടെ ജീവിത വിധിയെ നിര്‍ണ്ണയിക്കുന്നു. വിധിക്കപ്പെടുവനും വിധിയാളനും  ഒരേ യാഥാര്‍ത്ഥ്യത്തിന്‍റെ ഇരുവശങ്ങള്‍ മാത്രം.

പരിമിതിയും അനന്തതയും കൂട്ടിമുട്ടുന്ന ഇടമാണ് ജീവിതം. അതിസ്വാഭാവിക അനുഭവങ്ങളുടെ അകമ്പടിയോടെ ജീവിതരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പൗലോ കൊയ്ലോ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലൂടെ ശ്രമിക്കുമ്പോള്‍ വായനക്കാരെ സംബന്ധിച്ചിടത്തോളം എഴുത്തിന്‍റെ മാന്ത്രികതലങ്ങളിലെവിടെയോ വെച്ച് ഭാഷയ്ക്കും അതീതമായ സംവേദനതലങ്ങളിലേയ്ക്ക് മനസ്സ് ഉയര്‍ത്തപ്പെടുന്നു.

 

യാത്രയും അതിന്‍റെ മടുപ്പും, വെല്ലുവിളികളും നിരാശയും, പ്രണയവും കാത്തിരിക്കുന്ന നിധിയും അപകടങ്ങളും എല്ലാം ചേര്‍ന്ന് കഥാഗതിക്കൊപ്പം ഒരാള്‍ സഞ്ചരിക്കുമ്പോള്‍ വായനയ്ക്കൊടുവില്‍ ഒരാള്‍ തന്‍റെ തന്നെ ജീവിതത്തിന്‍റെ ഏടുകളില്‍ ഹ്രസ്വസന്ദര്‍ശനം നടത്തി സ്വപ്നം കണ്ടുതുടങ്ങുന്നു. മെച്ചപ്പെട്ട ഒരു ജീവിതത്തിലേയ്ക്കോ, ജീവിത സ്വപ്നങ്ങളിലേയ്ക്കോ നയിക്കത്തക്ക സ്വാധീനം ചെലുത്താന്‍ കഴിയുക എന്ന ലക്ഷ്യം നേടുന്ന കൃതിയായി ആല്‍ക്കെമിസ്റ്റ് മാറുന്നു.

 

സ്പെയിനിലെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു ദേവാലയത്തിന്‍റെ മുറ്റത്തുള്ള സിക്കമൂര്‍ മരച്ചുവട്ടില്‍ കിടന്ന് സാന്തിയാഗോ എന്ന ഇടയച്ചെറുക്കന്‍ സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകള്‍ക്കിടയിലെവിടെയോ ഒരു നിധി ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് സ്വപ്നം. ഏതൊരു സാധാരണക്കാരനേയും പോലെ സാന്തിയാഗോയും സ്വപ്നത്തെ അവഗണിക്കുന്നു. എന്നാല്‍ സ്വപ്നത്തിലെ സന്ദേശം ഉറപ്പിച്ചുകൊണ്ട് രണ്ടുപേര്‍ അയാളുടെ ജീവിതത്തിലിടപെടുന്നു. ഒരു ജിപ്സി സ്ത്രീയും, സാലെമിന്‍റെ രാജാവായ മെല്‍ക്കീസെദെക്കും. സ്വപ്നം വ്യാഖ്യാനിക്കുന്ന ജിപ്സി സ്ത്രീ സാന്തിയാഗോയ്ക്ക് പറഞ്ഞുകൊടുക്കുന്ന പ്രധാന പാഠം ഇതാണ്. "It is the simple things in life that are the most extraordinary; only wise men are able to understand them". ജീവിതാനുഭവങ്ങള്‍ എങ്ങനെയാണ് ഒരു ജ്ഞാനിയെ രൂപപ്പെടൂത്തുന്നത് എന്നതിന്‍റെ സംക്ഷിപ്തമാണിത്. പുറമെ നിന്ന് ഒന്നിനും ഒരാളെ ജ്ഞാനിയാക്കാന്‍ കഴിയില്ല. മനസ്സിന്‍റെ പരിണാമത്തിലൂടെ ഒരാള്‍ രൂപപ്പെടുന്ന പ്രക്രിയയാണത്. സാന്തിയാഗോ എന്ന കഥാപാത്രം തന്‍റെ യാത്രയുടെ അവസാനത്തിലെത്തുമ്പോഴേയ്ക്കും ഈ പരിണാമത്തിനു വിധേയനാകുന്നുണ്ട്. യാത്രയുടെ അവസാനത്തില്‍ തന്‍റെ സ്വപ്നഭൂമിയിലെത്തി നിധി കണ്ടെത്താന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ നിരര്‍ത്ഥകമെന്നു കരുതി ഒരാള്‍ ഉപേക്ഷിക്കുന്ന സ്വപ്നത്തില്‍ നിന്ന് സാന്തിയാഗോ താന്‍ നിധിയെക്കുറിച്ചുള്ള വ്യക്തമായ അറിവിലെത്തുന്നു. അത് മറ്റെങ്ങുമല്ല, താല്‍ സ്വപ്നം കണ്ടുറങ്ങിയ മണ്ണിനടിയില്‍ തന്നെ. ഒരാളുടെ സാധ്യത അയാളുടെ ഉള്ളില്‍ തന്നെയുണ്ട്  എന്ന ശക്തമായ സന്ദേശം നല്‍കിയാണ് നോവല്‍ അവസാനിക്കുന്നത്.

 

മേല്‍പറഞ്ഞ ചിന്തയ്ക്ക് ഒരു ബൈബിള്‍ സമാന്തരമുണ്ട്. "ദൈവരാജ്യം നിങ്ങളുടെയിടയില്‍ തന്നെയുണ്ട്" (നിങ്ങളില്‍ തന്നെ എന്ന് ചില പരിഭാഷകളില്‍, ലൂക്കാ. 17: 21) എന്ന ക്രിസ്തു വചനത്തിലേയ്ക്ക് നമ്മുടെ ശ്രദ്ധ തിരിയുന്നു. ഒരു വ്യക്തിയില്‍ തന്നെ രൂപപ്പെടേണ്ട സത്യമാണത്. ആത്മീയത എന്നത് തന്നിലെ ഏറ്റവും നല്ല മനുഷ്യന്‍ എന്ന സാധ്യതയിലേയ്ക്ക് ഒരാള്‍ വളരുന്ന പ്രക്രിയയാണ്. നോവലിലെ ആല്‍ക്കെമിസ്റ്റ് ഒരു പ്രതീകം തന്നെ. വിലകുറഞ്ഞ ലോഹമായ ഈയത്തില്‍ നിന്ന് രസതന്ത്രത്തിലെ നിഗൂഢമായ അറിവുകള്‍ കൊണ്ട് ഒരാള്‍ സ്വര്‍ണ്ണം രൂപപ്പെടുത്തുന്നു. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുടെയില്‍ നിന്ന് അവരുടെ പ്രതിനിധിയായി ഒരു ഇടയബാലന്‍ പ്രപഞ്ചഭാഷയറിഞ്ഞ് ജ്ഞാനിയും ധനികനുമാകുന്നു.

 

നിധി അളവില്ലാത്ത സമൃദ്ധിയുടെ പ്രതീകമാണ്. ഹൃദയമാണത് കണ്ടെത്തുന്നത്. "Listen to your heart" എന്ന് ഒരു മന്ത്രം പോലെ നോവലിലുടനീളം സാന്തിയാഗോ ശ്രവിക്കുന്നത് ധ്യാനാത്മകതയ്ക്ക് വേണ്ടിയാണ്. നിധി തേടിയുള്ള യാത്ര  സ്വര്‍ഗ്ഗം തേടിയുള്ള യാത്രയുടെ പ്രതീകമാണ്. 'നിന്‍റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്‍റെ ഹൃദയവും' എന്ന ബൈബിള്‍ വാക്യം നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. നിധിയെക്കുറിച്ചുള്ള വ്യക്തതയില്‍ നിന്ന് ഒരാള്‍ ഹൃദയത്തെ വിശ്വസിച്ചു തുടങ്ങുന്നു. തന്നെ വിശ്വസിക്കാന്‍ കഴിയുന്ന വ്യക്തിക്കേ പ്രപഞ്ചത്തെ വിശ്വസിക്കാന്‍ കഴിയുകയുള്ളൂ. തന്നെ സ്നേഹിക്കാന്‍ കഴിയുന്ന ഒരാള്‍ക്കേ പ്രപഞ്ചത്തെ സ്നേഹിക്കാന്‍ കഴിയുകയുള്ളൂ. പ്രപഞ്ചവുമായുള്ള ബന്ധത്തില്‍ നിന്നാണ് ഒരാള്‍ തന്നെത്തന്നെ കണ്ടത്തുക. പ്രപഞ്ചം നിന്നിലാണ്. ആവാസവ്യവസ്ഥയുടെ പരിമിതിയില്‍ നിന്ന് മനുഷ്യന്‍ അനന്തമായ പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കുന്നു. പരിമിതിയുടെ ഭാവങ്ങളില്‍ നിന്ന് അനന്തതയുടെ ഭാവങ്ങളിലേയ്ക്ക് മനസ്സ് പരിണമിക്കുന്നു. വിശ്വാസം സൃഷ്ടിക്ക് കാരണമാകുന്നു. ജീവിതത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധികളിലാണ് വിശ്വാസം പരീക്ഷിക്കപ്പെടുന്നത്. ആല്‍ക്കെമിസ്റ്റിലെ കഥാനായകനെ അത്തരം ഒരു പ്രതിസന്ധിയില്‍ എത്തിക്കുന്നുണ്ട് നോവലിസ്റ്റ്. ജീവന്‍ തുലാസ്സില്‍ തൂങ്ങിയാടുമ്പോള്‍ പ്രപഞ്ചമനസ്സിലേയ്ക്ക് ഒരാള്‍ തന്നെത്തന്നെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു തുടങ്ങുന്നു. അങ്ങനെയാണ് (രചനയുടെ കാല്പനികതയില്‍) സാന്തിയാഗോ മണല്‍ക്കാറ്റായി മാറുന്നത്.

ആത്മീയസാധനയുടെ പ്രതീകമാണ് യാത്ര. സ്ഥിരതയുടെ സുഖവും യാത്രയ്ക്കിടയിലെ അനിച്ഛാപൂര്‍വ്വകതയുടെ വെല്ലുവിളികളും തിരഞ്ഞെടുപ്പുകളെ ദുഷ്കരമാക്കുന്നുണ്ട്. ബന്ധങ്ങള്‍ ചിലപ്പോള്‍ യാത്ര അവസാനിപ്പിക്കുവാന്‍ സഞ്ചാരിയെ പ്രലോഭിപ്പിച്ചേക്കാം. അതുപോലെ തന്നെയാണ് ദീര്‍ഘദൂരയാത്രയ്ക്കിടയിലെ ചെറിയ സുഖങ്ങളും. നിധി തേടിയുള്ള യാത്രയ്ക്കിടയില്‍ ഒരു മരുപ്പച്ചയുടെ ആശ്വാസം കിട്ടുന്നുണ്ട് സാന്തിയാഗോയ്ക്ക്. മരുപ്പച്ചയില്‍ വെച്ച് അയാള്‍ പ്രണയത്തിലേയ്ക്ക് വഴുതുന്നു. മരുഭൂമിയുടെ പ്രത്യേകതകള്‍ സൂക്ഷിക്കുന്ന പ്രണയിനി ഫാത്തിമ സാന്തിയാഗോയെ പ്രണയത്തിന്‍റെ അതിസ്വാഭാവികതലത്തിലേയ്ക്ക് നയിക്കുന്നത് വലിയൊരു ജീവിത സന്ദേശം നല്‍കിയാണ്. യഥാര്‍ത്ഥത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ആല്‍ക്കെമിസ്റ്റിന്‍റെ വാക്കുകള്‍ ഫാത്തിമയില്‍ നിറവേറുക മാത്രമാണെന്നു നാം തിരിച്ചറിയുന്നു. "You must understand that love never keeps a man from pursuing his destiny. If he abandons that pursuit, it's because it wasn't true love…the love that speaks the Language of the World". സാന്തിയാഗോയുടെ മനസ്സില്‍ പ്രണയവും ലക്ഷ്യവും തമ്മില്‍ കൂട്ടിമുട്ടി തീപ്പൊരി ചിതറുന്നു. പ്രണയം ഉപേക്ഷിക്കാതെ ലക്ഷ്യം തേടാനുള്ള ബലം അയാള്‍ക്കുണ്ടാകുന്നു.

 

മനുഷ്യന്‍റെ അസാധാരണ സിദ്ധികളെക്കുറിച്ച് ഒരുപാടന്വേഷണങ്ങള്‍ നടക്കുന്ന കാലമാണിത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പ്രഹേളികയെന്ന് മനസ്സിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നു. പോസിറ്റീവ് തിങ്കിങ് ജീവിതത്തിന്‍റെ വലിയ സാധ്യതകളിലേയ്ക്ക് മനുഷ്യനെ നയിക്കുന്നു. ജീവിതവിജയത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കിടയില്‍ ചേര്‍ത്തുപിടിക്കാന്‍ ശക്തമായ ഒരു ചിന്ത 'ആല്‍ക്കെമിസ്റ്റിന്‍റെ' കേന്ദ്ര പ്രമേയമായി നില്ക്കുന്നുണ്ട്. "To realize one's destiny is a person's only real obligation….And,  when you want something, all the universe conspires in helping you to achieve it". 'നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍, ബാക്കിയുള്ളതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും" (മത്താ. 6: 33) എന്ന  സുവിശേഷവചനത്തിന്‍റെ പ്രതിഫലനമാണീ വാക്കുകള്‍ എന്ന് വായനക്കാര്‍ക്ക് തോന്നുക സ്വാഭാവികം.

 

ബൈബിള്‍ ചിന്തയനുസരിച്ച് മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ്. മനുഷ്യനു വേണ്ടിയുള്ളതാണ് പ്രപഞ്ചം. മനുഷ്യന്‍ അസ്തിത്വാവബോധത്തിലേയ്ക്ക് ഉണരുമ്പോള്‍ പ്രപഞ്ചം അവന് വിധേയമായിത്തുടങ്ങും എന്ന് സാരം. അസാധാരണമായ മാനസികോര്‍ജ്ജം നല്‍കുന്ന ചിന്തയാണിത്. തിരിച്ചറിവിന്‍റെ നാളുകളിലെപ്പോഴോ മനുഷ്യന്‍ പ്രപഞ്ചവുമായി ആശയസംവേദനത്തിനുള്ള ഭാഷ കണ്ടെത്തുന്നു. പ്രപഞ്ചം മനുഷ്യന്‍റെ മുന്‍പില്‍ തലകുനിച്ച് അവന്‍റെ ഇച്ഛകള്‍ക്കനുസരിച്ച് സ്വയം രൂപപ്പെടുത്തുന്നു. അസ്തിത്വാവബോധമാണ് മനുഷ്യന് പ്രപഞ്ചത്തിന്‍റെ മേല്‍ ശക്തി നല്‍കുക.

ദൈവമെ വലിയ യാഥാര്‍ത്ഥ്യത്തിന്‍റെ ഭാഗമാണ് ഈ പ്രപഞ്ചവും മനുഷ്യനും. ആ ഒരു അറിവിലേയ്ക്കാണ് സാന്തിയാഗോ എത്തിപ്പെടുത്. "His heart began to tell him things that came from the Soul of the World. It said that all people who are happy have God with them." മനുഷ്യന്‍റെ ആന്തരിക ജീവിതം ദൈവമെ യാഥാര്‍ത്ഥ്യത്തില്‍ സന്ധിക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷമുണ്ടാകുന്നത്. ആന്തരിക ജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ മനുഷ്യനെ സഹായിക്കുന്നത് അവന്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തികളാണ്. പ്രവര്‍ത്തികളിലൂടെയല്ലാതെ മനുഷ്യന്‍ ഒന്നും പഠിക്കുന്നില്ല.

 

സ്വപ്നം കണ്ടാല്‍ മാത്രം പോര. സ്വപ്നത്തെ പിന്‍ചെല്ലാനുള്ള ചങ്കുറപ്പ് വേണം. അങ്ങനെയുള്ളവരുടെ മുമ്പിലാണ് പ്രപഞ്ചം തന്‍റെ രഹസ്യത്തിന്‍റെ ചുരുളുകളഴിക്കുന്നത്. ഏറ്റവും അവസാനം താന്‍ കിടന്നുറങ്ങിയ സിക്കമൂര്‍ മരത്തിന്‍റെ ചുവട്ടില്‍ കുഴിച്ചു തുടങ്ങുമ്പോള്‍ നീ എന്തുകൊണ്ട് ഈ രഹസ്യം മറച്ചുവെച്ചു ഇത്ര ദൂരം യാത്ര ചെയ്യിച്ച് കഷ്ടപ്പെടുത്തി എന്ന പ്രപഞ്ചത്തോട് ചോദിക്കുമ്പോള്‍ അയാളോട് പ്രപഞ്ചം ചോദിക്കുന്നു, ഈജിപ്തിലെ പിരമിഡുകള്‍ സുന്ദരമല്ലേ എന്ന്. ജീവിതത്തിലെ ഒരനുഭവവും പാഴായി ഭവിക്കുന്നില്ല എന്ന സന്ദേശം ഇവിടെ വ്യക്തം. ജീവിതം യാത്ര കൊണ്ടാണ് അര്‍ത്ഥപൂര്‍ണ്ണമാകുത് എത് അങ്ങനെ ഒരു സഞ്ചാരിയുടെ തിരിച്ചറിവാകുന്നു. ഒരു ഇടയച്ചെറുക്കന്‍ അനുഭവങ്ങളെ മേയിച്ച് തന്‍റെ വിധിയുടെ ഉടയവനാകുന്നു. മനുഷ്യന്‍ തന്‍റെ നിധികള്‍ കണ്ടത്തിക്കഴിയുമ്പോള്‍ പ്രപഞ്ചത്തോടൊപ്പം ദൈവവും സന്തോഷിക്കുന്നു.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts